ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത് പ്രയതഃ പുമാന്‍
വിഷ്‌ണോഃ പദമവപാനോതി ഭയശോകാദിവര്‍ജിതഃ
പവിത്രമായ ഗീതാശാസ്ത്രം ശ്രദ്ധിച്ചു പഠിക്കുന്ന വ്യക്തി ഭയം, ശോകം എന്നിവയില്‍ നിന്നു മുക്തനായി മഹാവിഷ്ണുവിന്റെ പദം പൂകും എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഇതുവെച്ചു നോക്കുമ്പോള്‍ ഹൈന്ദവനായ എന്നെക്കാള്‍ വിഷ്ണുപദം പൂകാന്‍ യോഗ്യതയുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി -മറിയം ആസിഫ് സിദ്ദിഖി എന്ന 12കാരി. കാരണം, ഭഗവദ്ഗീതയെക്കുറിച്ച് അവള്‍ക്ക് എന്നെക്കാള്‍ വിവരമുണ്ട്. ഇത്ര മാത്രമല്ല, ഹൈന്ദവരെന്നു മേനി നടിക്കുന്ന പലരെക്കാളും വിവരമുണ്ട്.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് അടുത്തിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മത്സരം നടത്തി -ശ്രീമദ് ഭഗവദ്ഗീത ചാമ്പ്യന്‍ ലീഗ്. ഇതിലെ വിജയിയാണ് മുംബൈ കോസ്‌മൊപൊളിറ്റന്‍ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മറിയം സിദ്ദിഖി. ഭഗവദ് ഗീതയിലെ 700 ശ്ലോകങ്ങളെക്കുറിച്ചും ഈ കുട്ടിക്ക് നല്ല ധാരണ. ധാരണയുണ്ടാവേണ്ട മറ്റു പലര്‍ക്കും അതില്ലാത്തതാണ് പ്രശ്‌നമാകുന്നത്.
‘ഞാനൊരു മുസ്‌ലിമാണ്. പക്ഷേ, കുഞ്ഞുനാള്‍ മുതല്‍ തന്നെ അച്ഛനമ്മമാര്‍ പറഞ്ഞിരുന്നു, എല്ലാ മതങ്ങളെക്കുറിച്ചും അറിവുണ്ടാവണമെന്ന്. ആ പ്രോത്സാഹനം ഇതുവരെയെത്തിച്ചു’ -മറിയം പറയുന്നു. ഒരു ഹിന്ദി മാസികയുടെ പത്രാധിപരാണ് മറിയത്തിന്റെ അച്ഛന്‍ ആസിഫ് നസീം സിദ്ദിഖി. മഹാരാഷ്ട്രയിലും മുംബൈയിലും സമീപകാലത്തുണ്ടായ കലാപങ്ങള്‍ ആസിഫിനെ ഇരുത്തി ചിന്തിപ്പിച്ചു. ഇതിനെങ്ങനെ പരിഹാരം കാണാനാവും? മാറ്റം വീട്ടില്‍ നിന്നു തുടങ്ങണമെന്ന് അദ്ദേഹം ഉറപ്പിച്ചു. എല്ലാവരും അതു ചെയ്യുകയാണെങ്കില്‍ ശാശ്വതസമാധാനം ദൂരെയല്ലെന്ന് ആസിഫ് വിശ്വസിക്കുന്നു. അതിന്റെ ഒരു വശമാണ് മറിയത്തിന്റെ നേട്ടം. ‘ഗീതയും ഖുറാനും ഒന്നുപോലെയാണ്. അവ രണ്ടും ദൈവമുഖത്തു നിന്നു വന്നു. അതിലെ കഥകള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ ആന്തരാര്‍ത്ഥം ഒന്നു തന്നെ’ -മറിയം പറയുമ്പോള്‍ നമുക്ക് വിശ്വസിക്കാം.
ഒരു ഹൈന്ദവ മതഗ്രന്ഥത്തെക്കുറിച്ച് മുസ്‌ലിം പെണ്‍കുട്ടിക്കുള്ള അവഗാഹമല്ല ഇവിടെ ആഘോഷിക്കപ്പെടേണ്ടത്. മതത്തിന്റെ പേരില്‍ പോര്‍വിളികള്‍ ശക്തമാകുന്ന ഇക്കാലത്ത് അതിനതീതമായി നില്‍ക്കുന്ന നന്മയുടെ പ്രകാശം ആഘോഷിക്കപ്പെടണം. എല്ലാ മതങ്ങളെക്കുറിച്ചും എല്ലാ കുട്ടികളും പഠിക്കട്ടെ. ആയുധമെടുക്കാന്‍ ഒരു മതവും ആഹ്വാനം ചെയ്യുന്നില്ലെന്ന് അവര്‍ മനസ്സിലാക്കട്ടെ.
മറിയം സിദ്ദിഖിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നല്ല കാര്യം. മറിയം ഒരു പ്രതീകമാണ് -മതത്തിനതീതമായി നില്‍ക്കുന്ന മനുഷ്യത്വത്തിന്റെ. മോദിയുടെ അനുയായികള്‍കൂടി അതു തിരിച്ചറിയട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.
തനിക്കു കിട്ടിയ സമ്മാനത്തുകയായ 11 ലക്ഷം രൂപ ഉത്തര്‍പ്രദേശിലെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനു വിനിയോഗിക്കാന്‍ മറിയം സംഭാവന ചെയ്തു. ‘മനുഷ്യത്വമാണ് ഏറ്റവും വലിയ മതം’ -അവള്‍ പറയുന്നു. ഇനിയും അനേകം മറിയം സിദ്ദിഖിമാര്‍ ഉണ്ടാവട്ടെ.