HomeJOURNALISMമത്സരം ഇത്രത്...

മത്സരം ഇത്രത്തോളം അധഃപതിക്കാമോ?

-

Reading Time: 2 minutes

വാര്‍ത്താരംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ട്. ആ മത്സരം ചിലപ്പോഴൊക്കെ സകലസീമകളും ലംഘിക്കാറുമുണ്ട്. വാര്‍ത്താരംഗത്തെ പുത്തന്‍കൂറ്റുകാരായ പോര്‍ട്ടല്‍ രംഗത്താണ് മത്സരത്തിന്റെ ഏറ്റവും ദുഷിച്ച രൂപം പ്രകടമാവുന്നത് എന്നു തോന്നുന്നു. മത്സരം ആകാം, പക്ഷേ ഇത്രമാത്രം അധഃപതിക്കാമോ?

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ടു വാര്‍ത്താപോര്‍ട്ടലുകളാണ് ഷാജന്‍ സ്‌കറിയ നേതൃത്വം നല്‍കുന്ന മറുനാടന്‍ മലയാളി, ബി.അര്‍ജുന്‍ദാസ് നേതൃത്വം നല്‍കുന്ന മാതൃമലയാളം എന്നിവ. വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ ഈ രണ്ടു പോര്‍ട്ടലുകള്‍ തമ്മില്‍ കടുത്ത മത്സരം നടന്നിരുന്നു. നേരത്തേ മറുനാടന്‍ മലയാളിയില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ആയിരുന്നയാളാണ് അര്‍ജുന്‍ദാസ്. അഭിപ്രായഭിന്നത നിമിത്തം അവിടെ നിന്നിറങ്ങിയ ശേഷമാണ് മാതൃമലയാളവുമായി വന്നത്. അതിലൂടെ മറുനാടനെ വെല്ലുവിളിക്കാനും അര്‍ജ്ജുന്‍ദാസ് ശ്രമിച്ചിരുന്നു. ഷാജനെയും അര്‍ജ്ജുനെയും നന്നായി അറിയാവുന്ന എനിക്ക് അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഭിന്നതയും മത്സരവും വ്യക്തമായി അറിയാം.

ഇന്ന് മറുനാടന്‍ മലയാളിയില്‍ ഒരു വാര്‍ത്ത കണ്ടു. ഷാജന്‍ ഫേസ്ബുക്ക് ടൈംലൈനില്‍ പോസ്റ്റും ഇട്ടിട്ടുണ്ട്. പോര്‍ട്ടല്‍ രംഗത്തെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണെന്ന അവകാശവാദം ഇടയ്ക്കിടെ ഉന്നയിക്കുന്ന -ഇന്നത്തെ പോസ്റ്റിലും അതുണ്ട് -ഷാജന്‍ മത്സരത്തിന്റെ പേരില്‍ ഇത്രയും വലിയ ഊളത്തരം കാണിക്കും എന്നത് എന്നെ അത്ഭുതപ്പെടുത്തി. വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ:

വീട്ടമ്മയോട് ഒപ്പം കിടക്കാമോ എന്നു ചോദിച്ചു; ലെക്കുകെട്ട് യാത്രക്കാരെ തല്ലാന്‍ ശ്രമിച്ചു; ചോദിക്കാനെത്തിയ പോലീസിന്റെ ഉടുപ്പിന് പിടിച്ചു; കാസര്‍ഗോട്ടെ യൂണിയന്‍ സമ്മേളനം കഴിഞ്ഞ് മടങ്ങവേ ട്രയിനില്‍ ഭീകരത സൃഷ്ടിച്ച മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് റെയില്‍വേ പൊലീസ്

മാതൃമലയാളത്തിലെ അര്‍ജ്ജുന്‍ദാസിനെ സംബന്ധിച്ചാണ് വാര്‍ത്ത. ഒപ്പം അര്‍ജ്ജുന്റെ ചിത്രവുമുണ്ട്. അര്‍ജ്ജുന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നത് ശരിയാണ്. പക്ഷേ, അതിനു കാരണമായി ഷാജന്‍ ചെലുത്തിയ ഭാവന അപാരം.

യഥാര്‍ത്ഥ സംഭവം ഇങ്ങനെ. അര്‍ജ്ജുനൊപ്പം ആ ബോഗിയില്‍ യാത്രക്കാരായുണ്ടായിരുന്ന തിരുവനന്തപുരത്തെ എന്റെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളില്‍ നിന്നറിഞ്ഞത്.

കാസര്‍കോട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ മാവേലി എക്‌സ്പ്രസ്സിലാണ് സംഭവം. തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയ്ക്ക് പോകുന്ന ഒരു കുടുംബത്തിലെ അംഗത്തിനായി അര്‍ജ്ജുന്‍ദാസ് തന്റെ സീറ്റ് ഒഴിഞ്ഞുനല്‍കി. എന്നാല്‍ റിസര്‍വേഷന്‍ ഇല്ലാതിരുന്ന ആ കുടുംബത്തിന് ടിക്കറ്റ് എക്‌സാമിനറുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ഇറങ്ങേണ്ടിവന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വഴിവിട്ട സംസാരത്തിലേക്കും ബഹളത്തിലേക്കും പോലീസ് ഇടപെടലിലേക്കും എത്തിയത്.

ഷാജന്‍ വളരെ ബുദ്ധിപൂര്‍വ്വമാണ് അവസരം മുതലെടുത്തത്. തിരുവനന്തപുരം പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ ഷാജനുമായി അഭിപ്രായവ്യത്യാസമുള്ള മാര്‍ഷലിന്റെ പേരും ഇതിലേക്കു വലിച്ചിഴച്ചു. കുടുക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെ മാര്‍ഷല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുതലാളിയെയും പരാമര്‍ശിച്ചു. ഗംഭീരം. പക്ഷേ, പിന്നീട് എന്തുകൊണ്ടോ മാര്‍ഷലിന്റെ പേര് ഷാജന്‍ ഒഴിവാക്കി. മാര്‍ഷലിനെ കൂടി വലിച്ചിഴച്ചത് അബദ്ധമായി എന്നു മനസ്സിലാക്കിയിട്ടായിരിക്കാം. ഞാന്‍ ഇവിടെ കുറിച്ചതൊക്കെ തെറ്റാണെന്നു തെളിയിക്കാന്‍ ഷാജനെ വെല്ലുവിളിക്കുന്നു. ‘ഒപ്പം കിടക്കാമോ’ എന്ന് അര്‍ജ്ജുന്‍ ചോദിച്ചു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന വീട്ടമ്മയെ എങ്കിലും ഹാജരാക്കൂ. അന്വേഷണാത്മക പത്രപ്രവര്‍ത്തനം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നയാളല്ലേ?

ഷാജന് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പക്ഷേ, വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നത് മാധ്യമവ്യഭിചാരമാണ്. സത്യത്തിന്റെ ജിഹ്വ എന്നൊക്കെ ഇനി മറുനാടന്‍ മലയാളിയെക്കുറിച്ച് ഗീര്‍വാണമടിക്കരുത്. ആളുകള്‍ മുഖത്ത് കാര്‍ക്കിച്ചു തുപ്പും.

ഞാന്‍ ആരുടെയും വക്കാലത്ത് ഏറ്റെടുത്തിട്ടില്ല. ജോലിയുടെ ഭാഗമായി ദിവസവും കാണുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍. അയാള്‍ക്ക് ഭാര്യയുണ്ട്, മകനുണ്ട്. അച്ഛനും അമ്മയുമുണ്ട്. മറ്റു ബന്ധുക്കളുണ്ട്. അയാളെ സ്‌നേഹിക്കുന്നവരുണ്ട്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അയാള്‍ ക്രൂശിക്കപ്പെടുക. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി തേജോവധം ചെയ്യുക. ഇതൊന്നും അംഗീകരിക്കാനാവില്ല. മറിച്ച് പറഞ്ഞുതുടങ്ങിയാല്‍ ഏറെ പറയാനുണ്ടാവും, ലണ്ടന്‍ എപ്പിസോഡ് അടക്കമുള്ള കാര്യങ്ങള്‍. എല്ലാവര്‍ക്കും കുടുംബമുണ്ട്. പല മുഖംമൂടികളും അഴിഞ്ഞുവീഴും. ഇപ്പോള്‍ ഷാജന്‍ നില്‍ക്കുന്ന നിലവാരത്തിലേക്ക് ഇറങ്ങാനാവാത്തതിനാല്‍ മിണ്ടാതിരിക്കുകയാണ് പലരും…

ഇത് തീക്കളിയാണെന്നു മാത്രം ഓര്‍ക്കുക.

LATEST insights

TRENDING insights

13 COMMENTS

  1. ഇത് കൊണ്ടെക്കെയാണ് 90% വരുന്ന നല്ലവരായ മാന്യമ പ്രവർത്തകരുണ്ടായിട്ടും, ഇന്നലെ രണ്ടെണ്ണം കിട്ടിയപ്പോൾ പൊതുജനം സന്തോഷിക്കുന്നത്…..

  2. ഇതൊന്നുമല്ല രസം. പുള്ളിയാണ് കേരളത്തിലെ ഏക സത്യസന്ധ മാധ്യമപ്രവർത്തകൻ എന്ന ഭാവവും ആണ്.

  3. ഈ ഷാജൻ സ്കറിയയുടെ കൂടെ ജോലി ചെയ്തിട്ടുണ്ട് ഞാൻ അർജുൻ ന്റെ കൂടെയും . അർജുൻ എന്ന മനുഷ്യനെ അറിയാവുന്നവർക്കു അയാൾ നിരപരാധി ആണെന്ന് അറിയാം … ഷാജൻ വെറും ഗീർവാണം മാത്രം

  4. ഈ വാർത്തക്ക് പിന്നിൽ ആരാണന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഞാനും ആ വണ്ടിയിലെ യാത്രക്കാരനായിരുന്നു. അർജ്ജുൻ നിരപരാധി ആണ്.

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights