HomeLIFEഒരു അസാധാരണ ക...

ഒരു അസാധാരണ കഥ

-

Reading Time: 2 minutes

ശങ്കരപ്പിള്ളയും ഉണ്ണിയും

ഒരു അസാധാരണത്വവുമില്ലാതെ കുറുക്കുവഴികള്‍ തേടാതെ വായനക്കാരന്റെ ക്ഷമപരീക്ഷിക്കാതെ ലളിതമായി എഴുതി പോകാനുദ്ദേശിച്ച കഥയാണിത്. പക്ഷേ എഴുത്തുകാരനെ പോലും ഞെട്ടിപ്പിച്ചുകൊണ്ട് അസാധാരണമായ വഴിത്തിരിവുകള്‍ അവിശ്വസിനീയമായ കഥാമുഹൂര്‍ത്തങ്ങള്‍ ഞെട്ടിപ്പിക്കുന്ന പുതിയ പുതിയ കഥാപാത്രങ്ങള്‍!.. പെറ്റതള്ളപോലും സഹിക്കാത്ത വെളിപ്പെടുത്തലുകള്‍, തുടങ്ങിയവയാല്‍ സമ്പന്നമാണ് ഇപ്പോള്‍ ഈ കഥ. കഥാപാത്രങ്ങള്‍ക്കോ കഥാംശത്തിനോ സമകാലിക സംഭവവികാസങ്ങളോട് സാദൃശ്യമുണ്ടെങ്കിലത് യാദൃച്ഛികമല്ല മനഃപൂര്‍വ്വമാണ്.

മാവേലിക്കരക്കാരനായ ശങ്കരപ്പിള്ളയ്ക്ക് ആണും പെണ്ണുമായിട്ട് ഏക സന്താനമാണ് ഉണ്ണി. കഴിഞ്ഞ രണ്ടാഴ്ചയായി ഉണ്ണിക്ക് കടുത്ത ജലദോഷവും പനിയും ശ്വാസം മുട്ടലും. അച്ഛനും മുത്തശ്ശനും (ശങ്കരപ്പിള്ളയുടെ അച്ഛന്‍) ഉണ്ണിയുടെ അസുഖം മാറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷേ, ആരോ കട്ടായം പറഞ്ഞു, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടില്ലെങ്കില്‍ ഉണ്ണിയ്ക്ക് അസുഖം മാറില്ല. രാത്രി പത്ത് മണി കഴിഞ്ഞു ഉണ്ണിയുടെ നില വഷളായി.

ആരൊക്കെയോ വീണ്ടും പറഞ്ഞു കൊണ്ടിരുന്നൂ, ഉണ്ണിയെ വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന്. സമയം 10.45. ശങ്കരപ്പിള്ളയും ഉണ്ണിയുടെ മുത്തശ്ശനും ബന്ധുക്കളും ടെന്‍ഷനടിച്ച് നില്‍ക്കേ മുറ്റത്തൊരു മേഴ്‌സിഡസ് ബെന്‍സ് വന്നു നില്‍ക്കുന്നു. ആ കാറില്‍ വന്ന അപരിചിതന്റെ പേര് ജേക്കബ് എന്നാണ്. ഒന്നുംരണ്ടും പറഞ്ഞു നില്‍ക്കാതെ കാര്യത്തിന്റെ സീരിയസ്‌നെസ് മനസിലാക്കിയ ജേക്കബ് ഉണ്ണിയെ വണ്ടിയിലേക്ക് കയറ്റുന്നു. ശങ്കരപ്പിള്ളയും അയാളുടെ അച്ഛനും രണ്ട് ബന്ധുക്കളും കൂടെ കയറി.

എത്രവേഗത്തിലോടിച്ചാലും മാവേലിക്കരയില്‍ നിന്നു തിരുവനന്തപുരത്തെത്താന്‍ രണ്ട് -രണ്ടര മണിക്കൂറെടുക്കും. പക്ഷേ, കാറ്റിന്റെ വേഗത്തിലായിരൂന്നൂ ജേക്കബിന്റെ മേഴ്‌സിഡസ് ബെന്‍സിന്റെ പോക്ക്. ഹൈവേയിലും തുടര്‍ന്ന് ചില ഊടുവഴികളിലൂടെയും കയറിയിറങ്ങി അതിശയിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ ജേക്കബിന്റെ സ്റ്റിയറിങ് തിരിഞ്ഞു. സ്വന്തം ജീവന്‍പോലും തൃണവല്‍ക്കരിച്ച് ജേക്കബ് അങ്ങനെ വണ്ടി പറത്തിവിട്ടു.

പിന്‍സീറ്റില്‍ ശങ്കരപ്പിള്ളയുടെ മടിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഉണ്ണിയെ ഒരുനോക്ക് നോക്കിയ ശേഷം ജേക്കബ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വിളിച്ചു. ഡ്യൂട്ടിയില്‍ ഒരൊറ്റ ജൂനിയര്‍ ഡോക്ടറേ ഉള്ളൂ എന്നും മറ്റുള്ള പ്രധാനികളെല്ലാം ലീവിലാണെന്നും അറിയാന്‍ കഴിഞ്ഞു. ഉടന്‍ തന്നെ ധൃതിപ്പെട്ട് സീനിയര്‍ ഡോക്ടര്‍മാരിലെ പ്രധാനിയെ വിളിച്ച് ആശുപത്രിയിലേക്ക് വരാമെന്ന് സമ്മതിച്ചുറപ്പിക്കുകയായിരൂന്നൂ ജേക്കബ്. പിന്നെ കണ്ണടച്ചുള്ളൊരു കുതിപ്പായിരുന്നൂ. ഒന്നൊന്നര മണിക്കൂറിനുള്ളില്‍ ജേക്കബിന്റെ മേഴ്‌സിഡസ് ബെന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി.

ഡോക്ടര്‍ ഉണ്ണിയെ ഐ.സി.യുവിലാക്കി. ഐ.സി.യുവിന്റെ വാതിലിന് പുറത്ത് ഉണ്ണിയുടെ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ച് ശങ്കരപ്പിള്ളയും മുത്തശ്ശനും ജേക്കബും ബന്ധുക്കളും. അല്പസമയത്തിന് ശേഷം ഐ.സി.യുവിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വരുന്ന ഡോക്ടര്‍. ‘ഉണ്ണി അപകടനില തരണം ചെയ്ത് ശ്വാസമെടുക്കുന്നുണ്ട്.’ ഡോക്ടറുടെ വാക്കുകകളില്‍ നിന്നും ഉണ്ണി മരണത്തിന് കീഴ്‌പെട്ടിട്ടില്ലെന്ന് ഉറ്റവര്‍ ഉറപ്പാക്കുന്നു. പെട്ടെന്നാണ്, പുറത്ത് നില്‍ക്കുകയായിരുന്നൊരു ബന്ധു ശങ്കരപ്പിള്ളയുടെ അടുത്തേക്ക് ഓടിയെത്തുന്നത്. തുടര്‍ന്ന് അയാള്‍ ചെവിയില്‍ പറഞ്ഞു ‘പുറത്ത് വലിയ പ്രശ്‌നമാണ് ആ സതീശന്‍ ആളെ കൂട്ടിവന്ന് പ്രശ്‌നമുണ്ടാക്കുന്നു.’ സതീശന്റെ കാര്യം പറഞ്ഞില്ലല്ലോ!… ശങ്കരപ്പിള്ളയുടെ അയല്‍വാസിയാണ് സതീശന്‍.

മുറ്റത്തേക്കിറങ്ങിയ ശങ്കരപ്പിള്ളയും ബന്ധുക്കളും കാണുന്നത് കുറേ ആളുകളുടെ നടുവില്‍ നിന്ന് സതീശന്‍ ഘോരഘോരം പ്രസംഗിക്കുന്നതാണ്. നാട്ടിന്‍പുറത്തെ ഷെര്‍ലക്‌ ഹോംസിന്റെ മുഖഭാവമായിരൂന്നൂ സതീശനപ്പോള്‍. സതീശന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ അന്തരീഷത്തില്‍ തലങ്ങും വിലങ്ങും മുഴങ്ങി. ജര്‍മ്മന്‍ നിര്‍മ്മിത മേഴ്‌സിഡസ് ബെന്‍സുമായെത്തിയ അപരിചിതനായ ഈ ജേക്കബ് ആരാണ്? ഇയാള്‍ എങ്ങനെ രാത്രി 10.45ന് ശങ്കരപ്പിള്ളയുടെ വീട്ടിലെത്തി? ശങ്കരപ്പിള്ളയുടെ മകന്‍ ഉണ്ണിയെ ആശുപത്രിയിലാക്കാന്‍ മാത്രം ജേക്കബിന് ഉണ്ണിയുമായുള്ള ബന്ധമെന്ത്? എഴുപത്തിയഞ്ചിലധികം ഓട്ടോകളും അത്രതന്നെ ടാക്‌സികളും മാവേലിക്കരയില്‍ ഉണ്ടെന്നിരിക്കേ ഈ മേഴ്‌സിഡസ് ബെന്‍സുകാരനെ ആരാണ് വിളിച്ചു വരുത്തിയത്? മാവേലിക്കരയില്‍ നിന്നും തിരുവനന്തപുരത്തെത്താന്‍ രണ്ട് -രണ്ടര മണിക്കൂറെടുക്കുമെന്നിരിക്കേ ഇയാള്‍ വെറും ഒന്നര മണിക്കൂറിനുള്ളില്‍ എത്തിയത് എങ്ങനെ?

പറഞ്ഞു പറഞ്ഞ് സതീശനിലെ ഷെര്‍ലക്‌ ഹോംസ് ആവേശത്തിന്റെ കൊടുമുടി കയറുന്നു. ജേക്കബിന്റെ കഴിഞ്ഞ കാലം അത്ര നല്ലതല്ല. ചുനക്കര പഞ്ചായത്തില്‍ ജേക്കബിന്റെ അയല്‍വാസി കൊടുത്ത കേസ് ഇപ്പോളും നിലനില്‍ക്കുന്നു. ജേക്കബിന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അയല്‍വാസിക്ക് കാണാന്‍ പറ്റാത്ത രീതിയില്‍ പൊക്കത്തില്‍ ഗേറ്റ് സ്ഥാപിച്ചെന്നതാണ് കേസ്. ജേക്കബില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന മറ്റുചില കച്ചവട തന്ത്രങ്ങളും സതീശന്‍ പൊളിച്ചടക്കുന്നു. മാവേലിക്കരയില്‍ നിന്നു തിരുവനന്തപുരം വരെ ഒന്നര മണിക്കൂര്‍ കൊണ്ടെത്തിയ ജേക്കബ്, നാളെ എന്തുകൊണ്ട് ഒരു ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങില്ല!… ഇപ്പോള്‍ ഉണ്ണിയെ ആശുപത്രിയിലെത്തിച്ചത് സൗജന്യമായിട്ടാണെങ്കിലും ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാശ് ചോദിക്കില്ലെന്ന് ആര് കണ്ടു? ഉണ്ണിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ഡോക്ടറെ വിളിച്ചു വരുത്താന്‍ പാകത്തിന് ഡോക്ടര്‍ക്ക് ജേക്കബുമായുള്ള ബന്ധമെന്താണ്? ഈ ഒരൊറ്റ രാത്രി കൊണ്ട് ശങ്കരപ്പിള്ളയുടെ മകന്‍ ഉണ്ണിയുടെ സകല ഡാറ്റയും ഡോക്ടര്‍ ജേക്കബിന് മറിച്ചു കൊടുക്കില്ലെന്ന് എന്താണ് ഉറപ്പ്? ശങ്കരപ്പിള്ളയ്ക്ക് ജേക്കബിന്റെ കമ്പനിയുമായി എന്താണ് ബന്ധം? ശങ്കരപ്പിള്ളയ്ക്ക് ജേക്കബിന്റെ കമ്പനിയില്‍ ഷെയര്‍ ഉണ്ടോ? ഇത്തരത്തിലുള്ള സതീശന്റെ വാക്കുകള്‍ കേട്ട് കോരിത്തരിച്ചു നില്‍ക്കുന്ന ജനക്കൂട്ടത്തില്‍ നിന്നൊരുത്തന്‍ ‘ആഹാ, അങ്ങനെയെങ്കിലിനി എന്താണൊരു പോംവഴി?’

അര്‍ത്ഥശങ്കയ്ക്കിടിയില്ലാതെ സതീശന്‍ വ്യക്തമാക്കി -‘വെന്റിലേറ്ററില്‍ കിടക്കുന്ന ഉണ്ണിയെ അച്ഛന്റേയും മുത്തശ്ശന്റേയും അടുത്ത് നിന്നും മാറ്റി ഓര്‍ഫനേജിലാക്കുക.’ എല്ലാം കേട്ടുനില്‍ക്കുകയായിരുന്ന ശങ്കരപ്പിള്ള തൊഴുകൈകളോടെ ആള്‍ക്കൂട്ടത്തോടായി ‘ഉണ്ണി ഇപ്പോഴും വെന്റിലേറ്ററിലാണ്. ഉണ്ണിയുടെ അസുഖം മാറുമോ ഇല്ലയോ എന്ന് ആര്‍ക്കുമറിയില്ല. ജേക്കബ്ബ് എന്ന ഡ്രൈവറും ബെന്‍സുമൊക്കെ നാളെയങ്ങ് പോവും. എനിക്കിപ്പോള്‍ വലുത് എന്റെ ഉണ്ണി മാത്രമാണ്.’ എന്നും പറഞ്ഞ്, തന്റെ അച്ഛനെ കെട്ടിപ്പിടിച്ച് ശങ്കരപ്പിള്ള ഏങ്ങിക്കരഞ്ഞു.

(…അവസാനിക്കുന്നില്ല)

 

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights