എ.ഡി.ജി.പി. ഋഷിരാജ് സിങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് അനാദരവ് കാട്ടിയെന്നും ഇല്ലെന്നുമുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണല്ലോ. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്റെ മകുടോദാഹരണമായി സിങ്ങിന്റെ നടപടിയെ എന്റെ മാധ്യമപ്രവർത്തകരായ ചില സുഹൃത്തുക്കളടക്കം വിമർശിച്ചിട്ടുണ്ട്. എന്നാൽ, സർവ്വീസ് മാന്വലിനെക്കുറിച്ചുള്ള അജ്ഞതയാണ് ഈ പ്രതികരണത്തിന് കാരണമെന്ന് പറയാതെ വയ്യ.
ഒരു പത്രത്തിൽ വന്ന ചിത്രമാണ് വിവാദത്തിനാധാരം. എന്നാൽ, ആ ചിത്രം വിശദമായി പരിശോധിച്ചാൽ തന്നെ വിവാദത്തിന് സാധുതയില്ലെന്ന് വിവേകമുളളവർക്ക് മനസ്സിലാകും. ഋഷിരാജ് സിങ്ങിന്റെ മുന്നിലൂടെയല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വന്നത്. സ്വാഭാവികമായും മന്ത്രിയെ കാണാതിരിക്കാനോ “കണ്ടില്ലെന്നു നടിക്കാനോ” സിങ്ങിന് അവകാശമുണ്ട്. മന്ത്രിയുടെ വരവ് മറ്റുദ്യോഗസ്ഥർ സിങ്ങിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. തന്റെ സാന്നിദ്ധ്യം അറിയിക്കാൻ മന്ത്രിയും ശ്രമിച്ചിട്ടില്ല. അതിനാൽത്തന്നെ വിവാദത്തിന് പ്രസക്തിയില്ല .. സിങ്ങ് മന്ത്രിയെ കാണാത്തിടത്തോളം അദ്ദേഹത്തിന് സ്വന്തം ഇരിപ്പിടത്തിൽ അനങ്ങാതിരിക്കാം. അതിൽ ബഹുമാനക്കുറവിന്റെയോ അച്ചടക്കരാഹിത്യത്തിന്റെയോ പ്രശ്നം ഉദിക്കുന്നില്ല.
“ആരവിടെ… മഹാകേരളത്തിന്റെ ആരാധ്യനും ബഹുമാന്യനുമായ ആഫ്യന്തര മന്തിരി മഹാനുഭാവൻ മാന്യമാന്യശ്രീ രമേശ് ചെന്നിത്തല അദ്ദ്യേം ഇതാ എഴുന്നള്ളുന്നു….” എന്നൊരു വചനപ്രഘോഷണം ആ വേദിയിൽ ഉണ്ടായിട്ടില്ല എന്നാണ് അവിടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനിൽ നിന്ന് ഈയുള്ളവൻ മനസ്സിലാക്കിയത്. ഋഷിരാജ് സിങ്ങിന് തലയ്ക്കു പിന്നിൽ കണ്ണുളളതായും അറിവില്ല. ചെന്നിത്തല കടന്നുപോയ ശേഷം സിങ്ങ് കണ്ടിട്ടുണ്ടെങ്കിൽത്തന്നെ ആഭ്യന്തര മന്ത്രിയുടെ ചന്തി നോക്കി സല്യൂട്ടടിക്കേണ്ട കാര്യമില്ലല്ലോ. കണ്ടപാടെ ഓടിപ്പോയി മുന്നിൽക്കയറി സല്യൂട്ടടിച്ച് മണി കിലുക്കുന്ന സ്വഭാവം സിങ്ങിനില്ലാതെ പോയി.
ചില വേളകളിൽ കൂളിങ് ഗ്ലാസ് വെയ്ക്കുന്നത് മറ്റുള്ളവർ കാണാതെ സുഖമായുറങ്ങാനാണ്. അറുബോറൻ പരിപാടികളിൽ കടമയുടെ പേരിൽ പങ്കെടുക്കാൻ നിർബന്ധിതരാവുമ്പോൾ ഞാനും ഇതു പരീക്ഷിക്കാറുണ്ട്. പാവം സിങ്ങ് ഉറങ്ങിപ്പോയതായിക്കൂടെ?
ഋഷിരാജ് സിങ്ങിനെ വർഷങ്ങളായി കാണുന്നു. അടുത്തിടെ വൈദ്യുതി മോഷ്ടാക്കളായ മുത്തൂറ്റിനെതിരെ സ്വീകരിച്ചതടക്കം ഔദ്യോഗിക നടപടികളുടെ പേരിൽ മേലാളന്മാരുടെ “അപ്രീതി” ക്ഷണിച്ചു വരുത്തിയിട്ടുണ്ടെങ്കിലും സ്വന്തം പെരുമാറ്റത്തിലൂടെ അദ്ദേഹം അതു ചെയ്തതായി അറിയില്ല. ആരെയെങ്കിലും അവഗണിക്കണമെങ്കിൽത്തന്നെ “ചട്ടപ്രകാരം” അതു ചെയ്യാനറിയാവുന്ന ബുദ്ധിമാനായ ഓഫീസറാണ് സിങ്ങ്. ഇവിടെയും മന്ത്രിയെ “ചട്ടപ്രകാരം” അവഗണിച്ചതാകാനുളള സാദ്ധ്യതയുണ്ട്. പക്ഷേ, അതു ചട്ടപ്രകാരമാണ് -സിങ്ങിന്റെ വിശദീകരണം ചെന്നിത്തല അംഗീകരിച്ചതും അതിനാൽത്തന്നെയാണ്.
വലിയ കപ്പടാമീശയുണ്ടെങ്കിലും, കുറ്റവാളികളൊഴികെ മറ്റെല്ലാവരോടും അങ്ങേയറ്റം എളിമയോടെ പെരുമാറുന്നയാളാണ് ഋഷിരാജ് സിങ്ങ് എന്നാണ് എന്റെ അനുഭവം. വാർത്താശേഖരണത്തിന്റെ ഭാഗമായി അദ്ദേഹവുമായി ബന്ധപ്പെടാറുണ്ട്. തിതുവനന്തപുരത്തെ ചില എസ്.ഐമാർ പെരുമാറുന്നതിനെക്കാൾ എത്രയോ ഏറെ മാന്യമായിട്ടാണ് ഈ എ.ഡി.ജി.പിയുടെ ഇടപെടൽ. സിങ്ങിനോടൊപ്പം “വിവിധ” വകുപ്പുകളിൽ ജോലി ചെയ്തിട്ടുള്ളവരും ഇതു തന്നെ പറയുന്നു. അതിനാൽത്തന്നെ ഈ വിവാദത്തിൽ ഞാൻ ഋഷിരാജ് സിങ്ങിനൊപ്പമാണ്.
ഔദ്യോഗിക തലത്തിൽ സ്വീകരിച്ച “ശരിയായ” നടപടികളുടെ പേരിൽ രാഷ്ട്രീയക്കാർ തുടർച്ചയായി പീഡിപ്പിക്കുന്ന ഉദ്യോസ്ഥനാണിദ്ദേഹം. നാറിയ രാഷ്ട്രീയക്കാരെക്കാൾ ഭേദം നല്ല ഉദ്യോഗസ്ഥർ തന്നെയെന്ന കാര്യത്തിൽ എനിക്കു തർക്കമില്ല. ചെയ്തത് ശരിയാണ്ടെങ്കിൽ, ശരിയെന്ന ഉത്തമബോദ്ധ്യമുണ്ടെങ്കിൽ മന്ത്രിയെയെന്നല്ല ദൈവംതമ്പുരാനെപ്പോലും ഭയക്കേണ്ട കാര്യമില്ലെന്നാണ് എന്റെ ഒരിത്… യേത്… !!!