കോടികള്‍ വാരിക്കൂട്ടി കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍. ഏതൊരാളെയും മത്തുപിടിപ്പിക്കുന്ന വിജയം. പക്ഷേ, ഉയരങ്ങളിലേക്കുള്ള പ്രയാണം വിമലിനെ കൂടുതല്‍ വിനയാന്വിതനാക്കിയിരിക്കുകയാണോ? അതെ എന്നു ഞാന്‍ പറയും.
ഇന്നലെ രാത്രി തിരുവനന്തപുരം കൈരളി തിയേറ്ററിനു പുറത്ത് നടന്നത്:
‘എന്നു നിന്‍റെ മൊയ്തീന്‍’ കണ്ടിറങ്ങുന്നവരുടെ പ്രതികരണമറിയാന്‍ വിമലും ഞാനും ഹാജര്‍. സിനിമ വിട്ടിറങ്ങിയവരില്‍ പലരും സംവിധായകനെ നോക്കുന്നുണ്ട്, ‘ഇവനെ എങ്കെയോ പാത്ത മാതിരി’ ഭാവത്തില്‍.
ഏതാണ്ട് തിരക്കൊഴിഞ്ഞപ്പോള്‍ പുറത്തേക്കുവന്ന അതിസുന്ദരിയായ ഒരു യുവതി വിമലിനെ നോക്കി. അവള്‍ സമ്മാനിച്ചത് മനോഹരമായ പുഞ്ചിരി.
അവള്‍ കൂടെയുണ്ടായിരുന്ന യുവാവിനോടു പറഞ്ഞു -അതാണ് ഡയറക്ടര്‍.
യുവാവ് വിമലിനെ നോക്കി -ഹേയ്, അതൊന്നുമല്ല.
യുവതി വിടാന്‍ ഭാവമില്ല -ഞാന്‍ ടിവിയില്‍ കണ്ടതാ.
യുവാവിന്റെ നോട്ടം വീണ്ടും വിമലിലേക്ക്. എന്നിട്ട് പുച്ഛത്തില്‍, അല്പം ഉറക്കെത്തന്നെ -ഹേയ് ഇത് അയാളൊന്നുമല്ല. ഇത്രയും വലിയ സിനിമയുടെ സംവിധായകന്‍ ഇവിടെ വന്നിങ്ങനെ നില്ക്കുവല്ലേ. ഒന്നു പോയേ.
വാതില്‍ കടന്നു പോകും മുന്പ് ആ യുവതി ഒരിക്കല്‍ക്കൂടി വിമലിനെ നോക്കി, വിശ്വാസം വരാത്തതുപോലെ.
ഇതെല്ലാം കണ്ടുനിന്ന എനിക്കും കൈരളി തിയേറ്റര്‍ മാനേജര്‍ രാധാകൃഷ്ണന്‍ ചേട്ടനും എന്തു ചെയ്യണമെന്നറിയില്ല. ഞങ്ങള്‍ വിമലിന്‍റെ മുഖത്തേക്കു നോക്കിയത് ഒരേസമയം. അവിടെ മാത്രം ഭാവഭേദങ്ങളില്ല.
പ്രശസ്തനായ ഒരു സംവിധായകന്‍ ഇങ്ങനെ അജ്ഞാതനായി നില്‍ക്കില്ലെന്ന് ഉറച്ചുവിശ്വസിച്ച ആ യുവാവിനെ കുറ്റം പറയാനാവുമോ? പക്ഷേ, വിമല്‍ അങ്ങനെയാണ്. ഈ ലാളിത്യമില്ലെങ്കില്‍ വിമല്‍ ഇല്ല.
പ്രിയ കൂട്ടുകാരാ, നീ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. എനിക്ക് നിന്നില്‍ നിന്നേറെ പഠിക്കാനുണ്ട് -തലക്കനം ബാധിക്കാതെ ജീവിക്കുന്നതിനെക്കുറിച്ച്..