HomeJOURNALISMയോഗ്യതയാണ് പ്...

യോഗ്യതയാണ് പ്രശ്‌നം

-

Reading Time: 6 minutes

എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ്ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കി

മറ്റേതൊരു വാര്‍ത്തയും പോലെ തന്നെയാണ് ഇതും. എന്നാല്‍, വ്യക്തിപരമായി എനിക്ക് വളരെയേറെ ആഹ്ലാദം ഇതു പകരുന്നുണ്ട്. ജോര്‍ജ്ജിനോട് എന്തെങ്കിലും വിരോധമുള്ളതുകൊണ്ടല്ല അത്. ഈ പുറത്താക്കലിനു കാരണമായ വാര്‍ത്ത എന്റെ വാക്കുകളിലൂടെയാണ് പുറത്തുവന്നത് എന്നതിനാല്‍.

av george.jpg
ഡോ.എ.വി.ജോര്‍ജ്ജ്‌

അന്തിമവിജയം സത്യത്തിനായി എങ്കിലും അതിലേക്കുള്ള മാര്‍ഗ്ഗം എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ ഇന്ത്യാവിഷന്‍ ഒഴികെ ആരും ഈ വാര്‍ത്ത കണ്ടതായിപ്പോലും എന്തുകൊണ്ടോ നടിച്ചില്ല. പല ഘട്ടങ്ങളിലായി പുറത്തുവന്ന വിവരങ്ങള്‍ വെച്ച് ഞാന്‍ വാര്‍ത്ത ചെയ്തുകൊണ്ടേയിരുന്നു. എന്നാല്‍, ജോര്‍ജ്ജിനോടുള്ള വ്യക്തിവൈരാഗ്യം നിമിത്തമാണ് വാര്‍ത്ത ചെയ്യുന്നതെന്ന് എന്റെ മേധാവിയായിരുന്ന വ്യക്തി തിരുവനന്തപുരത്ത് വന്ന് യോഗം വിളിച്ചുകൂട്ടി പറഞ്ഞു. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല. ആദ്യം വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ ആവേശപൂര്‍വ്വം പിന്തുണച്ചതും അദ്ദേഹം തന്നെ ആയിരുന്നു. എന്തുകൊണ്ടോ പിന്നീട് ആ നിലപാടില്‍ മാറ്റമുണ്ടായി.

സ്ഥാപനത്തിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനമുണ്ടായതോടെ ഞാന്‍ ജോര്‍ജ്ജിനെ വിട്ടു.എന്നാല്‍, ഇന്ത്യാവിഷന്‍ പുറത്തുവിട്ട വിവരങ്ങള്‍ ശ്രദ്ധിച്ച ചിലര്‍ അങ്ങനെ വിടാന്‍ തയ്യാറായിരുന്നില്ല. അവര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കേസിന്റെ നടപടിയായി വിഷയം ഗവര്‍ണര്‍ക്കു മുന്നിലെത്തിയപ്പോള്‍ എല്ലാവരും വാര്‍ത്ത നല്‍കിത്തുടങ്ങി. അപ്പോഴേക്കും ജോര്‍ജ്ജിനെ സര്‍ക്കാരും കൈവിട്ടിരുന്നു. വാര്‍ത്ത ചെയ്യരുതെന്ന് എന്നെ ഒരു ഘട്ടത്തില്‍ വിലക്കിയവര്‍ തന്നെ പിന്നീട് എന്നോട് വാര്‍ത്ത കൊടുക്കാനാവശ്യപ്പെട്ടു. അങ്ങനെ വാര്‍ത്ത നല്‍കിക്കൊണ്ടേയിരുന്നു. ഇന്ന് ജോര്‍ജ്ജ് പുറത്താകും വരെ.

ജോര്‍ജ്ജിനോട് എനിക്ക് വ്യക്തിപരമായി ഒരു വിരോധവുമില്ല. എന്റെ ഏതെങ്കിലും ബന്ധു എം.ജി. വൈസ് ചാന്‍സലര്‍ പദവി ലക്ഷ്യമിടുന്നുമില്ല. ജോര്‍ജ്ജിനെ ഞാന്‍ ആദ്യമായി കാണുന്നതു തന്നെ കഴിഞ്ഞ ജനുവരി 25ന് രാജ്ഭവനില്‍ തെളിവ് നല്‍കാന്‍ എത്തിയപ്പോഴാണ്. പക്ഷേ, എനിക്കു ശരിയെന്നു ബോദ്ധ്യപ്പെട്ട വിവരങ്ങള്‍ വെച്ച് ഞാന്‍ വാര്‍ത്ത ചെയ്തു. അതു ശരിയായി തന്നെ നിലനില്‍ക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്.

എ.വി.ജോര്‍ജ്ജിന്റെ പുറത്താകലിലേക്കു നയിച്ച വാര്‍ത്ത ആദ്യമായി വന്നത് 2013 ജനുവരി 22നായിരുന്നു. അന്ന് ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത.

ഇന്‍ട്രോ
എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലറാകാന്‍ എ.വി ജോര്‍ജ്ജ് സമര്‍പ്പിച്ച ജീവചരിത്രക്കുറിപ്പ് വ്യാജം. നിയമനത്തിനു വേണ്ടി ഗവര്‍ണ്ണറുടെ ഓഫീസില്‍ ജോര്‍ജ്ജിന്റേതായി നേരത്തേ സമര്‍പ്പിച്ച രേഖകള്‍ മാറ്റാനുള്ള നീക്കം പാളി.

വോയ്‌സ് ഓവര്‍
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവിയെന്ന പേരിലാണ് ജോര്‍ജ്ജിനെ സെര്‍ച്ച് കമ്മിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ മൂന്നര മാസക്കാലം മാത്രം ഡെപ്യൂട്ടേഷനില്‍ കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്ജ് നവംബര്‍ 30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തിരിച്ചെത്തി. എന്നാല്‍ ഡിസംബര്‍ 26ന് ഒപ്പിട്ടു നല്‍കിയ ബയോഡാറ്റയില്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹം അവകാശപ്പെട്ടത്ഇതിനു പുറമെ 30 വര്‍ഷക്കാലം ക്രൈസ്റ്റ് കോളേജില്‍ ജിയോളജി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി പ്രവര്‍ത്തിച്ചതായും ബയോഡാറ്റയിലുണ്ട്. എന്നാല്‍, ക്രൈസ്റ്റ് കോളേജില്‍ ഈ വിഭാഗത്തില്‍ പോസ്റ്റ് ഗ്രാഡുവേഷന്‍ തന്നെ അനുവദിച്ചിട്ട് 10 വര്‍ഷമേ ആയിട്ടുള്ളൂ. പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജില്‍ വകുപ്പ് മേധാവി എന്ന തസ്തിക നിയമപരമായി നിലവില്ല.

ബയോഡാറ്റയിലെ ജോര്‍ജ്ജിന്റെ ഔദ്യോഗിക മേല്‍വിലാസത്തില്‍ കേന്ദ്ര സര്‍വ്വകലാശാല വകുപ്പ് മേധാവി എന്നാണ് കാണിച്ചിരിക്കുന്നത്. നവംബര്‍ 29 വരെയാണ് ഈ തസ്തികയില്‍ ഇരുന്നതെന്ന് പിന്നീട് എഴുതിച്ചേര്‍ത്തിരിക്കുന്നു. എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലറാകാന്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി എ.വി.ജോര്‍ജ്ജ് സമര്‍പ്പിച്ച ജീവചരിത്രക്കുറിപ്പിന് അംഗീകാരം നല്‍കുക വഴി ചീഫ് സെക്രട്ടറി അംഗമായ സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറെ തെറ്റിദ്ധരിപ്പിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. തട്ടിപ്പ് വ്യക്തമായതിനെത്തുടര്‍ന്ന് വി.സി. നിര്‍ണ്ണയ സമിതിയിലെ യു.ജി.സി. പ്രതിനിധി എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ അത് അവഗണിക്കപ്പെട്ടു.

ചീഫ് സെക്രട്ടറി ജോസ് സിറിയക്ക്, സെനറ്റ് പ്രതിനിധി സതീഷ് കൊച്ചുപറമ്പില്‍, യു.ജി.സി. പ്രതിനിധിയായി കാണ്‍പുര്‍ ഐ.ഐ.ടിയില്‍ നിന്നെത്തിയ ഡോ.അനന്തകൃഷ്ണന്‍ എന്നിവരാണ് എം.ജി യൂണിവേഴ്‌സിറ്റി വി.സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയില്‍ ഉണ്ടായിരുന്നത്. ബയോഡാറ്റയിലെ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ എ.വി.ജോര്‍ജിനില്ലെന്ന് യു.ജി.സി. പ്രതിനിധി ഫയലില്‍ രേഖപ്പെടുത്തി. പകരം കൊച്ചി സര്‍വ്വകലാശാലയിലെ ഡോ.കെ.മോഹന്‍കുമാറിനെ ശുപാര്‍ശ ചെയ്തു. എന്നാല്‍ മോഹന്‍കുമാറിനെയും കേരള സര്‍വ്വകലാശാലയിലെ റിട്ട. പ്രൊഫസര്‍ കെ.ഗോപകുമാര്‍, കേരള സര്‍വ്വകലാശാല ജിയോളജി പ്രൊഫസര്‍ ഡോ.വി.പ്രസന്നകുമാര്‍ എന്നിവരെ ഒഴിവാക്കി ജോര്‍ജിനെ സെര്‍ച്ച് കമ്മറ്റി തിരഞ്ഞെടുക്കുകയായിരുന്നു.

സൈന്‍ ഓഫ്
മുമ്പ് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറാകാന്‍ നിശ്ചിത യോഗ്യതയുണ്ടായിരുന്ന ഡോ.ജെ.വി.വിളനിലം അധിക യോഗ്യതയായി പണം കൊടുത്തു വാങ്ങിയ ഡിഗ്രി സമര്‍പ്പിച്ചത് സമര വേലിയേറ്റത്തിനു കാരണമായിരുന്നു. എന്നാല്‍, ഇവിടെ നിശ്ചിത യോഗ്യതയില്ലാത്തയാള്‍ ജീവചരിത്രക്കുറിപ്പില്‍ തിരിമറി നടത്തി എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ എത്തിയിരിക്കുന്നു.

വീഡിയോ  (c) ഇന്ത്യാവിഷന്‍

എ.വി.ജോര്‍ജ്ജിന്റെ തട്ടിപ്പിന്റെ ഫോളോ അപ്പ് ആയി 2013 ജനുവരി 24ന് ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത.

ഇന്‍ട്രോ
എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ.എ.വി.ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടത് പട്ടികയില്‍ മുന്നിലുണ്ടായിരുന്ന രണ്ടു പേരെ മറികടന്ന്. യു.ജി.സി. പ്രതിനിധി ജോര്‍ജ്ജിന്റെ പേര് നിര്‍ദ്ദേശിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. എം.ജി. സര്‍വ്വകലാശാല വി.സി. നിര്‍ണ്ണയ സമിതി യോഗത്തിന്റെ മിനിറ്റ്‌സ് ഇന്ത്യാവിഷന്.

വോയ്‌സ് ഓവര്‍
എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാന്‍ രൂപീകരിക്കപ്പെട്ട സമിതിയുടെ യോഗത്തിന്റെ മിനിറ്റ്‌സാണിത്. ഇതിലാണ് പുതിയ വൈസ് ചാന്‍സലറുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്.എം.ജി. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് കേരള സര്‍വ്വകലാശാലയിലെ യു.ജി.സി. എമരിറ്റസ് ഫെലോ പ്രൊഫ.ജി.ഗോപകുമാര്‍. രണ്ടാം സ്ഥാനത്ത് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോസ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ.വി.പ്രസന്നകുമാര്‍. എന്നാല്‍, ഇവര്‍ രണ്ടു പേരും വി.സിയായില്ല.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നോമിനിയായി ചീഫ് സെക്രട്ടറി കെ.ജോസ് സിറിയക്, യു.ജി.സി. നോമിനിയായി കാണ്‍പുര്‍ ഐ.ഐ.ടി. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ പ്രൊഫ.എം.അനന്തകൃഷ്ണന്‍, എം.ജി. സര്‍വ്വകലാശാല സെനറ്റ് പ്രതിനിധിയായി പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. ഡിസംബര്‍ 31ന് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സമിതി യോഗം ചേര്‍ന്നത്.വൈസ് ചാന്‍സലറെ നിശ്ചയിക്കാന്‍ 72 പേരുടെ ജീവചരിത്രക്കുറിപ്പ് സമിതി പരിശോധിച്ചു. അതിനു ശേഷം മൂന്നു പേരുടെ പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചു. ഇതില്‍ ജോസ് സിറിയക്കും സതീഷ് കൊച്ചുപറമ്പിലും മൂന്നു പേരുള്ള ഒരു പട്ടികയും പ്രൊഫ.അനന്തകൃഷ്ണന്‍ മൂന്നു പേരുള്ള മറ്റൊരു പട്ടികയും സമര്‍പ്പിച്ചു. ഗോപകുമാറും പ്രസന്നകുമാറുമായിരുന്നു രണ്ടു പട്ടികകളിലും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍. ജോസ് സിറിയക്കും സതീഷ് കൊച്ചുപറമ്പിലും പട്ടികയില്‍ മൂന്നാമനായി കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല എന്‍വയോണ്‍മെന്റല്‍ സയന്‍സ് മേധാവി ഡോ.എ.വി.ജോര്‍ജ്ജിന്റെ പേര് ഉള്‍പ്പെടുത്തി.

എന്നാല്‍, പ്രൊഫ.അനന്തകൃഷ്ണന്‍ മൂന്നാമനായി നിര്‍ദ്ദേശിച്ചത് കുസാറ്റ് ഫാക്കല്‍റ്റി ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഡീന്‍ പ്രൊഫ.കെ.മോഹന്‍കുമാറിനെയാണ്. ജോര്‍ജ്ജിനെ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.ജോര്‍ജ്ജ് പട്ടികയില്‍ ഉള്‍പ്പെട്ടതു തന്നെ ജീവചരിത്രക്കുറിപ്പില്‍ നടത്തിയ തിരിമറിയിലൂടെയാണ്. ഇരിങ്ങാലക്കുടെ ക്രൈസ്റ്റ് കോളേജില്‍ ജിയോളജി വിഭാഗം മേധാവിയായിരുന്ന ജോര്‍ജ്ജിനെയാണ് കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല എന്‍വയോണ്‍മെന്റല്‍ സയന്‍സ് മേധാവിയെന്ന നിലയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹം തന്നെ വൈസ് ചാന്‍സലറായി.

സൈന്‍ ഓഫ്
പ്രൊഫ.ഗോപകുമാറും പ്രൊഫ.പ്രസന്നകുമാറും മികവിന്റെ കാര്യത്തില്‍ ജോര്‍ജ്ജിനെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന വസ്തുത കേരളത്തിലെ അക്കാദമിക സമൂഹം ഒന്നാകെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍, കേരളാ കോണ്‍ഗ്രസ് -എം എന്ന രാഷ്ട്രീയപ്പാര്‍ട്ടിയില്‍ നിന്ന് ജോര്‍ജ്ജിനുണ്ടായിരുന്ന പിന്തുണ മറ്റു രണ്ടുപേര്‍ക്കും ഉണ്ടായിരുന്നില്ല.

വീഡിയോ  (c) ഇന്ത്യാവിഷന്‍

2013 ഫെബ്രുവരി 10ന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി ഇന്ത്യാവിഷനില്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത.

ഇന്‍ട്രോ
എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജ്ജിന്റേതായി ഗവര്‍ണ്ണറുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലുമുള്ള ജീവചരിത്രക്കുറിപ്പുകളില്‍ വന്‍ വ്യത്യാസം. വി.സി. നിയമനം വിവാദമായതിനെത്തുടര്‍ന്ന് രണ്ടിലൊരിടത്ത് ജീവചരിത്രക്കുറിപ്പ് മാറ്റിയിട്ടുണ്ടെന്ന് ഇതില്‍ നിന്നു വ്യക്തമായി. ഗവര്‍ണ്ണറുടെ ഓഫീസിലുള്ള ജീവചരിത്രക്കുറിപ്പ് തിരുത്താന്‍ ശ്രമം നടന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

വോയ്‌സ് ഓവര്‍
എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ്ജിന്റേതായി ഗവര്‍ണ്ണറുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലുമുള്ള ജീവചരിത്രക്കുറിപ്പുകള്‍ ഇന്ത്യാവിഷന് ലഭിച്ചു. ചട്ടപ്രകാരം ഇരു കുറിപ്പുകളും ഒന്നാവണമെങ്കിലും ഇവിടെ രണ്ടും തികച്ചും വ്യത്യസ്തമാണ്.വൈസ് ചാന്‍സലറുടെ നിയമന ഉത്തരവിനൊപ്പം ഗവര്‍ണ്ണറുടെ ഓഫീസ് കൈമാറിയ ജീവചരിത്രക്കുറിപ്പില്‍ ഡിസംബര്‍ 26 തീയതിവെച്ചാണ് ജോര്‍ജ്ജ് ഒപ്പിട്ടിരിക്കുന്നത്. ചില വിവരങ്ങള്‍ അതില്‍ ജോര്‍ജ്ജിന്റെ കൈപ്പടയില്‍ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.

എന്നാല്‍, ചീഫ് സെക്രട്ടറി കെ.ജോസ് സിറിയക്കിന്റെ ഓഫീസില്‍ ലഭിച്ച ജീവചരിത്രക്കുറിപ്പില്‍ തീയതി ഇല്ല. ഡിസംബര്‍ 18ന് ഈ ജീവചരിത്രക്കുറിപ്പില്‍ ഒപ്പുവെച്ച ചീഫ് സെക്രട്ടറി അത് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിന് കൈമാറി.ഗവര്‍ണ്ണറുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും രണ്ടു തീയതികളിലായി ഉള്ള ജീവചരിത്രക്കുറിപ്പുകളിലും കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് ജോര്‍ജ്ജ് അവകാശപ്പെട്ടത്. നവംബര്‍ 30 മുതല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രവര്‍ത്തിക്കുന്നതായി ഗവര്‍ണ്ണറുടെ ഓഫീസിലുള്ള ജീവചരിത്രക്കുറിപ്പില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവിയെന്ന പേരിലാണ് ജോര്‍ജ്ജിനെ സെര്‍ച്ച് കമ്മിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. ഡിസംബര്‍ 18, ഡിസംബര്‍ 26 എന്നീ രണ്ടു തീയതികളുള്ള ജീവചരിത്രക്കുറിപ്പുകള്‍ പ്രകാരവും ഇത് അസത്യമാണ്. മൂന്നര മാസക്കാലം മാത്രം ഡെപ്യൂട്ടേഷനില്‍ കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്ജ് നവംബര്‍ 30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തിരിച്ചെത്തി. 30 വര്‍ഷക്കാലം ക്രൈസ്റ്റ് കോളേജില്‍ ജിയോളജി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി പ്രവര്‍ത്തിച്ചതായുള്ള പിഴവ് രണ്ട് ജീവചരിത്രക്കുറിപ്പുകളിലും ആവര്‍ത്തിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളേജില്‍ ഈ വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ തന്നെ അനുവദിച്ചിട്ട് 10 വര്‍ഷമേ ആയിട്ടുള്ളൂ. ഗവര്‍ണ്ണറുടെ ഓഫീസിലുള്ള തിരുത്തല്‍ വരുത്തിയ ജീവചരിത്രക്കുറിപ്പ് വി.സി. തിരഞ്ഞെടുപ്പ് നടന്ന ശേഷം തിരുകിക്കയറ്റിയതാണെന്ന് ഇതോടെ തെളിഞ്ഞു.

സൈന്‍ ഓഫ്
ജോര്‍ജ്ജിനെ നിയമിക്കുന്നതിനോട് യു.ജി.സി. പ്രതിനിധി പ്രൊഫ.അനന്തകൃഷ്ണന്‍ പ്രകടിപ്പിച്ച എതിര്‍പ്പ് തികച്ചും ന്യായമായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. തട്ടിപ്പിലൂടെ സ്ഥാനം നേടിയ വൈസ് ചാന്‍സലര്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

വീഡിയോ  (c) ഇന്ത്യാവിഷന്‍

സ്വന്തം യോഗ്യതയില്ലായ്മ കേസ് വാദിക്കാന്‍ എ.വി.ജോര്‍ജ് സര്‍വകലാശാലാ ഫണ്ടില്‍ നിന്ന് തുക അനുവദിച്ച വാര്‍ത്ത 2013 മാര്‍ച്ച് 8ന് ചെയ്തു.

ഇന്‍ട്രോ
സ്വന്തം കേസ് വാദിക്കുന്നതിന് സര്‍വ്വകലാശാല ഫണ്ടില്‍ നിന്ന് വക്കീല്‍ ഫീസ് നല്‍കാന്‍ എം.ജി. വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജ്ജിന്റെ ഉത്തരവ്. വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് വാദിക്കാനാണ് എം.ജി. സര്‍വ്വകലാശാല ഫണ്ടില്‍ നിന്ന് രണ്ടേകാല്‍ ലക്ഷം രൂപ നല്‍കാന്‍ ജോര്‍ജ്ജ് ഉത്തരവിട്ടത്.

വോയ്‌സ് ഓവര്‍
എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ.എ.വി.ജോര്‍ജ്ജിനെ നിയമിച്ചത് വന്‍ വിവാദത്തിനു കാരണമായിരുന്നു. ഇല്ലാത്ത യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടെന്നു കാട്ടി ജോര്‍ജ്ജ് സമര്‍പ്പിച്ച ജീവചരിത്രക്കുറിപ്പ് പരിഗണിച്ചാണ് വി.സി. നിര്‍ണ്ണയസമിതി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. യു.ജി.സി. പ്രതിനിധി പ്രൊഫ.അനന്തകൃഷ്ണന്‍ ജോര്‍ജ്ജിനെ നിയമിക്കുന്നതില്‍ എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷം ഗവര്‍ണ്ണറുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലുമുള്ള ജീവചരിത്രക്കുറിപ്പുകളില്‍ ഒരെണ്ണം മാറ്റിയ വിവരവും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് ജോര്‍ജ്ജിനെ വി.സിയാക്കിയതിനെ ചോദ്യം ചെയ്ത് കേരള സര്‍വ്വകലാശാല സെനറ്റംഗം പി.ആര്‍.ബിജു ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഈ കേസ് വാദിക്കാന്‍ സര്‍വ്വകലാശാല ഫണ്ടില്‍ നിന്ന് പണമനുവദിക്കാന്‍ ജോര്‍ജ്ജ് ഉത്തരവായി.

തന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്ന കേസ് ഹൈക്കോടതിയില്‍ വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ നന്ദകുമാര മേനോനെയാണ് ജോര്‍ജ്ജ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനുള്ള വക്കീല്‍ ഫീസായ രണ്ടേകാല്‍ ലക്ഷം തല്‍ക്കാലം വൈസ് ചാന്‍സലറുടെ ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ എ.മുരളീധരന്‍ പിള്ളയ്ക്കു കൈമാറാനാണ് ഉത്തരവ്. പ്രൊവിഷണല്‍ പേമെന്റ് എന്ന വാക്കാണ് ഉത്തരവില്‍ ഉപയോഗിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇനിയും തുക അനുവദിക്കാനാണ് ഈ നടപടി. അനുവദിച്ച തുക നടപ്പു സാമ്പത്തിക വര്‍ഷത്തെ സര്‍വ്വകലാശാല ബജറ്റില്‍ നിയമപരമായ ചെലവുകള്‍ക്കുള്ള ഫണ്ടില്‍ വകയിരുത്താനും വി.സി. ഉത്തരവായി. വി.സിയുടെ നടപടിക്കെതിരെ സേവ് എജുക്കേഷന്‍ കമ്മിറ്റി സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്കു പരാതി നല്‍കി.</span

ബൈറ്റ് -ഷാജര്‍ഖാന്‍

എം.ജി. വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസില്‍ ഗവര്‍ണ്ണര്‍ ഒന്നാം എതിര്‍കക്ഷിയും ചീഫ് സെക്രട്ടറി രണ്ടാം എതിര്‍കക്ഷിയുമാണ്. എം.ജി. സര്‍വ്വകാശാല മൂന്നാം എതിര്‍കക്ഷിയാവുമ്പോള്‍ നാലാം എതിര്‍കക്ഷിയായി വൈസ് ചാന്‍സലര്‍ വരുന്നു.

സൈന്‍ ഓഫ്
സര്‍വ്വകലാശാല രീതിമര്യാദകളുടെ നഗ്നമായ ലംഘനമാണ് ഈ ഉത്തരവിലൂടെ എ.വി.ജോര്‍ജ്ജ് നടത്തിയത്. പൊതുഫണ്ട് സ്വന്തം കാര്യത്തിനുപയോഗിക്കാന്‍ ഉത്തരവിടുന്ന വൈസ് ചാന്‍സലര്‍ കേരളത്തില്‍ ആദ്യമാണ്.

ഇടക്കാലത്ത് ഈ വിഷയത്തിലെ എന്റെ വാര്‍ത്തകള്‍ക്ക് വിലക്ക് വന്നു. പിന്നീട് വിലക്കിയവര്‍ തന്നെ അതു നീക്കി. ഒടുവില്‍ 2014 മെയ് 12ന് വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് എ.വി.ജോര്‍ജ്ജിനെ ഗവര്‍ണ്ണര്‍ പുറത്താക്കിയ വാര്‍ത്ത ഞാന്‍ ചെയ്തു.

ഇന്‍ട്രോ
എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഡോ.എ.വി.ജോര്‍ജ്ജിനെ പുറത്താക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിതാണ് ജോര്‍ജ്ജിന്റെ യോഗ്യത വിലയിരുത്തി തീരുമാനമെടുത്തത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സലര്‍ പുറത്താക്കപ്പെടുന്നത്.

വോയ്‌സ് ഓവര്‍
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവിയെന്ന പേരിലാണ് ജോര്‍ജ്ജിനെ സെര്‍ച്ച് കമ്മിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. വെറും മൂന്നര മാസക്കാലം മാത്രം ഡെപ്യൂട്ടേഷനില്‍ കാസര്‍കോട് പ്രവര്‍ത്തിച്ച ജോര്‍ജ്ജ് 2012 നവംബര്‍ 30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തിരിച്ചെത്തി. എന്നാല്‍ ഡിസംബര്‍ 26ന് ഒപ്പിട്ടു നല്‍കിയ ബയോഡാറ്റയില്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹം അവകാശപ്പെട്ടത്.ഇതിനു പുറമെ 30 വര്‍ഷക്കാലം ക്രൈസ്റ്റ് കോളേജില്‍ ജിയോളജി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി പ്രവര്‍ത്തിച്ചതായും ജോര്‍ജ്ജ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ക്രൈസ്റ്റ് കോളേജില്‍ ഈ വിഭാഗത്തില്‍ പോസ്റ്റ് ഗ്രാഡുവേഷന്‍ തന്നെ അനുവദിച്ചിട്ട് 10 വര്‍ഷമേ ആയിട്ടുള്ളൂ. പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജില്‍ വകുപ്പ് മേധാവി എന്ന തസ്തിക നിയമപരമായി നിലവില്ല.

വൈസ് ചാന്‍സലര്‍ ആകാനുള്ള ജോര്‍ജ്ജിന്റെ യോഗ്യതയില്ലായ്മ ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് വന്നു. ജോര്‍ജ്ജിന്റെ യോഗ്യത വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്ന് ഗവര്‍ണ്ണറോട് ഹൈക്കോടതി ആവശ്യപ്പെട്ടു.ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഗവര്‍ണ്ണറായിരുന്ന നിഖില്‍കുമാര്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടി. സര്‍വ്വകലാശാല നിയമത്തിലെ 7 വകുപ്പ് 10 ഉപവകുപ്പ് പ്രകാരം വി.സിക്കെതിരെ നടപടിയെടുക്കണമെന്നും പിരിച്ചുവിടാന്‍ വിവേചനാധികാരം വിനിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വി.സിയെ പുറത്താക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ വിശദീകരണം തേടുകയുകയും പറയാനുള്ളത് കേള്‍ക്കാനായി ജനുവരി 25ന് ഗവര്‍ണര്‍ നേരിട്ട് തെളിവെടുക്കുകയും ചെയ്തു. ഇതിനു ശേഷം നിഖില്‍കുമാര്‍ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതോടെ നടപടികള്‍ നിലച്ചു.

തനിക്കെതിരായ നടപടി ചോദ്യം ചെയ്ത് ജോര്‍ജ്ജ് സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ഗവര്‍ണര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു വിധി. ഇതു പ്രകാരം പുതിയ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് കഴിഞ്ഞ ബുധനാഴ്ച വീണ്ടും ജോര്‍ജ്ജിനെ വിളിച്ചുവരുത്തി തെളിവെടുത്തു. തെളിവുകള്‍ പരിശോധിച്ച ഗവര്‍ണര്‍ ജോര്‍ജ്ജിനെ പുറത്താക്കാന്‍ തീരുമാനിച്ചു. തീരുമാനമെടുക്കുന്നതിനു മുമ്പ് അവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായവും തേടിയിരുന്നു. പുറത്താക്കാനുള്ള തീരുമാനമറിഞ്ഞ ജോര്‍ജ്ജ് ഇന്ന് രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച ശേഷം രാജ്ഭവനിലെത്തി. പുറത്താക്കുന്നതിനു മുമ്പ് രാജി നല്‍കി മുഖം രക്ഷിക്കാനായിരുന്നു ശ്രമം. എന്നാല്‍, ഷീലാ ദീക്ഷിതിനെ കാണാന്‍ ജോര്‍ജ്ജിന് അനുമതി ലഭിച്ചില്ല. തന്നെ പുറത്താക്കിയതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജോര്‍ജ്ജ് പറഞ്ഞു.

ബൈറ്റ് -എ.വി.ജോര്‍ജ്ജ്

സൈന്‍ ഓഫ്
യോഗ്യതയില്ലായ്മ പരിമിതിയായിരുന്ന ഡോ.എ.വി.ജോര്‍ജ്ജിന്റെ ബലം രാഷ്ട്രീയ പിന്തുണയായിരുന്നു. എന്നാല്‍, വി.സി. ആയശേഷം സ്വീകരിച്ച വിവാദ നടപടികള്‍ സര്‍ക്കാരിനെ അദ്ദേഹത്തില്‍ നിന്നകറ്റി. സര്‍ക്കാര്‍ പിന്തുണ നഷ്ടമായതാണ് ജോര്‍ജ്ജിന്റെ പതനം അനിവാര്യമാക്കിയത്.

ജോര്‍ജ്ജിന്റെ ഈ പുറത്താകല്‍ മാധ്യമപ്രവര്‍ത്തന ചരിത്രത്തിന്റെ ഭാഗമാണ്. ആ ചരിത്രമെഴുത്തിന് കാരണക്കാരനായി എന്നത് ഭാഗ്യമായി തന്നെ കാണുന്നു.

Next article

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks