HomeLIFEനന്മയുടെ രക്ത...

നന്മയുടെ രക്തസാക്ഷി

-

Reading Time: 4 minutes

നീരജ ഭനോട്ടിനെ നാമറിയും. സമാധാനവേളയില്‍ ധീരതയ്ക്കുള്ള ഇന്ത്യയുടെ പരമോന്നത ബഹുമതിയായ അശോക ചക്രം നേടിയ ഏക വനിത. 360 വിമാനയാത്രക്കാരുടെ ജീവന്‍ റാഞ്ചികളില്‍ നിന്നു രക്ഷിക്കാന്‍ സ്വയം ബലിയര്‍പ്പിച്ച പെണ്‍കുട്ടി. നീരജ ഓര്‍മ്മയായിട്ട് 30 വര്‍ഷം തികയുന്നു. നീരജ റാഞ്ചികളുടെ വെടിയേറ്റു മരിക്കുമ്പോള്‍ ഞാന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം പൊടുന്നനെ അവര്‍ വീണ്ടും ഓര്‍മ്മകളിലേക്ക് കടന്നു വന്നു -സോനം കപൂര്‍ നായികയായ ‘നീരജ’ എന്ന ബോളിവുഡ് സിനിമയിലൂടെ. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു എന്നത് പറയേണ്ട കാര്യമില്ലല്ലോ.

എന്താണ് നീരജയെ വ്യത്യസ്തയാക്കുന്നത്? സഹജീവികള്‍ക്കു വേണ്ടി സ്വയം ബലിയര്‍പ്പിക്കാനുള്ള മനഃസ്ഥിതി തന്നെ. 1986 സെപ്റ്റംബര്‍ അഞ്ചിന് മുംബൈയില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെട്ട പാന്‍ ആം ഫ്‌ളൈറ്റ് 73ന്റെ നിയന്ത്രണം കറാച്ചി വിമാനത്താവളത്തില്‍ വെച്ച് റാഞ്ചികള്‍ കൈയടക്കുന്നു. വിമാനത്തില്‍ 361 യാത്രക്കാരും 19 ജീവനക്കാരുമടക്കം 380 പേര്‍. ലിബിയന്‍ പിന്തുണയുള്ള ഭീകരസംഘടന അബു നിദാലില്‍ പെട്ടവരായിരുന്നു റാഞ്ചികള്‍. തങ്ങളുടെ കൂട്ടാളികളെ തടങ്കലില്‍ നിന്നു മോചിപ്പിക്കാന്‍ അവര്‍ക്ക് വിമാനം സൈപ്രസ്സിലേക്കു കൊണ്ടു പോകണമായിരുന്നു. റാഞ്ചികള്‍ കയറിയ വിവരം നീരജ രഹസ്യമായി കോക്പിറ്റില്‍ അറിയിച്ചു. ചട്ടപ്രകാരമുള്ള നടപടിയെന്ന നിലയില്‍ അമേരിക്കക്കാരായ പൈലറ്റ്, കോ-പൈലറ്റ്, ഫ്‌ളൈറ്റ് എന്‍ജിനീയര്‍ എന്നിവര്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ നിന്ന് കയറില്‍ തൂങ്ങി ചാടി രക്ഷപ്പെട്ടു. വിമാനം പറപ്പിക്കുന്നത് അസാദ്ധ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.

Dubai 4
നീരജ ഭനോട്ട്

കോക്പിറ്റ് മേധാവികള്‍ പോയതോടെ വിമാനത്തിന്റെ ചുമതല ബാക്കിയുള്ളവരിലെ മുതിര്‍ന്ന ജീവനക്കാരായിയായ നീരജയ്ക്കായി. അമേരിക്കക്കാരായിരുന്നു ഭീകരരുടെ ലക്ഷ്യം. റാഞ്ചലിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ അവര്‍ ഒരു അമേരിക്കക്കാരനെ തിരിച്ചറിയുകയും വാതിലിനടുത്തേക്ക് വലിച്ചുകൊണ്ടു പോയി വെടിവെച്ചു കൊല്ലുകയും മൃതദേഹം ടാര്‍മാക്കിലേക്കു വലിച്ചെറിയുകയും ചെയ്തു. വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും പാസ്‌പോര്‍ട്ട് വാങ്ങി നല്‍കാന്‍ നീരജയോടും മറ്റു ജീവനക്കാരോടും ഭീകരര്‍ നിര്‍ദ്ദേശിച്ചു. അമേരിക്കക്കാരാണ് ലക്ഷ്യമെന്നു മനസ്സിലാക്കിയ നീരജയും കൂട്ടാളികളും വിമാനത്തിലുണ്ടായിരുന്ന 41 അമേരിക്കക്കാരുടെയും പാസ്‌പോര്‍ട്ടുകള്‍ ഒളിപ്പിച്ചു. അതിനാല്‍തന്നെ ഭീകരര്‍ക്ക് അമേരിക്കക്കാരെയും അല്ലാത്തവരെയും തിരിച്ചറിയാനാവാത്ത സ്ഥിതിയുണ്ടായി.

dubai 6
നീരജ ഭനോട്ട്

റാഞ്ചല്‍ നാടകം 17 മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഭീകരര്‍ ഛന്നംപിന്നം വെടിയുതിര്‍ക്കുകയും സ്‌ഫോടകവസ്തുക്കള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. രണ്ടു കല്പിച്ച് അടിയന്തര വാതില്‍ തുറന്ന നീരജ യാത്രക്കാരെ അതിലൂടെ പുറത്തേക്കിറക്കി. രക്ഷാമാര്‍ഗ്ഗത്തിലൂടെ ആദ്യം പുറത്തിറങ്ങാനുള്ള അവസരമുണ്ടായിട്ടും അവരതു ചെയ്തില്ല. ഒടുവില്‍ അമേരിക്കക്കാരായ മൂന്നു കുട്ടികള്‍ക്കുനേരെ വന്ന വെടിയുണ്ടകള്‍ ചെറുക്കാന്‍ സ്വയം മറയായി മാറിയ നീരജ രക്തസാക്ഷിയായി. വിമാനത്തിലുണ്ടായിരുന്ന 41 അമേരിക്കക്കാരില്‍ രണ്ടു പേര്‍ക്കു മാത്രമേ ജീവന്‍ നഷ്ടമായുള്ളൂവെങ്കില്‍ അത് നീരജ പ്രകടിപ്പിച്ച സമചിത്തതയുടെ ഫലമാണ്. നീരജയടക്കം മൊത്തം 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയും പാകിസ്താനുമടക്കമുള്ള രാജ്യങ്ങള്‍ മരണാനന്തര ബഹുമതികള്‍ നല്‍കി നീരജയെ ആദരിച്ചു. മരിക്കുമ്പോള്‍ 22 വയസ്സു മാത്രമായിരുന്നു നീരജയുടെ പ്രായം.

Dubai 8
ജാസിം ഈസ മുഹമ്മദ് ഹസ്സന്‍

നീരജയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. സാഹചര്യങ്ങള്‍ സമാനമല്ലെങ്കിലും സഹജീവികളെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിനിടെ ഒരു ചെറുപ്പക്കാരന്‍ കഴിഞ്ഞ ദിവസം ജീവന്‍ വെടിഞ്ഞു. റാസല്‍ഖൈമ സ്വദേശിയായ 27കാരന്‍ ജാസിം ഈസ മുഹമ്മദ് ഹസ്സന്‍. ലോകത്തിന്റെ പല ഭാഗങ്ങളിലായി പലരും ഇത്തരം ത്യാഗങ്ങള്‍ അനുഷ്ഠിക്കുന്നുണ്ടാവാം. നമ്മളറിയുന്നില്ല എന്നു മാത്രം. എന്നാല്‍, ഹസ്സന്റെ പരമോന്നത ത്യാഗം നമ്മുടെ പരിഗണനാവിഷയമാകുന്നതിനു കാരണം അതിന്റെ ഗുണഭോക്താക്കളായ 300 പേരില്‍ ഭൂരിഭാഗവും മലയാളികളാണ് എന്നതു തന്നെ. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഇ.കെ.521 വിമാനം അപകടത്തില്‍പ്പെട്ടപ്പോഴാണ് ജാസിം രക്ഷകനായത്. വിമാനത്തിലെ 282 യാത്രക്കാരില്‍ 226 പേരും ഇന്ത്യക്കാരായിരുന്നു. ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുമ്പോള്‍ ഇത്തരമൊരു ദുരന്തം ആരും മുന്‍കൂട്ടി കണ്ടിട്ടുണ്ടാവില്ല.

ദുബായ് സമയം ഉച്ചയ്ക്ക് 12.50ന് വിമാനം ദുബായ് ടെര്‍മിനല്‍ -മൂന്നില്‍ ഇറക്കാന്‍ നോക്കുമ്പോള്‍ ലാന്‍ഡിങ് ഗിയറിന് പ്രശ്‌നം. ശരിക്കു നിലത്തിറക്കാന്‍ കഴിയാതെ വിമാനം റണ്‍വേയിലുരഞ്ഞ് മുന്നോട്ടു നീങ്ങി. ഒരുതരം ക്രാഷ് ലാന്‍ഡിങ് തന്നെ. വിമാനത്തിന്റെ ചലനം നിലച്ചയുടനെ അടിയന്തര വാതിലുകള്‍ വഴി ഉടന്‍ പുറത്തിറങ്ങാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. യാത്രക്കാരെ പുറത്തിറക്കുന്നതിനു മുന്‍കൈയെടുത്തവരില്‍ ഒരാളായിരുന്നു ജാസിം ഈസ മുഹമ്മദ് ഹസ്സന്‍. നട്ടുച്ചയ്ക്ക് 48 ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപൊള്ളുന്ന റണ്‍വേയിലായിരുന്നു ജാസിം അടക്കമുള്ളവരുടെ രക്ഷാപ്രവര്‍ത്തനം. അപ്പോഴേക്കും വിമാനത്തിന്റെ ഒരു ഭാഗത്ത് തീ പടര്‍ന്നു തുടങ്ങിയിരുന്നു. ഇതിനിടെ ജാസിമിന് പരിക്കേറ്റു. പരിക്ക് വകവെയ്ക്കാതെ വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെടുക്കുന്ന പ്രവര്‍ത്തനം ആ യുവാവ് തുടര്‍ന്നു. എല്ലാ യാത്രക്കാരെയും പുറത്തെത്തിച്ചു കഴിഞ്ഞപ്പോഴേക്കും ജാസിം അവശനായിരുന്നു. യാത്രക്കാര്‍ ഇറങ്ങിയതിനു തൊട്ടുപിന്നാലെ വിമാനം വലിയ പൊട്ടലോടെ കത്തി. ജാസിമിനെ ആസ്പത്രിയിലേക്കു മാറ്റിയെങ്കിലും ആ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. താന്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി അവന്‍ ജീവന്‍ വെടിഞ്ഞു. വിനാശം വിതയ്ക്കാന്‍ ജീവന്‍ ബലിയര്‍പ്പിക്കുന്ന ചാവേറുകള്‍ വാഴുന്ന ലോകത്ത് നൂറു കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വയം ബലിയായ ജാസിമിനെപ്പോലുള്ളവര്‍ പ്രതീക്ഷയാകുന്നു.

Dubai (2).jpg

ജാസിമിന്റെ ത്യാഗം വിഫലമാവാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. എയര്‍ ഇന്ത്യയിലെ ഒരു സുഹൃത്താണ് കാര്യം ചൂണ്ടിക്കാട്ടിയത്. എമിറേറ്റ്‌സ് വിമാനം ഇടിച്ചിറക്കിയ ശേഷമുള്ള വീഡിയോ പുറത്തുവന്നത് കണ്ടശേഷമാണ് അദ്ദേഹം ചില കാര്യങ്ങള്‍ പറഞ്ഞത്. വിമാനയാത്രയ്ക്കിടെ നമ്മളോരൊരുത്തരും ശ്രദ്ധിക്കേണ്ട കാര്യമാണ് എന്നു തോന്നുന്നതിനാല്‍ അതുകൂടി ഇവിടെ കുറിച്ചിടുകയാണ്. വിമാനം ഇടിച്ചിറക്കേണ്ട സാഹചര്യമുണ്ടായാല്‍ എത്രയും പെട്ടെന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനു പകരം ക്യാബിന്‍ ബാഗും ലാപ്‌ടോപ്പും ഒക്കെ എടുക്കുവാനായി തിരക്കുകൂട്ടുന്നതാണ് നമ്മളില്‍ പലരുടെയും രീതി. അവസാനനിമിഷം കൈയില്‍ കിട്ടുന്നതെങ്കിലും പോരട്ടെ എന്ന ചിന്താഗതിയാണ്. എത്രമാത്രം അപകടകരമാണ് ഈ നിലപാടെന്ന് നമുക്കറിയില്ല.

Dubai 5.jpg

എമിറേറ്റ്‌സ് വിമാനം ഇടിച്ചിറക്കിയപ്പോള്‍ ക്യാബിന്‍ ക്രൂവില്‍ ഒരാള്‍ ‘get out soon and leave your baggage behind’ എന്നു പറഞ്ഞ് യാത്രക്കാരുടെ പിന്നാലെ പായുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഒരു വിമാനം ക്രാഷ് ലാന്‍ഡ് ചെയ്താല്‍ അതിനു ശേഷമുള്ള ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതാണെന്ന് അറിയാത്തവരായിരുന്നു ഭൂരിഭാഗവും. ക്യാബിന്‍ ബാഗും ലാപ്‌ടോപ്പുമൊക്കെ എടുക്കാന്‍ ചെലവിടുന്ന ഓരോ നിമിഷവും പിന്നിലുള്ളവരുടെ ജീവന് ഭീഷണി വര്‍ദ്ധിപ്പിക്കുന്നതാണ്. ജീവനോടെ പുറത്തെത്തിയാല്‍ മറ്റെന്തും നേടാനാവുമെന്നത് മറക്കുന്നു. ഒരു അത്യാഹിതം സംഭവിച്ചാല്‍ ഓര്‍ക്കുക, നമ്മുടെ ജീവനെക്കാള്‍ വലുതായി ഒന്നുമില്ല.

Dubai (3).jpg

നമ്മള്‍ സഞ്ചരിക്കുന്ന വിമാനം അപകടത്തില്‍പ്പെടാതിരിക്കട്ടെ. അത്തരമൊവസരം നിര്‍ഭാഗ്യവശാല്‍ നേരിടേണ്ടി വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷ സംബന്ധിച്ച അറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കുകയും പുറത്തേക്കുള്ള വാതിലുകള്‍ എവിടെയൊക്കെയാണെന്നു നോക്കിവെയ്ക്കുകയുമാണ് പ്രധാനപ്പെട്ടവ. വാതിലിലേക്കുള്ള ദൂരം സീറ്റുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതായിരിക്കും അഭികാമ്യം. ദുബായില്‍ സംഭവിച്ചതുപോലെ പുക നിമിത്തം കാഴ്ച തടസ്സപ്പെട്ടാല്‍ സീറ്റില്‍ തൊട്ടെണ്ണി വാതിലിലെത്താം. അപകടവേളയില്‍ നിലവിളിച്ചു ബഹളമുണ്ടാക്കിയാല്‍ അറിയിപ്പുകള്‍ കേള്‍ക്കാനാവാതെ വരുമെന്നു മാത്രമല്ല പരിഭ്രാന്തി കൂടിയാല്‍ നമ്മുടെ പ്രതികരണശേഷി നഷ്ടപ്പെടാനുമിടയുണ്ട്.

അപകടമുണ്ടായാല്‍ വെറും കൈയോടെ ഇറങ്ങുന്നതാണ് ഏറ്റവും സുരക്ഷിതം. ബാഗേജ്, ലാപ്‌ടോപ്പ് എന്നിവയെല്ലാം ഉപേക്ഷിക്കാം. കുട്ടികളുണ്ടെങ്കില്‍ അവരെ നമുക്കു തൊട്ടുപിന്നിലായി കൈപിടിച്ചു നടത്തുക. കൈക്കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ ചുവടുകള്‍ ശ്രദ്ധിച്ചുവെയ്ക്കുക. കുനിഞ്ഞു നടന്നാല്‍ പുക ഒഴിവാക്കാം. ഏതൊരു വിമാനവും ക്രാഷ് ലാന്‍ഡിങ് കഴിഞ്ഞാല്‍ രണ്ടു മിനിറ്റ് ഗോള്‍ഡന്‍ പിരീഡുണ്ട്. ഇതിനകം വിമാനത്തില്‍ നിന്നു പുറത്തുകടക്കുക എന്നതു മാത്രമല്ല, കുറഞ്ഞത് 150 മീറ്റര്‍ ദൂരത്തേക്കെങ്കിലും ഓടിമാറുക എന്നതുമുണ്ട്. ഇന്ധനടാങ്കിനു തീപിടിച്ചാല്‍ പൊട്ടിത്തെറി സംഭവിക്കാം എന്നതിനാലാണ് ഇതു പറയുന്നത്.

Dubai (1)
ജാസിം ഈസ മുഹമ്മദ് ഹസ്സന്‍

തിരുവനന്തപുരത്ത് നിന്ന് എമിറേറ്റ്‌സ് ഇ.കെ.521 വിമാനത്തില്‍ ദുബായിലെത്തി സുരക്ഷിതമായി പുറത്തിറങ്ങിയവര്‍ ഓര്‍ക്കുക, നിങ്ങള്‍ അങ്ങേയറ്റം ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. ജാസിം എന്ന യുവാവിന്റെ ത്യാഗമാണ് നിങ്ങളുടെ ജീവന്‍. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവം ചെയ്യാതിരിക്കാന്‍ ആ ചിന്ത നിങ്ങളെ പ്രാപ്തരാക്കും.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights