HomeJOURNALISMകാര്‍ട്ടൂണ്‍ ...

കാര്‍ട്ടൂണ്‍ വധത്തിലെ വര്‍ഗ്ഗീയത

-

Reading Time: 5 minutes

ഏറെ നാളുകള്‍ക്കു ശേഷമാണ് സാബുമോന്‍ വിളിക്കുന്നത്. രാത്രി വളരെനേരം സംസാരിച്ചു. വിഷയം ലോ അക്കാദമി തന്നെ. എന്നെ വിളിക്കും മുമ്പ് അവന്‍ ലക്ഷ്മി നായരോടും സംസാരിച്ചിരുന്നു. ഞാന്‍ എഴുതിയ കുറിപ്പ് അവര്‍ വായിച്ചിട്ടുണ്ട്. 89കാരനായ നാരായണന്‍ നായര്‍ക്ക് വായിച്ചുകൊടുക്കുകയും ചെയ്തു. കുറിപ്പില്‍ ചിലതെല്ലാം ശരിയാണ്, എന്നാല്‍ പിശകുകളുമുണ്ട് എന്ന് നാരായണന്‍ നായര്‍ പ്രതികരിച്ചുവത്രേ. അദ്ദേഹത്തിനു സങ്കടവുമായി. ഈ കുറിപ്പിന്റെ കാര്യം ലക്ഷ്മി പരാമര്‍ശിച്ചപ്പോള്‍ ഞാനുമായി അവനുള്ള അടുപ്പം സാബു വെളിപ്പെടുത്തി. ‘ഞാനിപ്പോള്‍ അണ്ണനെ വിളിക്കാം’ എന്ന് അവരോടു പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് തത്സമയ ഫോണ്‍ വിളി. ഇതെല്ലാം അവന്‍ തന്നെയാണ് പറഞ്ഞത്. ഒടുവില്‍ സാബുവിന്റെ അഭ്യര്‍ത്ഥന ഇത്രമാത്രം -‘ലക്ഷ്മി നായരോടു സംസാരിച്ച് സത്യം ബോദ്ധ്യപ്പെട്ട് അതിനെക്കുറിച്ചു കൂടി എഴുതണം’.

dr-lakshmi-nair (5)
ലക്ഷ്മി നായര്‍

സാബുവിന്റെ അഭ്യര്‍ത്ഥനയില്‍ തെറ്റില്ല. ഏതൊരു വിഷയത്തിലും എല്ലാ പക്ഷങ്ങളും വിലയിരുത്തണം എന്ന നിലപാടുള്ളയാളാണ് ഞാന്‍. പക്ഷേ, നേരത്തേ എഴുതിയ കുറിപ്പില്‍ ലക്ഷ്മി നായരെ വ്യക്തിപരമായി ലക്ഷ്യമിടുന്ന രീതിയില്‍ ഒന്നും എഴുതിയിട്ടില്ല. അതിനാല്‍ത്തന്നെ അവരോടു സംസാരിക്കേണ്ടി വന്നുമില്ല. തല്‍ക്കാലം ലക്ഷ്മി നായരോടു സംസാരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുനില്ല എന്ന് സാബുവിനോട് പറഞ്ഞു. സമയമാകട്ടെ, അവനെയും കൂട്ടിത്തന്നെ പോകാം എന്നുറപ്പും നല്‍കി.

ലോ അക്കാദമി പ്രശ്‌നത്തില്‍ ലക്ഷ്മി നായരെ പിന്തുണയ്ക്കാന്‍ പരസ്യമായി രംഗത്തുവന്ന അപൂര്‍വ്വം ചിലരിലൊരാളാണ് സാബു. ഒരു പക്ഷേ, ഏക പുരുഷപ്രജ എന്നു തന്നെ പറയാം. അവന്റെ നിലപാടിന് അവന്റേതായ വിശദീകരണമുണ്ട്. സാബു പറഞ്ഞതു മുഴുവന്‍ ശ്രദ്ധയോടെ കേട്ടു. എന്നിട്ടവന്‍ ചോദിച്ചു -‘അണ്ണാ എന്റെ നിലപാടില്‍ കുഴപ്പമുണ്ടോ?’ ഞാന്‍ മറുപടി നല്‍കി -‘ഒരു കുഴപ്പവുമില്ല. നിനക്ക് ശരിയെന്നു തോന്നുന്നത് നീ ചെയ്യുക. നിന്റെ അനുഭവത്തില്‍ നിന്നാണല്ലോ നിലപാട് വന്നിട്ടുണ്ടാവുക. അതു തന്നെയാണ് ശരി’

Sabu

സാബുമോന്‍ അബ്ദുസമദ്യൂണിവേഴ്‌സിറ്റി കോളേജില്‍ എന്റെ ജൂനിയറായിരുന്നു സാബു. ചില്ലറ തരികിടകളുമായി നടന്ന് മലയാളം ബി.എ. ബിരുദം ഒരുവിധം ഒപ്പിച്ചെടുത്തു. തട്ടിമുട്ടി കടന്നുകൂടി എന്നു തന്നെയാണ് അവന്‍ പറയുക. ബിരുദ മാര്‍ക്ക് ലിസ്റ്റുമായി നേരെ പോയത് ലോ അക്കാദമിയിലേക്കാണ്. പാവപ്പെട്ട എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകനായ അച്ഛനെ മൂന്നോ നാലോ വട്ടം നാരായണന്‍ നായര്‍ നടത്തിച്ചു. പക്ഷേ, സാബുവിന് അക്കാദമിയില്‍ പ്രവേശനം കിട്ടി. വെറുമൊരു കീറക്കടലാസിന്റെ മൂലയിലാണ് തനിക്ക് പ്രവേശനം നല്‍കാനുള്ള നിര്‍ദ്ദേശം നാരായണന്‍ നായര്‍ എഴുതി നല്‍കിയതെന്ന് അവനോര്‍ക്കുന്നു. ആഢ്യന്മാര്‍ക്കു മാത്രമാണ് അവിടെ പ്രവേശനം ലഭിക്കുക എന്ന ആരോപണം തെറ്റാണെന്ന് തന്റെ അനുഭവം തന്നെ തെളിയിക്കുന്നുണ്ടെന്ന് സാബു.

അക്കാദമിയില്‍ വിജയകരമായി തന്നെ സാബു നിയമപഠനം പൂര്‍ത്തിയാക്കി. ഇതിനായി ആരെയും മണിയടിച്ചിട്ടില്ലെന്ന് അവന്‍ ആണയിടുന്നു. അവന്റെ സ്വഭാവം എനിക്കു നന്നായി അറിയാവുന്നതിനാല്‍ അതു വിശ്വസിക്കാനാണ് ഇഷ്ടം. വക്കീലാണെങ്കിലും സാബു കോടതിയില്‍ പോകില്ല. സിനിമാനടനാണെങ്കിലും ഇന്നുവരെ സിനിമയില്‍ പോലും വക്കീല്‍ വേഷം അണിഞ്ഞിട്ടില്ല. ലോ അക്കാദമിയിലെ തന്റെ അനുഭവങ്ങള്‍ തന്നെയാണ് ലക്ഷ്മി നായരെ പിന്തുണയ്ക്കാന്‍ പ്രേരകമാവുന്നതെന്ന് സാബു. ശരിയായിരിക്കാം. അവന്റെ ഭാര്യ സ്‌നേഹയും ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ്. ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ വരെ ആയിരുന്ന അവര്‍ക്കും ലക്ഷ്മി നായര്‍ക്കെതിരായ സമരത്തോട് യോജിപ്പില്ല. ലക്ഷ്മി നായരുമായി ഉടക്കാന്‍ പോയാല്‍ മാത്രമേ പ്രശ്‌നമുള്ളൂ എന്ന സ്‌നേഹയും പറയുന്നു. തങ്ങളുടെ കാര്യം നോക്കി മര്യാദയ്ക്കു പഠിച്ചിട്ടു പോകുന്നവര്‍ക്ക് ഒരു പ്രശ്‌നവുമില്ലത്രേ. പക്ഷേ, എനിക്ക് ലക്ഷ്മി നായരെ നേരിട്ടറിയില്ല. ലോ അക്കാദമിയിലെ വിഷയങ്ങളും അറിയില്ല. കേട്ടുകേഴ്‌വി മാത്രമാണുള്ളത്. അതിനാല്‍ ഒരു വിലയിരുത്തലിന് ഞാന്‍ തയ്യാറല്ല.

Lekshmy Nair_Madhyamam
മാധ്യമത്തിലെ കാര്‍ട്ടൂണ്‍

ചര്‍ച്ചയുടെ അവസാനമാണ് മാധ്യമം പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന കാര്‍ട്ടൂണിനെക്കുറിച്ച് സാബു പരാമര്‍ശിച്ചത്. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എതിര്‍പ്പു തോന്നിയിരുന്നുവെങ്കിലും മറ്റു തിരക്കുകള്‍ കാരണം ഞാന്‍ പ്രതികരിച്ചിരുന്നില്ല. വിട്ടുപോയി എന്നു പറയുന്നതാണ് സത്യം. കാര്‍ട്ടൂണ്‍ അങ്ങേയറ്റം അമാന്യം എന്ന അവന്റെ വാദത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിച്ചു. ‘അണ്ണാ, മാധ്യമം കാണിച്ചത് ശുദ്ധ ചെറ്റത്തരമാണ്. ഞാനൊരു മുസ്ലിമാണ്. അതിനാല്‍ത്തന്നെ ഞാന്‍ ചോദിക്കും, ഒരു മുസ്ലിം സ്ത്രീക്കെതിരെ ആയിരുന്നുവെങ്കില്‍ ഇവന്മാര്‍ ഇതു ചെയ്യുമായിരുന്നോ?’ -സാബുവിന് ക്ഷോഭം അടക്കാനാവുന്നില്ല. അവന്‍ കൂട്ടിച്ചേര്‍ത്തു -‘സ്ത്രീകളുടെ മാനം കാക്കാന്‍ സ്ത്രീ മോഡലുകളുടെ ഫോട്ടോ എഡിറ്റ് ചെയ്തു മാത്രം പ്രസിദ്ധീകരിക്കുന്ന മാധ്യമം തന്നെ ആണല്ലോ ഇങ്ങനെയും ഒക്കെ ചെയ്യുന്നത് എന്നതാണ് ഒരു ആശ്വാസം.സ്ത്രീകളുടെ ബ്ലൗസിന്റെ കൈ ഫോട്ടോഷോപ്പിലിട്ട് നീളം കൂട്ടുകയും കഴുത്ത് വെട്ടിന്റെ ഇറക്കം കുറയ്ക്കുകയും ചെയ്യുന്ന ടീംസാണ് ഇതൊക്കെ ചെയ്യുന്നത്.’

സാബുവുമായുള്ള സംഭാഷണം അവസാനിപ്പിച്ച ശേഷം ആദ്യം ചെയ്തത് വിവാദ കാര്‍ട്ടൂണുള്ള മാധ്യമം പത്രം ഗൂഗിളില്‍ പരതി കണ്ടെത്തുക എന്നതായിരുന്നു. ഒരു കുറിപ്പുമായി അത് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. പ്രൊഫൈലില്‍ ഷെയറും ചെയ്തു. ഇതാണ് പോസ്റ്റ് -‘കാര്‍ട്ടൂണിനും പരിധിയുണ്ട്: അന്യജാതിക്കാരിയാണെങ്കില്‍ എന്തുമാകാം എന്നാണോ? കുറഞ്ഞപക്ഷം ഒരു കര്‍ട്ടനെങ്കിലും വരച്ചുചേര്‍ക്കാമായിരുന്നു!! ഇതും ‘നിന്ദ’യുടെ പരിധിയില്‍ വരും. കഷ്ടം!!!’ കഴിഞ്ഞ ദിവസം കാസര്‍കോടുണ്ടായ വിവാദ കര്‍ട്ടന്‍ ക്ലാസിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു കുറിപ്പ്. അതിനോടുണ്ടായ ഒരു സുഹൃത്തിന്റെ പ്രതികരണം എന്നിലെ ചിന്തകളുണര്‍ത്തി.

Cart FB.jpg

‘ലക്ഷ്മി നായരുടെ കാര്‍ട്ടൂണ്‍ മാധ്യമം പ്രസിദ്ധീകരിച്ചതിനോട് ശക്തമായ വിയോജിപ്പുണ്ട്.. പ്രതിഷേധാര്‍ഹവുമാണ്.. പക്ഷേ അതുമായി ബന്ധപ്പെട്ട താങ്കളുടെ പെര്‍സ്‌പെക്റ്റീവ് അപകടകരമായി തോന്നുന്നു… താരതമ്യം ഇത്ര തരംതാഴ്ന്നു പോവുന്നത് ഇത്ര സീനിയര്‍ ആയ താങ്കളെ പോലുള്ള ഒരു മാധ്യമ പ്രവര്‍ത്തകന് ഭൂഷണമാണോ?’

ചോദ്യം ശരിയാണ്, ന്യായമാണ്. എന്റെ പോസ്റ്റില്‍ വര്‍ഗ്ഗീയമായ ചേരിതിരിവ് പ്രകടമാക്കുന്ന ഘടകങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. പക്ഷേ, അതിന് എനിക്കും ന്യായീകരണമുണ്ട്. ഞാനൊരു വര്‍ഗ്ഗീയവാദിയല്ല. പക്ഷേ, മാധ്യമത്തിന്റെ കാര്‍ട്ടൂണ്‍ വര്‍ഗ്ഗീയവാദത്തിന് അഗ്നി പകരുന്നതാണ്. അതു പറയാന്‍ എനിക്കു മടിയില്ല. നായര്‍ വനിത, കഴുതച്ചെവിയെന്നു തോന്നിക്കുമെങ്കിലും ‘ഗോമാതാ’ പ്രതീതി, വികലമായ വസ്ത്രധാരണം -അപകടങ്ങള്‍ ഒരുപാടുണ്ട്. ബി.ജെ.പി. ഇപ്പോള്‍ ലക്ഷ്മി നായരുടെ എതിര്‍പക്ഷത്ത് സമരത്തിലാണ് എന്നതുകൊണ്ടു മാത്രമാണ് ഈ കാര്‍ട്ടൂണ്‍ പരിവാരങ്ങള്‍ ഏറ്റെടുത്ത് വിവാദമാക്കാതിരുന്നതും ഇവിടെ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാതെ പോയതും. ഭാഗ്യം!!

dr-lakshmi-nair (1)കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന ‘കര്‍ട്ടന്‍’ സംഭവം ചര്‍ച്ചയായപ്പോള്‍ സ്ത്രീകളെ ബഹുമാനിക്കാനാണ് അതു ചെയ്തതെന്ന് ജമാ അത്തിന്റെ ഒരു നേതാവ് എഴുതിക്കണ്ടു. ഞാനത് അംഗീകരിക്കുന്നയാളാണ്. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. പക്ഷേ, അങ്ങനെ വരുമ്പോള്‍ ബഹുമാനം സ്വജാതിയിലെ സ്ത്രീകളോടു മാത്രം മതിയോ എന്ന ചോദ്യം സ്വാഭാവികമായി ഉയരും. അതു വര്‍ഗ്ഗീയമായല്ല ഞാന്‍ ചോദിച്ചത്, നയങ്ങളിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയതാണ്. സംഘടിത മതത്തിന്റെ ആക്രമണത്തിനു മുന്നില്‍ മാതൃഭൂമിയും മലയാള മനോരമയുമൊക്കെ തോറ്റമ്പുന്നത് അടുത്തിടെ നമ്മള്‍ കണ്ടു. മാതൃഭൂമിയില്‍ നിന്ന് മാധ്യമത്തിലേക്കും മലയാള മനോരമയില്‍ നിന്ന് ദീപികയിലേക്കുമുള്ള കുടിയേറ്റത്തിന് വന്‍ പ്രചാരണമുണ്ടായി. മാതൃഭൂമിയിലെ ഏതോ ഒരു പത്രപ്രവര്‍ത്തകന്റെ വിവരക്കേട് നിമിത്തം സംഭവിച്ച പിഴവ് പര്‍വ്വതീകരിച്ച് തങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പരസ്യമായ രഹസ്യമാണ്. അവര്‍ തന്നെയാണ് ബോധപൂര്‍വ്വം ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാര്‍ട്ടൂണും ലേ ഔട്ടും അബദ്ധമല്ല. ബോധപൂര്‍വ്വമുള്ള തീരുമാനമാണ്. ആ തീരുമാനത്തിലെ അപകടമാണ് ഞാന്‍ വിമര്‍ശിച്ചത്. താനൊരു മുസ്ലിമാണ് എന്ന ആമുഖവുമായി സാബു പറഞ്ഞ വാക്കുകളാണ് അല്പം വൈകിയാണെങ്കിലും ഈ വിഷയത്തില്‍ പ്രതികരിക്കാതെ പോകരുത് എന്ന ചിന്ത എന്നിലുണര്‍ത്തിയത്.

മാധ്യമത്തിന്റെ കാര്‍ട്ടൂണ്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളുണ്ട്. ലക്ഷ്മി നായര്‍ക്കു പകരം ലക്ഷ്മണന്‍ നായര്‍ ആയിരുന്നുവെങ്കില്‍ ഇങ്ങനൊരു കാര്‍ട്ടൂണ്‍ സ്ഥാനം പിടിക്കുമായിരുന്നോ? ലോ അക്കാദമി പ്രിന്‍സിപ്പല്‍ ജമാ അത്തിന്റെ സ്വന്തം കൂട്ടത്തില്‍പ്പെട്ടയാളാണെങ്കില്‍ ഇതാകുമായിരുന്നോ നിലപാട്? അപ്പോള്‍ സ്ത്രീകളെ സംരക്ഷിക്കുന്നു എന്നൊക്കെ പറയുന്നത് വെറും വാചാടോപമാണ്. ബോധപൂര്‍വ്വം വിഷം തുപ്പിയതാണ്. ഏതു രൂപത്തിലാണോ തീരുമാനമുണ്ടായത് അതേ രൂപത്തില്‍ അതു തുറന്നുകാട്ടപ്പെടുകയും എതിര്‍ക്കപ്പെടുകയും വേണം. വര്‍ഗ്ഗീയത വിഷം തുപ്പുമ്പോള്‍ അതു വര്‍ഗ്ഗീയതയാണെന്നു തുറന്നു തന്നെ പറയണം. പൊതിഞ്ഞു പറയാന്‍ എനിക്കറിയില്ല.

ലക്ഷ്മി നായരുടെ വിവാഹ ഫോട്ടോയും മകളെ ഭാവി മരുമകളാക്കി ചിത്രീകരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പറപറക്കുകയാണ്. കഴിഞ്ഞ ദിവസം ഏതോ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും അല്പവസ്ത്രധാരികളായി കിടക്കിയിലിരിക്കുന്ന ചിത്രം ലക്ഷ്മി നായരുടെ മകനും മരുമകളുമാണോ എന്ന ചോദ്യവുമായി ഒരു പ്രവാസി സുഹൃത്ത് അയച്ചുതന്നു. മാധ്യമത്തിന്റെ കാര്‍ട്ടൂണും ആ ഗണത്തില്‍ത്തന്നെ പെടുന്നതാണ്. ലക്ഷ്മി നായര്‍ എന്ന വ്യക്തിക്കെതിരെ നടക്കുന്ന സമരവും സമൂഹമാധ്യമങ്ങളില്‍ ഉണ്ടാവുന്ന ഇടപെടലുകളും ശരിയല്ല എന്ന നിലപാട് നേരത്തേ തന്നെ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍ തോന്നിയപോലെ സ്ഥാപനം നടത്തുന്നുണ്ടെങ്കില്‍ അതിനു സ്വീകരിക്കേണ്ട നടപടി ആ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുക എന്നതു തന്നെയാണ്. ലക്ഷ്മി നായരാണ് എല്ലാ പ്രശ്‌നങ്ങളുടെയും ആണിക്കല്ല് എന്നു പറയുന്നത് അവര്‍ക്ക് ഇല്ലാത്ത കഴിവുകള്‍ ചാര്‍ത്തിക്കൊടുക്കലാണെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

ലോ അക്കാദമി തന്നെയാണ് പ്രശ്‌നം. അല്ലാതെ ലക്ഷ്മി നായരല്ല. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറ്റി എന്ന് ഊറ്റംകൊള്ളുന്നവരുണ്ട്. പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറിയ മകളെ കൂടുതല്‍ അധികാരങ്ങളുള്ള അക്കാദമി ഡയറക്ടറാക്കാന്‍ നാരായണന്‍ നായര്‍ തീരുമാനിച്ചാല്‍ എന്തു ചെയ്യും? അച്ഛന്‍ സ്ഥാനമൊഴിയുമ്പോള്‍ മകള്‍ക്ക് വരാമല്ലോ!! അപ്പോള്‍ വീണ്ടും സമരം ചെയ്യുമോ? അങ്ങനൊരു സമരം വിജയിക്കുമോ? ഇല്ല തന്നെ. അതിനാലാണ് പറഞ്ഞത്, ശാശ്വത പരിഹാരം ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നതാണ്. കുറഞ്ഞപക്ഷം എയ്ഡഡ് കോളേജ് എങ്കിലുമാക്കി സ്വന്തം സ്വത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം.

LATEST insights

TRENDING insights

2 COMMENTS

  1. ജോലിയിൽ കയറി കഷ്ടിച്ച് നാലു മാസം മാത്രം ആകുന്ന ഒരു ആർട്ടിസ്റ്റ് വരച്ച കാർട്ടൂൺ. അത് സാധാരണ നിലയിലുള്ള നോട്ടമില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് തെറ്റ് തന്നെയാണ് . മാധ്യമവുമായി ബന്ധപ്പട്ട ആരും ന്യായീകരിച്ചിട്ടുമില്ല. അത് ജമാഅത്ത് ബോധപൂർവം ചെയ്തതാണെന്ന റിപ്പോർട്ടിങ്ങ് 100 % അടിസ്ഥാന രഹിതമാണ്. ഞാൻ അവിടെ പണിയെടുത്തിട്ടുള്ള ആളാണ്. ഇപ്പോൾ മാധ്യമത്തിന്റെ സഹോദര സ്ഥാപനത്തിൽ പണിയെടുക്കുന്ന ആളാണ്. ജമാഅത്ത് ഇടപെടലിന്റെ രീതിയും പരിധിയും എനിക്കറിയാം. ഈ സംഭവത്തെകുറിച്ച് നേരിട്ടറിഞ്ഞതുമാണ്. എന്നാലും വി മർശിക്കാനുള്ള ശ്യാമേട്ടന്റെ അവകാശത്തെയും ഞാൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ മാതൃഭൂമിയിൽ വന്ന പ്രവാചക നിന്ദ കാർട്ടൂൺ കൈയ്യബദ്ധമാണെന്ന് ഉറപ്പിക്കുന്ന ശ്യാമേട്ടൻ ഇതിൽ കൈയബദ്ധത്തിനുള്ള ഒരു സാധ്യത പോലും നൽകുന്നില്ല. പിന്നെ സ്വന്തം സമുദായം എന്നത് മാധ്യമത്തിന് ഒരു കാലത്തും വിമർശത്തിന് തടസ്സമായിട്ടില്ല. അതാണ് ഐസ്ക്രീം കാലത്ത് ലീഗിനും ചന്ദ്രികക്കും മാധ്യമ വിരുദ്ധ കാമ്പയിൻ നടത്തേണ്ടി വന്നതിന് കാരണവും. ഒരു ദിവസത്തെ പത്രത്തിൽ 32 പീസുകളാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വന്നത്. മാധ്യമം ഫോളോ ചെയ്ത പോലും ആരും ആ കേസ് ഫോളോ ചെയ്തിട്ടില്ല.

    • മാതൃഭൂമിക്ക് സംഭവിച്ചത് കൈയബദ്ധമല്ല അസ്ലം. അത് ശുദ്ധ വിവരക്കേടാണ്. ഒരു ലേഖനത്തിനകത്ത് അസ്വാഭാവിക ഉള്ളടക്കം കടന്നുകൂടി. അത് അസ്വാഭാവികമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല എന്നത് വലിയ പിഴവ് തന്നെയാണ്. പക്ഷേ, അത് അവിടെ വ്യക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്നതല്ല.

      അസ്ലം മാധ്യമം പത്രത്തിന്റെ സഹോദര സ്ഥാപനമായ മീഡിയാ വണ്‍ ചാനലില്‍ ജോലി ചെയ്യുന്നയാളാണ്. പത്രത്തില്‍ ജോലി ചെയ്തിട്ടുണ്ടോ എന്നറിയില്ല. പത്രത്തിന്റെ ഒന്നാം പേജില്‍ വരുന്ന ഒന്നും അബദ്ധമല്ല എന്ന് 14 വര്‍ഷത്തോളം മാതൃഭൂമിയില്‍ ജോലി ചെയ്ത എനിക്കറിയാം. ഇതില്‍ 6 വര്‍ഷം കോഴിക്കോട് സെന്‍ട്രല്‍ ഡെസ്‌കിലായിരുന്നു. ഒരു പത്രത്തിന്റെ ഒന്നാം പേജ് രൂപമെടുക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കുക മാത്രമല്ല, അതില്‍ എത്രയോ കാലം സജീവ പങ്കാളിത്തവും വഹിച്ചിട്ടുണ്ട്. ഒന്നാം പേജിലെ എല്ലാം സുചിന്തിതമായ തീരുമാനങ്ങളുടെ ഫലമാണ്. മാധ്യമത്തിലെ ലക്ഷ്മി നായര്‍ കാര്‍ട്ടൂണും അങ്ങനെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

      എന്റെ ഈ ചിന്തകള്‍ തെറ്റാണെങ്കില്‍ അതില്‍ അങ്ങേയറ്റം സന്തോഷം. അങ്ങനെ തെറ്റുന്നതാണ് സമാധാനത്തിലധിഷ്ഠിതമായ സമൂഹസൃഷ്ടിക്ക് അഭികാമ്യം.

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights