HomeGOVERNANCEഭരണമെന്നാല്‍ ...

ഭരണമെന്നാല്‍ ബഹളം മാത്രമല്ല

-

Reading Time: 4 minutes

ഭരണമെന്നാല്‍ ബഹളമാണെന്നാണ് ചിലരുടെ ധാരണ. ബഹളക്കാര്‍ മാത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്. മാധ്യമങ്ങളിലെ നിരന്തര സാന്നിദ്ധ്യത്തിലൂടെ ജനശ്രദ്ധയിലെത്തുന്നത്. ഒന്നും ചെയ്തില്ലെങ്കിലും വിടുവായത്തം മുഖമുദ്രയാക്കി വിവാദമുണ്ടാക്കിക്കൊണ്ടിരിക്കും. എന്നാല്‍, അങ്ങനെയല്ലാത്തവരും ഇവിടെയുണ്ട്. തങ്ങളുടെ കര്‍മ്മം കൃത്യമായി നിറവേറ്റി ഫലം കൊയ്യുന്നവര്‍. ഇതിനെക്കുറിച്ച് അവര്‍ ആഘോഷിക്കുന്നില്ല. പൊടിപ്പും തൊങ്ങലും വെച്ച് കൊട്ടിഗ്‌ഘോഷിക്കുന്നില്ല. പക്ഷേ, അതുകൊണ്ട് അവരുടെ നേട്ടം കാണാതെ പോവരുത്. അത്തരമൊരു നേട്ടത്തെക്കുറിച്ചാണ് ഈ കുറിപ്പ്.

വ്യവസായ സ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി മന്ത്രി എ.സി.മൊയ്തീന്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സില്‍ എത്തിയപ്പോള്‍

പറയുന്നത് വ്യവസായ വകുപ്പിനെക്കുറിച്ചാണ്. വ്യവസായ മന്ത്രി എ.സി.മൊയ്തീനെക്കുറിച്ചാണ്. 2 പൊതുമേഖലാ സ്ഥാപനങ്ങളുടെ വാര്‍ഷിക കണക്കുകള്‍ കഴിഞ്ഞ ദിവസം യാദൃച്ഛികമായി കൈയില്‍ വരാനിടയായി. മുമ്പ് വ്യാവസായിക വാര്‍ത്തകള്‍ നോക്കിയിരുന്ന റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഒരു പഴയ സുഹൃത്ത് തന്നതാണ്. നഷ്ടത്തിലായിരുന്ന 2 സ്ഥാപനങ്ങള്‍ ഒരു വര്‍ഷം കൊണ്ടു കൈവരിച്ച നേട്ടത്തിന്റെ കണക്കുകള്‍ ശരിക്കും അമ്പരപ്പിച്ചു. പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടം സംബന്ധിച്ച കണക്കെടുക്കുമ്പോള്‍ ലാഭത്തിന്റെ പട്ടികയില്‍ തീര്‍ച്ചയായും ഈ 2 സ്ഥാപനങ്ങള്‍ ഉയര്‍ന്നുനില്‍ക്കും -ചവറയിലെ കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡും ഉദ്യോഗമണ്ഡലിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡും.

KMML.jpeg

കടുത്ത പ്രസിസന്ധിയിലായിരുന്ന സ്ഥാപനമാണ് ചവറ കെ.എം.എം.എല്‍. ഒരു വര്‍ഷം കൊണ്ട് എന്തു മാജിക് കാണിച്ചിട്ടാണ് പ്രതിസന്ധി ഒഴിഞ്ഞത് എന്നു ചോദിച്ചാല്‍ ഉത്തരം ‘സര്‍ക്കാരിന്റെ പിന്തുണ’ എന്നതു മാത്രമാണ്. വി.എസ്. സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ സ്ഥാപനം 154 കോടി രൂപ ലാഭത്തിലായിരുന്നു. പിന്നീടത് നഷ്ടത്തിലേക്കു കൂപ്പുകുത്തി. 1996-2001 കാലത്തെ നായനാര്‍ ഭരണത്തിലും കെ.എം.എം.എല്‍. 128 കോടി രൂപയുടെ വാര്‍ഷിക ലാഭമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, യു.ഡി.എഫ്. കാലത്ത് എന്തുകൊണ്ടോ ലാഭം രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ വരുമ്പോഴെല്ലാം കെ.എം.എം.എല്‍. ലാഭത്തിലും യു.ഡി.എഫ്. കാലത്ത് നഷ്ടത്തിലും പ്രവര്‍ത്തിക്കുന്നതിന്റെ ഗുട്ടന്‍സ് അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു.

KMML1.jpg

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2014-15ല്‍ കെ.എം.എം.എല്‍. രേഖപ്പെടുത്തിയത് 24.5 കോടി രൂപയുടെ നഷ്ടമാണ്. 80 കോടിയോളം രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് വായ്പയും അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയ വകയിലുള്ള കുടിശ്ശികയായ 50 കോടിയോളം രൂപയും കൂടി ചേര്‍ത്താല്‍ നഷ്ടം 150 കോടിയോളം രൂപ വരും. അവിടെ നിന്ന് കെ.എം.എം.എല്‍. 2016-17ല്‍ 50 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ഇത് പ്രാരംഭ കണക്കാണ്. അന്തിമ കണക്കാവുമ്പോള്‍ ലാഭം കൂടാം. ഓവര്‍ഡ്രാഫ്റ്റ് വായ്പ മുഴുവന്‍ അടച്ചുതീര്‍ത്തുവെന്നു മാത്രമല്ല 40 കോടിയോളം രൂപയുടെ സ്ഥിരനിക്ഷേപവും ഇപ്പോള്‍ കമ്പനിക്കുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയ വകയില്‍ നല്‍കാനുണ്ടായിരുന്ന കുടിശ്ശികയും തീര്‍ത്തു.

ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി എന്നതാണ് വരുമാനവര്‍ദ്ധനയിലേക്കും അതു വഴി ലാഭത്തിലേക്കും കെ.എം.എം.എല്ലിനെ നയിച്ചത്. സിന്തറ്റിക് റൂട്ടൈലിന്റെ പ്രതിദിന ഉത്പാദനം ഇപ്പോള്‍ 238 മെട്രിക് ടണ്‍ ആണ്. 230 മെട്രിക് ടണ്‍ ആയിരുന്നു ഇതുവരെയുള്ള പ്രതിദിന ഉത്പാദന റെക്കോഡ്. ഇതോടെ മാര്‍ച്ച് മാസത്തില്‍ കമ്പനിയില്‍ നിന്നുള്ള ഉദ്പാദനം 4,888 മെട്രിക് ടണ്ണായി. 4,567 മെട്രിക് ടണ്ണിന്റെ പഴയ പ്രതിമാസ റെക്കോഡ് അവിടെ മറികടന്നു. വാര്‍ഷിക ഉത്പാദനത്തിലും കെ.എം.എം.എല്‍. ഇപ്പോള്‍ സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്. 2016-17ല്‍ ഉത്പാദിപ്പിച്ച 42,650 മെട്രിക് ടണ്‍ മുന്‍ റെക്കോഡായ 39,075 മെട്രിക് ടണ്ണിനെക്കാള്‍ വളരെ മുകളിലാണ്.

KMML2.jpg

ആസിഡ് റീജനറേഷന്‍ പ്രാന്റിലെ ഉത്പാദനവും പുതിയ ഉയരത്തിലാണ്. പഴയ റെക്കോഡായ 1,10,133 ഘന മീറ്റര്‍ മറികടന്ന് 1,14,322 ഘന മീറ്ററായി. മാര്‍ച്ചിലെ 3,256 മെട്രിക് ടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് ഉത്പാദനവും പുതിയ റെക്കോഡാണ്. ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റിന്റെ വില്പനയിലും 2016-17ല്‍ സര്‍വ്വകാല റെക്കോഡ് കണ്ടു -34,589 മെട്രിക് ടണ്‍. അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതിലടക്കം സര്‍ക്കാര്‍ പിന്തുണ ലഭ്യമാക്കിയത് കെ.എം.എം.എല്ലിന്റെ ഉയര്‍ച്ചയ്ക്കു കാരണമാണ്.

കെ.എം.എം.എല്‍. ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യകത കൂടിയത് പുതിയ സാമ്പത്തിക വര്‍ഷത്തിലും പ്രതീക്ഷ പകരുന്നുണ്ട്. ചൈനയിലെ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി റിയല്‍ എസ്റ്റേറ്റിനു കിട്ടിയ പ്രോത്സാഹനം അവിടെ നിന്നുള്ള ടൈറ്റാനിയം പിഗ്മെന്റ് ഇറക്കുമതി 25 ശതമാനം കണ്ട് കുറയുന്നതിനു കാരണമായി. ഉത്പന്നത്തിനു ക്ഷാമമായതോടെ ഇന്ത്യന്‍ വിപണിയില്‍ വില ഉയര്‍ന്നു. ഇപ്പോള്‍ 1 മെട്രിക് ടണ്‍ ടൈറ്റാനിയം പിഗ്മെന്റ് കെ.എം.എം.എല്‍. വില്‍ക്കുന്നത് 2,05,000 രൂപയ്ക്കാണ്. മുമ്പ് ഉത്പാദനച്ചെലവിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് പിഗ്മെന്റ് വില്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്ന സ്ഥാനത്താണ് ഈ നേട്ടം.

കെ.എം.എം.എല്ലിനു സമാനരീതിയില്‍ കഴിഞ്ഞ വര്‍ഷം 7.37 കോടി രൂപ നഷ്ടം വരുത്തിവെച്ച സ്ഥാപനമാണ് ഉദ്യോഗമണ്ഡല്‍ ടി.സി.സി. ആ സ്ഥാപനം ഈ വര്‍ഷം 6 കോടി രൂപയുടെ ലാഭമുണ്ടാക്കി! ഉത്പാദനത്തിലും വിറ്റുവരവിലും ഈ വര്‍ഷം സര്‍വ്വകാല റെക്കോഡ് നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ തന്നെ ആദ്യമായാണ് ഈ സംസ്ഥാന പൊതുമേഖലാ സ്ഥാപനം ഇത്രയും ലാഭം കൈവരിക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട വിറ്റുവരവ് 196 കോടി രൂപയായിരുന്നു. എന്നാല്‍, വിറ്റുവരവിലൂടെ ടി.സി.സി. യഥാര്‍ത്ഥത്തില്‍ സമാഹരിച്ചത് 223 കോടി രൂപ.

TCC1.jpg

2016-17 സാമ്പത്തികവര്‍ഷത്തിലെ ടി.സി.സി. ഉത്പാദനം 61,403 മെട്രിക് ടണ്ണാണ്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിവര്‍ഷ ഉത്പാദനം. 2015-16ല്‍ ടി.സി.സിയിലെ ഉത്പാദനം 56,171 മെട്രിക് ടണ്‍ ആയിരുന്നു. അതിനാല്‍ത്തന്നെ 2015-16ലെ 186 കോടിയുടെ വിറ്റുവരവ് 20 ശതമാനം വര്‍ദ്ധിച്ച് 2016-17ല്‍ 223 കോടിയിലെത്തി. വൈദ്യുതി ചെലവും ജീവനക്കാരുടെ വേതനച്ചെലവും ഗണ്യമായി വര്‍ദ്ധിച്ചിട്ടും ലാഭം നേടാനായി എന്നത് നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. അനാവശ്യ വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കാനും ചെലവു കുറയ്ക്കാനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും മാനേജ്‌മെന്റ് തലത്തില്‍ കാര്യമായ ഇടപെടലുണ്ടായി. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഇടപെടല്‍ കൂടിയായപ്പോള്‍ ബാലന്‍സ് ഷീറ്റില്‍ 6 കോടിയുടെ ലാഭം. വൈദ്യുതി വിപണിയില്‍ നേരിട്ടിടപെട്ട് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി എത്തിക്കാനുള്ള ഓപ്പണ്‍ ആക്‌സസ് സംവിധാനം ടി.സി.സിക്ക് ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ലാഭം വര്‍ദ്ധിപ്പിക്കാനുമുള്ള സാഹചര്യമാണ് ഇത് നല്‍കുന്നത്.

TCC2.jpg

കെ.എം.എം.എല്ലിലും ടി.സി.സിയിലും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്. കെ.എം.എം.എല്ലില്‍ നിന്നുള്ള മലിനജലമൊഴുകി ബുദ്ധിമുട്ടുണ്ടാവുന്നു എന്നു പരാതിയുള്ള ചിറ്റൂര്‍ പ്രദേശത്ത് 150 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വികസനപ്രവര്‍ത്തനം നടപ്പാക്കാനാണ് പദ്ധതി. ഇവിടെ ഇന്റഗ്രേറ്റഡ് ടൈറ്റാനിയം കോംപ്ലക്‌സ് 3 വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഇതോടെ കെ.എം.എം.എല്‍. ഉത്പാദനം 50 ശതമാനം കണ്ട് വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ച് ടി.സി.സിയില്‍ പുതിയ കാസ്റ്റിക് സോഡാ പ്ലാന്റ് സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിജയസാദ്ധ്യത പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ താമസിയാതെ നിയോഗിക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മേല്‍നടപടികള്‍ വ്യവസായ വകുപ്പ് സ്വീകരിക്കും. 3 വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ടി.സി.സിയുടെ ഉത്പാദനശേഷി ഇരട്ടിയാകും.

കൃത്യമായ ആസൂത്രണവും ഗൃഹപാഠവുമാണ് ഈ വിജയത്തിനു പിന്നില്‍ എന്നു തന്നെ പറയാം. സ്ഥാനമേറ്റ ശേഷം വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ ഏതാണ്ടെല്ലാ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലും നേരിട്ട് സന്ദര്‍ശനം നടത്തുകയും അവിടത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പരിഷ്‌കരണ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം തേടാനും കഴിയുന്നത്ര നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനും മന്ത്രി തന്നെ മുന്‍കൈയെടുത്തു എന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന നേട്ടത്തിനു കാരണം. തീര്‍ച്ചയായും ഇതൊരു നിശ്ശബ്ദ വിപ്ലവം തന്നെയാണ്.

LATEST insights

TRENDING insights

20 COMMENTS

  1. ശ്യാം ലാലേ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സും ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.

  2. ഇതൊന്നും സ്ഥാപിത താൽപര്യക്കാർ കാണില്ല. സർക്കാരിനെ ഇകഴ്ത്താൻ cpm നെ ചൊറിയാൻ ഏത് അഡ്രസ്സിലാത്തവനും ഇടുന്ന പോസ്റ്റുകൾ സ്ക്രീൻ ഷോട്ട് എടുത്ത് സ്വന്തം വാളിൽ ഒട്ടിച്ച് ഉത്തമരായി സോഷ്യൽ മീഡിയയിൽ നിറയുന്നവർ

  3. ശ്യാംചേട്ടാ.. അദ്ദേഹത്തിന്റെ നാട്ടുകാരൻ എന്ന നിലയിൽ.. സഖാവിനെ ഞങ്ങൾക്ക് വിശ്വാസാമാണ്

    • അതെനിക്ക് വിവരമില്ല. ശരിയായിരിക്കാം. കണക്കുകള്‍ കെ.എം.എം.എല്ലിന്റെയും ടി.സി.സിയുടെയും മാത്രമേ കിട്ടിയുള്ളൂ..

  4. A.C മൊയ്തീനെക്കുറിച്ച് മാത്രം പറഞ്ഞാൽ പോര പ്രത്യേകിച്ചും ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ കാര്യത്തിൽ എങ്കിലും ഓർക്കേണ്ട മറ്റൊരാളുണ്ട് മുൻ മന്ത്രി ജയരാജൻ. അദ്ദേഹത്തിന്റെ കൃത്യമായ ഇടപെടൽ തുടക്കകാലത്ത് ഇവിടെ ഉണ്ടായിട്ടുണ്ട്. അദ്ദേഹം നിയമിച്ച എം.ഡിയാണ് ഇപ്പോഴും അവിടെ ഉള്ളത് അദ്ദേഹത്തിന്റെ പ്രവർത്തന മികവ് തന്നെയാണ് ഒരളവു വരെ ഈ ഉയർച്ചക്കു കാരണം കൂടെ സർക്കാറിന്റെ പിന്തുണ കൂടിയാവുമ്പോൾ അത് ഒന്നു കൂടെ ഉന്നതി പ്രാപിക്കുന്നു…
    ഇതിലെ കുറച്ചു വിവരങ്ങൾ എടുക്കുന്നു with ur permission..

  5. മുഖ്യധാര മാധ്യമങ്ങൾക്ക് ഇതൊന്നും വാർത്തയല്ല ” UDF ഭരണ കാലത്ത് നഷ്ടത്തിൻ്റെ കണക്കും LDF കാലത്ത് ലാഭത്തിൻ്റെ കണക്കും പറയുന്ന KM ML ഉൾപ്പെടെയുള്ള കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ആന്തരിക രസതന്ത്രം അന്വേഷിക്കാൻ പിണറായി വിജയനെ വളഞ്ഞിട്ട് അക്രമിക്കുന്നതിൽ വ്യാപൃതരായമാധ്യമ കൂട്ടം വിയർപ്പൊഴുക്കില്ല. ശ്യാംലാലിനെ പോലുള്ളവർ സോഷ്യൽ മീഡിയയിലൂടെ ഇത് പങ്കുവെയ്ക്കുമ്പോൾ വാർത്തകൾ അതിരുകളില്ലാതെ എഡിറ്റിംഗ് ഇല്ലാതെ ജനങളിലേക്ക് എത്തും

  6. ഭാരതത്തിന്റെ അഭിമാനമായ ഒരു യുദ്ധക്കപ്പൽ നീറ്റിലിറക്കിയപ്പോൾ സരിതേടെ അടിവസ്ത്രം അലക്കുകയായിരുന്നു ചി.പി.എം….
    ഇപ്പോ എന്ത് ശുഷ്കാന്തി

  7. രാഷ്ട്രീയ നിരീക്ഷണമൊക്കെ അല്പം പരുങ്ങലിലാണ് എന്ന് മനസ്സിലായി ..ഈ നല്ല നിരീക്ഷണത്തിനു അഭിനന്ദനങ്ങൾ ! ഈ വഴിക്കു കുറച്ചു നിരീക്ഷണങ്ങളും നിർദേശങ്ങളും നടക്കട്ടെ, ഞങ്ങൾ ഒപ്പമുണ്ട്‌ ..

  8. ആഭ്യന്തര വകുപ്പിന്റെ നാറ്റം മൂലം വ്യവസായ വകുപ്പിന്റെ സുഗന്ധം തിരിച്ചറിയാതെ പോയി.

  9. ഇതൊക്കെയാണ് സ’ പിണറായി മന്ത്രിസഭയുടെ നേട്ടങ്ങൾ എല്ലാ വിരുദ്ധൻമാർ കും ആയി സമർപ്പിക്കുന്നു.

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights