HomeENTERTAINMENTഅണിയറയിലാണ് യ...

അണിയറയിലാണ് യഥാര്‍ത്ഥ താരം

-

Reading Time: 6 minutes

റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോള്‍ 741.08 കോടി രൂപയുടെ ഗ്രോസ് കളക്ഷനുമായി ദംഗല്‍ മുന്നേറുകയാണ്. ഇന്ത്യയില്‍ നിന്ന് 539.08 കോടി രൂപയും വിദേശത്തു നിന്ന് 202 കോടി രൂപയുമാണ് കളക്ഷന്‍. ഈ വിജയത്തിന്റെ പേരില്‍ സിനിമയുടെ നിര്‍മ്മാതാവും നായകനുമായ ആമിര്‍ ഖാനെയും സംവിധായകന്‍ നിതേഷ് തിവാരിയെയുമെല്ലാം ലോകം പ്രശംസ കൊണ്ടു മൂടുന്നു. വേണ്ടതു തന്നെ. പക്ഷേ, ഇവര്‍ക്കൊപ്പം പ്രശംസ അര്‍ഹിക്കുന്ന വേറൊരാളുണ്ട് -കൃപാശങ്കര്‍ ബിഷ്‌ണോയ്. യഥാര്‍ത്ഥ വിജയി!! ഇതാരപ്പാ എന്ന ചോദ്യം സ്വാഭാവികം. ആ ചോദ്യത്തിന് ഉത്തരം എല്ലാവരും അറിയണം.

dangal (2).jpg

ഒരു സിനിമ എന്ന നിലയില്‍ ദംഗലിനു പൂര്‍ണ്ണത നല്‍കിയതില്‍ അതിലെ ഗുസ്തി രംഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ക്ലൈമാക്‌സിലെ ഗുസ്തി രംഗം ശരിക്കും ഒരു സ്റ്റേഡിയത്തിലിരുന്ന് മത്സരം കാണും പോലെയാണ് തിയേറ്ററിലുള്ളവര്‍ക്ക് അനുഭവപ്പെടുക. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗീതയുടെ സുവര്‍ണ്ണനേട്ടം സ്‌റ്റേഡിയത്തിലിരുന്ന നേരിട്ടു കണ്ടയാള്‍ എന്ന നിലയ്ക്ക് എനിക്കത് ഉറപ്പിച്ചുപറയാനുമാവും. ആ അനുഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് കൃപാശങ്കര്‍. പഴയ അന്താരാഷ്ട്ര ഗുസ്തി താരം. 2005ലെ കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ്. രാജ്യം അര്‍ജ്ജുന പുരസ്‌കാരം നല്‍കി ആദരിച്ച പ്രതിഭ. 40കാരനായ കൃപാശങ്കര്‍ ഇപ്പോള്‍ ഇന്‍ഡോറില്‍ ഗുസ്തി പരിശീലകന്‍.

??????????? ?????????????????
കൃപാശങ്കര്‍ സുവര്‍ണ്ണകാലത്ത്

യാദൃച്ഛികമായല്ല കൃപാശങ്കര്‍ സിനിമയുടെ ഭാഗമാകുന്നത്. ആമിര്‍ തന്നെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ്. 2015ന്റെ തുടക്കം. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ട് കൃപാശങ്കര്‍ അതെടുക്കുന്നു -‘ഞാന്‍ ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സില്‍ നിന്നാണ് വിളിക്കുന്നത്. ആമിര്‍ സാറിന് അങ്ങയെ കാണാന്‍ താല്പര്യമുണ്ട്, അദ്ദേഹത്തിന്റെ പുതിയ സിനിമ ദംഗലുമായി ബന്ധപ്പെട്ട്’. ‘നിങ്ങളെന്താ ആളെ കളിയാക്കുകയാണോ?’ -പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നല്‍കിയ ശേഷം ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അതേ നമ്പറില്‍ നിന്ന് അതേ ആവശ്യവുമായി വിളി വീണ്ടും വന്നപ്പോള്‍ കൃപാശങ്കറിന് മനസ്സിലായി കാര്യം സീരിയസ്സാണെന്ന്. കുറച്ചു ദിവസങ്ങള്‍ക്കകം ആമിര്‍ ഖാനുമായി കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ച് അവര്‍ കൃപാശങ്കറിന് ഇന്‍ഡോറില്‍ നിന്നു മുംബൈയിലേക്കുള്ള വിമാനടിക്കറ്റുകള്‍ അയച്ചുകൊടുത്തു.

?????? ??????, ???, ????, ?????? ?????, ???????? ???? ?????????
നിതേഷ് തിവാരി, ഗീത, ബബിത, ആമിര്‍ ഖാന്‍, മഹാവീര്‍ സിങ് ഫൊഗാട്ട്

ആമിറുമായുള്ള ആദ്യ കൂടിക്കാഴ്ചയെപ്പറ്റി കൃപാശങ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഗുസ്തിയെക്കുറിച്ച് ചില ഉപദേശങ്ങള്‍ കൊടുക്കാനാണ് തന്നെ വിളിച്ചുവരുത്തിയതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അറിവു പകരാന്‍ കാത്തുനിന്ന കൃപാശങ്കര്‍ ശരിക്കും ഞെട്ടി, ആമിറിന് ഗുസ്തിയിലുണ്ടായിരുന്ന അറിവു കണ്ട്. സെറ്റിലുണ്ടായിരുന്നവരുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ദൂരെ നിന്ന് നിതേഷ് തിവാരിക്കൊപ്പം ആമിര്‍ വരുന്നതു കണ്ടു. സൂപ്പര്‍ താരം ഗുസ്തി ചാമ്പ്യന് മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു. സിനിമയിലൂടെ ലക്ഷങ്ങളുടെ മനം കീഴടക്കിയ ആമിര്‍ ഖാന്‍ പുഞ്ചിരിയെക്കാള്‍ മനോഹരമായ പുഞ്ചിരി.

2604287
കൃപാശങ്കര്‍ ബിഷ്‌ണോയ്‌

കൃപാശങ്കറിനോട് ആമിര്‍ ചോദ്യങ്ങള്‍ തൊടുത്തു. താരത്തിന്റെ ചോദ്യങ്ങള്‍ കേട്ട് ചാമ്പ്യന്‍ അന്തംവിട്ടിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗുസ്തിക്കാരനോടാണോ സംസാരിക്കുന്നതെന്ന് കൃപാശങ്കര്‍ അതിശയിച്ചു. ഗുസ്തിയിലെ സാങ്കേതിക നീക്കങ്ങള്‍ സംബന്ധിച്ചായിരുന്നു ചോദ്യങ്ങളേറെയും. അന്താരാഷ്ട്ര തലത്തിലെ മികച്ച താരങ്ങളുടെ വീഡിയോയും ആമിര്‍ കാണിച്ചു. താരം നന്നായി ഗൃപാഠം ചെയ്തിരിക്കുന്നുവെന്ന് ചാമ്പ്യന് ബോദ്ധ്യമായി.

സിനിമയുടെ പൂര്‍ണ്ണതയ്ക്കായി ഗുസ്തി താരങ്ങളെ തന്നെ അഭിനയിപ്പിക്കാനാണ് ആമിര്‍ ആദ്യം നിശ്ചയിച്ചിരുന്നത്. ഇതിനായി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേത്രികളായ പൂജാ ധണ്ഡ, ശില്പി ശെഹ്‌റോണ്‍, സരിത എന്നിവരെ സമീപിക്കുകയും ചെയ്തു. ഓഡിഷനു ശേഷം തനിക്കും മറ്റു സഹതാരങ്ങള്‍ക്കും ഗുസ്തി പഠിപ്പിക്കാന്‍ ഒരു പരിശീലകനെ നിര്‍ദ്ദേശിക്കാന്‍ മൂന്നു വനിതകളോടും ആമിര്‍ ആവശ്യപ്പെട്ടു. അവര്‍ മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു -കൃപാശങ്കര്‍ ബിഷ്‌ണോയ്. പക്ഷേ, പരിശീലകന്റെ പേരു നിര്‍ദ്ദേശിച്ചവര്‍ക്ക് അദ്ദേഹത്തിനു കീഴില്‍ ‘സിനിമാപരിശീലന’ത്തിന് ഭാഗ്യമുണ്ടായില്ല. കൃപാശങ്കറുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം ഗുസ്തി താരങ്ങളെ അഭിനയിപ്പിക്കാനുള്ള തീരുമാനം ആമിര്‍ മാറ്റി. ഗീതയോടും ബബിതയോടും രൂപസാദൃശ്യമുള്ള അഭിനേത്രികളെ തിരഞ്ഞെടുക്കാനുള്ള ചുമതലയും കൃപാശങ്കറിനെ ഏല്പിച്ചു. അത്രയ്ക്കുണ്ടായിരുന്നു ചാമ്പ്യന്‍ ചെലുത്തിയ സ്വാധീനം.

????, ???????, ???????????, ???, ????? ?????????
ബബിത, ഫാത്തിമ, കൃപാശങ്കര്‍, ഗീത, സാനിയ എന്നിവര്‍

ഗീതയുടെയും ബബിതയുടെയും റോളുകള്‍ക്കായി ആമിറും നിതേഷും ചേര്‍ന്ന് ചില നടിമാരെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. ശാരീരികക്ഷമത പ്രകടമാക്കേണ്ടി വരുന്ന വെല്ലുവിളികളോട് ഈ പെണ്‍കുട്ടികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നു പരിശോധിക്കുകയാണ് കൃപാശങ്കര്‍ ആദ്യം ചെയ്തത്. ഫാത്തിമ സന ഷെയ്ഖ് തുടക്കത്തില്‍ തന്നെ പരീക്ഷ പാസായി. അവര്‍ക്ക് അസാമാന്യ വേഗമായിരുന്നു. പിന്നാലെ സാനിയ മല്‍ഹോത്രയും പരീക്ഷണം മറികടന്നു. രണ്ടു പേര്‍ക്കും പ്രായം 24 വയസ്സ്. അന്തിമ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും ഈ പെണ്‍കുട്ടികളുടെ ഓഡീഷന്‍ തുടങ്ങിയിട്ട് 2 വര്‍ഷമാകാറായിരുന്നു. 2015 ഏപ്രിലിലാണ് ആയിരക്കണക്കിന് മറ്റു പെണ്‍കുട്ടികള്‍ക്കൊപ്പം ഇവരും ആദ്യ ഓഡിഷന് വിധേയരായത്. തുടര്‍ന്നുള്ള മാസങ്ങളില്‍ പലവട്ടം ഓഡിഷനായി ഇവര്‍ വിളിച്ചുവരുത്തപ്പെട്ടു. എല്ലാതവണയും ‘ഒരു റൗണ്ട് കൂടി’ എന്ന പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

??????? ?? ??????? ????? ????????????
ഫാത്തിമ സന ഷെയ്ഖും സാനിയ മല്‍ഹോത്രയും

ഡല്‍ഹിയില്‍ നര്‍ത്തകിയായിരുന്ന സാനിയ മല്‍ഹോത്ര അഭിനേത്രിയാവുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈയിലെത്തിയത്. മറുഭാഗത്ത് ജമ്മു കശ്മീര്‍ സ്വദേശിനിയായ ഫാത്തിമ സന ഷെയ്ഖാകട്ടെ നിരാശ കാരണം അഭിനയം ഉപേക്ഷിച്ച് ഛായാഗ്രാഹക ആകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഫാത്തിമയെ നമ്മള്‍ നേരത്തേ അറിയും. 1997ല്‍ ഇറങ്ങിയ, കമലഹാസനും തബുവും നായികാനായകന്മാരായി അഭിനയിച്ച ചാച്ചി 420ല്‍ -തമിഴിലെ സൂപ്പര്‍ ഹിറ്റ് അവ്വൈഷണ്മുഖിയുടെ ഹിന്ദി റീമേക്ക്- ഇരുവരുടെയും മകളായ ഭാരതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഫാത്തിമയാണ്. തമിഴില്‍ ഭാരതിയായ ആന്‍ അലക്‌സിയ ആന്റയ്ക്കു പകരമാണ് ഹിന്ദിയില്‍ ഫാത്തിമയെ കമല്‍ തിരഞ്ഞെടുത്തത്. മുതിര്‍ന്നതിനു ശേഷം 2008 മുതല്‍ ചെറിയ വേഷങ്ങളുമായി അവര്‍ രംഗത്തുണ്ട്. വലിയ ബ്രേക്കുകള്‍ക്കായുള്ള കാത്തിരിപ്പ് വിജയിക്കാത്തതിനാല്‍ ദംഗലിലെ വേഷത്തിനായുള്ള ശ്രമം അവസാനത്തേതാണെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു.

Kamal-Haasan
ചാച്ചി 420: കമല്‍ഹാസനൊപ്പം ഫാത്തിമ സന ഷെയ്ഖ്

ഒടുവില്‍ ആമിര്‍ ഖാനും നിതേഷ് തിവാരിയും ഫാത്തിമ-സാനിയമാരെ വിളിച്ചു മുന്നില്‍ നിര്‍ത്തി. കൃപാശങ്കര്‍ സാക്ഷി. ആമിര്‍ പറഞ്ഞു -‘ഫാത്തിമാ, നീയാണ് ഗീത. സാനിയാ, നീയാണ് ബബിത.’ താരങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ തലവേദനയില്ലാതെ പുർത്തിയായെങ്കിലും പിന്നീടായിരുന്നു കോച്ച് നേരിട്ട യഥാര്‍ത്ഥ വെല്ലുവിളി -പ്രായമേറിയ മഹാവീര്‍ സിങ് ഫൊഗാട്ടിനെ അവതരിപ്പിക്കുന്നതിന് 98 കിലോ വരെ ശരീരഭാരം വര്‍ദ്ധിപ്പിച്ച ആമിറിനെ പരിശീലിപ്പിക്കുക! ആമിര്‍ ഖാനെ ആദ്യം കണ്ട വേളയില്‍ താന്‍ ആശയക്കുഴപ്പത്തിലായെന്ന് കൃപാശങ്കര്‍. ഇത്രയും ശരീരഭാരവും വെച്ചുകൊണ്ട് എങ്ങനെ ഗുസ്തി പിടിക്കും എന്ന സംശയമായിരുന്നു കാരണം. വയറിന്റെ വലിപ്പം കാരണം ഷൂസിന്റെ ചരട് സ്വന്തമായി കെട്ടാന്‍ പോലും ആമിറിന് കഴിഞ്ഞിരുന്നില്ല. തന്റെ കായികജീവിതത്തില്‍ പഠിച്ചതെല്ലാം പിന്നീടുള്ള ദിവസങ്ങളില്‍ കൃപാശങ്കര്‍ ഗോദയിലെത്തിച്ചു. ഗുസ്തി അറിയാത്തവരെ ഗുസ്തി പരിശീലിപ്പിക്കുക എന്നത് അതീവദുഷ്‌കരമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. പക്ഷേ, താനത് ആസ്വദിച്ചുവെന്ന് ചാമ്പ്യന്റെ സാക്ഷ്യപത്രം.

??????????? ??????????????? ??????
ബബിതയ്ക്കും ഗീതയ്ക്കുമൊപ്പം ആമിര്‍

ആമിറിന് പേശിബലവും മെയ്‌വഴക്കവും ആവശ്യത്തിനുണ്ടായിരുന്നുവെങ്കിലും സ്റ്റാമിന കമ്മിയായിരുന്നു. കൊഴുപ്പു കാരണം താരം പെട്ടെന്നു ക്ഷീണിച്ചു. പക്ഷേ, ചെറുപ്പക്കാരനായ മഹാവീറിനെ അവതരിപ്പിക്കാന്‍ ആമിര്‍ ഭാരം കുറച്ചുതുടങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി. റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമിന്റെ പരിശീലനക്രമവും രീതികളും ശൈലിയും കൃപാശങ്കറിന് മനഃപാഠമായിരുന്നു. ഒളിമ്പിക്‌സിന് ടീമിനെ തയ്യാറെടുപ്പിക്കും പോലുള്ള പരിശീലനം തന്നെയാണ് ദംഗലിനു വേണ്ടിയും കൃപാശങ്കര്‍ ഒരുക്കിയത്. പക്ഷേ, മത്സരത്തിലെ പോരാട്ടവീര്യം സിനിമാഭിനയത്തില്‍ ആവശ്യമില്ലാത്തതിനാല്‍ അതു മാത്രം കുറച്ചു.

???????, ???, ????, ?????
ഫാത്തിമ, ഗീത, ബബിത, സാനിയ

ഫാത്തിമ ഗീതയുടെയും സാനിയ ബബിതയുടെയും പ്രതിബിംബമാവണമെന്ന് കൃപാശങ്കര്‍ ആഗ്രഹിച്ചു. അതിനായി പ്രയത്‌നിച്ചു. 45 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ക്രോസ് കണ്‍ട്രിയോടെയാണ് പരിശീലനം തുടങ്ങുക. ഈ ഓട്ടം കൃത്യമായി പൂര്‍ത്തിയാക്കുന്നതില്‍ ഫാത്തിമയും സാനിയയും വളരെ വേഗം വിജയം കൈവരിച്ചു. ഗുസ്തി മത്സരങ്ങളുടെ വീഡിയോ കണ്ട ശേഷം അത് അനുകരിക്കാനാണ് ആദ്യം പഠിപ്പിച്ചത്. പിന്നെ, ആ നീക്കങ്ങളുടെ സാങ്കേതികത പഠിപ്പിച്ചു. ഇത്രയൊക്കെയാണെങ്കിലും കൃപാശങ്കറിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. പരിശീലനത്തിനിടെ ഫാത്തിമയുടെ വാരിയെല്ലിന് ചെറിയ പൊട്ടലുണ്ടായി. 40 ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഈ സംഭവം എല്ലാവരെയും ഞെട്ടിച്ചു. എന്നാല്‍ ഇത്തരം അപകടങ്ങള്‍ക്ക് തയ്യാറായിരിക്കണമെന്ന് ഫാത്തിമയോടും സാനിയയോടും കൃപാശങ്കര്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. ഗുസ്തിയില്‍ ഇത്തരം പരിക്കുകള്‍ സ്വാഭാവികം.

78334.jpg

വെറും ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഫാത്തിമയുടെ പരിശീലനം കൃപാശങ്കര്‍ പുനരാരംഭിച്ചു. ശരീരത്തിന് വലിയ ആയാസം നല്‍കാതെ പൊതുവായ പരിശീലനമുറകള്‍ പിന്തുടരാനായിരുന്നു ഫാത്തിമയ്ക്കു ലഭിച്ച നിര്‍ദ്ദേശം. അവര്‍ പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചതോടെ പരിശീലനം പഴയ രൂപത്തിലായി. ഗുസ്തി പശ്ചാത്തലമില്ലാത്ത ഫാത്തിമയ്ക്കും സാനിയയ്ക്കും കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് കൃപാശങ്കറിന് അറിയാമായിരുന്നു. പക്ഷേ, ഈ രണ്ടു പെണ്‍കുട്ടികളുടെയും കഠിനാദ്ധ്വാനവും സമര്‍പ്പണവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോച്ച്.

kripa-shankar aamir
ഷൂട്ടിങ് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ കൃപാശങ്കറിന് ആമിര്‍ ഖാന്‍ ഉപഹാരം സമര്‍പ്പിക്കുന്നു

ഗീതയുടെ ബാല്യം അവതരിപ്പിച്ച സൈറ വസീമിനെയും ബബിതയുടെ ബാല്യം അവതരിപ്പിച്ച സുഹാനി ഭട്‌നഗറെയും പരിശീലിപ്പിക്കാന്‍ കൃപാശങ്കറിന് കുറച്ചുകൂടി എളുപ്പമായിരുന്നു. കുട്ടികളായിരുന്നതിനാല്‍ അവര്‍ക്ക് ഗുസ്തി എളുപ്പം വഴങ്ങി. ഗീത ഫൊഗാട്ടിനെ സ്‌ക്രീനിലെത്തിച്ച ഫാത്തിമയും സൈറയും ജമ്മു കശ്മീരില്‍ നിന്നുള്ളവരായി എന്നത് തീര്‍ത്തും യാദൃച്ഛികം. ഇപ്പോള്‍ ഇരുവരും തങ്ങളുടെ നാട്ടിലെ യൂത്ത് ഐക്കണുകളാണ്.

??????????? ?????????? ?????? ???????????????
കൃപാശങ്കറും ഫാത്തിമയും പരിശീലനത്തിനിടെ

ഫാത്തിമയും സാനിയയും അഭിനയരംഗം തിരഞ്ഞെടുത്തത് രാജ്യത്തിന് നഷ്ടമാണെന്ന് കൃപാശങ്കര്‍. അന്താരാഷ്ട്ര തലത്തിലെ 2 ഉറച്ച മെഡലുകളാണ് ഇതിലൂടെ ഇന്ത്യയ്ക്കു നഷ്ടമാകുന്നതെന്ന് പകുതി കളിയായും പകുതി കാര്യമായും അദ്ദേഹം പറയുമ്പോള്‍ ആ പരിശീലകനിലെ മികവിന് തെളിവാകുകയാണ്.

wrestle
ഫാത്തിമ, കൃപാശങ്കര്‍, സാനിയ -ഇന്‍സ്റ്റാഗ്രാമില്‍ സാനിയ പോസ്റ്റ് ചെയ്ത ചിത്രം

ഇന്‍സ്റ്റാഗ്രാമില്‍ സാനിയ പോസ്റ്റ് ചെയ്ത ചിത്രമാണ് ഈ കുറിപ്പിലേക്ക് എന്നെ നയിച്ചത്. സാനിയയ്ക്കും ഫാത്തിമയ്ക്കുമൊപ്പം ചിത്രത്തിലുള്ളയാളെ ഞാന്‍ സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ട പരിചയം. പിന്നില്‍ ഗുസ്തി മാറ്റ് കൂടി കണ്ടതോടെ താരങ്ങളെ ഗുസ്തി പഠിപ്പിച്ചയാളാണെന്നുറപ്പിച്ചു. തുടര്‍ന്നുള്ള അന്വേഷണം മുന്‍ ദേശീയ ചാമ്പ്യനിലെത്തി നില്‍ക്കുകയായിരുന്നു.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights