മാന്യമായി ചെയ്യുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തനം മഹത്തായൊരു തൊഴിലാണ്. അതിനാല്‍ കീഴും കിഴക്കും തിരിച്ചറിയാനുള്ള സമാന്യബുദ്ധി ഇല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തനത്തിന് ഇറങ്ങരുത്. ജനം ടിവിയില്‍ വന്ന, സംഘബന്ധുക്കള്‍ വ്യാപകമായി പ്രചരിപ്പിച്ച ഒരു വാര്‍ത്തയാണ് എന്നെക്കൊണ്ട് ഇതു പറയിപ്പിച്ചത്.
ജനം ടിവിക്ക് സംഘപരിവാറിനോട് ആഭിമുഖ്യമുണ്ട്. അതിനുവേണ്ടി വാര്‍ത്തകള്‍ തമസ്‌കരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യാറുണ്ട്. സാധാരണ പാര്‍ട്ടി മാധ്യമങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്പം കൂടിയ ഗ്രേഡില്‍ അവര്‍ ചെയ്യുന്നു എന്നേ ഇതുവരെ കരുതിയിട്ടുള്ളൂ. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുഴുവനാളുകളുടെയും ജീവിതത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത, സമാനതകളില്ലാത്ത വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ വിവരക്കേട് കാണിക്കരുത്. ഇത് അഭ്യര്‍ത്ഥനയല്ല, മുന്നറിയിപ്പാണ്.
യു.എ.ഇ. തരാമെന്നു പറഞ്ഞ 700 കോടി സ്വീകരിക്കാന്‍ കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേരളീയര്‍ ഉറ്റുനോക്കിയിരുന്ന ആ സഹായം തടഞ്ഞ ബി.ജെ.പിക്കും മറ്റു പരിവാരങ്ങള്‍ക്കും മലയാളിയുടെ മുന്നില്‍ വരാന്‍ അല്പം ഉളുപ്പുണ്ട്. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്നു മലയാളികള്‍ക്കെല്ലാം അറിയാം. അതിനാല്‍ത്തന്നെ ഡാമേജ് കണ്‍ട്രോള്‍ നടത്തിയേ മതിയാകൂ. അതിന് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം തന്നെ അവര്‍ കണ്ടെത്തി. യു.എ.ഇ. സഹായം പ്രഖ്യാപിച്ചിട്ടേയില്ലെന്നു വരുത്തുക. അതിന്റെ ചുമതലയേറ്റത് ജനം ടിവിയിലെ റിപ്പോര്‍ട്ടര്‍.
ഈ റിപ്പോര്‍ട്ടറെ ഒന്നാം നമ്പര്‍ വിവരദോഷി എന്നു ഞാന്‍ വിശേഷിപ്പിക്കും. കാരണം ഒരു മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന യോഗ്യത അവന്‍ ചെയ്യുന്ന വാര്‍ത്തയെപ്പറ്റി -അത് സത്യമായാലും തെറ്റായാലും -അടിസ്ഥാന വിവരമുണ്ടാവുക എന്നതാണ്. എന്നാല്‍, യു.എ.ഇ. സഹായം പ്രഖ്യാപിച്ചിട്ടില്ല എന്നു തെളിയിക്കാന്‍ പരിശ്രമിച്ച ജനം ടിവി റിപ്പോര്‍ട്ടര്‍ക്ക് കാര്യങ്ങളെക്കുറിച്ച് ഒരു വിവരവുമില്ല, പഠിക്കാന്‍ ശ്രമിച്ചിട്ടുമില്ല.
ജനം ടിവിയുടെ വാര്‍ത്ത നോക്കിയാല്‍ മാത്രമേ വിവരക്കേടുകള്‍ ബോദ്ധ്യമാകൂ. വിഷമാണ്, സ്വബോധമുള്ളവര്‍ക്ക് വായിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ, വേറെ നിവൃത്തിയില്ല. ക്ഷമിക്കുക.
700 കോടി പ്രഖ്യാപിച്ചു എന്ന് യു.എ.ഇ. ഉപസൈന്യാധിപന്‍ പ്രധാനമന്ത്രിയോട് പറഞ്ഞെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്: പറഞ്ഞത് ഇന്ത്യക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ജീവകാരുണ്യ സംഘടനകള്‍ സഹായിക്കുമെന്നും മാത്രം: 700 കോടിയുടെ സഹായം യു.എ.ഇ. എവിടെയാണ് പ്രഖ്യാപിച്ചതെന്ന ചോദ്യവുമായി മലയാളികള്‍
ന്യൂഡല്‍ഹി: വരുത്തിവച്ച പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടാകുന്ന ജനരോഷം കേന്ദ്രത്തിനെതിരെ തിരിക്കാനുള്ള കേരള സര്‍ക്കാരിന്റെ ഗൂഢനീക്കം പൊളിയുന്നു. യു.എ.ഇ. ഉപസൈന്യാധിപന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും 700 കോടി വാഗ്ദാനം ചെയ്‌തെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് രേഖകള്‍. പ്രധാനമന്ത്രിയോട് സംസാരിച്ച വിവരം യു.എ.ഇ. ഉപസൈന്യാധിപന്‍ അന്നു തന്നെ ട്വീറ്റ് ചെയ്തിരുന്നു. അതില്‍ 700 കോടിയെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ജീവകാരുണ്യ സംഘടനകള്‍ സഹായിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.എന്നാല്‍ ഉപസൈന്യാധിപന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും 700 കോടി പ്രഖ്യാപിച്ചെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത് .
യു.എ.ഇയുടെ 700 കോടി കേന്ദ്രം തടഞ്ഞുവെന്നുള്ള വ്യാജപ്രചാരണവുമായി കേരളത്തിലെ ചില രാഷ്ട്രീയകക്ഷികളും വിഘടനവാദികളും പ്രചാരണങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഉപസൈന്യാധിപന്റെ ട്വീറ്റ് പുറത്തുവന്നത്. ഇതോടെ ആരോടാണ് 700 കോടി പ്രഖ്യാപിച്ചതെന്ന ചോദ്യവുമായി മലയാളികള്‍ രംഗത്തെത്തി. യു.എ.ഇ. 700 കോടി പ്രഖ്യാപിച്ചതിന്റെ യാതൊരു ഔദ്യോഗിക വിവരങ്ങളും പുറത്തു വന്നില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ അവകാശവാദവും ദുരൂഹതയുണര്‍ത്തുന്നതാണ്. മാത്രമല്ല പ്രഖ്യാപിക്കാത്ത 700 കോടി കേന്ദ്രം തടഞ്ഞെന്ന പ്രചാരണവുമായി കേരളത്തെ സ്വതന്ത്രമാക്കണമെന്ന വാദമുയര്‍ത്തി വിഘടനവാദികളും രംഗത്തെത്തിയിരുന്നു.
അശാസ്ത്രീയമായി ഡാമുകളെല്ലാം തുറന്നുവിട്ടതിലൂടെ കേരളത്തില്‍ വെള്ളപ്പൊക്കത്തിനും ദുരിതത്തിനും കാരണമായ സര്‍ക്കാര്‍ കെടുകാര്യസ്ഥതയെ മറച്ചുവെക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ചില വിഘടനവാദ സംഘടനകളും മതമൗലികവാദികളും കിട്ടിയ തക്കത്തിന് കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രമണവുമായി രംഗത്തെത്തിയത് കേരളത്തെ ഇന്ത്യയില്‍ നിന്ന് വിഭജിക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന ആശങ്കകളും ശക്തമാവുകയാണ്.
വെള്ളക്കുപ്പായവും തലയില്‍ കെട്ടും എല്ലാവരും ധരിക്കുമെങ്കിലും അറബികള്‍ എല്ലാം ഒന്നല്ല എന്നെങ്കിലും ഈ വാര്‍ത്ത ചെയ്ത റിപ്പോര്‍ട്ടര്‍ ശ്രദ്ധിക്കണ്ടേ? 700 കോടി പ്രഖ്യാപിച്ചു എന്ന് യു.എ.ഇ. ഉപസൈന്യാധിപന്‍ പ്രധാനമന്ത്രിയോട് പറഞ്ഞെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ് എന്നാണ് വാര്‍ത്ത. ഒപ്പം ഒരു ട്വീറ്റുമുണ്ട്. അതിനായി ഉപയോഗിച്ച ട്വീറ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായദ് ബിന്‍ സുല്‍ത്താന്‍ അല്‍-നാഹ്യാന്റേതാണ്. അബുദാബി രാജകുമാരനും യു.എ.ഇ. ഉപ സര്‍വ്വസൈന്യാധിപനും തന്നെ. പക്ഷേ, ഈ ഷെയ്ഖിന് കേരളത്തിനു പ്രഖ്യാപിച്ച സഹായവുമായി എന്തു ബന്ധമെന്നു മനസ്സിലായില്ല. ആര്‍ക്കെങ്കിലും മനസ്സിലായെങ്കില്‍ പറഞ്ഞു തന്നാല്‍ ഉപകാരം. ഈ വാര്‍ത്ത ചെയ്ത റിപ്പോര്‍ട്ടര്‍ പറഞ്ഞു തന്നാലും മതി.
യഥാര്‍ത്ഥത്തില്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ചത് ആരാണ്? ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് കേരളത്തിന് സഹായം പ്രഖ്യാപിച്ചത്. അദ്ദേഹം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് സുല്‍ത്താനുമാണ്. ദുബായ് സുല്‍ത്താനും അബുദാബി രാജകുമാരനും ഒരാളാണെന്ന് ജനം റിപ്പോര്‍ട്ടര്‍ ‘തെറ്റിദ്ധരിച്ചു’ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അത് ശുദ്ധ വിവരക്കേടിന്റെ ഫലമായി പറ്റിയ അബദ്ധമാണ്. അല്ലെങ്കില്‍ മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം.
A big thanks to @hhshkmohd for his gracious offer to support people of Kerala during this difficult time. His concern reflects the special ties between governments and people of India and UAE.
— Narendra Modi (@narendramodi) August 18, 2018
ഇനി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് സഹായം പ്രഖ്യാപിച്ചത് എന്നതിന്റെ തെളിവ് തരാം. ജനം ടിവിയുടെ തലതൊട്ടപ്പനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പരസ്യമായി തന്നെ ഷെയ്ഖ് മഖ്തൂമിന് നന്ദി പറഞ്ഞിട്ടുണ്ട്. ഈ മഖ്തൂം ആരാണെന്നു ഞാന്‍ കണ്ടെത്തിയതു തന്നെ മോദി തന്റെ ട്വീറ്റില്‍ അദ്ദേഹത്തെ ടാഗിയതില്‍ ക്ലിക്ക് ചെയ്താണ്. കുറഞ്ഞപക്ഷം അതെങ്കിലും ജനം ടിവി റിപ്പോര്‍ട്ടര്‍ നോക്കണ്ടേ? പിന്നെ കേരളത്തെ ഇന്ത്യയില്‍ നിന്ന് വിഭജിക്കാനുള്ള ശ്രമമാണ് എന്നൊക്കെയുള്ള പ്രസ്താവത്തോട് പരമ പുച്ഛം മാത്രം.
മലയാളിയെ പിന്നില്‍ നിന്നു കുത്തുന്നത് നിങ്ങള്‍ തുടര്‍ന്നോളൂ. വെറുപ്പ് പ്രചരിപ്പിക്കുന്നതും തുടര്‍ന്നോളൂ. കഴിഞ്ഞ ദിവസം ഞാന്‍ എഴുതിയ കുറിപ്പില്‍ ഈ സഹായം എത്തിക്കുന്നതില്‍ തടസ്സം നേരിടില്ല എന്ന പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ആ കുറിപ്പ് എഴുതി അധികം താമസിയാതെ തന്നെ പ്രതീക്ഷ തെറ്റാണെന്നു തെളിഞ്ഞു. യു.എ.ഇ. സഹായം മുടക്കണമെന്നു കരുതി ഇവിടെ നിന്നുള്ള ചിലര്‍ തുനിഞ്ഞിറങ്ങിയതിന്റെ ഫലമായി തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിരാസമുണ്ടായതെന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
യു.എ.ഇയുടെ പണം ഇസ്ലാമിക് പണം ആയി വെറുപ്പിന്റെ പ്രചാരകര്‍ വ്യാഖ്യാനിക്കുന്നു. പക്ഷേ, സമൂഹമാധ്യമങ്ങളില്‍ ഹിന്ദുത്വയുടെ പേരില്‍ -പ്രത്യേകം പറയാം ഹിന്ദുവിന്റെ പേരിലല്ല -വെറുപ്പ് പ്രചരിപ്പിക്കുന്നവരെല്ലാം അറബിയുടെ ഇസ്ലാമിക് പണം പറ്റുന്ന സംഘബന്ധുക്കളാണ് എന്നതാണ് വിരോധാഭാസം.!!! വിട്ടില്‍ കൊണ്ടുപോകാം, നാടിന് പറ്റില്ല. എന്നിട്ട് ദേശസ്‌നേഹം പറയുകയും ചെയ്യും, ന്താല്ലേ!!
ജനം ടിവിയില്‍ വാര്‍ത്ത ചെയ്യുന്നതും മാധ്യമപ്രവര്‍ത്തനമാണ്. അങ്ങനെ പറയാനേ പറ്റൂ. ഇത് മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ അധമപ്രവര്‍ത്തനമാണ്. ഈ ദുഷ്‌ചെയ്തികളുടെ പാപഭാരം മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ഏറ്റെടുക്കണമെന്നു പറയരുതേ എന്നു മാത്രമാണ് കേരളീയ സമൂഹത്തോടുള്ള അഭ്യര്‍ത്ഥന. ഇത്തരം ദുഷിപ്പുകളെ എതിര്‍ക്കുന്ന സമൂഹത്തോടു ചേര്‍ന്നു നില്‍ക്കാന്‍ തന്നെയാണ് നേരിന്റെ പാതയില്‍ സഞ്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. ചെയ്യുന്നതും അതു തന്നെ.