Reading Time: 5 minutes

പൃഥ്വി ഷായുടെയും ശുഭ്മാന്‍ ഗില്ലിന്റെയും നിഴലിലായിരുന്നു മന്‍ജോത് കാല്‍റ. ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ചുവെങ്കിലും മറ്റു രണ്ടു കൂട്ടുകാര്‍ക്കാണ് ശ്രദ്ധ മുഴുവന്‍ ലഭിച്ചത്. എന്നാല്‍, നിഴലൊക്കെ വകഞ്ഞു മാറ്റി ശ്രദ്ധ മുഴുവന്‍ നേടുന്ന തരത്തില്‍ മന്‍ജോത് തലയുയര്‍ത്തി നിന്ന ദിവസം എല്ലാം കൊണ്ടും മികച്ചതായിരുന്നു -ഫൈനല്‍ ദിനം! ആ പ്രകടന മികവില്‍ അണ്ടര്‍ 10 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ തലയില്‍ ചൂടി. ഇന്ത്യ ലോക ജേതാക്കളാവുന്നത് നാലാം തവണ, റെക്കോര്‍ഡ്!! ഓസ്‌ട്രേലിയയാണ് ജയിച്ചിരുന്നതെങ്കില്‍ അവര്‍ക്കും നാലാം കിരീടം തന്നെയാവുമായിരുന്നു. അതിന് അവസരം നല്‍കാതെ അവരെത്തന്നെ മറികടന്നുള്ള ഈ നേട്ടത്തിന് മധുരമേറെ.


ഇന്ത്യയുടെ ആദ്യ കിരീടം വന്നത് 2000ലായിരുന്നു, മുഹമ്മദ് കൈഫിന്റെ നേതൃത്വത്തില്‍. പിന്നെ 2008ല്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലും 2012ല്‍ ഉന്മുക്ത് ചന്ദിന്റെ നേതൃത്വത്തിലും. ഇപ്പോള്‍ 2018ല്‍ കപ്പുയര്‍ത്താന്‍ യോഗമുണ്ടായത് പൃഥ്വി ഷായ്ക്ക്.

ഐ.സി.സി. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കളിക്കാനിറങ്ങും മുമ്പ് ഓസ്‌ട്രേലിയന്‍ കോച്ച് റയന്‍ ഹാരിസ് പറഞ്ഞിരുന്നു, ഇന്ത്യയ്ക്കാണ് കിരീടസാദ്ധ്യത കൂടുതലെന്ന്. ടൂര്‍ണ്ണമെന്റില്‍ കൂടുതല്‍ ആധികാരികമായ പ്രകടനം കാഴ്ചവെച്ചത് ഇന്ത്യയാണെന്ന കാരണത്താലാണ് എതിരാളികളുടെ പരിശീലകന്‍ ഇതു പറഞ്ഞത്. ഹാരിസിന്റെ വിശകലനം തെറ്റിയില്ല. തീര്‍ത്തും ആധികാരികമായിത്തന്നെ ഇന്ത്യ ലോക കിരീടമണിഞ്ഞു, ഒരു കളി പോലും തോല്‍ക്കാതെ.

ഫൈനലിനു മുമ്പ് ഒറ്റക്കെട്ടായി

ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ടീം തന്നെയായിരുന്നു ഇന്ത്യ -ബാറ്റിങ്, ഫീല്‍ഡിങ്, പേസ് ബൗളിങ്, സ്പിന്‍ ബൗളിങ് എന്നിങ്ങനെ സമഗ്ര മേഖലകളിലും മുമ്പന്മാര്‍. ഫൈനല്‍ ജയം അത് ശരിവെച്ചുവെന്നു മാത്രം. എങ്കിലും പറയാതെ വയ്യ, മണിക്കൂറില്‍ 140 കിലോമീറ്ററിലധികം വേഗത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് 100 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയതിന്റെ മാനസിക അടിമത്തം ഓസീസിനെ അലട്ടിയിരുന്നതായി തോന്നി. ഗ്രൂപ്പിലെ മുഖാമുഖത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റിന് 328 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. മറുപടിയായി ഓസ്ട്രേലിയ 42.5 ഓവറില്‍ 228ന് പുറത്തായി. അതിനാല്‍, ഫൈനലില്‍ ടോസ് നേടിയപ്പോള്‍ ഓസീസ് നായകന്‍ ജേസണ്‍ സംഗയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, ബാറ്റിങ് തിരഞ്ഞെടുക്കാന്‍.

ഓസീസ് നായകന്‍ ജേസ് സംഗയെ വിക്കറ്റ് കീപ്പര്‍ ഹാര്‍വിക് ദേശായിയുടെ കൈയിലെത്തിച്ച കമലേഷ് നഗര്‍കോട്ടിയുടെ ആഹ്ലാദം

എന്നാല്‍, ഇന്ത്യ പിടിവിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ കൊടുത്തതിനെക്കാള്‍ 12 റണ്‍സ് കുറച്ചു മാത്രമേ ഓസീസിന് ഫൈനലില്‍ അവര്‍ വിട്ടുകൊടുത്തുള്ളൂ. 47.2 ഓവറില്‍ ഓസീസ് 216 റണ്‍സിന് പുറത്ത്. 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 220 റണ്‍സ് നേടി ലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്കു വേണ്ടി വന്നത് വെറും 38.5 ഓവര്‍. 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

കാലം മാറി, കഥ മാറി

* 2003ലെ സീനിയര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ തോറ്റത് ഓസ്‌ട്രേലിയയോട് മാത്രമാണ്. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്നെ വന്നു. ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയ ഫൈനലില്‍ ഓസ്‌ട്രേലിയ നിര്‍ദാക്ഷിണ്യം ഇന്ത്യയെ തകര്‍ത്തു.
* 2018ലെ അണ്ടര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ തോറ്റത് ഇന്ത്യയോട് മാത്രമാണ്. ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ തന്നെ വന്നു. ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയ ഫൈനലില്‍ ഇന്ത്യ നിര്‍ദാക്ഷിണ്യം ഓസ്‌ട്രേലിയയെ തകര്‍ത്തു.

ഫൈനലിന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന് ഇന്ത്യക്കാരും മുക്തരായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ ഫീല്‍ഡില്‍ വരുത്തിയ പിഴവുകള്‍ അതിനു തെളിവാണ്. സാധാരണനിലയില്‍ വിശ്വസ്തനായ വിക്കറ്റ് കീപ്പര്‍ ഹാര്‍വിക് ദേശായി ബുദ്ധിമുട്ടുള്ളതായിരുന്നുവെങ്കിലും മൂന്നവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. രണ്ടു തവണ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഓവര്‍ത്രോയിലൂടെ ഓസീസിന് റണ്‍സ് സമ്മാനിക്കുന്നതും കണ്ടു.

ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ 250 റണ്‍സിലേറെ അനായാസം നേടുമെന്ന് തോന്നിച്ചതാണ്. 40-ാം ഓവറില്‍ അവര്‍ 4ന് 183 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍, അപ്പോഴാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അനുകൂല്‍ റോയിയും ശിവ സിങ്ങും ആഞ്ഞടിച്ചത്. ഫീല്‍ഡിങ്ങിലെ മികവും വീണ്ടെടുത്തതോടെ വെറും 33 റണ്‍സിനിടെ ഓസീസിന്റെ ബാക്കി 6 വിക്കറ്റും നിലംപൊത്തി.

ഓസീസിനായി അര്‍ദ്ധസെഞ്ച്വറി നേടിയ ജൊനാഥന്‍ മെര്‍ലോ

ജൊനാഥന്‍ മെര്‍ലോ (76) ആണ് ഓസീസ് ഇന്നിങ്ങ്‌സിനെ ചുമലിലേറ്റിയത്. ഇന്ത്യന്‍ വംശജന്‍ തന്നെയായ പരം ഉപ്പലിനൊപ്പം (34) നാലാം വിക്കറ്റില്‍ 75 റണ്‍സിന്റെയും നേഥന്‍ മക്‌സ്വീനിക്കൊപ്പം (23) അഞ്ചാം വിക്കറ്റില്‍ 49 റണ്‍സിന്റെയും കൂട്ടുകെട്ട് മെര്‍ലോ ഉയര്‍ത്തി. എന്നാല്‍, മക്‌സ്വീനിയെ ശിവ സിങ് സ്വന്തം ബൗളിങ്ങില്‍ പിടിച്ചു പുറത്താക്കിയതോടെ ഓസീസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. സമാനരീതിയില്‍ ഉപ്പലിനെ നേരത്തേ അനുകൂല്‍ റോയ് സ്വന്തം ബൗളിങ്ങില്‍ പിടിച്ചുപുറത്താക്കിയിരുന്നു.

ഓസീസിന്റെ നേതന്‍ മക്‌സ്വീനിയെ ഇന്ത്യയുടെ ശിവ സിങ് സ്വന്തം ബൗളിങ്ങില്‍ പിടിച്ചു പുറത്താക്കുന്നു

ഇന്ത്യയ്ക്കു വേണ്ടി ഇഷാന്‍ പോറല്‍, കമലേഷ് നഗര്‍കോട്ടി, അനുകൂല്‍ റോയ്, ശിവ സിങ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ശിവം മാവിക്ക് ഒരു വിക്കറ്റ് ലഭിച്ചു. ടൂര്‍ണ്ണമെന്റിലാകെ 14 വിക്കറ്റുകള്‍ വീഴ്ത്തിയ അനുകൂല്‍ റോയ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയിലെ ഒന്നാം സ്ഥാനം അഫ്ഗാനിസ്ഥാന്റെ ഖയിസ് അഹമ്മദ്, കാനഡയുടെ ഫൈസം ജംഖണ്ഡി എന്നിവര്‍ക്കൊപ്പം പങ്കിട്ടു.

അനുകൂല്‍ റോയ്

217 എന്ന ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിന് അടിപ്പെട്ടതായി തോന്നിച്ചില്ല. 102 പന്തില്‍ 8 ഫോറും 3 സിക്‌സറുമടക്കം 101 റണ്‍സെടുത്ത മന്‍ജോത് കാല്‍റ പുറത്താകാതെ നിന്നു. മത്സരം അവസാനിക്കുമ്പോള്‍ 47 റണ്‍സുമായി ഹാര്‍വിക് ദേശായി ആയിരുന്നു മന്‍ജോതിന് ക്രീസില്‍ കൂട്ട്.

ക്യാപ്റ്റന്‍ പൃഥ്വി ഷായും (29) മന്‍ജോതും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ്. നല്‍കിയത്. 4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 23 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴയെത്തി. മഴയുടെ ഇടവേളയ്ക്കു ശേഷം കളി പുനരാരംഭിച്ചപ്പോഴും അവരുടെ ഏകാഗ്രതയ്ക്ക് ഭംഗമുണ്ടായില്ല. താമസിയാതെ ഒന്നാം വിക്കറ്റിലെ അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ട് പിറന്നു.

ഫൈനല്‍ തുടങ്ങും മുമ്പ് ഇന്ത്യന്‍ നായകന്‍ പൃഥ്വി ഷായും ഓസ്‌ട്രേലിയന്‍ നായകന്‍ ജേസന്‍ സംഗയും ലോകകപ്പുമായി

സ്‌കോര്‍ 71ല്‍ എത്തിയപ്പോള്‍ പൃഥ്വി വീണു. വില്‍ സതര്‍ലന്‍ഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പകരം വന്നത് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി എണ്ണപ്പെടുന്ന ശുഭ്മാന്‍ ഗില്‍. മന്‍ജോതും ശുഭ്മാനും ചേര്‍ന്ന് റണ്‍സ് വാരിക്കൂട്ടുന്നത് തുടര്‍ന്നതോടെ 16-ാം ഓവറില്‍ ഇന്ത്യ 100 കടന്നു. 22-ാം ഓവറില്‍ സ്‌കോര്‍ 131ല്‍ എത്തിയപ്പോള്‍ ഗില്‍ (31) വീണു. ഇന്ത്യന്‍ വംശജന്‍ തന്നെയായ പരം ഉപ്പലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഈ ടൂര്‍ണ്ണമെന്റില്‍ ആദ്യമായി പൃഥ്വി 40 റണ്‍സും ശുഭ്മാന്‍ 50 റണ്‍സും തികയ്ക്കാതെ പുറത്തായി!

പക്ഷേ, അതോടെ ഓസ്‌ട്രേലിയയുടെ കളി അവസാനിച്ചു എന്നു തന്നെ പറയാം. മന്‍ജോതും ഹാര്‍വികും കൂടുതല്‍ അവസരങ്ങള്‍ നല്‍കാതെ ഇന്ത്യയെ വിജയതീരമണിയിച്ചു. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ പിറന്നത് 89 റണ്‍സ്, ഇന്നിങ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. ഇന്ത്യന്‍ ജയം ഉറപ്പായിരുന്ന മത്സരത്തില്‍ പിന്നീട് അല്പമെങ്കിലും ആവേശമുണര്‍ത്തിയത് മന്‍ജോതിന്റെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പായിരുന്നു.

സെഞ്ച്വറി തികച്ച മന്‍ജോത് കാല്‍റ കാണികളെ അഭിവാദ്യം ചെയ്യുന്നു

സെഞ്ച്വറിയിലൂടെ വിജയശില്പിയായ മന്‍ജോത് തന്നെയാണ് ഫൈനലിലെ താരം. മധ്യനിരയില്‍ 4 അര്‍ദ്ധ സെഞ്ച്വറിയും 1 സെഞ്ച്വറിയും നേടി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായ ശുഭ്മാന്‍ ഗില്ലാണ് ചാമ്പ്യന്‍ഷിപ്പിലെ താരം.


കഴിഞ്ഞ തവണ കപ്പിനും ചുണ്ടിലുമിടയിലാണ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായത്. വിന്‍ഡീസായിരുന്നു ജേതാക്കള്‍. അതേ വിന്‍ഡീസ് ഇത്തവണ പത്താം സ്ഥാനത്താണ് എത്തിയത്. ഇന്ത്യ ഒരു പടി മുകളിലേക്കു കയറി കിരീടം പിടിച്ചു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ശ്രീലങ്ക, വിന്‍ഡീസ് എന്നിവരെയെല്ലാം മറികടന്ന് ഇത്തിരിക്കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ നാലാം സ്ഥാനത്തെത്തിയത് എടുത്തു പറയണം.

ഐ.സി.സി. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്
1. ഇന്ത്യ * 2. ഓസ്‌ട്രേലിയ * 3. പാകിസ്താന്‍ * 4. അഫ്ഗാനിസ്ഥാന്‍ * 5. ദക്ഷിണാഫ്രിക്ക * 6. ബംഗ്ലാദേശ് * 7. ഇംഗ്ലണ്ട് * 8. ന്യൂസീലന്‍ഡ് * 9. ശ്രീലങ്ക * 10. വിന്‍ഡീസ് * 11. സിംബാബ്‌വെ * 12. കാനഡ * 13. അയര്‍ലന്‍ഡ് * 14. നമീബിയ * 15. കെനിയ * 16. പപ്വ ന്യൂ ഗ്വിനി

നായകന്‍ പൃഥ്വി ഷായ്‌ക്കൊപ്പം ലോകകപ്പുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്‌

കളിക്കാരനെന്ന നിലയില്‍ കിട്ടാത്ത ലോക കിരീടം പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന് ‘കുട്ടികള്‍’ നേടിക്കൊടുത്തു. ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം റാങ്കുകാരായി ഇന്ത്യന്‍ ചേട്ടന്മാര്‍ അരങ്ങുവാഴുമ്പോള്‍ അനിയന്മാര്‍ എങ്ങനെ മോശമാക്കും? അവരും പിടിച്ചു ലോക കിരീടം. ആഘോഷിക്കാന്‍ ഇനിയെന്തു വേണം!!!

Previous articleപാകിസ്താന്‍ പപ്പടപ്പൊടി!!
Next articleഎന്റെ ക്ലാസ്സിലെ ‘മോഹന്‍ലാല്‍’
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here