കട്ടിലിന്റെ തലയ്ക്കലുള്ള ചെറുമേശയിലിരുന്ന് അതിരാവിലെ തന്നെ മൊബൈല്‍ ഫോണ്‍ വിറയലോടു വിറയല്‍. മനുഷ്യന്റെ ഉറക്കം കളയാന്‍ ഏതു കെടുതിയാണാവോ എന്ന ചിന്തയുമായി ഫോണ്‍ കൈയിലെടുത്തു.
പുത്രന്റെ ഉറക്കം തടസ്സപ്പെടാതിരിക്കാന്‍ പരമാവധി പതിഞ്ഞ ശബ്ദത്തില്‍ ‘ഹലോ’.
‘ഹലോ, ശ്യാംലാലല്ലേ’ -മറുപടിയിലെ കനത്ത ശബ്ദം കേട്ട് ചെവിക്കല്ല പൊട്ടി.
ഫോണുമായി ഞാന്‍ മുറിയില്‍ നിന്ന് പുറത്തേക്കോടി. പുത്രന്‍ രാവിലെ ഉണര്‍ന്നാല്‍ പിന്നെ പത്രംവായന പോലും നടക്കില്ല. അതിനുള്ള മുന്‍കരുതലായിരുന്നു ഓട്ടം. എന്റെ ഓട്ടം കണ്ട് ഭാര്യ പേടിച്ച് ചാടിയെഴുന്നേറ്റു വന്നു. കുഴപ്പമില്ല എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചതോടെ പുള്ളിക്കാരി കട്ടിലിലേക്കു മടങ്ങി.
കെ.എസ്.ആര്‍.ടി.സിയിലെ ഒരുന്നത ഉദ്യോഗസ്ഥനാണ്. എന്റെ ബ്ലോഗില്‍ സ്‌കാനിയയെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ചിട്ടാണ് വിളി.
‘സ്‌കാനിയ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക സര്‍ക്കാരുമായി പെര്‍മിറ്റിന് ധാരണയായിക്കഴിഞ്ഞു. താമസിയാതെ ബാംഗ്ലൂരിലേക്ക് സ്‌കാനിയ ഓടിത്തുടങ്ങും’ -ഉദ്യോഗസ്ഥന്റെ വിശദീകരണം.
‘എന്ന് ഓടിത്തുടങ്ങും?’ -എന്റെ ചോദ്യം.
‘ഇലക്ഷന്‍ കാലമല്ലേ, അതിനാല്‍ കൃത്യമായി പറയാനാവില്ല. ടൈംപററി പെര്‍മിറ്റിന് ശ്രമിക്കുന്നുണ്ട്’ -ഉദ്യോഗസ്ഥന്‍ ശബ്ദം കനപ്പിച്ചു.
ഇതു തന്നല്ലേ സാറേ ഞാനും എഴുതിവെച്ചിരിക്കുന്നേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. രാവിലെ എന്തിനാ വെറുതെ ചൊറി. അതുകൊണ്ട് മനസ്സില്‍ വന്ന ചോദ്യം വിഴുങ്ങി.
‘പിന്നെ നിങ്ങള്‍ വോള്‍വോയെക്കുറിച്ച് എഴുതിയിരിക്കുന്നതൊന്നും ശരിയല്ല. വോള്‍വോയൊന്നും കട്ടപ്പുറത്തല്ല. സിറ്റി സര്‍വ്വീസ് നടത്തുന്ന ചില ബസ്സുകള്‍ വര്‍ക്ക്‌ഷോപ്പിലാണ്. അത്രേയുള്ളൂ’ -അദ്ദേഹം കാര്യത്തിലേക്കു കടന്നു.
‘സര്‍, അന്വേഷിച്ചു കണ്ടെത്തിയ വിവരമാണ്. അതു തെറ്റില്ല. ഇതുവരെ തെറ്റിയിട്ടില്ല. എനിക്കു വിവരം തരുന്നവര്‍ ഇതുവരെ ചതിച്ചിട്ടില്ല’ -ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.
‘ആധികാരികമായ വിവരമല്ലേ നിങ്ങള്‍ നല്‍കേണ്ടത്. ഞാനിതാ ആധികാരികമായി പറയുന്നു. വോള്‍വോ കട്ടപ്പുറത്തില്ല’ -ഉദ്യോഗസ്ഥന്‍ വിടാന്‍ ഒരുക്കമല്ല.
തര്‍ക്കിച്ചിട്ടു കാര്യമില്ലെന്ന് എനിക്കു ബോദ്ധ്യമായി. അദ്ദേഹം പറയുന്നത് അംഗീകരിക്കുന്നതായി ഭാവിച്ചു. പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികതയെക്കുറിച്ച് അദ്ദേഹം ചെറിയൊരു ക്ലാസ്സുമെടുത്തു. രാവിലെ പ്രാതല്‍ കഴിക്കാതെ തന്നെ വയര്‍ നിറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒരു പേരയ്ക്കാ ജൂസ് മാത്രം കുടിച്ച് കിടന്നതിനാല്‍ വയറില്‍ ധാരാളം സ്ഥലമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
പക്ഷേ, അദ്ദേഹം പഠിപ്പിച്ച ധാര്‍മ്മികത ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദഹിച്ചു. വീണ്ടും എല്ലിന്നിടയില്‍ ചെറിയൊരു കുത്തല്‍. അങ്ങനെ വിടാന്‍ പാടുണ്ടോ. വോള്‍വോ കാര്യം അന്വേഷിക്കണ്ടേ?
വാദം തെളിയിക്കണമെങ്കില്‍ തെളിവു വേണം. ഫോട്ടോ നല്ല തെളിവാണെന്ന് പണ്ടേ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. കട്ടപ്പുറത്തായ വോള്‍വോയുടെ ചിത്രം ശേഖരിക്കാന്‍ രാവിലെ ഇറങ്ങി. അല്പം കഷ്ടപ്പെടേണ്ടി വന്നു. കെ.എസ്.ആര്‍.ടി.സിയിലെ സുഹൃത്തുക്കള്‍ കാര്യമായി സഹായിച്ചു. എങ്കിലും ദൗത്യം വിജയിച്ചു. കെ.എസ്.ആര്‍.ടി.സി. രക്ഷപ്പെടണമെന്ന ആഗ്രഹം ഉദ്യോഗസ്ഥരെ അപേക്ഷിച്ച് സാധാരണ തൊഴിലാളികള്‍ക്കാണല്ലോ കൂടുതല്‍.
എന്നെ പത്രപ്രവര്‍ത്തന ധാര്‍മ്മികത പഠിപ്പിച്ച ഉദ്യോഗസ്ഥനുള്ള മറുപടിയാണ് ഈ ചിത്രങ്ങള്‍. ധാര്‍മ്മികബോധം എന്നില്‍ അല്പം ബാക്കിയുള്ളതിനാല്‍ ആ ഉദ്യോഗസ്ഥന്റെ പേരു ഞാന്‍ വെളിപ്പെടുത്തുന്നില്ല എന്നു മാത്രം.
These people needed to be replied through evidences like this. Great job, Sir .Keeep going.
All the very best.