HomeGOVERNANCEകേരളത്തിലെ ഭാ...

കേരളത്തിലെ ഭാവിതലമുറയും സുരക്ഷിതര്‍

-

Reading Time: 3 minutes

രാജ്യത്തെ ഏറ്റവും മികച്ച സുസ്ഥിരവികസന മാതൃകയാണ് കേരളമെന്ന് നീതി ആയോഗ്. അവരുടെ 2020-21 വര്‍ഷത്തേക്കുള്ള സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച സംസ്ഥാനമായി കേരളം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ നീതി ആയോഗിന്റെ ആദ്യ സൂചികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കേരളം തുടർന്നുള്ള വർഷങ്ങളില്‍ ആ സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ കൈവശം വെച്ചിരിക്കുകയാണ്.

വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് സുസ്ഥിര വികസനം എന്നു പറയുന്നത്. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ഉറപ്പുവരുത്തുന്നു. “ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ തന്നെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനം” -ഐക്യരാഷ്ട്ര സഭയ്ക്കു വേണ്ടി ഈ വിഷയത്തില്‍ പഠനം നടത്തിയ ബ്രന്‍റ്ലന്‍ഡ് കമ്മീഷന്‍ അവരുടെ OUR COMMON FUTURE എന്ന റിപ്പോര്‍ട്ടില്‍ സുസ്ഥിര വികസനത്തിനു നല്‍കിയിട്ടുള്ള നിര്‍വചനം ഇതാണ്. ഇതനുസരിച്ചാണെങ്കില്‍ ഇന്ത്യയില്‍ ഭാവിതലമുറ ഏറ്റവും സുരക്ഷിതരായിരിക്കുക കേരളത്തിലാണ്.

2015 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭാ ഉച്ചകോടിയാണ് സുസ്ഥിര വികസനവും ജനക്ഷേമവും വിലയിരുത്താനുള്ള സൂചികകള്‍ക്ക് രൂപം നല്‍കിയത്. 193 അംഗരാജ്യങ്ങള്‍ ഈ ഉച്ചകോടിയില്‍ പങ്കെടുത്തു. ദാരിദ്ര്യനിര്‍മാര്‍ജ്ജനം, ആരോഗ്യം, ശുചിത്വം, നഗരജീവിതം തുടങ്ങിയ മേഖലകളില്‍ 2030ഓടെ കൈവരിക്കേണ്ട 17 ലക്ഷ്യങ്ങള്‍ ഉച്ചകോടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാമൂഹിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എത്രമാത്രം പുരോഗതി നേടാനായി എന്നു വിലയിരുത്താനാണ് ഇന്ത്യയില്‍ സുസ്ഥിര വികസന സൂചിക കണക്കാക്കുന്ന നടപടി 2018 മുതല്‍ നീതി ആയോഗ് പ്രാവര്‍ത്തികമാക്കിയത്.

2018ലെ ആദ്യ സൂചികയില്‍ ഹിമാചല്‍ പ്രദേശിനൊപ്പം കേരളം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. 100ല്‍ 69 പോയിന്റാണ് ഇരു സംസ്ഥാനങ്ങളും അന്നു നേടിയത്. എന്നാല്‍ 2019ല്‍ രണ്ടാമത്തെ സൂചിക വന്നപ്പോഴേക്കും ഒന്നാം സ്ഥാനത്ത് കേരളം ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ചു -100ല്‍ 70 പോയിന്‍റ്. മുന്‍വര്‍ഷത്തെ 69 പോയിന്റില്‍ തന്നെ തുടര്‍ന്ന ഹിമാചല്‍ രണ്ടാം സ്ഥാനത്തായി. കോവിഡ് മഹാമാരി കാരണം അല്പം വൈകിയാണ് ഇത്തവണ മൂന്നാമത്തെ സൂചിക വന്നിരിക്കുന്നത്. അതില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 5 പോയിന്റ് ഉയര്‍ത്താന്‍ കേരളത്തിനു സാധിച്ചു -100ല്‍ 75 പോയിന്റുമായി 2020-21ലും ഒന്നാം സ്ഥാനം. 74 പോയിന്റ് വീതം നേടിയ ഹിമാചല്‍ പ്രദേശും തമിഴ്നാടുമാണ് രണ്ടാം സ്ഥാനക്കാര്‍. 72 പോയിന്റുള്ള ആന്ധ്ര പ്രദേശ് പട്ടികയില്‍ മൂന്നാമതെത്തി.

ഈ പട്ടികയുടെ മറുഭാഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനം 52 പോയിന്റുള്ള ബിഹാറാണ്. 56 പോയിന്റുള്ള ജാര്‍ഖണ്ഡും 57 പോയിന്റുള്ള അസമും 60 പോയിന്റുള്ള ഉത്തര്‍ പ്രദേശുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ 79 പോയിന്റ് നേടിയ ചണ്ഡിഗഢാണ് ഒന്നാം സ്ഥാനത്തിനര്‍ഹര്‍. 68 പോയിന്റ് നേടിയ ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തി. ലക്ഷ്യങ്ങൾക്കൊപ്പം 115 സൂചകങ്ങളും ഉൾപ്പെടുത്തിയ ഇക്കൊല്ലത്തെ സൂചിക മുൻവർഷങ്ങളിലേതിനെ അപേക്ഷിച്ച്‌ ഏറെ സമ്പുഷ്ടമാണെന്ന് നീതി ആയോഗ് വ്യക്തമാക്കിയിട്ടുണ്ട്. ‘യു.എൻ. ഇന്ത്യ’യുടെയും സന്നദ്ധസംഘടനകളുടെയും സ്വകാര്യമേഖലയുടെയും സർക്കാരിന്റെയും പങ്കാളിത്തത്തോടെയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും കേരളത്തിന് മികവ് പ്രകടിപ്പിക്കാന്‍ സാധിച്ചു എന്നത് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. ദാരിദ്ര്യ നിർമ്മാർജനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, കാലാവസ്ഥാ വ്യതിയാനം നേരിടൽ, ചെലവ്‌ കുറഞ്ഞതും സുസ്ഥിരവുമായ ഊർജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തൽ എന്നീ മേഖലകളിലെ മുന്നേറ്റമാണ്‌ കേരളത്തിന്‌ മുതൽക്കൂട്ടായത്‌. ആരോഗ്യവും ക്ഷേമവും, ക്രമസമാധാനവും നീതിനിർവഹണവും, അസമത്വം കുറയ്‌ക്കൽ, നഗരവികസനം, വന്യജീവി സംരക്ഷണം എന്നീ മേഖലകളിലും കേരളത്തിന്റെ പ്രകടനം മികച്ചതായി.

കേരളത്തില്‍ നിലനില്‍ക്കുന്ന ശക്തമായ സാമൂഹികാടിത്തറ സുസ്ഥിര വികസന സൂചികയില്‍ മുന്നിലെത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എന്ന നിലയില്‍ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച വികസന കാഴ്ചപ്പാടുകളും പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും ഈ നേട്ടങ്ങളില്‍ കാര്യമായ പങ്കുവഹിച്ചുവെന്നു നിര്‍ബന്ധമായും പറയണം. വ്യവസായവികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, മികച്ച ആരോഗ്യവും ക്ഷേമവും, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗപദവി സമത്വം എന്നീ മേഖലകളിലെ മിന്നുന്ന പ്രകടനം തീര്‍ച്ചയായും സര്‍ക്കാരിന്റെ നയങ്ങളുടെയും നിലപാടുകളുടെയും ഫലമാണ്.

ജനകീയ വികസനത്തിന്റെയും സാമൂഹികപുരോഗതിയുടേയും കേരള മാതൃക രാജ്യത്ത് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി രംഗങ്ങളിലെ വികസനമുന്നേറ്റങ്ങളെ സമഗ്രമായി പഠിച്ച്, അന്താരാഷ്ട്ര സൂചികകൾക്കൊത്ത് കേരളം എവിടെ നിൽക്കുന്നുവെന്ന് മനസിലാക്കാന്‍ ഈ സൂചിക സഹായിക്കും. ഒന്നാം സ്ഥാനത്ത് എത്തുക ദുഷ്കരമാണെങ്കില്‍ അവിടെ തുടരുക എന്നത് അതീവദുഷ്കരമാണ്. ഈ അതീവദുഷ്കര കര്‍മ്മം രണ്ടു വട്ടം കേരളം വിജയകരമായി പൂര്‍ത്തിയാക്കി. ഇനിയും അവിടെ തുടരണമെങ്കില്‍ വികസനലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടി വരും.

സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും മഹനീയമായ മാതൃകയ്ക്ക് ലഭിച്ച അംഗീകാരമെന്നാണ് ഈ നേട്ടത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ഇച്ഛാശക്തിയോടെ അവയെല്ലാം മറികടക്കാനും ഒറ്റക്കെട്ടായി നാടിന്റെ നന്മയ്ക്കായി അടിയുറച്ചു നിൽക്കാനും കേരള ജനതയ്ക്ക് സാധിച്ചു. കുറവുകൾ നികത്തി കൂടുതൽ ആർജ്ജവത്തോടെ ഒരുമിച്ച് ഇനിയും മുന്നോട്ടു പോകാം എന്ന് അദ്ദേഹം പറയുമ്പോള്‍ കൈകോര്‍ത്ത് നീങ്ങേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമുണ്ട് എന്ന സന്ദേശം തന്നെയാണു നല്‍കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights