HomeSPORTSമാര്‍ച്ചിന്റെ...

മാര്‍ച്ചിന്റെ നഷ്ടമായി മാര്‍ട്ടിന്‍

-

Reading Time: 4 minutes

ഇന്‍സമാം-ഉള്‍-ഹഖിനോടെനിക്കു വെറുപ്പാണ്.
കാരണം, മാര്‍ട്ടിന്‍ ക്രോയോടെനിക്കു പ്രണയമാണ്.

martin_crowe

1992ല്‍ ഓസ്ട്രേലിയയും ന്യൂസീലന്‍ഡും സംയുക്തമായാണ് ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജസ് ലോകകപ്പ് ക്രിക്കറ്റിന് ആതിഥ്യമരുളിയത്. ആ നാലാഴ്ചക്കാലത്ത് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാര് എന്ന ചോദ്യമുന്നയിച്ചാല്‍ എല്ലാവര്‍ക്കും ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ -മാര്‍ട്ടിന്‍ ഡേവിഡ് ക്രോ. ഇമ്രാന്‍ ഖാന്റെ പാകിസ്താനാണ് ആത്യന്തികമായി ലോകകപ്പ് സ്വന്തമാക്കിയതെങ്കിലും അത് ഏറ്റവുമധികം അര്‍ഹിച്ചിരുന്ന ടീം ന്യൂസീലന്‍ഡായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല, ഇന്നും ഇല്ല.

പാകിസ്താന്‍, സിംബാബ്വെ എന്നീ ടീമുകള്‍ക്കെതിരെ മാത്രം ജയം നേടാനായ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനമാണ് എന്നെ ആ ലോകകപ്പില്‍ ന്യൂസീലന്‍ഡ് പക്ഷക്കാരനാക്കിയത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ടീമിനൊപ്പം കണ്ണുമടച്ച് അണിചേരുകയെന്ന എളുപ്പ വഴി സ്വീകരിച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്ട്രേലിയ പോലും മാര്‍ട്ടിന്‍ ക്രോയുടെ ചുണക്കുട്ടികള്‍ക്കു മുന്നില്‍ നിലംപരിശായി.

1992ലെ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ മാര്‍ട്ടിന്‍ ക്രോ ബാറ്റിങ്ങിനിടെ

ലീഗ് തലത്തിലെ 8 മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ന്യൂസീലന്‍ഡ് തോറ്റത്. ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ പാകിസ്താനോട് മാത്രം. പക്ഷേ, പാകിസ്താനെതിരെ തന്നെ സെമി ഫൈനലിനിറങ്ങുമ്പോള്‍ ആതിഥേയര്‍ എന്ന നിലയില്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനു തന്നെയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ 7 വിക്കറ്റിന് 262 റണ്‍സ് അടിച്ചുകൂട്ടി. അന്നത്തെ നിലവാരത്തില്‍ അതൊരു മികച്ച സ്‌കോറാണ്. 83 പന്തില്‍ 7 ഫോറും 3 സിക്സറുമടക്കം 91 റണ്‍സായിരുന്നു മാര്‍ട്ടിന്റെ സംഭാവന. കാര്യങ്ങള്‍ അതുവരെ വരുതിയില്‍ത്തന്നെ.

മറുപടി ബാറ്റിങ്ങിറങ്ങിയ പാകിസ്താന്‍ 140 റണ്‍സെടുക്കുമ്പോഴേക്കും പ്രമുഖരായ 4 ബാറ്റ്സ്മാന്മാര്‍ -ആമിര്‍ സൊഹെയ്ല്‍, റമീസ് രാജ, സലിം മാലിക്ക്, ഇമ്രാന്‍ ഖാന്‍ -പവലിയനില്‍ തിരിച്ചെത്തി. ജാവേദ് മിയാന്‍ദാദ് ക്രീസിലുണ്ടെങ്കിലും ‘ഓന്‍ ഒറ്റയ്ക്ക് എന്താക്കാനാ’ ലൈന്‍ ഞങ്ങള്‍ പിടിച്ചു. ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നാട്ടുകാര്‍ ചെറിയതോതില്‍ ആഘോഷം തുടങ്ങി. ഇങ്ങ് തിരുവനന്തപുരത്ത് തൈക്കാടുള്ള കൂട്ടുകാരന്‍ ഉണ്ണി എന്ന അജയ് കൃഷ്ണന്റെ വീട്ടില്‍ ഞങ്ങളും. ഞങ്ങളുടെ ആഘോഷത്തിന് കാരണമുണ്ട്. പാകിസ്താന്‍ ജയിക്കുന്നത് തികഞ്ഞ ‘രാജ്യസ്നേഹികളായ’ ഞങ്ങള്‍ക്കു സഹിക്കുമായിരുന്നില്ല.

കിവി ജയം ഉറപ്പിച്ചിരിക്കുമ്പോഴാണ് അലസഭാവത്തില്‍ ഒരു തടിയന്‍ ക്രീസിലേക്കു വന്നത്. ഏതോ പുതിയ കളിക്കാരനാണ്. ടെലിവിഷന്‍ സ്‌ക്രീനിലേക്ക് ഒന്നു നോക്കിയിട്ട് അതേ അലസഭാവത്തില്‍ ഞങ്ങളും തിരിഞ്ഞിരുന്നു. അല്പനേരം കഴിഞ്ഞ് കമന്ററി ബോക്സില്‍ ജെഫ്രി ബോയ്കോട്ടിന്റെ അലര്‍ച്ച കേട്ടാണ് നോക്കിയത്. പുതിയ ചെക്കന്‍ തുടര്‍ച്ചയായി പന്ത് അതിര്‍ത്തി കടത്തുന്നു. ഇന്‍സമാം-ഉള്‍-ഹഖ് എന്നാണ് അവന്റെ പേരെന്ന് വളരെ ശ്രമപ്പെട്ട് ഞങ്ങള്‍ കണ്ടെടുത്തു.

1992ല്‍ ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനലില്‍ ഇന്‍സിയുടെ ബാറ്റിങ്

ആ നിമിഷം വരെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനൊപ്പം ഏറ്റവും തന്ത്രശാലിയായ നായകനുമായിരുന്നു മാര്‍ട്ടിന്‍ ക്രോ. പക്ഷേ, ഇന്‍സിയുടെ കടന്നാക്രമണത്തിനു മുന്നില്‍ അദ്ദേഹത്തിന് മറുപടിയുണ്ടായില്ല. 37 പന്തില്‍ നിന്ന് ചെക്കന്‍ 7 ബൗണ്ടറിയും 1 സിക്സറുമടക്കം അടിച്ചുകൂട്ടിയത് 60 റണ്‍സ്. സ്ട്രൈക്ക് റേറ്റ് ആദ്യ പരിഗണന വരുന്ന ഇന്നത്തെ കളിയുമായി ആ ഇന്നിങ്സിനെ താരതമ്യം ചെയ്യരുത്. അന്നത് വലിയ കളിയായിരുന്നു. അതോടെ ലോകകപ്പ് കിവികളെ കൈവിട്ടു. മത്സരം തീരാന്‍ ഒരോവറുള്ളപ്പോള്‍ പാക് ജയം വന്നു. ‘രാജ്യസ്നേഹികള്‍’ തകര്‍ന്നുപോയി. പിന്നീട് ഇമ്രാന്‍ ഖാന്‍ സ്ഫടിക ഗോളത്തിന്റെ രൂപത്തുള്ള ലോക കപ്പ് ഏറ്റുവാങ്ങുന്നതു കൂടി കണ്ടപ്പോള്‍ തകര്‍ച്ച പൂര്‍ണ്ണമായി.

സെമിയില്‍ തോറ്റ് നിരാശനായി തലകുനിച്ച് ഗ്രൗണ്ടില്‍ നിന്നു കയറിയ മാര്‍ട്ടിന്‍ ക്രോ എന്ന കിവി ജനറലിന്റെ മുഖം ഇന്നും ഓര്‍മ്മയുണ്ട്. നാലു ദിവസം കഴിഞ്ഞ് ഫൈനലിനു ശേഷം മാന്‍ ഓഫ് ദ സിരീസ് പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴും മാര്‍ട്ടിന്റെ മുഖത്ത് അതേ നിരാശാഭാവമായിരുന്നു. ടൂര്‍ണ്ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് മാര്‍ട്ടിന്‍ ക്രോ തന്നെ -456. ഞെട്ടിക്കുന്നതായിരുന്നു ശരാശരി -114. കിം ഫലം?

സെമിയിലെ ആ ഒരൊറ്റ ഇന്നിങ്സോടെ ഇന്‍സി താരമായി. പില്‍ക്കാലത്ത് അദ്ദേഹത്തെ കുപ്രസിദ്ധനാക്കിയ ‘വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തിലെ’ അലസഭാവം ആ സെമിയില്‍ തന്നെ അദ്ദേഹം തുടങ്ങിയിരുന്നു. അന്നു പുറത്തായത് റണ്ണൗട്ടായിട്ടാണ്. പിന്നീട് വളര്‍ന്ന് ഇന്‍സി പാക് ക്യാപ്റ്റനായി. 2005 മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ 100-ാം ടെസ്റ്റ് ബംഗളൂരുവില്‍ മാതൃഭൂമിക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. സൗരവ് ഗാംഗുലിയുടെ ടീം ഇന്ത്യ ആ ടെസ്റ്റ് 168 റണ്‍സിന്വൃത്തിയായി തോറ്റു എന്നത് വേറെ കാര്യം. 3 ടെസ്റ്റുകളുടെ പരമ്പര അതോടെ 1-1ന് സമനിലയിലുമായി.100ാം ടെസ്റ്റില്‍ 184 റണ്‍സടിച്ച് പുറത്താവാതെ നിന്ന ഇന്‍സമാം-ഉള്‍-ഹഖ് എന്ന പാക് നായകന്റെ അഭിമുഖമെടുത്തു. ഇന്‍സിയോട് ഓരോ ചോദ്യം ചോദിക്കുമ്പോഴും എന്റെ കണ്‍മുന്നിലുണ്ടായിരുന്നത് പരാജിതനായ മാര്‍ട്ടിന്‍ ക്രോയുടെ മുഖമായിരുന്നു. 13 വര്‍ഷങ്ങള്‍ക്കു ശേഷവും ആ വേദന മാറിയിരുന്നില്ല.

തന്റെ 100-ാം ടെസ്റ്റില്‍ 100 തികച്ച ശേഷം ബംഗളൂരുവില്‍ കാണികളെ അഭിവാദ്യം ചെയ്യുന്ന ഇന്‍സി

1983ല്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് നേടിയതോടെയാണ് എന്റെ തലമുറ ക്രിക്കറ്റിനെ പ്രണയിച്ചു തുടങ്ങിയത്. അതിനുശേഷം വേള്‍ഡ് സിരീസ് കപ്പൊക്കെ ജയിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും ആരോടു വേണമെങ്കിലും തോല്‍ക്കാവുന്ന ടീമായിരുന്നു ഇന്ത്യ. ന്യൂസീലിന്‍ഡിനെതിരെയൊക്കെ ഇന്ത്യ കളിക്കുമ്പോള്‍ ഞങ്ങള്‍ക്കു ചങ്കിടിപ്പാണ്. റണ്‍സ് വാരിക്കൂട്ടാന്‍ ജോണ്‍ റൈറ്റ്, കെന്‍ റഥര്‍ഫോര്‍ഡ്, ജെഫ് ക്രോ, മാര്‍ട്ടിന്‍ ക്രോ എന്നീ നാലു മഹാരഥന്മാര്‍. കുറ്റികള്‍ എറിഞ്ഞു വീഴ്ത്താന്‍ റിച്ചാര്‍ഡ് ഹാഡ്ലിയെയും ഡാനി മോറിസനെയും പോലുള്ളവര്‍. പക്ഷേ, ഇവരില്‍ ഏറ്റവും ഭയപ്പെടുത്തിയത് മാര്‍ട്ടിന്‍ ക്രോ തന്നെ. മുഖത്ത് സദാ ശാന്തഭാവമാണെങ്കിലും ഏതു പന്തിനെയും ബാറ്റുകൊണ്ട് പിച്ചിച്ചീന്താനുള്ള നിശ്ചയദാര്‍ഢ്യം കണ്ണുകളില്‍ പ്രകടം. ഫീല്‍ഡില്‍ സദാ ജാഗരൂകന്‍.

നായകനായിരുന്ന ജെഫ് ക്രോ എന്ന ജ്യേഷ്ഠന്റെ നിഴലിലായിരുന്നു മാര്‍ട്ടിന്‍ ആദ്യം. എന്നാല്‍, പ്രതിഭയുടെ പിന്‍ബലത്തില്‍ താമസിയാതെ മാര്‍ട്ടിന്‍ വളര്‍ന്നു. കോപ്പിബുക്ക് ഷോട്ടുകളുടെ പേരില്‍ രാഹുല്‍ ദ്രാവിഡിനെ ലോകം വാഴ്ത്തുമ്പോഴും ‘സ്റ്റൈല്‍ മന്നന്‍’ എന്നു ഞാന്‍ വിശേഷിപ്പിക്കുക മാര്‍ട്ടിനെത്തന്നെ. അദ്ദേഹത്തിന്റെ ഓരോ ഷോട്ടിനും അതിന്റേതായ ക്ലാസ്സുണ്ടായിരുന്നു. കുറച്ചുകാലം മാത്രമാണ് അദ്ദേഹം കിവി ടീമിന്റെ നായകനായിരുന്നതെങ്കിലും ഏറ്റവും മികച്ച നായകരിലൊരാളായി വാഴ്ത്തപ്പെട്ടു. ദീപക് പട്ടേല്‍ എന്ന ഓഫ് സ്പിന്നറെക്കൊണ്ട് ബൗളിങ് ഓപ്പണ്‍ ചെയ്യിക്കുക -1992 ലോകകപ്പില്‍ ന്യൂസീലന്‍ഡിന് തുടര്‍വിജയങ്ങള്‍ സമ്മാനിച്ച തന്ത്രങ്ങളിലൊന്ന് അതായിരുന്നു. മാര്‍ക്ക് ഗ്രേറ്റ്ബാച്ച് എന്ന് വെട്ടുവീരനെ ഓപ്പണറാക്കി എതിര്‍ ബൗളിങ്ങിന്റെ താളംതെറ്റിച്ചതും മാര്‍ട്ടിന്റെ കൃശാഗ്ര ബുദ്ധിതന്നെ. അധികമാരും പരീക്ഷിക്കാന്‍ തയ്യാറാവാത്ത ഈ തന്ത്രങ്ങള്‍ മാത്രം മതി മാര്‍ട്ടിന്റെ നേതൃമികവിന് തെളിവായി.

ന്യൂസീലന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായിരുന്നു മാര്‍ട്ടിന്‍ ക്രോ എന്ന കാര്യത്തില്‍ സംശയമില്ല. കേളീശൈലി പ്രകാരവും കണക്കു പ്രകാരവും അത് അങ്ങനെ തന്നെ. അദ്ദേഹം ഭൂമിയെന്ന കളിക്കളത്തില്‍ നിന്ന് റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു മടങ്ങി. വെറും 53 വയസ്സായിരുന്നു പ്രായം. അര്‍ബുദം എത്ര മാരകമായ രോഗമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു. മനുഷ്യജീവിതം എത്ര നശ്വരമാണെന്നും…

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights