തൃക്കണ്ണാപുരം, എന്നു വെച്ചാല്‍ തൃക്കണ്ണന്റെ പുരം. മൂന്നു കണ്ണുള്ള ഭഗവാന്റെ -ശ്രീപരമേശ്വരന്റെ നാട്. തിരുവനന്തപുരം നഗരത്തിലാണ് തൃക്കണ്ണാപുരം എന്ന സ്ഥലം. അവിടെയാണ് പ്രശസ്തമായ ശ്രീ ചക്രത്തില്‍ മഹാദേവ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ നിന്നാണ് പ്രദേശത്തിന് പേര് ലഭിച്ചത്.
പുഴക്കരയിലാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ തൊട്ടുമുന്നിലാണ് ഈയുള്ളവന്റെ വീട്. ഭഗവാനും ഞാനും അയല്‍ക്കാരാണെന്നു സാരം. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ ചില പ്രത്യേക സഹായങ്ങള്‍ ലഭിക്കാറുണ്ട്. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അദൃശ്യശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു, അംഗീകരിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. എന്റെ മുന്നില്‍ ആ ശക്തിക്ക് ശ്രീ പരമേശ്വരന്റെ രൂപമാണ്.
ക്ഷേത്രവും ആചാരങ്ങളുമെല്ലാം കുട്ടിക്കാലത്തു തന്നെ മനസ്സില്‍ കയറിയതാണ്. ഞാന്‍ എന്തെങ്കിലും തരികിട ഒപ്പിക്കുമ്പോള്‍ അമ്മ പറയുമായിരുന്നു -‘ആരെയും പേടിച്ചില്ലെങ്കിലും ദൈവത്തെയെങ്കിലും പേടിക്കണമെടാ’. അങ്ങനെ ദൈവത്തെ പേടിച്ചു വളര്‍ന്നു. പേടി പിന്നെ ബഹുമാനമായി. ഇപ്പോഴത് സൗഹൃദമായി. നമ്മുടെ പ്രശ്‌നങ്ങളെല്ലാം ശാന്തമായി കേള്‍ക്കുന്ന, അതിന് പരിഹാരം നിര്‍ദ്ദേശിക്കുന്ന സുഹൃത്ത്.
ദൈവത്തില്‍ വിശ്വസിക്കണം എന്നു മാത്രമേ അച്ഛനമ്മമാര്‍ പറഞ്ഞിട്ടുള്ളൂ. ഒരു പ്രത്യേക ദൈവത്തില്‍ എന്നു പറഞ്ഞിട്ടില്ല. അതിനാല്‍ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലും ബീമാപള്ളിയിലുമെല്ലാം എന്റെ ദൈവമുണ്ട്. ഞാനവരെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുമുണ്ട്, കുടംബസമേതം.
ജീവിതത്തില്‍ താങ്ങാനാവാത്ത പ്രതിസന്ധിയുണ്ടാവുമ്പോള്‍, എല്ലാം കൈവിട്ടുപോകുന്നു എന്ന നില വരുമ്പോള്‍, എത്ര വലിയ നിരീശ്വരവാദിയും ദൈവത്തെ വിളിച്ചുപോകും. അത്തരം സാഹചര്യങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. വേറൊന്നും ചെയ്യാനില്ലാതെ തളര്‍ന്നിരുന്ന നിമിഷങ്ങള്‍ ഞാന്‍ ദൈവത്തെ വിളിച്ചിട്ടുണ്ട്. എന്നോടുള്ള സ്‌നേഹം കൊണ്ടാണോ, സൗഹൃദം കൊണ്ടാണോ എന്നറിയില്ല ഞാന്‍ വിളിച്ചപ്പോഴെല്ലാം ഭഗവാന്‍ എന്റെ കൂടെ നിന്നിട്ടുണ്ട്, ഒരു താങ്ങായി. എന്റെ വീട്ടില്‍ ഇപ്പോള്‍ ഓടിക്കളിക്കുന്ന മകന്‍ കണ്ണന്‍ മാത്രം മതി അതിനു തെളിവായി. ‘മെഡിക്കല്‍ മിറക്കിള്‍’ എന്നു ഡോക്ടര്‍മാര്‍ പറയുമ്പോള്‍ ആ ‘മിറക്കിള്‍’ പിന്നെന്താണ്?
മഹാശിവരാത്രി. ഇനിയുള്ള മൂന്നു ദിനങ്ങളില്‍ ആബാലവൃദ്ധം ജനങ്ങള്‍ എന്റെ വീട്ടിനു മുന്നിലൂടെ ഒഴുകി നീങ്ങും, ഭഗവാനെ കാണുന്നതിനായി. ശ്രീ ചക്രത്തില്‍ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായിരിക്കുന്നു. നാടുകാണാന്‍ ഭഗവാന്‍ ആനപ്പുറത്തെഴുന്നള്ളി. കഴിഞ്ഞ ദിവസം വൈകീട്ട് എന്റെ വീട്ടിനു മുന്നിലൂടെയാണ് യാത്ര തിരിച്ചത്. തിരികെ ക്ഷേത്രത്തിലേക്കു മടങ്ങുന്ന വഴിയില്‍ എന്റെ വീട്ടിലും കയറി. പറയെടുത്തു. വിശ്വാസം ചിലപ്പോഴെല്ലാം ആശ്വസാവുമാണ്.
വിശ്വാസം.. അതല്ലേ എല്ലാം…