അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ വകുപ്പ് 19ല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ അതിര് എത്രമാത്രമുണ്ടെന്നും ഭരണഘടനയില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, പലരും ഇപ്പോള്‍ ഭരണഘടന തപ്പുന്നത് വലിച്ചുകീറാന്‍ വേണ്ടി മാത്രമാണ്. അഭിപ്രായം പറയാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനെതിരായ പ്രതിഷേധവും സൈനികരുടെ മഹത്തായ ത്യാഗവും തമ്മിലെന്താണ് ബന്ധം എന്നു മനസ്സിലാവുന്നില്ല. സൈനികരുടെ ത്യാഗം ഇന്ത്യയിലെ ജനങ്ങള്‍ക്കുവേണ്ടിയാണ്. അവരുടെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനു വേണ്ടിയാണ്. സ്വാതന്ത്ര്യത്തില്‍ അഭിപ്രായസ്വാതന്ത്ര്യവും ഉള്‍പ്പെടും.
സൈനികന്റെ ത്യാഗം ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരവും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിയുടെ ഓഫീസും പോലുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയല്ല. ഈ കെട്ടിടങ്ങളിലടക്കം രാജ്യത്തിന്റെ വിവിധ ഭാവങ്ങളില്‍ ജീവിക്കുന്ന, ശ്വസിക്കുന്ന രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഞാനും നിങ്ങളുമടക്കമുള്ള മനുഷ്യര്‍ക്കുവേണ്ടിയാണ്. ഇവിടത്തെ മനുഷ്യര്‍ മുഴുവന്‍ ഈ പ്രദേശങ്ങളും കെട്ടിടങ്ങളും ഉപേക്ഷിച്ച് അന്റാര്‍ട്ടിക്കയിലേക്കോ ചന്ദ്രനിലേക്കോ കുടിയേറിയാല്‍ സൈനികന്‍ ഇവിടെ കാവല്‍ നില്‍ക്കുമോ? അതോ ജനങ്ങള്‍ ഉള്ളിടത്തേക്കു മാറുമോ?
രാജ്യത്തെ ധീരന്മാരായ ഓരോ സൈനികനും തന്റെ ജീവന്‍ നല്‍കി സംരക്ഷിക്കുന്ന സ്വാതന്ത്ര്യം ഭരണകൂടവും അതിന്റെ താളത്തിനൊത്തു തുള്ളുന്ന പോലീസും കവര്‍ന്നെടുക്കുന്നു. അപ്പോള്‍ ആരാണ് സൈനികന്റെ ത്യാഗത്തെ അപമാനിക്കുന്നത്? സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് പറയുന്നവരോ? അതോ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നവരോ? സ്വതന്ത്ര അഭിപ്രായപ്രകടനം വിലക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. ഭേദഗതിക്ക് ഒരുപാട് കടമ്പകളുണ്ട്, ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്രയെളുപ്പം കടക്കാനാവാത്ത കടമ്പകള്‍. അങ്ങനെ വരുമ്പോള്‍ ഭേദഗതിക്കു പകരം ഭീഷണി ഭരണകൂടത്തിന്റെ ആയുധമാകുന്നു. അത്രമാത്രം…
ഇവിടെ പലര്‍ക്കും ഇന്ത്യയെന്നാല്‍ ഭൂപടം മാത്രമാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഇന്ത്യയെന്നാല്‍ ഇവിടത്തെ ശതകോടി ജനങ്ങളാണ്. അവര്‍ക്ക് ജീവിക്കാനുള്ള ഭൂമിയാണ് ഭൂപടത്തില്‍ രേഖപ്പെടുക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാരും സൈനികരും മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും മുതല്‍ ഒരു നിമിഷം മുമ്പ് പിറന്നുവീണ കുഞ്ഞുവരെ ഈ പറയുന്ന ജനങ്ങളില്‍ ഉള്‍പ്പെടും. എല്ലാവരും സമഭാവനയോടെ സഹവര്‍ത്തിക്കുന്ന രാഷ്ട്രമാകണം ഇന്ത്യ. സഹവര്‍ത്തിത്വത്തിനെതിരെ ഉയരുന്ന എല്ലാ ഭീഷണികളും ചോദ്യം ചെയ്യപ്പെടണം, എതിര്‍ക്കപ്പെടണം. പക്ഷേ, ബ്രിട്ടീഷുകാരന്‍ പഠിപ്പിച്ച പഴയ തന്ത്രമാണ് ഇവിടെ വിജയിക്കുന്നത്, DIVIDE AND RULE!! ഇപ്പോള്‍ ഇന്ത്യക്കാരെ രാജ്യസ്‌നേഹികളും രാജ്യദ്രോഹികളുമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു.
മോഹന്‍ലാല്‍ മഹാനടനാണ്. പക്ഷേ, അറിഞ്ഞോ അറിയാതെയോ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നോക്കുന്നവര്‍ക്കൊപ്പം അദ്ദേഹം ചേര്‍ന്നിരിക്കുന്നു. ഇത് അപകടമാണ്. ഒരു നടനെന്ന നിലയില്‍ സമൂഹത്തില്‍, അല്ലെങ്കില്‍ ആരാധകര്‍ക്കിടയില്‍ ഉള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ്. നേരത്തേ ഇട്ട ചില പോസ്റ്റുകളുടെ പേരില്‍ എന്നെ ചിലര്‍ രാജ്യദ്രോഹിയെന്നു വിശേഷിപ്പിച്ചുകണ്ടു. മോഹന്‍ലാലിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തതിന്റെ പേരിലും ഞാന്‍ രാജ്യദ്രോഹിയായി. അഭിപ്രായം രേഖപ്പെടുത്തുന്നത് അത് യോജിപ്പാകട്ടെ വിയോജിപ്പാകട്ടെ രാജ്യദ്രോഹമാണെങ്കില്‍ അതു ഞാന്‍ സ്വീകരിക്കുന്നു. രാജ്യസ്‌നേഹത്തെക്കുറിച്ച് പറയാന്‍ എനിക്ക് മോഹന്‍ലാലിനെക്കാള്‍ യോഗ്യതയുണ്ടെന്ന ആ യോഗ്യത പൈതൃകമായി ലഭിച്ചതാണ് തികഞ്ഞ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്റെ വിമര്‍ശനം.
മോഹന്‍ലാല്‍ പറയുന്ന സൈനികന്റെ ത്യാഗം അത് ജീവത്യാഗം മാത്രമല്ല. പരിക്കേറ്റ് ജീവിതകാലം മുഴുവന്‍ വേദന തിന്ന് ജീവിക്കേണ്ടി വരുന്നത് നൈമിഷികമായ മരണത്തെക്കാള്‍ ഭീകരമാണ്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത് കാലില്‍ ഷെല്‍ തറഞ്ഞുകയറി ഇപ്പോള്‍ നടക്കാന്‍ പോലും ബുദ്ധിമുട്ടി തീരാവേദനയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ എന്റെ വീട്ടിലുണ്ട് എന്റെ അച്ഛന്‍. സിനിമയിലും പിന്നീട് ലെഫ്റ്റനന്റ് കേണല്‍ എന്ന അലങ്കാരത്തിനും മോഹന്‍ലാല്‍ അണിഞ്ഞ സൈനിക യൂണിഫോം ജീവിതത്തിന്റെ വലിയൊരു ഭാഗം അണിഞ്ഞുനടന്ന്, ലേയിലെ ലഡാക്കിലെയും കൊടുംതണുപ്പില്‍ കാവല്‍ നിന്ന്, പിന്നീട് ബംഗ്ലാദേശായി മാറിയ കിഴക്കന്‍ പാകിസ്താനില്‍ ശത്രുസൈനികരെ കൊന്നൊടുക്കാന്‍ നിര്‍ബന്ധിതനായ ഒരു പാവം പട്ടാളക്കാരന്‍. സൈനിക സേവനത്തിന്റെ പേരില്‍ ഒരു രൂപ പെന്‍ഷന്‍ പോലും അച്ഛനു കിട്ടുന്നില്ല എന്നത് വേറെ കാര്യം. സൈനികന്റെ ത്യാഗത്തെക്കുറിച്ചു പറയുന്ന ഭരണകൂടം തീര്‍ത്ത ചുവപ്പുനാടകള്‍ തന്നെ കാരണം.
തീര്‍ത്തും ശാന്തസ്വഭാവക്കാരനാണ് എന്റെ അച്ഛന്‍. ‘അച്ഛന്‍ കൊന്നിട്ടുണ്ടോ’ എന്ന് അവിശ്വാസത്തോടെ ചോദിച്ച കുട്ടിയായ എനിക്ക് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു ‘നമ്മള്‍ കൊന്നില്ലെങ്കില്‍ അവന്‍ നമ്മളെ കൊല്ലും’. ‘അവന്‍’ എന്നാല്‍ ശത്രുരാജ്യത്തിന്റെ സൈനികന്‍. രാജ്യത്തിനുവേണ്ടി പോരാടിയതില്‍ അഭിമാനിക്കുന്നയാളാണ് അച്ഛനെങ്കിലും അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ നിന്ന് യുദ്ധവിരുദ്ധ വികാരമാണ് എന്റെ ഉള്ളില്‍ വളര്‍ന്നത്. ഭരണകൂടം നിര്‍ബന്ധിച്ചു ചെയ്യിക്കുന്ന യുദ്ധത്തില്‍ നഷ്ടം ജീവന്‍ ത്യജിക്കുന്ന പട്ടാളക്കാരനും അവന്റെ വീട്ടുകാര്‍ക്കും മാത്രമാണെന്ന തിരിച്ചറിവാണ് എന്നെ യുദ്ധവിരുദ്ധനാക്കിയത്. ഡല്‍ഹിയിലെയും ഇസ്‌ലാമാബാദിലെയും കൃത്രിമമായി ശീതീകരിച്ച മുറികളിലിരുന്ന് രാഷ്ട്രീയമേലാളന്മാര്‍ തങ്ങള്‍ക്കു നേട്ടമുണ്ടാകുന്ന തീരുമാനങ്ങളെടുക്കുമ്പോള്‍ ശവപ്പെട്ടി വാങ്ങിക്കൂട്ടുന്നതുള്‍പ്പെടെ നഷ്ടം കൊടുംതണുപ്പും മഴയും വെയിലും സഹിച്ച്, പ്രകൃതിയെപ്പോലും വെല്ലുവിളിച്ച് രാജ്യത്തെ സേവിക്കുന്ന പാവം പട്ടാളക്കാരനു മാത്രം. പട്ടാളക്കാരന്‍ ഇന്ത്യനാവാം, പാകിസ്താനിയാവാം.
ഇതെഴുതുമ്പോള്‍ പാംപോറില്‍ തീവ്രവാദികളുമായി സൈന്യം നടത്തുന്ന പോരാട്ടത്തിന്റെ വാര്‍ത്ത ടെലിവിഷന്‍ സ്‌ക്രീനില്‍ വന്നുകൊണ്ടിരിക്കുന്നു. 2 യുവ ക്യാപ്റ്റന്മാരടക്കം 5 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. തീവ്രവാദത്തെ ഉന്മൂലനം ചെയ്യണം അത് ഏതു രൂപത്തിലായാലും. അവിടെ ഒരു മാനദണ്ഡമേയുള്ളൂ ‘നമ്മള്‍ കൊന്നില്ലെങ്കില്‍ അവന്‍ നമ്മളെ കൊല്ലും’. കുത്താന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. SURVIVAL OF THE FITTEST. പക്ഷേ, കൊല്ലുന്നത് നമ്മുടെ സ്വത്തിനു ജീവനും ഭീഷണിയുയര്‍ത്തുന്ന തീവ്രവാദിയെ ആയിരിക്കണം. ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാനോ, അജന്‍ഡ നടപ്പാക്കാനോ ഏതെങ്കിലും നിരപരാധിയെ പിടിച്ച് തീവ്രവാദിയാക്കരുത്. കനയ്യ കുമാര്‍മാരും ഉമര്‍ ഖാലിദുമാരും തീവ്രവാദികളാക്കപ്പെടുന്നത് അജന്‍ഡയുടെ ഭാഗമാണെന്ന് പകല്‍ പോലെ വ്യക്തം. അതിനുവേണ്ടി എന്തു കള്ളത്തെളിവും ഭരണകൂടം സൃഷ്ടിക്കും. അതു മനസ്സിലാക്കാതെ ഭരണകൂടത്തിന് കുഴലൂതരുത്.
ത്യാഗികളായ സൈനികര്‍ അതിര്‍ത്തി കാക്കുന്നു എന്നതിനാല്‍ രാജ്യത്തിനകത്ത് അഭിപ്രായസ്വാതന്ത്ര്യം പാടില്ല എന്നാണോ? എന്റെ കുളിമുറിയില്‍ ഹീറ്ററില്ല. വീട്ടില്‍ ഫയര്‍സൈഡില്ല. വിസ്‌കി ഉപയോഗിക്കാറുമില്ല. ഇന്ത്യക്കാര്‍ എല്ലാവരും അങ്ങനെയാണ് ജീവിക്കുന്നത് എന്ന് മോഹന്‍ലാല്‍ കരുതുന്നുവെങ്കില്‍ പരിതപിക്കുകയേ നിവൃത്തിയുള്ളൂ. ഒരു പക്ഷേ, ഇതൊന്നുമില്ലാത്തതിനാലാവാം ഞങ്ങള്‍ കുറഞ്ഞപക്ഷം അഭിപ്രായസ്വാതന്ത്യമെങ്കിലും കൊതിക്കുന്നത്.
വിയോജിക്കാനുള്ള സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി സ്‌നേഹത്തോടെ മോഹന്‍ലാലിന്റെ ഒരു പാവം ആരാധകന്‍
-ശ്യാംലാല്‍