HomeSOCIETYകേരളത്തിനിത് ...

കേരളത്തിനിത് അഭിമാനനിമിഷം

-

Reading Time: 3 minutes

ലോകത്ത് 60 വയസ്സിനു മുകളിലുള്ള ആര്‍ക്കെങ്കിലും കോവിഡ് 19 ബാധിക്കുകയാണെങ്കില്‍ അവരെ ഹൈ റിസ്ക് സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാരണം പ്രായം ചെന്നവര്‍ക്ക് സ്വാഭാവികമായി വരാനിടയുള്ള ശാരീരികാസ്വസ്ഥതകള്‍ക്കൊപ്പം കോവിഡ് 19 കൂടി ബാധിച്ചാല്‍ രക്ഷപ്പെടാന്‍ സാദ്ധ്യത തീരെ കുറവാണെന്നതു തന്നെ. അവിടെയാണ് 93ഉം 88ഉം വയസ്സുള്ള ദമ്പതിമാരെ കോവിഡ് 19ന്റെ പിടിയില്‍ നിന്ന് കേരളം രക്ഷിച്ചെടുത്തിരിക്കുന്നത്. ഇത് തീര്‍ച്ചയായും ചെറിയ നേട്ടമല്ല തന്നെ.

“കോട്ടയത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്ത് ഇന്ന് വീട്ടിലേക്കു പോയി. നമ്മുടെ ആരോഗ്യസംവിധാനത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിനിടയാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ കലവറയില്ലാതെ നമുക്ക് വീണ്ടും വീണ്ടും അഭിനന്ദിക്കാം.”

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു പ്രഖ്യാപിക്കുമ്പോള്‍ ഓരോ മലയാളിയുടെയും ശിരസ്സ് ഒരു പടി കൂടി ഉയര്‍ന്നിട്ടുണ്ടാവണം. ഇറ്റലിയില്‍ നിന്നു വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നുമാണ് റാന്നി ഐത്തല പട്ടയില്‍ തോമസിനും (93) ഭാര്യ മറിയാമ്മയ്ക്കും (88) കോവിഡ് 19 പിടിപെട്ടത്. ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതിമാര്‍ക്ക് മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ മരണക്കയത്തില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

കോവിഡ് 19 ഭേദപ്പെട്ട മറിയാമ്മയും തോമസും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി പുറത്തേക്ക്

ഈ വൃദ്ധ ദമ്പതിമാര്‍ക്ക് പരമാവധി ചികിത്സ നല്‍കി ജീവിതത്തിലേക്കു കൊണ്ട് വരാന്‍ ശ്രമിക്കണമെന്നത് സര്‍ക്കാര്‍ ഒരു വാശിയായി കണ്ടു. ഇതേത്തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യം നിമിത്തമുള്ള അവശതകളോടൊപ്പം പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.

തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണെന്ന് അതോടെ മനസ്സിലായി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐ.സി.യുവില്‍ വി.ഐ.പി. റൂമിലേക്ക് മാറ്റി. ഓരോ മുറികളില്‍ തനിച്ചു പാര്‍പ്പിച്ചിരുന്നതിനാല്‍ ഇവര്‍ അസ്വസ്ഥരായി കാണപ്പെട്ടു. ആയതിനാല്‍ മാര്‍ച്ച് 11ന് പരസ്പരം കാണാന്‍ കഴിയുന്ന വിധം ട്രാന്‍സ്പ്ലാന്റ് ഐ.സി.യുവിലേക്ക് ഇവരെ മാറ്റി.

ഇടയ്ക്കുവെച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതലാവുകയും ഓക്‌സിജന്‍ നില കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലറേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് തോമസിന് ഹൃദ്രോഗബാധയും ഉണ്ടായി. തോമസിനും മറിയാമ്മയ്ക്കും മൂത്രസംബന്ധമായ അണുബാധ രൂപപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ കൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയില്‍ പ്രത്യേകം ചെയ്യുന്നുണ്ടായിരുന്നു.

തോമസും മറിയാമ്മയും

വിദഗ്ദ്ധ ചികിത്സയെ തുടര്‍ന്ന് 4 ദിവസങ്ങള്‍ക്ക് മുമ്പ് തോമസിന്റെ ഓക്സിജന്‍ നില മെച്ചപ്പെടുകയും ശ്വാസംമുട്ടലും ചുമയും കുറയുകയും ചെയ്തു. അതോടെ വെന്റിലേറ്ററില്‍ നിന്നു നീക്കി. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ഒരിക്കല്‍ക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും അത് നെഗറ്റീവ് ആവുകയും ചെയ്തു. തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്.

ചില സമയങ്ങളില്‍ വീട്ടില്‍ പോകണം എന്ന് വാശി കാരണം ഇവര്‍ ഭക്ഷണം കഴിക്കാതിരിക്കുകയും നഴ്‌സുമാരുമായി സഹകരിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഴ്‌സുമാരുടെ സമയോചിതമായ ഇടപെടലും അനുനയിപ്പിക്കലും കൊണ്ട് അവരെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞു. ഈ വൃദ്ധ ദമ്പതിമാരെ രക്ഷിച്ചെടുക്കാന്‍ ജീവനക്കാര്‍ വളരെ പാടുപെട്ടു. അത്രയേറെ അവര്‍ക്ക് സ്‌നേഹവും നല്‍കി.

ഇത്രയും അവശതകളുള്ള വൃദ്ധ ദമ്പതിമാരെ രാപകല്‍ നോക്കാതെ പരിചരിച്ച രേഷ്മ മോഹന്‍ദാസ് എന്ന നഴ്സിന് കൊറോണ രോഗം പടര്‍ന്നു. കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍, തോമസും മറിയാമ്മയും ആശുപത്രി വിടുന്ന അതേ ദിവസം തന്നെ രേഷ്മയും രോഗം ഭേദമായി ആശുപത്രി വിട്ടു. 10 ദിവസത്തെ ചികിത്സയേ നഴ്സിനു വേണ്ടിവന്നുള്ളൂ.

കൊറോണ ഭേദമായ നഴ്സ് രേഷ്മ മോഹന്‍ദാസ് (മധ്യത്തില്‍) വീട്ടിലേക്കു മടങ്ങുന്നു

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രേഷ്മ തൃപ്പൂണിത്തുറ തിരുവാങ്കുളത്തുള്ള വീട്ടിലേക്കു പോയത്. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് അവര്‍ പറയുന്നത്. “നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും” -രേഷ്മ വ്യക്തമാക്കി. ഡിസ്ചാര്‍ജ് സമയത്ത് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവച്ചു.

മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ആ സമയമത്രയും സ്വന്തം ആരോഗ്യം പോലും നോക്കാതെ തോമസിനെയും മറിയാമ്മയെയും സ്വന്തം മാതാപിതാക്കളെ പ്പോലെ നോക്കിയാണ് രേഷ്മ പരിചരിച്ചത്. ഡ്യൂട്ടി ടേണ്‍ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകുയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ രേഷ്മയ്ക്കുണ്ടായില്ല.

തോമസിനെയും മറിയാമ്മയെയും ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്ന ഡോക്ടര്‍മാരുടെ പേരുകള്‍ ഈ അവസരത്തില്‍ സ്മരിക്കാതെ പോകുന്നത് നീതികേടാകും. ഡോ.സജിത്കുമാര്‍, ഡോ.ഹരികൃഷ്ണന്‍, ഡോ.അനുരാജ് തുടങ്ങി 7 ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. 25 നഴ്‌സുമാരുള്‍പ്പെടെ 40 മറ്റ് ജീവനക്കാരും ഇവര്‍ക്കൊപ്പം നിന്നു. കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ.ജയകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രാജേഷ്, ആര്‍.എം.ഒ. ഡോ.ആര്‍.പി.രെഞ്ജിന്‍, എ.ആര്‍.എം.ഒ. ഡോ.ലിജോ, നഴ്‌സിങ് ഓഫീസര്‍ ഇന്ദിര എന്നിവര്‍ ഏകോപനം നിര്‍വ്വഹിച്ചു.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks