എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങിയ വേളയില്‍ വിവിധ പത്രങ്ങളില്‍ അച്ചടിച്ചുവന്ന ചിത്രങ്ങള്‍ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭൂരിഭാഗം പത്രങ്ങളിലും അടിച്ചുവന്നത് പെണ്‍കുട്ടികളുടെ തയ്യാറെടുപ്പും അവരുടെ പ്രാര്‍ത്ഥനയും മറ്റുമെല്ലാമാണ്. ആണ്‍കുട്ടികള്‍ പരീക്ഷയെഴുതുന്ന ചിത്രമെടുത്ത കേരള കൗമുദിയിലെ സുഭാഷ് കുമാരപുരം വ്യത്യസ്തനായി എന്നത് എടുത്തുപറയണം. മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ല. ഞാന്‍ കണ്ടതെല്ലാം പെണ്‍കുട്ടികളുടെ ചിത്രമായിരുന്നു.
ഇവിടെന്താ ആണ്‍കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നില്ലേ എന്ന ചോദ്യം ഉയര്‍ന്നത് സ്വാഭാവികം. തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ എന്റെ ഭാര്യ ദേവികയുടെ സഹപ്രവര്‍ത്തകനായ ബോസ്‌കോ ലവറന്‍സാണ് വിഷയം ഉന്നയിച്ചത്. അതിന് മറുപടിയായി സ്വീകരിക്കപ്പെട്ട പ്രധാന നിരീക്ഷണം ക്യാമറയ്ക്കു പിന്നിലുള്ളത് പുരുഷകേസരികളാണ് എന്നതാണ്. തിരുവനന്തപുരത്തെ ഫോട്ടോ ജേര്‍ണലിസ്റ്റുകളെല്ലാം പുരുഷന്മാരാണോ എന്ന ചോദ്യം ഭാര്യയുടെ ഭാഗത്തു നിന്ന് എനിക്കു നേരെ ഉയര്‍ന്നു. അപ്പോള്‍ പുരുഷ കേസരികള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്ന, മത്സരിക്കുന്ന രാഖി എന്ന ഏകാംഗ പോരാളിയുടെ കാര്യം ഞാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഞാന്‍ കുടുംബസമേതം പ്രസ് ക്ലബ്ബിലെ ക്യാന്റീനിലെത്തിയപ്പോള്‍ രാഖി അവിടെയുണ്ട്. കൈയോടെ ഞാന്‍ ദേവികയ്ക്കു പരിചയപ്പെടുത്തി. ഫോട്ടോ ജേര്‍ണലിസം രംഗത്ത് വനിതകള്‍ ഇല്ലാത്തതിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. ഈ രംഗത്ത് താല്പര്യമുള്ള ധാരാളം പെണ്‍കുട്ടികളുണ്ടെങ്കിലും കേരളത്തിലെ മാധ്യമ മാനേജ്‌മെന്റുകള്‍ എന്തുകൊണ്ടോ അവരെ പരിഗണിക്കുന്നില്ല എന്ന അഭിപ്രായമാണ് രാഖിക്ക്. സ്ത്രീകളുടെ ശാരീരിക പരിമിതികളെക്കുറിച്ചുള്ള ആശങ്കയും അവരുടെ കഴിവിലുള്ള വിശ്വാസമില്ലായ്മയും കാരണമാകാം. ‘തേജസ്’ പത്രം രാഖിയെ അങ്ങനെ നോക്കിയില്ല. എന്തായാലും രാഖി ആ ഗണത്തില്‍പ്പെടുന്നയാളല്ല. രാഖിയെ കോളേജില്‍ കൊണ്ടുപോയി ക്ലാസ്സെടുപ്പിക്കണം എന്ന ദേവികയുടെ തീരുമാനത്തിലാണ് ചര്‍ച്ച അവസാനിച്ചത്.
രാഖിയെ ഞാന്‍ കണ്ടുതുടങ്ങിയിട്ട് ഒരുപാട് വര്‍ഷങ്ങളാവുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന കാലത്ത് ലൈബ്രറിക്കു സമീപമോ മറ്റെവിടെയൊക്കെയോ ഈ മുഖം കണ്ട നേരിയ ഓര്‍മ്മയുണ്ട്. നേരിട്ട് അധികം സംസാരിക്കാന്‍ അവസരമുണ്ടായിട്ടില്ല. ന്യൂസ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ രാഖിയെ കാണുന്നത് 2006ല്‍ ഞാന്‍ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയില്‍ തിരിച്ചെത്തിയ ശേഷമാണ്. എല്ലാവരും അവരുടെ സുഹൃത്തുക്കളാണ്. എല്ലാവരും അവരെക്കുറിച്ച് നല്ലതു മാത്രം പറയുന്നു. എന്നാല്‍, മറ്റുള്ളവരോട് അവര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുള്ളത് തൊഴില്‍പരമായ കാര്യങ്ങള്‍ മാത്രം. തന്റെ ജോലിയില്‍ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിച്ച് അതു കഴിഞ്ഞ് തന്റെ പാട്ടിനു പോകുന്ന ഒരു മാന്യവനിത. രാഖിയാണ് വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ മോഡല്‍ എങ്കില്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഈ രംഗത്ത് വലിയ വ്യത്യാസമില്ല.
പ്രസ് ക്ലബ്ബില്‍ ദേവികയും രാഖിയും സംസാരിക്കുമ്പോള്‍ മറുഭാഗത്ത് കണ്ണന്‍ ‘വര്‍ക്ക്’ തുടങ്ങിയിരുന്നു. അവന്റെ ചേഷ്ടകള്‍ രാഖിയെക്കൊണ്ട് ക്യാമറ കൈയിലെടുപ്പിച്ചു. രാഖിയുടെ ഫ്രെയിമില്‍ കണ്ണന്‍ പതിഞ്ഞു. കണ്ണനൊപ്പം ഞാനും ദേവികയും ഇടയ്ക്ക് ഫ്രെയിമില്‍ കയറി. കണ്ണന്റെ ചിത്രശേഖരത്തിലേക്ക് രാഖിയുടെ സംഭാവന അങ്ങനെ പിറവിയെടുത്തു.