കോളേജ് അദ്ധ്യാപികയാണ് ഭാര്യ ദേവിക. വേനലവധി രണ്ടു മാസമുണ്ട്. എവിടേക്കെങ്കിലും കുടുംബസമേതം യാത്ര പോകണം എന്ന ഒരു ചെറിയ ആഗ്രഹം മാത്രമാണ് അവര്‍ പ്രകടിപ്പിച്ചത്. ആഗ്രഹം ചെറുതാണെങ്കിലും നടക്കില്ല എന്നുറപ്പ്. കാരണം ഞാന്‍ നിലം തൊടാത്ത ഓട്ടത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു. കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും ഓട്ടപ്രദക്ഷിണം, ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ചുള്ള അവലോകനം തയ്യാറാക്കല്‍ -ആകെ ജഗപൊഗ. നിലവില്‍ പ്രത്യേകിച്ചൊരു സ്ഥാപനത്തിലും ജോലിയില്ലാത്ത എന്റെ തിരക്ക് ഭാര്യയ്ക്കത്ര രുചിച്ചിട്ടില്ല. പക്ഷേ, കലാകൗമുദിയില്‍ നിന്നേറ്റ ജോലി പൂര്‍ത്തീകരിക്കാതിരിക്കാന്‍ നിവൃത്തിയില്ലല്ലോ.
മെയ് 16നാണ് വോട്ടെടുപ്പ്. മെയ് 19ന് വോട്ടെണ്ണല്‍ വരെ കാര്യമായ ജോലിയില്ല. ആ സമയത്ത് ഒരു യാത്ര ആയാലോ? പെട്ടെന്നു പോയി വരാനാവുന്ന സ്ഥലം ഏതുണ്ട്? ഒരു രാമേശ്വരം യാത്ര കടം ഉണ്ട്. ഭാര്യയുടെ അച്ഛനമ്മമാര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് രാമേശ്വരത്തു പോയിരുന്നു. അവര്‍ തിരികെ വന്നു പറഞ്ഞ അനുഭവങ്ങള്‍ കേട്ടപ്പോള്‍ അവിടെയൊന്നു പോകണം എന്ന ആഗ്രഹം മനസ്സിലുദിച്ചതാണ്. പിന്നെ അമാന്തിച്ചില്ല, ചലോ രാമേശ്വരം. ഭാര്യ ഹാപ്പി. അതോടെ നുമ്മളും ഹാപ്പി.
മെയ് 16ന് രാവിലെ തന്നെ പോളിങ് ബൂത്തില്‍ ഹാജര്‍. വോട്ടു ചെയ്ത ശേഷം രാവിലെ 9 മണിയോടെ യാത്ര പുറപ്പെട്ടു. തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തു നിന്ന് രാമേശ്വരം വരെ 377 കിലോമീറ്റര്‍ യാത്ര. കാറിലാണ് സഞ്ചാരം. ഞാനും ഭാര്യയും പുത്രനും ഭാര്യയുടെ അച്ഛനമ്മമാരും സഞ്ചാരികള്‍. ഡ്രൈവന്‍ ഈയുള്ളവന്‍ തന്നെ. അയല്‍വാസിയും സുഹൃത്തുമായ ശ്രീകുമാറിന്റെ കുടുംബവും ഒപ്പം കൂടി. അവര്‍ മറ്റൊരു കാറില്‍. തിരുവനന്തപുരത്തു നിന്ന് യാത്ര പുറപ്പെടുമ്പോള്‍ത്തന്നെ മഴയുണ്ടായിരുന്നു. ആ മഴ ഞങ്ങള്‍ക്കൊപ്പം രാമേശ്വരം വരെയെത്തി. സാവകാശം ആസ്വദിച്ചു തന്നെയാണ് കാറോടിച്ചത്. തിരുനെല്‍വേലി -തൂത്തുക്കുടി ഹൈവേകളില്‍ മാത്രം ഇടയ്ക്ക് സ്പീഡോമീറ്റര്‍ നീഡില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ തൊട്ടു. അല്ലാത്തപ്പോഴെല്ലാം മണിക്കൂറില്‍ 70-100 കിലോമീറ്റര്‍ വേഗം മാത്രം. പ്രത്യേകിച്ച് ആസൂത്രണമൊന്നും ഇല്ലാത്തതിനാല്‍ ഇരുട്ടും മുമ്പ് രാമേശ്വരത്ത് എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വൈകുന്നേരം 6 മണിയോടെ എത്തുകയെന്നതായിരുന്നു ലക്ഷ്യം. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും വോട്ടെടുപ്പ് ദിവസമാണ്. അതിന്റെ തിരക്ക് റോഡിലുണ്ടാവും എന്നാണ് കരുതിയത്. എന്നാല്‍, കേരളത്തിന്റെ അതിര്‍ത്തി കടന്നതോടെ തിരഞ്ഞെടുപ്പിന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായി. ഒരു പോളിങ് ബൂത്ത് കാണാന്‍ തന്നെ ഏറെ കാത്തിരിക്കേണ്ട അവസ്ഥ. തിങ്കളാഴ്ച ആയിട്ടും വോട്ടെടുപ്പ് ആയതിനാല്‍ അവധി ദിവസത്തിന്റെ പ്രതീതി.
രാമേശ്വരത്തോട്ടുള്ള വഴിയൊന്നുമറിയില്ല. ‘മാപ് മൈ ഇന്ത്യ’ നാവിഗേറ്ററില്‍ പാമ്പന്‍ ഐലന്‍ഡ് എന്നു സെറ്റ് ചെയ്ത് വെച്ചിട്ട് ഒരു പോക്കായിരുന്നു. മാപ്പനെ അത്രയ്ക്കങ്ങോട്ട് വിശ്വാസം പോരാ. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വേളയില്‍ കാറുമായി മണ്ഡലപര്യടനത്തിനിറങ്ങിയ ഞാനും ദിലീപും അരുണുമടങ്ങുന്ന സംഘത്തെ അവന്‍ ആര്യനാട്ടെ ഒരു പടുകുഴിയിലേക്കു വിജയകരമായി നയിച്ചതാണ്. അവസാനനിമിഷം ദിലീപിന് സംശയം തോന്നിയതുകൊണ്ടു മാത്രം അന്നു കുഴിയിലാവാതെ രക്ഷപ്പെടുകയായിരുന്നു. പക്ഷേ, രാമേശ്വരത്തെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ മാപ്പനെ വഴികാട്ടിയാക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. വലിയ കുഴപ്പമില്ലാതെ തന്നെ യാത്ര മുന്നോട്ടു നീങ്ങി. തൂത്തുക്കുടി ഹൈവേയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെയാണ് രാമേശ്വരത്ത് എത്തേണ്ടത്. അധികം വൈകാതെ മനസ്സിലായി ഈസ്റ്റ് കോസ്റ്റ് റോഡിലെ ‘റോഡ്’ വെറും സങ്കല്പം മാത്രമാണെന്ന്. മാപ്പന്‍ വീണ്ടും ചതിച്ചുവോ എന്ന സംശയം തീര്‍ക്കാന്‍ ഇടയ്ക്കിറങ്ങി ചോദിച്ചു. തെറ്റിയിട്ടില്ല, വഴി ഇതു തന്നെ. ഇടയ്ക്ക് യാത്ര കാട്ടിലൂടെയായി. അതു മനസ്സിലാക്കിയത് ചെമ്മണ്‍ പാതയ്ക്കരികിലെ കുറ്റിക്കാട്ടില്‍ പുള്ളിമാനുകളെയും മയിലുകളെയുമൊക്കെ കണ്ടതോടെയാണ്. കാര്‍ ഓടിപ്പോകുകയാണെങ്കില്‍ അവറ്റയ്ക്കു പ്രശ്‌നമില്ല. പക്ഷേ, കാര്‍ നിര്‍ത്തുകയാണെങ്കില്‍ ക്ഷണവേഗത്തില്‍ മറയും. ഒരു ഫോട്ടം പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. കോയി ഫല്‍ നഹി.
കാട്ടുറോഡ് അവസാനിക്കുന്നിടത്ത് ഒരു പോളിങ് ബൂത്തായിരുന്നു. അവിടെയും വലിയ ആവേശമൊന്നും പ്രകടമല്ല. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് വരുന്ന ആവേശം മുറ്റുന്ന വാര്‍ത്തകളില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു ആ അനുഭവം. കേരളത്തില്‍ തിരഞ്ഞെടുപ്പിന് അവധിയാണെങ്കിലും കടകളെല്ലാം ഉണ്ടാവും. ഇത് ആകെയൊരു ഹര്‍ത്താല്‍ പ്രതീതി. ഒരു ചായ കുടിക്കാന്‍ പോലും ഞങ്ങള്‍ നന്നേ ബുദ്ധിമുട്ടി. തിരഞ്ഞെടുപ്പ് ദിനത്തിലെ ശ്മശാന മൂകത എത്രമാത്രം ഭീകരമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത് മടക്കയാത്രാ വേളയിലാണ്. അങ്ങോട്ടു പോകുമ്പോള്‍ ആളൊഴിഞ്ഞു കിടന്ന വീഥികളിലൂടെ തിരികെ വന്നത് പൂരപ്പറമ്പിലേതു പോലുള്ള ആള്‍ക്കൂട്ടത്തിനിടയിലൂടെ!
രാമനാഥപുരത്ത് എത്തിയതോടെ വീണ്ടും റോഡ് ദൃശ്യമായി. നിശ്ചിത സമയത്തു തന്നെ രാമേശ്വര കവാടമായ പാമ്പന്‍ പാലത്തിലെത്തി. പാലത്തില്‍ ഞാന്‍ മാത്രമാണ് ആദ്യമിറങ്ങിയത്. അമ്മ ഒപ്പമിറങ്ങാന്‍ ഡോര്‍ തുറന്നുവെങ്കിലും ശക്തമായ കാറ്റില്‍ ഡോര്‍ അടഞ്ഞു. അതോടെ അമ്മയ്‌ക്കൊപ്പം ബാക്കിയുള്ളവരും കാറിനുള്ളില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. പാലത്തില്‍ നിന്നൊരു ഫോട്ടം പിടിക്കാന്‍ നോക്കിയിട്ട് വേറെ ആരെങ്കിലും ഉണ്ടായിട്ടു വേണ്ടേ! ഛന്നം പിന്നം പെയ്യുന്ന മഴയില്‍ സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞാല്‍ ഫോണ്‍ സ്വാഹാ. അതുകൊണ്ട് പാലത്തിലെ അര്‍മാദം മടക്കയാത്രയിലാക്കാമെന്നു തീരുമാനിച്ച് മുന്നോട്ടു നീങ്ങി, രാമേശ്വരത്തേക്ക്.
ശ്രീരാമന് പ്രതിഷ്ഠിച്ച ഈശ്വരന്റെ സ്ഥാനമാണ് രാമേശ്വരം. രാവണനെ വധിച്ച ശേഷം മടങ്ങിയെത്തിയ ശ്രീരാമന് ബ്രഹ്മഹത്യാപാപം തീര്‍ക്കണമായിരുന്നു. രാക്ഷസനെങ്കിലും രാവണനും കുംഭകര്‍ണ്ണനും വിശ്രവ മഹര്‍ഷിയുടെ മക്കളാണ് -ബ്രാഹ്മണര്‍. പാപം തീര്‍ക്കാന്‍ സീതയ്ക്കും ലക്ഷ്മണനുമൊപ്പം ശിവലിംഗ പ്രതിഷ്ഠ നടത്തി മഹാദേവനെ പ്രീതിപ്പെടുത്തണമെന്ന് മഹര്‍ഷിമാര്‍ നിര്‍ദ്ദേശിച്ചു. പ്രതിഷ്ഠയ്ക്ക് മുഹൂര്‍ത്തം കുറിച്ച ശേഷം ശിവലിംഗം കൊണ്ടുവരുവാന്‍ ഹനുമാനെ ശ്രീരാമന്‍ കൈലാസത്തിലേക്കയച്ചു. എന്നാല്‍, ഹനുമാന്‍ കൃത്യസമയത്ത് എത്തിയില്ല. മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ സീതാ ദേവി മണലില്‍ ശിവലിംഗം തീര്‍ക്കുകയും രാമന്‍ അതു പ്രതിഷ്ഠിക്കുകയും ചെയ്തു. കൈലാസത്തില്‍ നിന്നു ലിംഗവുമായെത്തിയ ഹനുമാന് അതോടെ സങ്കടമായി. സീതാ ദേവി മണലില്‍ തീര്‍ത്ത ലിംഗം മാറ്റി കൈലാസത്തില്‍ നിന്നുള്ള ശിവലിംഗം പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഒടുവില്‍ രാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട രാമലിംഗത്തിനു സമീപത്തു തന്നെ ഹനുമാന്‍ എത്തിച്ച വിശ്വലിംഗവും പ്രതിഷ്ഠിച്ചു. വിശ്വലിംഗത്തിന് ആദ്യം പൂജ ചെയ്യണമെന്ന് രാമന്‍ കല്പിച്ചുവെന്ന് ഐതീഹ്യം.
ഐതീഹ്യമൊക്കെ കൊള്ളാം. രാമേശ്വരത്ത് എവിടെ താമസിക്കും? ഒരു തയ്യാറെടുപ്പുമില്ലാതെ പെട്ടെന്നുള്ള യാത്ര. നല്ല മഴ. ആകെ കുടുങ്ങി. പെട്ടെന്നാണ് ഉണ്ണിച്ചേട്ടന്റെ കാര്യം ഓര്‍മ്മ വന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ തിരുവനന്തപുരത്തെ പ്രതിനിധി ഉണ്ണികൃഷ്ണന്‍. ഫോണെടുത്തു വിളിച്ചു. കാര്യം പറഞ്ഞു. കാര്‍ നിര്‍ത്തി കാത്തിരിക്കൂ, അല്പ സമയത്തിനകം തിരികെ വിളിക്കാം എന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍ വെച്ചു. രണ്ടു മിനിറ്റിനകം ഉണ്ണിച്ചേട്ടന്‍ തിരികെ വിളിച്ചു -‘തമിഴ്‌നാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് മാനേജര്‍ ബാലകൃഷ്ണനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരാണ്. അദ്ദേഹം വേറെ സൗകര്യം ഏര്‍പ്പാടാക്കിത്തരും.’ ബാലകൃഷ്ണന്റെ ഫോണ്‍ നമ്പറും തന്നു. ഞാന്‍ വിളിച്ചു. വളരെ സൗമ്യമായ സ്വരത്തില്‍ മറുസ്വരം. പക്ഷേ, എന്തോ തിരക്കിലാണെന്നു തോന്നി. രാമേശ്വരം പോസ്റ്റ് ഓഫീസിനു മുന്നില്‍ ചെല്ലാനുള്ള വഴി പറഞ്ഞു തന്നു. അവിടെ കാവിമുണ്ടുടുത്ത മനുഷ്യന്‍ കാത്തുനില്‍ക്കും. മറ്റാരുമല്ല ബാലകൃഷ്ണന്‍ തന്നെ.
രാമേശ്വരം പോസ്റ്റ് ഓഫീസിലേക്കുള്ള വഴിയും മാപ്പന്‍ തന്നെ കാണിച്ചുതന്നു. കാര്‍ നിര്‍ത്തിയപാടെ കുടയും പിടിച്ച് കാവിമുണ്ടുധാരി ഹാജര്‍. ‘ഉണ്ണിക്കൃഷ്ണന്‍ സാര്‍ എല്ലാം പറഞ്ഞിട്ടുണ്ട്’ -ബാലകൃഷ്ണന്‍. ‘ബുദ്ധിമുട്ടായി അല്ലേ’ -എന്റെ ഔപചാരികത. ‘ഹേയ് എന്ത് ബുദ്ധിമുട്ട്. ഇത്രയും നേരം മോഹന്‍ലാല്‍ സാര്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍ പോയപ്പോള്‍ ശ്യാംലാല്‍ സാര്‍ വന്നു’ -ബാലകൃഷ്ണന്‍. ‘മോഹന്‍ലാലോ?’ -എനിക്കു സംശയം. ‘സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ സാര്‍ തന്നെ’ -ബാലകൃഷ്ണന്‍ വ്യക്തമാക്കി. ആരെക്കുറിച്ചു പറഞ്ഞാലും അനുബന്ധമായി ‘സാര്‍’. അപ്പോള്‍ അതാണു കാര്യം. നാഴികയ്ക്ക് 40 വട്ടം ദേശസ്‌നേഹം വിളമ്പുന്ന മോഹന്‍ലാല്‍ സാറിന് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായി രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതില്‍ താല്പര്യമില്ല. പച്ചയ്ക്കു പറഞ്ഞാല്‍ കേരളത്തിലെ പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്തില്ല എന്നര്‍ത്ഥം! അതെന്തായാലും വളരെ മികച്ച സൗകര്യങ്ങളുള്ള ഹോട്ടല്‍ തന്നെയാണ് ബാലകൃഷ്ണന്‍ ഞങ്ങള്‍ക്കേര്‍പ്പാടു ചെയ്തു തന്നത്. ക്ഷേത്രത്തിന് തൊട്ടടുത്താണ് എന്നത് ഇരട്ടി സന്തോഷമേകി. രാവിലെ 6 മണിക്ക് ഞങ്ങള്‍ തയ്യാറായിരിക്കണമെന്നു നിര്‍ദ്ദേശിച്ചിട്ട് അദ്ദേഹം പോയി.
രാവിലെ കൃത്യം 5.30നു തന്നെ ബാലകൃഷ്ണന്‍ ഹാജര്‍. ഞങ്ങളും തയ്യാര്‍. ഇനി ക്ഷേത്രത്തിലേക്ക്. ബലവത്തായ ചുറ്റുമതിലുകള്‍ക്കുള്ളിലാണ് ശ്രീകോവില്‍. കിഴക്കു നിന്ന് പടിഞ്ഞാറേക്ക് 865 അടിയും വടക്കു നിന്ന് തെക്കോട്ടേക്ക് 657 അടിയും നീളമുണ്ട്. കിഴക്കും പടിഞ്ഞാറും പ്രവേശനകവാടങ്ങളില്‍ കൂറ്റന്‍ ഗോപുരങ്ങളുണ്ട്. ക്ഷേത്രത്തിനുള്ളിലെ പ്രകാരങ്ങളുടെ ആകെ നീളം 3,850 അടി. 1,215 തൂണുകള്‍ പ്രകാര ഇടനാഴികളുടെ മേല്‍ക്കൂര താങ്ങിനിര്‍ത്തുന്നു. ഓരോ തൂണിനും ഉയരം 30 അടി. ലോകത്തെ ഏറ്റവും നീളമുള്ള ഇടനാഴി ഈ ക്ഷേത്രത്തിലേതാണ്. ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ നിഷിദ്ധമായതിനാല്‍ ചിത്രങ്ങളൊന്നും പകര്‍ത്താനായില്ല. സീതാദേവി മണലില്‍ നിര്‍മ്മിച്ച് ശ്രീരാമന്‍ പ്രതിഷ്ഠിച്ച ശ്രീ രാമനാഥ സ്വാമി സന്നിധിയാണ് പ്രധാന ദേവത. ഹനുമാന്‍ കൈലാസത്തില്‍ നിന്നു കൊണ്ടുവന്ന വിശ്വലിംഗം പ്രതിഷ്ഠിക്കപ്പെട്ടത് ശ്രീ വിശ്വനാഥര്‍ സന്നിധി. ദീപാരാധന ആദ്യം ഇവിടെയാണ്. ശ്രീ വിശാലാക്ഷി അമ്മാള്‍ സന്നിധി, ശ്രീ പര്‍വ്വതവര്‍ദ്ധിനി അമ്മന്‍ സന്നിധി, ശ്രീ നന്ദിദേവന്‍ മണ്ഡപം എന്നിവിടങ്ങളിലെല്ലാം തൊഴുതു. വിശ്വപ്രസിദ്ധമായ മൂന്നാം പ്രകാരം നടന്നു കണ്ടു. പ്രകാര മേല്‍ക്കൂരയിലെ ദേവചിത്രങ്ങളുടെ കണ്ണുകള്‍ നമ്മെ പിന്തുടരുന്നതായി തോന്നി. നമ്മള്‍ എവിടെ നിന്നാലും ദേവന്‍ അങ്ങോട്ടു നോക്കും. കാര്യങ്ങള്‍ വിശദീകരിച്ച് ഒരു ഗൈഡിനെപ്പോലെ ബാലകൃഷ്ണന്‍ നയിച്ചു.
തൊഴുതു കഴിഞ്ഞു. ഇനിയാണ് പ്രധാന കര്‍മ്മം. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് 22 പവിത്ര തീര്‍ത്ഥങ്ങളുണ്ട്. അവയിലെ വെള്ളത്തില്‍ കുളിച്ചാല്‍ സര്‍വ്വപാപങ്ങളും ഇല്ലാതാവുമെന്ന് വിശ്വാസം. മഹാപാപിയായ എനിക്ക് പവിത്രപാപിയായി മാറാനുള്ള അവസരം എന്തിനു കളയണം? ഓരോ തീര്‍ത്ഥത്തിലെയും വെള്ളത്തിന് ഓരോ രുചി. ഉപ്പിന്റെ അളവില്‍ മാത്രമല്ല വ്യത്യാസം, ഉപ്പുരസമില്ലാത്തതും മധുരിക്കുന്നതുമായ വെള്ളം ഈ തീര്‍ത്ഥങ്ങളിലുണ്ട്. ഓരോ തീര്‍ത്ഥത്തിനും ഐതീഹ്യവും ലക്ഷ്യവുമുണ്ട്. തീര്‍ത്ഥത്തിനു മുന്നില്‍ വിവിധ ഭാഷകളില്‍ എഴുതിവെച്ചിരിക്കുന്നു.
1. മഹാലക്ഷ്മീ തീര്‍ത്ഥം
ശ്രീ ഹനുമാന്‍ സന്നിധിക്ക് തെക്കുള്ള ഈ തീര്‍ത്ഥത്തില്‍ കുളിച്ച് ധര്‍മ്മരാജന്‍ സര്‍വ്വൈശ്വര്യങ്ങളും നേടി.
2. സാവിത്രീ തീര്‍ത്ഥം
ശ്രീ ഹനുമാന്‍ സന്നിധിക്ക് പടിഞ്ഞാറുള്ള ഈ തീര്‍ത്ഥം കാശിപര്‍ രാജാവിന് ശാപമുക്തി നല്‍കി.
3. ഗായത്രീ തീര്‍ത്ഥം
സാവിത്രി തീര്‍ത്ഥത്തിനു സമീപത്താണ് സ്ഥാനം. കാശിപര്‍ രാജാവ് ശാപദോഷം തീര്‍ത്ത മറ്റൊരു തീര്‍ത്ഥം.
4. സരസ്വതി തീര്‍ത്ഥം
ഇതും സാവിത്രി തീര്‍ത്ഥത്തിനടുത്തു തന്നെ. കാശിപര്‍ രാജാവിന് ശാപമുക്തി നല്‍കിയ തീര്‍ത്ഥം.
5. സേതുമാധവ തീര്‍ത്ഥം
മൂന്നാം പ്രകാരത്തിലെ തെപ്പകുളം ലക്ഷ്മീകടാക്ഷവും മനഃശുദ്ധിയും നേടിത്തരും.
6. ഗന്ധമാദന തീര്‍ത്ഥം
സേതുമാധവ സന്നിധിക്കു സമീപത്തുള്ള ഈ തീര്‍ത്ഥത്തിലെ കുളി ദാരിദ്ര്യദുഃഖത്തില്‍ നിന്നു മുക്തി നേടി സകല ഐശ്വര്യങ്ങളും ലഭിക്കുന്നതിനും ബ്രഹ്മഹത്യാപാപം ഇല്ലാതാക്കുന്നതിനു സഹായിക്കും.
7. ഗവാക്ഷ തീര്‍ത്ഥം
ഗന്ധമാദന തീര്‍ത്ഥത്തിനു സമീപത്തുള്ള ഇവിടെ കുളിച്ചാല്‍ നരലോക വാസത്തില്‍ നിന്നു മോചനം ലഭിക്കും.
8. കവായ തീര്‍ത്ഥം
സേതുമാധവ സന്നിധിക്കു സമീപത്തെ ഈ തീര്‍ത്ഥത്തിലെ കുളി കല്പവൃക്ഷ വാസം ലഭിക്കുന്നതിന്.
9. നള തീര്‍ത്ഥം
കവായ തീര്‍ത്ഥത്തിനു സമീപത്താണിത്. സൂര്യതേജസ്സ് നേടാനും സ്വര്‍ഗ്ഗലോക പ്രാപ്തിക്കും ഇവിടെ കുളിക്കാം.
10. നിള തീര്‍ത്ഥം
ഇതും സേതുമാധവ സന്നിധിക്കു സമീപം തന്നെ. ഇവിടത്തെ കുളി സകല യാഗഫലങ്ങളും അഗ്നിയോഗ പദവിയും ലഭ്യമാക്കും.
11. ശങ്കു തീര്‍ത്ഥം
ക്ഷേത്രത്തിന്റെ ഉള്‍പ്രകാരത്തിലാണിത്. നന്ദികേട് കാട്ടിയതിലൂടെ വത്സനാഭ മുനി വരുത്തിയ പാപം മുക്തമാക്കിയ തീര്‍ത്ഥം.
12. ചക്ര തീര്‍ത്ഥം
ക്ഷേത്രത്തിന്റെ ഉള്‍പ്രകാരത്തിലുള്ള ഈ തീര്‍ത്ഥം സൂര്യന് സ്വര്‍ണ്ണക്കൈകള്‍ ലഭ്യമാക്കി.
13. ബ്രഹ്മഹത്യാവിമോചന തീര്‍ത്ഥം
പേരു പോലെ തന്നെ ബ്രഹ്മഹത്യാ ദോഷത്തില്‍ നിന്നു മുക്തി നേടാന്‍ സഹായിക്കുന്ന തീര്‍ത്ഥം. ചക്ര തീര്‍ത്ഥത്തിനു സമീപം.
14. സൂര്യ തീര്‍ത്ഥം
ഇതു ക്ഷേത്രത്തിന്റെ ഉള്‍പ്രകാരത്തില്‍ തന്നെ. തൃകാലജ്ഞാനവും കാലാനുസൃത പ്രാപ്തങ്ങളും ഇവിടത്തെ കുളിയിലൂടെ കൈവരിക്കാം.
15. ചന്ദ്ര തീര്‍ത്ഥം
സൂര്യതീര്‍ത്ഥത്തിനു സമീപമുള്ള ചന്ദ്രതീര്‍ത്ഥത്തിന്റെ ലക്ഷ്യവും തൃകാലജ്ഞാനവും കാലാനുസൃത പ്രാപ്തങ്ങളും കൈവരിക്കുന്നതു തന്നെ.
16. ഗംഗാ തീര്‍ത്ഥം
ചന്ദ്ര തീര്‍ത്ഥത്തിനു സമീപത്തുള്ള ഈ തീര്‍ത്ഥം ജ്ഞാനശ്രുതി രാജാവിന് ജ്ഞാനലാഭം നേടിക്കൊടുത്തുവെന്ന് ഐതീഹ്യം.
17. യമുനാ തീര്‍ത്ഥം
ജ്ഞാനശ്രുതി രാജാവിന് ജ്ഞാനലാഭം നേടിക്കൊടുത്ത മറ്റൊരു തീര്‍ത്ഥം. ഗംഗാ തീര്‍ത്ഥത്തിനു സമീപം.
18. ഗയാ തീര്‍ത്ഥം
ജ്ഞാനശ്രുതി രാജാവിന് ജ്ഞാനലാഭം നേടിക്കൊടുത്ത മറ്റൊരു തീര്‍ത്ഥം. ഗംഗാ തീര്‍ത്ഥത്തിനു സമീപം.
19. ശിവ തീര്‍ത്ഥം
നന്ദി മണ്ഡപത്തിനു സമീപം. ഇവിടെ കുളിച്ച് ഭൈരവര്‍ ബ്രഹ്മഹത്യാപാപ മുക്തി നേടി.
20. സത്യമിത്ര തീര്‍ത്ഥം
ശ്രീ പര്‍വ്വതവര്‍ദ്ധിനി അമ്മന്‍ സന്നിധിക്കു സമീപം. പുനരുനു ചക്രവര്‍ത്തി ശാപദോഷ പരിഹാരം ചെയ്ത തീര്‍ത്ഥം.
21 സര്‍വ്വ തീര്‍ത്ഥം
ശ്രീ രാമനാഥ സ്വാമി സന്നിദ്ധിക്കു മുന്‍വശം. ശുതിരിശനര്‍ക്ക് ജന്മനാ ഉണ്ടായിരുന്ന അന്ധത, ജരാനര, ദേഹ ബലഹീനത എന്നിവ പരിഹരിച്ച തീര്‍ത്ഥം.
22. കോടി തീര്‍ത്ഥം
ക്ഷേത്രത്തിന്റെ പ്രഥമ പ്രകാരത്തിലാണിത്. അമ്മാവനായ കംസനെ വധിച്ച പാപത്തില്‍ നിന്നു മോചനം ലഭിക്കാന്‍ ശ്രീകൃഷ്ണന്‍ നിരാടിയ തീര്‍ത്ഥം.
ഐതീഹ്യങ്ങളില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും 22 തീര്‍ത്ഥങ്ങളിലും കുളിച്ചുകഴിയുമ്പോള്‍ ആകെയൊരു ഉന്മേഷമാണ്. ഓരോ തീര്‍ത്ഥത്തിനു മുന്നിലും വിശ്വാസികളുടെ നീണ്ട നിരയാണ്. ബാലകൃഷ്ണന്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്തി നല്‍കിയതിനാല്‍ ഞങ്ങള്‍ക്ക് വരി നില്‍ക്കേണ്ടി വന്നില്ല, ‘പ്രമുഖ’ പരിഗണന.
ക്ഷേത്രത്തിനു പുറത്തിറങ്ങിയപ്പോള്‍ ബാലകൃഷ്ണന്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. ഇനി അദ്ദേഹത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ധനുഷ്‌കോടിയും മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ വീടും കുടീരവും സന്ദര്‍ശിച്ചാല്‍ മടങ്ങാം. അവിടേക്കു പോകാനുള്ള വഴികള്‍ ബാലകൃഷ്ണന്‍ പറഞ്ഞുതന്നു. പിന്നെ വേഗത്തില്‍ നടന്നു നീങ്ങി. കാത്തുനില്‍ക്കുന്ന അടുത്ത അതിഥിയുടെ അടുത്തേക്ക്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത അത്ഭുതപ്പെടുത്തി.
ഹോട്ടലിലെത്തി വസ്ത്രം മാറി പ്രഭാതഭക്ഷണവും കഴിച്ച് ധനുഷ്‌കോടിയിലേക്ക് പുറപ്പെട്ടു. രാമേശ്വരത്തു നിന്ന് കഷ്ടിച്ച് 19 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇതില്‍ 14 കിലോമീറ്റര്‍ വരെ കാറോടിച്ചു പോകാം. അവിടെ ധനുഷ്‌കോടിയിലേക്കുള്ള ‘എന്‍ട്രി പോയിന്റ്’ ആണ്. ശരിക്കും പറഞ്ഞാല്‍ കാര്‍ വേണമെങ്കില്‍ ബാക്കി 5 കിലോമീറ്റര്‍ കൂടി ഓടിച്ചു പോകാവുന്നതേയുള്ളൂ. അടുത്തിടെയാണ് ഈ റോഡ് പൂര്‍ത്തീകരിച്ചത്. ഉദ്ഘാടനവും നടത്തി. എന്നാല്‍ ‘എന്‍ട്രി പോയിന്റി’ല്‍ റോഡ് പിന്നീട് കെട്ടിയടച്ചു. അവിടെ നിന്ന് ധനുഷ്‌കോടിയിലേക്കുള്ള സര്‍വ്വീസ് കുത്തകയാക്കി വെച്ചിരിക്കുന്ന ടെമ്പോ ഉടമകളുടെ എതിര്‍പ്പ് തന്നെ കാരണം. ധനുഷ്‌കോടി വരെ പോയി വരുന്നതിന് ഒരാള്‍ക്ക് 150 രൂപയാണ് കൂലി. അതു നല്‍കി വാഹനത്തില്‍ കയറി. മഹീന്ദ്രയുടെ പഴഞ്ചന്‍ ടെമ്പോ ആണ്. മര്യാദയ്ക്കു കാല്‍ വെയ്ക്കാന്‍ പോലും സ്ഥലമില്ല. മകന്‍ ഉറക്കമാണ്. അവനെയുമെടുത്ത് അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു. ഡ്രൈവറും ക്ലീനറുമടക്കം 17 യാത്രക്കാര്‍. അതില്‍ കൂടുതല്‍ പറ്റില്ലെന്ന് കട്ടായം. ഭാഗ്യം. അക്കാര്യത്തിലെങ്കിലും ഒരു നിയന്ത്രണമുണ്ടല്ലോ!
ടെമ്പോ പുറപ്പെട്ടു. മുന്നോട്ടു നീങ്ങിയപ്പോള്‍ തന്നെ ടയര്‍ അഗാധ ഗര്‍ത്തത്തിലേക്കു വീഴുന്നതു പോലെ തോന്നി. അടുത്ത നിമിഷം അതാ വലിയൊരു കുന്നു കയറുന്നു. അതു വരെ സുഖമായുറങ്ങുകയായിരുന്ന പുത്രന്‍ജി ഉണര്‍ന്ന് ചുറ്റും അമ്പരന്നു നോക്കി. ഞങ്ങളെ കണ്ടതിന്റെ ആശ്വാസത്തിലാണെന്നു തോന്നുന്നു, കരഞ്ഞില്ല. കൈയിലിരുന്ന അവന്റെ തല നാലുപാടുമുള്ള കമ്പികളില്‍ മുട്ടാതെ പരിരക്ഷിക്കാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടി. മുന്നില്‍ പോകുന്ന ടെമ്പോയെ നോക്കിയ ഞാന്‍ അമ്പരന്നു. മണല്‍ക്കുന്നുകള്‍ക്കിടയിലൂടെയാണ് സഞ്ചാരം. എപ്പോള്‍ വേണമെങ്കിലും ടയര്‍ മണലില്‍ പുതയാം. വണ്ടി മറിയാം. എന്നാല്‍, ഡ്രൈവര്‍ക്കു മാത്രം ഒരു കൂസലുമില്ല. താനെത്ര കണ്ടതാ എന്ന ഭാവം. ടെമ്പോയിലിരുന്ന് അണ്ഡകടാഹം വരെ കുലുങ്ങി മറിയുമ്പോള്‍ സമാന്തരമായി പോകുന്ന കണ്ണാടി പോലത്തെ റോഡിലേക്ക് ഞാന്‍ നിരാശനായി നോക്കി. അതിലും വലുത് വരാനിരിക്കുകയായിരുന്നുവെന്ന് ഞാന്‍ അപ്പോഴറിഞ്ഞില്ല.
ഏകദേശം ഒന്നര കിലോമീറ്റര്‍ മുന്നോട്ടു പോയിട്ടുണ്ടാവും. ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി. മുന്നില്‍ വിശാലമായ ജലാശയം. കടലിന്റെ ഒരു ഭാഗം തന്നെ. ഇനി എങ്ങോട്ടു പോകും? കൂടുതല്‍ നടുക്കം എന്നെ കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ടെമ്പോ പതുക്കെ വെള്ളത്തിലേക്കിറങ്ങി മുന്നോട്ടു നീങ്ങിത്തുടങ്ങി. ഏതാണ്ടൊരു വള്ളം നീങ്ങുന്ന പോലെ. കൃത്യമായ പാതയിലൂടെ നൂലു പിടിച്ചപോലെ ഒന്നിനു പുറകെ ഒന്നായി ടെമ്പോകള്‍ നീങ്ങുന്നു. ഞാന്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നു. വശത്തേക്കു നോക്കിയപ്പോള്‍ ദേവുവിന്റെ സ്ഥിതിയും അതു തന്നെ. വീണ്ടും കര കണ്ടപ്പോഴാണ് ശ്വാസം വീണത്. അല്പ സമയം കഴിഞ്ഞപ്പോള്‍ യാത്ര വീണ്ടും കടലിലൂടെ. രണ്ടു തവണ കൂടി കടല്‍-കര യാത്ര ആവര്‍ത്തിച്ചു. ഒടുവില്‍ ലക്ഷ്യത്തെത്തി എന്ന പ്രഖ്യാപനവുമായി ടെമ്പോ നിന്നപ്പോള്‍ പുറത്തേക്ക് ചാടിയിറങ്ങിയാണ് സ്വാതന്ത്ര്യം ആഘോഷിച്ചത്. ടെമ്പോ നിന്നതിനു സമാന്തരമായി തകര്‍പ്പന്‍ റോഡു കിടക്കുന്നതു കണ്ടപ്പോള്‍ ആരോടൊക്കെയോ അരിശം തോന്നി.
രാമന്റെ പാലം തേടിയിറങ്ങിയ ഞാനെത്തിയത് പ്രേതനഗരത്തിലോ? ചുറ്റുമുള്ള കാഴ്ചകള്‍ എന്നില്‍ ആ ചിന്തയുണര്‍ത്തി. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍. അതില്‍ ഒരു പള്ളിയുടെ അള്‍ത്താര. ‘ഇതെന്താ ഇങ്ങനെ?’ -വഴി കാട്ടാന്‍ ഒപ്പമിറങ്ങിയ ടെമ്പോയിലെ കിളിയോട് ചോദിച്ചു. ‘സര്‍, ഇവിടെ 1964ല്‍ വലിയ ചുഴലിക്കൊടുങ്കാറ്റുണ്ടായിരുന്നു. അതില്‍ ഇവിടെ ഒരു നഗരം തന്നെ വെള്ളം കയറി മുങ്ങി. ചുഴലിക്കാറ്റിനു മുമ്പ് ഇവിടം വലിയ വാണിജ്യ കേന്ദ്രമായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പോലുമുണ്ടായിരുന്നു. ചുഴലിക്കാറ്റില്‍ ധനുഷ്‌കോടിയില്‍ മാത്രം 800 ഓളം പേര്‍ മരിച്ചു’ -എല്ലാവരും ചോദിക്കുന്ന ചോദ്യമായതിനാലായിരിക്കാം, അവന്റെ ഉത്തരം വളരെ കൃത്യമായിരുന്നു. അപ്പോള്‍ ദേവിയുടെ അമ്മ സേതുലക്ഷ്മി ഒരു കാര്യം പറഞ്ഞു. ആ ചുഴലിക്കാറ്റില്‍ ഒരു തീവണ്ടി ഒലിച്ചുപോയി എല്ലാവരും മരിച്ച കാര്യം. സേതുവമ്മയുടെ മൂത്ത സഹോദരന്‍ ബാലചന്ദ്രന്റെ സുഹൃത്തും കൊല്ലത്ത് അവരുടെ അയല്‍വാസിയുമായിരുന്ന കൃഷ്ണകുമാറാണ് അപകടത്തില്‍ പെട്ടത്. മെഡിസിന്‍ പഠനത്തിന്റെ ഭാഗമായുള്ള എന്തോ കാര്യങ്ങള്‍ക്കായി രാമേശ്വരത്ത് എത്തിയതായിരുന്നു. പാലവും തീവണ്ടിയും ഒന്നാകെ ഒലിച്ചുപോയി. കഴിഞ്ഞ ദിവസം കാറ്റത്ത് കാറിന്റെ ഡോര്‍ അടഞ്ഞയുടനെ അമ്മ കാറിനുള്ളില്‍ ഒതുങ്ങിയതിന്റെ രഹസ്യം അപ്പോഴാണ് മനസ്സിലായത്. പിന്നീട് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോള്‍ കൂടുതലറിഞ്ഞു. 1964 ഡിസംബര്‍ 22ന് രാത്രി 11.55നായിരുന്നു ദുരന്തം. ട്രെയിന്‍ നമ്പര്‍ 653 പാമ്പന്‍-ധനുഷ്‌കോടി പാസഞ്ചറിനെ അതിലുണ്ടായിരുന്ന 6 കോച്ചുകളും 110 യാത്രക്കാരും 5 ജീവനക്കാരുമടക്കം സമുദ്രം വിഴുങ്ങി. തീവണ്ടി മുങ്ങിപ്പോയ വാര്‍ത്ത പുറംലോകം അറിഞ്ഞതു തന്നെ 48 മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു. പലരും വിശ്വസിക്കുന്നതു പോലെ പാമ്പന്‍ പാലത്തിലല്ല അപകടമുണ്ടായത്. പാലത്തില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ ധനുഷ്‌കോടി മുനമ്പിലായിരുന്നു. ചുഴലിക്കാറ്റില്‍ പാമ്പന്‍ പാലവും തകര്‍ന്നു എന്നു മാത്രം.
തകര്‍ന്ന റെയില്‍പാലം പുനര്‍നിര്‍മ്മിച്ചതില്‍ മലയാളിയുടെ കൈയൊപ്പുണ്ട്. മറ്റാരുമല്ല, ഇ.ശ്രീധരന്‍ എന്ന എന്‍ജിനീയര്‍ തന്നെ. 6 മാസം അഥവാ 180 ദിവസങ്ങള്‍ക്കകം റെയില്‍പാലം പുനര്‍നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ശ്രീധരന്‍ വെറും 45 ദിവസം കൊണ്ട് പണി തീര്‍ത്തു. റോഡ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ പിന്നെയും ഏറെക്കാലമെടുത്തു. ഇനിയൊരു ചുഴലിക്കാറ്റോ കടല്‍കയറ്റമോ ഉണ്ടായാല്‍ തകരാത്ത രീതിയിലാണ് പാലത്തിന്റെ നിര്‍മ്മിതിയെന്ന് പറയപ്പെടുന്നു. ദുരന്തത്തിനു ശേഷം അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ധനുഷ്‌കോടിയെ ‘പ്രേതനഗരം’ ആയി പ്രഖ്യാപിച്ചു. വാസയോഗ്യമല്ല എന്ന കാരണത്താല്‍ തന്നെ. ഇപ്പോഴും അവിടെ ഏതാനും മത്സ്യത്തൊഴിലാളികള്‍ താമസമുണ്ട്. അപ്പോള്‍ ഞാനാദ്യം കരുതിയത് ശരി തന്നെ, നില്‍ക്കുന്നത് പ്രേതനഗരത്തിലാണ്.
രാമന്റെ പാലം കാണാന്‍ വേണ്ടി ആരും ധനുഷ്‌കോടിയില്‍ പോകേണ്ടതില്ല. കാണാനാവില്ല തന്നെ. ഉള്‍ക്കടലില്‍ പോയാല്‍ പാലം കടലിനടിയില്‍ കാണാനാവുമെന്നു പറയപ്പെടുന്നു. അതു പരീക്ഷിക്കാന്‍ ധൈര്യമുള്ളവര്‍ കുറവാണ്. ഇന്ത്യാവിഷനിലെ റിപ്പോര്‍ട്ടറായിരുന്ന എം.എസ്.സനില്‍കുമാറും ക്യാമറാമാനായിരുന്ന സന്തോഷ് കുമാറും വളരെ ക്ലേശപ്പെട്ട് പോയി ചിത്രീകരിച്ചുകൊണ്ടു വന്ന ദൃശ്യങ്ങള്‍ ആര്‍ക്കൈവില്‍ നിന്നെടുത്ത് കണ്ടിട്ടുണ്ട്. പോകരുതെന്ന് അവരോട് നാട്ടുകാര്‍ ആവതു പറഞ്ഞു. ഭ്രാന്താണെന്ന് ആക്ഷേപിച്ചു. രണ്ടും കല്പിച്ച് പോയി ഷൂട്ട് ചെയ്തു തിരിച്ചു വരുന്ന വഴിയില്‍ അവരുടെ ക്യാമറ വലിയൊരു തിരയില്‍പ്പെട്ട് കേടായി. ആദ്യം ഷൂട്ട് ചെയ്ത ടേപ്പ് സന്തോഷ് പോക്കറ്റിലിട്ടിരുന്നതിനാല്‍ വിഷ്വല്‍ കിട്ടി. അതു പിന്നെ ധനുഷ്‌കോടിയില്‍ വേറെ കഥയായെന്ന് സനില്‍. ക്യാമറ കേടാക്കിയത് ഹനുമാന്റെ ശക്തിയാണത്രേ!
സീതയെ തട്ടിക്കൊണ്ടു പോയ രാവണനെത്തേടി ലങ്കയിലേക്കു പോകാനാണ് ശ്രീരാമന്റെ നിര്‍ദ്ദേശപ്രകാരം ഹനുമാന്റെ നേതൃത്വത്തില്‍ വാനരസേന പാലം പണിഞ്ഞത്. അതിലൂടെ ലങ്കയിലെത്തി രാവണനെ വധിച്ച് സീതയെ മോചിപ്പിച്ച രാമന്‍, വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിച്ചു. തിരികെയെത്തിയ ശേഷം പാലം തകര്‍ക്കണമെന്ന് വിഭീഷണന്‍ രാമനോടഭ്യര്‍ത്ഥിച്ചു. അതുപ്രകാരം തന്റെ വില്ല് അഥവാ ധനുസ്സിന്റെ അറ്റം കൊണ്ടു കുത്തി രാമന്‍ പാലം തകര്‍ത്തുവത്രേ. അങ്ങനെയാണ് ധനുഷ്‌കോടി എന്ന പേര് വന്നത്. രാമന്‍ ലങ്കയിലേക്കു യാത്ര തിരിച്ച സ്ഥാനത്ത് ഇപ്പോള്‍ കോദണ്ഡ രാമ കോവിലുണ്ട്. മുനമ്പില്‍ ശിവക്ഷേത്രവുമുണ്ട്. ധനുഷ്‌കോടിയിലെ കടലില്‍ മുങ്ങിക്കുളിച്ചാല്‍ സര്‍വ്വപാപമുക്തി ലഭിക്കുമെന്ന് ഹൈന്ദവ വിശ്വാസം. ഏതായാലും അവിടെ കുളിക്കാനൊന്നും മുതിര്‍ന്നില്ല. രാമന്റെ പാലം കാണാനാവില്ലെങ്കിലും പാലത്തിലെ കല്ലുകള്‍ അവിടത്തെ കോവിലില്‍ കാണാം. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കല്ലുകള്‍ സൂക്ഷിച്ചിരിക്കുന്നു.
ധനുഷ്‌കോടിയില്‍ നിന്നു തിരിച്ചുള്ള യാത്രയും റോളര്‍കോസ്റ്റര്‍ റൈഡ് തന്നെയായിരുന്നു. ഒരു വിധത്തില്‍ തിരിച്ചെത്തി കാറില്‍ കയറിയിരുന്നതു മാത്രം ഓര്‍മ്മയുണ്ട്. തിരുവനന്തപുരത്തു നിന്നു രാമേശ്വരം വരെ ഒറ്റയിരുപ്പില്‍ കാറോടിച്ചിട്ട് ക്ഷീണിക്കാത്ത ഞാന്‍ ധനുഷ്‌കോടിയിലേക്കും തിരിച്ചും അര മണിക്കൂര്‍ വീതം നീണ്ട യാത്രകളുടെ ഫലമായി തളര്‍ന്നവശനായിരുന്നു. അടുത്ത ലക്ഷ്യം ഇന്ത്യയുടെ മഹാനായ പുത്രന്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ വീട്ടിലേക്ക്. മൂന്നു നിലയുള്ള വീട്. താഴത്തെ നിലയില്‍ കലാമിന്റെ ജ്യേഷ്ഠസഹോദരന്‍ മുഹമ്മദ് മുത്തു മീര ലബ്ബ മരയ്ക്കാറും കുടുംബവും താമസിക്കുന്നു. ഒന്നാം നിലയില്‍ കലാം മ്യൂസിയം. രണ്ടാം നിലയില്‍ വാണിജ്യ കേന്ദ്രം. ഭാരതരത്‌ന, പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ എന്നീ ബഹുമതികള്‍ തൊട്ടടുത്തു നിന്നു കാണണമെങ്കില്‍ ഇവിടെയെത്തിയാല്‍ മതി. അല്ലാതെ ജീവിതകാലത്ത് ഇതൊന്നും കാണാന്‍ നമുക്ക് വിധിയുണ്ടാവില്ലല്ലോ. കലാമിനെപ്പോലെ കലാം മാത്രം. ഒരു ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയത്തിലെ വസ്തുക്കള്‍ കണ്ടാല്‍ മാത്രം മതി ഡോ.കലാം എത്രമാത്രം വലിയ മനുഷ്യനാണെന്നു മനസ്സിലാക്കാന്‍. ഇപ്പോഴത്തെ തലമുറയ്ക്ക് അദ്ദേഹത്തിന്റെ മഹത്വം അറിയാമെങ്കിലും വരുംതലമുറയ്ക്ക് അതുണ്ടാവണം എന്നില്ലല്ലോ. അവര്‍ക്കു പ്രയോജനപ്പെടും.
ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിഞ്ഞിറങ്ങുമ്പോള്‍ മൂന്നര കഴിഞ്ഞു. മഴ വീണ്ടും ശക്തമാവുന്നു. മടങ്ങുന്ന വഴിക്ക് പെയ്കരുമ്പ് മൈതാനത്താണ് കലാമിന്റെ അന്ത്യ വിശ്രമസ്ഥാനം. അവിടെ ഇറങ്ങി ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മുന്നോട്ടു നീങ്ങുമ്പോള്‍ മഴ തന്നെ. പാമ്പന്‍ പാലത്തിലെ ചിത്രം വെറും മോഹമായി അവശേഷിക്കുമോ? കാറിന്റെ വേഗം കുറച്ചു. പാലം എത്താറാവുമ്പോള്‍ മഴ കുറഞ്ഞുതുടങ്ങി. പാലത്തിന്റെ മധ്യത്തില്‍ എല്ലാവരും ചിത്രമെടുക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ മഴ ഏതാണ്ട് നിലച്ചു. തന്റെ പ്രാര്‍ത്ഥനയുടെ ഫലമെന്ന് സേതുവമ്മയുടെ അവകാശവാദം. ശരിയായിരിക്കാം. പാലത്തിലെ ഫോട്ടോ സെഷന്‍ കഴിഞ്ഞ് മാപ്പന്റെ സഹായത്തോടെ തിരുവനന്തപുരത്തേക്ക്.
അങ്ങോട്ടു പോയ വഴിയിലൂടെയല്ല അവന്‍ തിരികെ നയിച്ചത്. വേറെ നല്ല വഴിയായിരിക്കുമെന്നു വിശ്വസിച്ചു നീങ്ങിയ എനിക്ക് എട്ടിന്റെ പണി കിട്ടി. ഉള്‍നാടന്‍ തമിഴ് ഗ്രാമങ്ങളിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്ര. നാവിഗേറ്ററുകളുടെ പ്രധാന പ്രശന്മാണിത് -കുറഞ്ഞ ദൂരം മാത്രമേ അവ നോക്കുകയുള്ളൂ. റോഡിന്റെ നിലവാരം നോക്കില്ല. തിരികെ വന്നപ്പോള്‍ ദൂരം 374 കിലോമീറ്റര്‍. 3 കിലോമീറ്റര്‍ ലാഭിക്കാനായി സഹിക്കേണ്ടി വന്നത് കൊടിയ പീഡനം!! ഗിയര്‍ മാറി മാറി കൈ കുഴഞ്ഞു. തൂത്തുക്കുടി ഹൈവേ വരെയുള്ള യാത്ര ക്ലേശകരമായിരുന്നു. അതു കഴിഞ്ഞ് പിന്നെ പ്രശ്‌നമുണ്ടായില്ല. വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കാന്‍ നാഗര്‍കോവില്‍ എത്തേണ്ടി വന്നു എന്നു മാത്രം. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പുലര്‍ച്ചെ 2.30. എന്തായാലും ലോങ് ഡ്രൈവിന്റെ ക്ഷീണം വലുതായി തോന്നിയില്ല. യാത്ര പൂര്‍ണ്ണമായി ആസ്വദിച്ചതിനാലാവാം.