സര്‍ക്കാര്‍ അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന വിഷയമാണ് സ്ത്രീസുരക്ഷ. ഇതിനായി ഇടിമിന്നല്‍ സേനയ്ക്കും പിങ്ക് പട്രോളിനുമെല്ലാം പിണറായി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതൊക്കെക്കൊണ്ട് സ്ത്രീകള്‍ സുരക്ഷിതരായോ? ഈ ചോദ്യത്തിന് ഇല്ല എന്ന മറുപടി ഉച്ചത്തില്‍ കേള്‍ക്കുന്നു, തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ നിന്ന്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയില്‍പ്പെട്ട വനിതകള്‍ തന്നെയാണ് തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഉച്ചത്തില്‍ പറയുന്നത്. സംഘടനയിലെ ഒരു വനിതാ നേതാവിന് പുരുഷ സഖാവില്‍ നിന്നുണ്ടായ ദുരനുഭവം തന്നെ കാരണം. നീതി തേടി ആ മാന്യവനിത ഇപ്പോള്‍ നെട്ടോട്ടത്തിലാണ്.
ദൂരത്തെങ്ങുമല്ല സംഭവം നടന്നത്, മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടുതാഴത്തെ നിലയില്‍ തന്നെ!! കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഏറ്റവും ഉയര്‍ന്ന ഘടകമായ നിര്‍വ്വാഹക സമിതി അംഗമാണ് ഈ വനിത. ഇവരുടെ പരാതി പോലീസടക്കം ആരും സ്വീകരിക്കുന്നില്ല. കാരണം, എതിര്‍കക്ഷി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നിര്‍വ്വാഹകസമിതിയില്‍ പരാതിക്കാരിക്കൊപ്പം സ്ഥാനമുള്ള പുരുഷ സഖാവ്!! പ്രശ്‌നത്തിനു കാരണമെന്തെന്നല്ലേ? പുരുഷ സഖാവ് ജോലി ചെയ്യാതെ മുങ്ങി നടന്നത് മേലുദ്യോഗസ്ഥയായ വനിതാ സഖാവ് ചോദ്യം ചെയ്തു, അത്ര തന്നെ.
സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള വനിതാസാഹിതി എന്ന സംഘടനയുടെ ജില്ലാതല നേതാവ് കൂടിയാണ് പരാതിക്കാരി. പൊതുഭരണ വകുപ്പിലെ സര്‍വ്വീസസ് വിഭാഗത്തില്‍ ഒരേ സെക്ഷനിലാണ് ഈ വനിതയും അവരോട് അപമര്യാദയായി പെരുമാറിയ പുരുഷ സഖാവും ജോലി നോക്കുന്നത്. വനിത അവിടത്തെ സെക്ഷന്‍ ഓഫീസര്‍ ആണെങ്കില്‍ പുരുഷന്‍ പ്യൂണ്‍ ആണെന്നു മാത്രം. എല്ലാം നിയന്ത്രിക്കുന്ന സര്‍വ്വീസസ് വിഭാഗത്തില്‍ സാധാരണ ഭരണാനുകൂല സംഘടനയില്‍ പെട്ടവരാണ് വരിക പതിവ്. അങ്ങനെ തന്നെയാണ് ഇരുവരും ഒരേ സെക്ഷനിലെത്തിയത്.
പ്യൂണ്‍ സഖാവ് പണ്ടു മുതലേ ഇരിക്കുന്ന സെക്ഷനുകളിലെല്ലാം പ്രശ്‌നമുണ്ടാക്കുന്നയാളാണ്. ജോലി ചെയ്യില്ല എന്നതു തന്നെ കാരണം. രാവിലെ വന്ന് പഞ്ച് ചെയ്തതിനു ശേഷം സംഘടനാ പ്രവര്‍ത്തനമെന്നു പറഞ്ഞ് കന്റോണ്‍മെന്റ് ഗേറ്റിനടുത്തെ ചായക്കടയ്ക്കു മുന്നിലും അടുത്തുള്ള സംഘടനാ ഓഫീസിനു മുന്നിലും കുറ്റിയടിക്കും. വല്ലപ്പോഴുമൊന്ന് സെക്ഷനില്‍ തലകാണിക്കും. ആ ചെല്ലുന്ന സമയത്ത് ‘വല്ലതും എടുക്കാനുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം, പിന്നീടായാല്‍ എന്നെ കിട്ടില്ല’ എന്നതാണ് സ്ഥിരം ഡയലോഗ്. ഹാജര്‍ പുസ്തകത്തില്‍ ദിവസവും ഒപ്പിടുന്ന പതിവൊന്നും പ്യൂണ്‍ സഖാവിനില്ല. വല്ലപ്പോഴും ഒരുമിച്ച് എല്ലാം ഒപ്പും കൂടി ഇടുന്നതാണ് രീതി. കറക്കമെല്ലാം കഴിഞ്ഞ് വൈകുന്നേരം 6.30 മണിയോടെ പഞ്ച് ചെയ്ത് വീട്ടില്‍പ്പോകും, സെക്ഷനില്‍ കയറാതെ തന്നെ. രേഖകള്‍ നോക്കിയാല്‍ സഖാവ് ഓഫീസ് സമയം കഴിഞ്ഞ് ഒന്നര മണിക്കൂര്‍ കൂടി ജോലി ചെയ്തിട്ടുണ്ടാവും!!!
ഒരേ സംഘടനയില്‍ പെട്ടവരായതിനാല്‍ സെക്ഷന്‍ ഓഫീസര്‍ സഖാവിന് എളുപ്പത്തില്‍ മേയ്ക്കാനാവുമല്ലോ എന്ന പേരിലാണ് പ്യൂണ്‍ സഖാവിനെ അവരുടെ സെക്ഷനിലാക്കിയത്. പ്യൂണ്‍ സഖാവിന്റെ പതിവ് ഉഴപ്പ് ആദ്യമൊക്കെ സെക്ഷന്‍ ഓഫീസര്‍ സഖാവ് കണ്ടില്ലെന്നു നടിച്ചു. എന്നാല്‍, നിയമസഭാ സമ്മേളന കാലമായതോടെ കഥ മാറി. നിയമസഭാ ചോദ്യങ്ങളുമായി പലപ്പോഴും സെക്ഷന്‍ ഓഫീസറും അതിനു മുകളിലുള്ള അണ്ടര്‍ സെക്രട്ടറിയും നേരിട്ട് പോകേണ്ട സ്ഥിതി വന്നു. അതോടെ, സെക്ഷന്‍ ഓഫീസര്‍ സംഘടനയെ സമീപിച്ചു. പ്യൂണ്‍ സഖാവിനെ മാറ്റിയിട്ട് പകരം ജോലി ചെയ്യുന്ന ഒരാളെ നല്‍കണം എന്നായിരുന്നു ആവശ്യം. നിര്‍വ്വാഹക സമിതി അംഗങ്ങളാണ് രണ്ടു പേരും എന്നതിനാല്‍ തുല്യ അവകാശമാണെന്നും പ്യൂണ്‍ സഖാവിനെ സര്‍വ്വീസസില്‍ തന്നെ നിലനിര്‍ത്തിയേ പറ്റുകയുള്ളൂ എന്നും സംഘടനയുടെ വലിയ നേതാക്കള്‍ മറുപടി നല്‍കി. പ്യൂണ്‍ സഖാവിനെ മാറ്റുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാകുമെന്നും നേതാക്കള്‍ വിശദീകരിച്ചു. സെക്ഷന്‍ ഓഫീസര്‍ സഖാവ് നിരാശയായി മടങ്ങി.
ഒടുവില്‍ നിയമസഭാ ചോദ്യം സമയത്ത് എത്താതെയായി, പ്രശ്‌നമായി. സ്വന്തം കാര്യത്തെക്കാള്‍ വലുതല്ലല്ലോ സംഘടനയും സഖാവും! തന്റെ ഭാഗം ക്ലിയര്‍ ആക്കാന്‍ സെക്ഷന്‍ ഓഫീസര്‍ സഖാവ് ഹാജര്‍ പുസ്തകമെടുത്ത് പ്യൂണ്‍ സഖാവിന്റെ കളത്തില്‍ ചുവന്ന മഷിയിട്ട് ആബ്‌സന്റ് മാര്‍ക്കു ചെയ്തു. പ്യൂണ്‍ സഖാവിന്റെ ഹാജര്‍ ഇന്നുവരെ ആരും തൊട്ടിട്ടില്ല. അതോടെ സിങ്കം സടകുടഞ്ഞെഴുന്നേറ്റു. സെക്ഷനില്‍ ചെന്ന് സെക്ഷന്‍ ഓഫീസര്‍ സഖാവിനെ വായ്ക്കുരുചിയായി പ്യൂണ്‍ സഖാവ് പുലഭ്യം പറഞ്ഞു. ‘തൊലച്ചുകളയും’ എന്നായിരുന്നു ഭീഷണി. സെക്ഷന്‍ ഓഫീസര്‍ സഖാവ് അച്ചടക്കമുള്ള പ്രവര്‍ത്തക എന്ന നിലയില്‍ സംഘടനയില്‍ പരാതി നല്‍കി. പക്ഷേ, പ്യൂണ്‍ സഖാവിന്റെ രീതികള്‍ മാറിയില്ല. അസാന്നിദ്ധ്യം പതിവായപ്പോള്‍ സെക്ഷന്‍ ഓഫീസര്‍ സഖാവ് വീണ്ടും ഹാജര്‍ പുസ്തകത്തില്‍ ചുവന്ന മഷിയിട്ട് വരച്ചു. ഇതറിഞ്ഞു വന്ന പ്യൂണ്‍ സഖാവ് ഹാജര്‍ പുസ്തകമെടുത്ത് സെക്ഷന്‍ ഓഫീസര്‍ സഖാവിനെ അടിച്ചു. അവര്‍ വാശിയോടെ വീണ്ടും വരയ്ക്കാന്‍ പോയപ്പോള്‍ പുരുഷന്റെ കരുത്ത് വനിതയുടെ കൈ പിടിച്ചു തിരിച്ചുകൊണ്ട് പ്യൂണ്‍ സഖാവ് തെളിയിച്ചു.
ഇതോടെ വനിതാ സഖാവ് വലിയവായില്‍ നിലവിളിച്ചുകൊണ്ട് പരാതിയുമായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ മുന്നിലെത്തി. ആളുകള്‍ നോക്കി നില്‍ക്കേ തന്നെ പരസ്യമായി അപമാനിച്ചുവെന്നും രണ്ടു കുട്ടികളുടെ അമ്മയായ തനിക്കിനി ജീവിക്കേണ്ടെന്നുമൊക്കെ മുന്നിലിരിക്കുന്ന സെക്ഷന്‍ ഓഫീസര്‍ പറയുന്നതു കേട്ട് നളിനി നെറ്റോ അമ്പരന്നു. ഉടനെ തന്നെ പ്യൂണ്‍ സഖാവിനെ സെക്ഷന്‍ മാറ്റാന്‍ പൊതുഭരണ സെക്രട്ടറിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. പക്ഷേ, സംഘടന അത് ഒരു അഭിമാനപ്രശ്‌നമായി എടുത്തു. ഒരു സര്‍വ്വീസ് ഗുണ്ട പോലെ നില്‍ക്കുന്ന സഖാവിനെ എങ്ങനെ മാറ്റും? പ്യൂണ്‍ സഖാവ് അവിടെത്തന്നെ തുടരട്ടെ, സെക്ഷന്‍ ഓഫീസര്‍ സഖാവിനെ വേണമെങ്കില്‍ മാറ്റാം എന്നായി. ഒരു പ്യൂണിനു വേണ്ടി സെക്ഷന്‍ ഓഫീസറായ തന്നെ മാറ്റാന്‍ പറ്റില്ലെന്ന് വനിതാ സഖാവും കര്‍ശനമായി പറഞ്ഞു.
അടുത്ത ദിവസം പ്യൂണ്‍ സഖാവെത്തി സെക്ഷന്‍ ഓഫീസര്‍ സഖാവിനെ വീണ്ടും പുലഭ്യം പറഞ്ഞു. ‘ഇന്നലെ ഞാന്‍ കൈ പിടിച്ചു തിരിച്ചതേ ഉള്ളൂ. ഇനി എന്നെക്കൊണ്ട് വേറെ വല്ലതും കൂടി ചെയ്യിക്കരുത്. എന്നെ നിങ്ങള്‍ക്കൊരു പുല്ലും ചെയ്യാനാവില്ല. ഞാന്‍ ഹരിജനപീഡന നിയമപ്രകാരം കേസ് കൊടുത്താല്‍ നിങ്ങള്‍ ജയിലില്‍ കിടക്കും’ -പ്യൂണ്‍ സഖാവിന്റെ ഡയലോഗുകള്‍ കത്തിക്കയറി. സംഘടനയിലും നീതി കിട്ടുന്നില്ല, വകുപ്പു തലത്തിലും നീതി കിട്ടുന്നില്ല എന്നായപ്പോള്‍ സെക്ഷന്‍ ഓഫീസര്‍ സഖാവ് നേരെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. വെറും വെള്ളക്കടലാസിലെ പരാതിയല്ല, തന്റെ ശരീരത്തില്‍ ക്ഷതമേല്‍പ്പിച്ചു എന്നതടക്കം ഒരു അഭിഭാഷകനെക്കൊണ്ടു തയ്യാറാക്കിപ്പിച്ച ഒന്നാതരം പരാതി. പരാതി കൊടുത്തിട്ട് 5 ദിവസമായി. കോയി നടപടി നഹിം.
പരാതി സ്വീകരിച്ചതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഒപ്പിട്ട രശീത് സെക്ഷന്‍ ഓഫീസര്‍ സഖാവിനു നല്‍കിയിട്ടുണ്ട്. പീഡനം വിഷയമായ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ കസ്റ്റഡിയിലെടുക്കണം എന്നാണ് ചട്ടം. എന്നാല്‍, ഈ കേസിലെ പ്രതി ദിവസം മുഴുവന്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനു മുന്നില്‍ നിന്ന് ചായ കുടിക്കുന്നുണ്ട്. പക്ഷേ, സംഘടനയുടെ സംരക്ഷണമുണ്ട്, പാര്‍ട്ടിയുടെ സംരക്ഷണമുണ്ട്. സഹികെട്ട വനിതാ സഖാവ് കഴിഞ്ഞ ദിവസം എസ്.ഐയെ ഫോണില്‍ വിളിച്ചു -’24 മണിക്കൂറിനകം കേസെടുക്കേണ്ട വിഷയത്തില്‍ 4 ദിവസമായിട്ടും നടപടിയില്ല. പ്രതി തേരാപാരാ നടക്കുന്നു. എങ്കില്‍പ്പിന്നെ ഞാന്‍ മാധ്യമങ്ങളെ കാണുകയും ഡി.ജി.പിക്കു പരാതി നല്‍കുകയും ചെയ്യാം.’ എസ്.ഐയുടെ മറുപടിയായിരുന്നു രസകരം -‘എന്നാല്‍പ്പിന്നെ നിങ്ങള്‍ ഡി.ജി.പിക്ക് നേരിട്ട് പരാതി നല്‍കിക്കൊള്ളൂ. അങ്ങനെ ചുമ്മാതെ ഒരുത്തന്റെ പണി കളയാനൊന്നും പറ്റില്ല. എഫ്.ഐ.ആര്‍. ഇട്ട് നടപടിക്രമമൊക്കെ പാലിക്കേണ്ടതുണ്ട്. അതിനിടെ സൊല്യൂഷന്‍ വല്ലതും ഉരുത്തിരിയുന്നുണ്ടോ എന്നും നോക്കണം.’ എന്തു സൊല്യൂഷനാണാവോ എസ്.ഐ. സാര്‍ ഉരുത്തിരിക്കുന്നത്?!!
ഇതോടെ സംഘടന വീണ്ടും പ്രശ്‌നത്തില്‍ ഇടപെട്ടു. പോലീസ് സ്‌റ്റേഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കണം എന്നായിരുന്നു സെക്ഷന്‍ ഓഫീസര്‍ സഖാവിനോടുള്ള ആവശ്യം. അവര്‍ വഴങ്ങിയില്ല. ഇതിനിടെ വിഷയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിഞ്ഞു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ നേരിട്ട് സംഘടനാ നേതാക്കളടക്കം ബന്ധപ്പെട്ട കക്ഷികളെ എല്ലാം വിളിച്ചുവരുത്തി. വിഷയം പുറത്തറിഞ്ഞാല്‍ വലിയ പ്രശ്‌നമാകുമെന്നും അതിനിടവരുത്താതെ പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍, പലവട്ടം അപമാനിക്കപ്പെട്ട സെക്ഷന്‍ ഓഫീസര്‍ സഖാവ് ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നില്ല. ‘നഷ്ടപ്പെട്ടത് എന്റെ മാനമാണ്. എനിക്കു വേണ്ടത് ഒത്തുതീര്‍പ്പല്ല, നടപടിയാണ്. സസ്‌പെന്‍ഷനില്‍ കുറഞ്ഞ ഒരു നടപടിയും സ്വീകാര്യമല്ല’ -അവര്‍ കടുപ്പിച്ചു പറഞ്ഞു. പ്രശ്‌നം ഒതുക്കാന്‍ രാഷ്ട്രീയകാര്യ സെക്രട്ടറി പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും വിജയിച്ചിട്ടില്ല.
ഈ വിഷയത്തില്‍ സെക്രട്ടേറിയറ്റിലെ ഏറ്റവും വലിയ സംഘടന ഇപ്പോള്‍ രണ്ടായി തിരിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം സഹിച്ചുകൊണ്ട് സംഘടനയില്‍ തുടരാന്‍ പറ്റില്ല എന്നു പറഞ്ഞുകൊണ്ട് വനിതകളുടെ വലിയൊരു സംഘം ഒരു ഭാഗത്ത്. സംഘടനയില്‍ ശക്തനായ പ്യൂണ്‍ സഖാവിനെ ന്യായീകരിക്കുന്നവര്‍ മറുഭാഗത്ത്. വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ ഇതുവരെ വന്നിട്ടില്ല എന്നാണ് സൂചന. അദ്ദേഹം അറിയുമ്പോള്‍ എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് ഒന്നാകെ ഉറ്റുനോക്കുന്നത്.