Reading Time: 7 minutes

മാധ്യമപ്രവര്‍ത്തനം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലാണ്. അല്പകാലം മുമ്പ് വരെ ഇതൊരു തൊഴിലായിരുന്നു. ഇപ്പോള്‍ തൊഴില്‍ അല്ലാതായി എന്നല്ല, തൊഴില്‍ മാത്രം അല്ലാതായി എന്നാണ്. മുമ്പ് ഈ തൊഴില്‍ ചെയ്യുന്നവര്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന വിഭാഗത്തില്‍ പെട്ടിരുന്നത്. എന്നാല്‍, ഇന്ന് എല്ലാവരും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമപ്രവര്‍ത്തകര്‍ എന്ന വിഭാഗത്തില്‍ പെടാത്ത സാധാരണക്കാരും തങ്ങളുടേതായ രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നു. സമൂഹമാധ്യമങ്ങളുടെ ആവിര്‍ഭാവമാണ് ഈ വലിയ മാറ്റത്തിന് വഴിമരുന്നിട്ടത്. കൈയിലുള്ള മൊബൈല്‍ ഫോണ്‍ ആണ് എല്ലാവരുടെയും പണിയായുധം.

ജനാധിപത്യ സംവിധാനത്തില്‍ വളരെ നിര്‍ണ്ണായക സ്വാധീനമാണ് മാധ്യമങ്ങള്‍ക്കുള്ളത്. ഒരു പരിധി വരെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാണ് മാധ്യമപ്രവര്‍ത്തകര്‍. അടുത്ത കാലം വരെ മാധ്യമപ്രവര്‍ത്തനം സ്ഥാപന കേന്ദ്രീകൃതമായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞു. അതിന്റേതായ ഗുണങ്ങളുണ്ട്. അതിലേറെ ദോഷങ്ങളുമുണ്ട്. സമൂഹത്തില്‍ അരുതാത്തത് എന്തെങ്കിലും കണ്ടാല്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ സഹായത്തോടെ അത് പുറംലോകത്തെ അറിയിക്കുക എന്ന രീതി പഴഞ്ചനായിരിക്കുന്നു. ഇപ്പോള്‍ വിവരം അറിയുന്നയാള്‍ തന്നെ സ്വയം സമൂഹത്തെ അതറിയിക്കുകയാണ്, സമൂഹമാധ്യമങ്ങളിലൂടെ. തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ എല്ലാവരെയും കഴിഞ്ഞ ദിവസം രക്ഷിച്ച വാര്‍ത്ത ആദ്യമായി പുറംലോകമറിഞ്ഞത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണെന്നതില്‍ എനിക്കു വലിയ അത്ഭുതമൊന്നും തോന്നിയില്ല.

സ്വയം വാര്‍ത്തയും വാര്‍ത്താലേഖകനും ആവാനുള്ള ശ്രമത്തില്‍ അപൂര്‍വ്വം ചിലര്‍ക്കു മാത്രമാണ് വിജയിക്കാനാവുന്നത്. അവരെ നമ്മള്‍ viral എന്ന ഗണത്തില്‍പ്പെടുത്തും. Viral ആകുന്നത് അവരുടെ അവതരണത്തിന് നിയതമായ വാര്‍ത്താരൂപം ഉള്ളതിനാലാണ്, ആശയം എളുപ്പത്തില്‍ സംവദിക്കുന്നതിനാലാണ്. മാധ്യമപ്രവര്‍ത്തനം എന്താണെന്ന ധാരണയും അദ്ധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും ഇതു സാധിക്കും. നിയമത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്ന് മിതത്വം പാലിക്കുന്നതായിരിക്കണം ഏതൊരു വാര്‍ത്തയും -സമൂഹമാധ്യമങ്ങളില്‍ അത് പോസ്റ്റാണ്. പക്ഷേ, അജ്ഞത പലരെയും കുഴിയില്‍ ചാടിക്കുന്നു.

ഒരു മാധ്യമത്തില്‍ വാര്‍ത്ത കൈകാര്യം ചെയ്യുന്നതിന് വ്യവസ്ഥാപിതമായ രീതികളുണ്ട്. പകര്‍പ്പവകാശം, മാനനഷ്ടം എന്നിങ്ങനെ ഒട്ടേറെ നിയമങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നുണ്ട്. പക്ഷേ, സമൂഹമാധ്യമങ്ങളില്‍ ഇതൊന്നുമില്ല. അതിനാല്‍ത്തന്നെ ചിലപ്പോഴെല്ലാം ‘സമൂഹ’മാധ്യമപ്രവര്‍ത്തനം ഭസ്മാസുരന് വരം ലഭിച്ചതുപോലുള്ള അവസ്ഥ സൃഷ്ടിക്കാറുണ്ട്. അടുത്തിടെയുണ്ടായ വാട്ട്‌സാപ്പ് ഹര്‍ത്താലിന്റെ ഫലമായി സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയതു തന്നെ ഉദാഹരണം.

‘സമൂഹ’മാധ്യമപ്രവര്‍ത്തനം ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രിക്കാന്‍ വകുപ്പില്ല. പക്ഷേ, താല്പര്യമുള്ളവര്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കാന്‍ കഴിയും. ആ രീതിയില്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഒന്നു ശ്രമിച്ചുനോക്കാന്‍ തീരുമാനിച്ചതും അതിനാല്‍ത്തന്നെയാണ്.

ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം നിലച്ച ശേഷം സ്വതന്ത്രമായ എഴുത്തുപണികളുമായി നടക്കുകയായിരുന്ന എന്നെ തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജില്‍ ജൂനിയറായിരുന്ന രവി മോഹനാണ് അദ്ദേഹത്തിന്റെ സ്ഥാപനം NowNext സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കാളിയാക്കിയത്. സംരംഭകത്വ ഉച്ചകോടിയും ശില്പശാലകളുമൊക്കെ സംഘടിപ്പിച്ച് കരിയര്‍ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രവി. കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം കൂടിയുള്ള ഒരു വെബ് പോര്‍ട്ടല്‍ ആണ് ഈ സംരംഭം. കരിയര്‍ -വിദ്യാഭ്യാസ വാര്‍ത്തകള്‍ മാത്രമാണ് ഇതില്‍ കൈകാര്യം ചെയ്യുക. രാഷ്ട്രീയം, വിനോദം, കായികം എന്നിവയൊന്നുമില്ല. അഥവാ ഈ വിഷയങ്ങള്‍ വന്നാല്‍ത്തന്നെ മത്സരപ്പരീക്ഷകള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മാത്രം.

ഡോ.പി.കെ.രാജശേഖരന്‍

NowNextന്റെ മുന്നോട്ടുള്ള പ്രയാണം ചര്‍ച്ചയായപ്പോള്‍ ആദ്യം മുന്നിലേക്കു വന്നത് സമൂഹമാധ്യമങ്ങളുടെ സ്വാധീനമാണ്. എല്ലാവരും മാധ്യമപ്രവര്‍ത്തകരെ പുലഭ്യം പറയുമെങ്കിലും മാധ്യമപ്രവര്‍ത്തനം എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ടെന്നത് സത്യമാണ്. സമൂഹമാധ്യമങ്ങളുടെ വരവോടെ നമ്മള്‍ ഓരോരുത്തരും മാധ്യമപ്രവര്‍ത്തകരായി മാറി. എന്തൊക്കെ ദൂഷ്യവശങ്ങളുണ്ടെങ്കിലും ജനങ്ങളുടെ പ്രതികരണശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സമൂഹമാധ്യമങ്ങള്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പറയാനുള്ളത് വ്യക്തമായും കൃത്യമായും പറയുന്നവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ വിലയാണ്.

The impact of social media is so large that it has led to the rise of a core group called opinion leaders. An opinion leader is a person with a clear thought, and is able of express that thought in a clear manner. In that way, an opinion leader is effectively a journalist. So, the fact is clear -ANYBODY CAN BE A JOURNALIST.

ജോ എ.സ്‌കറിയ

ആദ്യ ചുവടുവെപ്പ് എന്ന നിലയ്ക്ക് മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് കൂടുതലറിയാന്‍ എന്തുകൊണ്ട് അവസരമൊരുക്കിക്കൂടാ എന്നാലോചിച്ചു. ഈ മേഖലയിലുള്ള എന്റെ സുഹൃത്തുക്കളുടെ സഹായം തേടാനും ധാരണയായി. അങ്ങനെയാണ് UNDERSTANDING MEDIA എന്ന പേരില്‍ 2 ദിവസത്തെ മാധ്യമശില്പശാല തിരുവനന്തപുരത്ത് രൂപമെടുത്തത്. ജൂലൈ 23, 24 തീയതികളില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ ക്ലാസിക് സരോവര്‍ പോര്‍ട്ടിക്കോയിലാണ് പരിപാടി.

സിന്ധു സൂര്യകുമാര്‍

വ്യക്തമായ കൂടിയാലോചനകള്‍ക്കു ശേഷമാണ് ശില്പശാല കൈകാര്യം ചെയ്യുന്ന വിഷയങ്ങളും അത് അവതരിപ്പിക്കേണ്ടവരും നിശ്ചയിക്കപ്പെട്ടത്. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം മുന്‍ ഡയറക്ടര്‍ കൂടിയായ ദ ഹിന്ദു മുന്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പി.വേണുഗോപാല്‍ എന്ന വേണുച്ചേട്ടന്‍ അതിനു വേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‍കി. അവിടെയും നിക്ഷേപം സ്‌നേഹം തന്നെ. മാധ്യമപ്രവര്‍ത്തന രംഗത്തെ കഴിവിനൊപ്പം തങ്ങളുടെ ജോലിയില്‍ പുലര്‍ത്തുന്ന നേരും നെറിയും വിഷയാവതാരകരുടെ തിരഞ്ഞെടുപ്പിന് മാനദണ്ഡമായി. ഒരു മാധ്യമപ്രവര്‍ത്തകന് ആദ്യമായി വേണ്ട യോഗ്യത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവനാവണം എന്നതാണ്.

ശില്പശാലയില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഇവയാണ്.

  • USING LANGUAGE IN JOURNALISM -THE SUBTLITIES INVOLVED
  • COVERING NEWS AND FEATURES FOR THE VISUAL MEDIA
  • MASTERING PHOTOGRAPHY AND VIDEOGRAPHY
  • EMERGING CONVERGENT MEDIA
  • TROLL AND ITS ETHICS
  • BEST PRACTICES IN POLITICAL REPORTING
ബി.ദിലീപ് കുമാര്‍

ആശയവിനിമയത്തിന് ഭാഷ വളരെ പ്രധാനപ്പെട്ടതാണ്. പറയാനുള്ള കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം.  വാര്‍ത്താവതരണത്തിലെ ഭാഷാവഴികളെക്കുറിച്ച് വ്യക്തമായ ധാരണ വേണം. ഏതൊരു ഭാഷയ്ക്കും അതിന്റേതായ ശൈലിയുണ്ട്. ആത്മവിശ്വാസത്തോടെ എഴുതാനും പറയാനും പ്രാപ്തരാകണം. അതിലെല്ലാമപ്പുറം എങ്ങനെ ഭാഷയെ കൊല്ലാതിരിക്കാം എന്നു പഠിക്കണം. ഈ വിഷയം അവതരിപ്പിക്കാന്‍ പ്രശസ്ത സാഹിത്യകാരനും സാഹിത്യനിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ.പി.കെ.രാജശേഖരനെക്കാള്‍ യോഗ്യനായൊരു വ്യക്തി വേറെയില്ല തന്നെ. സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ച, മാതൃഭൂമിയുടെ തിരുവനന്തപുരം ന്യൂസ് എഡിറ്ററായ അദ്ദേഹം മലയാളത്തിന്റെ കാര്യം പറയുമ്പോള്‍ വേറിട്ട ഭാഷാശൈലി കൊണ്ട് ഏവരെയും അസൂയപ്പെടുത്തിയ എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോ എ.സ്‌കറിയയാണ് ഇംഗ്ലീഷില്‍ വിഷയമവതരിപ്പിക്കുക.

പി.തെരുവിയം

ദൃശ്യമാധ്യമങ്ങളുടെ ലോകമാണിത്. എല്ലാവര്‍ക്കും എല്ലാം കണ്ടറിയണം. കാഴ്ചയ്ക്ക് ദൃശ്യഭാഷയുണ്ട്. ദൃശ്യത്തിന് വ്യക്തത വരുത്തുന്നത് ഒപ്പമുള്ള വിശദീകരണമാണ്. ഇതു രണ്ടും ചേരുമ്പോഴാണ് ഒരു ടെലിവിഷന്‍ വാര്‍ത്തയുണ്ടാവുന്നത്, മികച്ച പരിപാടിയാവുന്നത്. സിന്ധു സൂര്യകുമാറും ബി.ദിലീപ്കുമാറും ഞാനുമെല്ലാം ഒരേ കാലത്ത് മാധ്യമപ്രവര്‍ത്തനം തുടങ്ങിയവരാണ്. തുടക്കകാലം മുതല്‍ അടുത്ത സൗഹൃദവുമുണ്ട്. ദൃശ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നത് സിന്ധുവും ദിലീപുമാണ്.

മഹേഷ് ഹരിലാല്‍

ശക്തവും വ്യക്തവുമായ നിലപാടുകളുടെയും വസ്തുനിഷ്ടമായ അവതരണത്തിന്റെയും പേരില്‍ ഏവരുടെയും ബഹുമാനം പിടിച്ചുപറ്റിയ വ്യക്തിയാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്ററായ സിന്ധു. വാര്‍ത്തകള്‍ കണ്ടെത്തുന്നതിലും അവ കാര്യക്ഷമമായി അവതരിപ്പിക്കുന്നതിലും വല്ലാത്തൊരു മികവുള്ളയാളാണ് ദിലീപ്. ഇന്ത്യാവിഷന്റെ ഡല്‍ഹി ബ്യൂറോ ചീഫ് എന്ന നിലയില്‍ ദിലീപ് പുറത്തുകൊണ്ടു വന്ന എക്‌സ്‌ക്ലൂസീവുകളില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു എന്ന പ്രമാദമായ വാര്‍ത്തയും ഉള്‍പ്പെടുന്നു. അതീവരഹസ്യമായി സര്‍ക്കാര്‍ നടപ്പാക്കിയ വധശിക്ഷയാണ് ദിലീപിന്റെ വാക്കുകളിലൂടെ ലോകമറിഞ്ഞത്. ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ ഒരു സ്ഥാപനത്തെ തന്നെ നിയന്ത്രിച്ച പരിചയമുള്ള ദിലീപ് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കിടും.

എബി തരകന്‍

എഴുതുന്ന വാക്കുകളെക്കാള്‍ ശക്തി കാണുന്ന ദൃശ്യത്തിനാണ്. ദൃശ്യം നിശ്ചലമോ ചലനമോ ആകാം. വാര്‍ത്തയുടെ ദൃശ്യത്തിന് പ്രത്യേകതയുണ്ട്, അത് live ആണ്. സിനിമയിലെയോ സീരിയലിലെയോ പോലെ ആക്ഷനും കട്ടും പറയാന്‍ അവിടെ അവസരമില്ല. വരുന്നത് വരുന്ന പോലെ മികവോടെ പകര്‍ത്തുന്നത് ഒരു പ്രത്യേക കഴിവാണ്. Live ആയ ദൃശ്യം സംവദിക്കുന്ന വിധത്തില്‍ ഫോട്ടോയോ വീഡിയോയോ ആക്കുന്നത് എളുപ്പമല്ല തന്നെ. ആ trick എങ്ങനെയെന്ന് ആര്‍ക്കും പറഞ്ഞുതരാനുമാവില്ല, മാധ്യമപ്രവര്‍ത്തകര്‍ക്കൊഴികെ. വാര്‍ത്താദൃശ്യചാരുതയുടെ രഹസ്യം മനസ്സിലാക്കാനുള്ള അവസരമൊരുക്കുന്നത് ചില്ലറക്കാരല്ല. ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി ഒട്ടേറെ സംഘര്‍ഷദൃശ്യങ്ങള്‍ ഒപ്പിയെടുത്ത, 2 ദശകങ്ങളുടെ പരിചയമുള്ള ചീഫ് ക്യാമറാമാന്‍ പി.തെരുവിയമാണ് വീഡിയോഗ്രാഫിയെക്കുറിച്ച് സംസാരിക്കുക. മലയാള മനോരമയിലും ദ ഹിന്ദുവിലുമൊക്കെ പ്രവര്‍ത്തിച്ച ഒരു ഫൊട്ടോ ജേര്‍ണലിസ്റ്റ് എന്ന നിലയിലും ആര്‍ട്ട് ഫൊട്ടോഗ്രാഫര്‍ എന്ന നിലയിലും മികച്ച ചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ചയാളാണ് മഹേഷ് ഹരിലാല്‍. അദ്ദേഹം നിശ്ചല ചിത്രങ്ങളുടെ രസതന്ത്രം വെളിപ്പെടുത്തും.

എന്‍.എം.ഉണ്ണികൃഷ്ണന്‍

പത്രം, റേഡിയോ, ടെലിവിഷന്‍, വെബ് എന്നിങ്ങനെ മാധ്യമങ്ങള്‍ പലവിധത്തിലുണ്ട്. ഇതിനു പുറമെയാണ് സമൂഹമാധ്യമങ്ങള്‍. മാധ്യമപ്രവര്‍ത്തനത്തിന് സഹായകരമായ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി മൊബൈല്‍ ഫോണ്‍ മാറിയിരിക്കുന്നു. NDTV പോലുള്ള ദേശീയ ചാനലുകള്‍ പോലും ഇപ്പോള്‍ വാര്‍ത്ത ചിത്രീകരിക്കുന്നത് ഐഫോണിലാണ്. ഒരേ വാര്‍ത്ത തന്നെ പത്രം, റേഡിയോ, ടെലിവിഷന്‍, വെബ് എന്നിങ്ങനെ എല്ലാത്തിലേക്കും പോകുന്നു. സമൂഹമാധ്യമങ്ങളിലും ഇങ്ങനെ തന്നെ, എല്ലാം മൊബൈലിലാണ്. Convergent Media പിടിമുറുക്കുന്ന മാധ്യമലോകത്തെക്കുറിച്ച് സംസാരിക്കാന്‍ എത്തുന്നത് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വാര്‍ത്താ സ്ഥാപനങ്ങളിലൊന്നായ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലിന്റെ എഡിറ്റര്‍ എബി തരകനാണ്. ഊര്‍ജ്ജസ്വലത മുഖമുദ്രയാക്കി ഡിജിറ്റല്‍ വാര്‍ത്തയില്‍ വിപ്ലവം സൃഷ്ടിക്കുന്ന പുതുതലമുറക്കാരനായ ന്യൂസ് 18 കേരളത്തിന്റെ ചീഫ് കോപ്പി എഡിറ്റര്‍ എന്‍.എം.ഉണ്ണികൃഷ്ണന്‍ പുതിയ രീതികള്‍ പരിചയപ്പെടുത്തും.

ജോര്‍ജ്ജ് പുളിക്കന്‍

സമൂഹമാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയം ട്രോളുകളാണ്. ട്രോള്‍ ആസ്വദിക്കാത്ത ആരുമില്ല. ട്രോളന്മാര്‍ക്ക് അസാദ്ധ്യ ഭാവനയാണ്. ചിരിപ്പിക്കുക എന്നത് അത്രയെളുപ്പമല്ല. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുക കൂടി ചെയ്യുന്നവരുടെ കഴിവ് പറയാനില്ല! ട്രോളുകളുടെ വൈവിധ്യം പ്രകടമാകുന്നത് ടെലിവിഷനിലെ ആക്ഷേപഹാസ്യ പരിപാടികളിലാണ്. പക്ഷേ, ട്രോളും ചിലപ്പോഴൊക്കെ പരിധി വിടുന്നില്ലേ? ഈ സംശയത്തിന് ഉത്തരം തേടേണ്ടതുണ്ട്. ടെലിവിഷനില്‍ ഏറ്റവും ശ്രദ്ധേയമായ 2 ട്രോള്‍ പരിപാടികളാണ് ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രവും ന്യൂസ് 18 കേരളത്തിലെ പുഷ് പുള്ളും.

എസ്.ലല്ലു

ചിത്രം വിചിത്രത്തിന്റെ പ്രധാന അവതാരകനായ ജോര്‍ജ്ജ് പുളിക്കന്‍ എന്ന പുളിക്കന്‍ ചേട്ടനുമായി എനിക്കേതാണ്ട് 20 വര്‍ഷത്തെ പരിചയമുണ്ട്. ഒരു ജേര്‍ണലിസ്റ്റ് ട്രെയ്‌നി ആയി മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സെന്‍ട്രല്‍ ഡെസ്‌കിലെത്തിയ എന്റെ ചീഫ് സബ് എഡിറ്ററായിരുന്നു പുളിക്കന്‍ ചേട്ടന്‍. അന്ന് ഞങ്ങളോടു പറഞ്ഞിരുന്ന കുറിക്കുകൊള്ളുന്ന തമാശകള്‍ പിന്നീട് ടെലിവിഷന്‍ സ്‌ക്രീനില്‍ ട്രോളുകളായി കണ്ടപ്പോള്‍ ആദ്യം ആശ്ചര്യപ്പെട്ടു, പിന്നെ സന്തോഷിച്ചു. ആ ബന്ധം കൊണ്ടാവണം വിളിച്ചയുടനെ പരിപാടിക്കു വരാമെന്ന് പുളിക്കന്‍ ചേട്ടന്‍ സമ്മതിച്ചു. അതുപോലെ തന്നെ വളരെ അടുപ്പവും സ്‌നേഹവുമുള്ളയാളാണ് പുഷ് പുള്‍ അവതരിപ്പിക്കുന്ന എസ്.ലല്ലുവും. അവനും ഒറ്റ വിളി കൊണ്ടു തന്നെ സമ്മതിച്ചു, വരാമെന്ന്. പരസ്പരം മത്സരിക്കുന്ന പരിപാടികളുടെ അവതാരകരായ, അടുത്ത സുഹൃത്തുക്കള്‍ കൂടിയായ ഇവര്‍ ട്രോളിന്റെ നൈതികത ചര്‍ച്ച ചെയ്യും.

സുജിത് നായര്‍

മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുപോയതാണ് രാഷ്ട്രീയം. എത്ര അരാഷ്ട്രീയവാദിയും രാഷ്ട്രീയം ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നത് രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാണ്. അപ്പോള്‍പ്പിന്നെ രാഷ്ട്രീയ വാര്‍ത്തകളുടെ കാര്യം പറയാനുണ്ടോ? ഒരു ചെറിയ വാര്‍ത്തമതി കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറി മറിയാന്‍. അതിനാല്‍ത്തന്നെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയ വാര്‍ത്തകള്‍. വിരലിലെണ്ണാവുന്നവര്‍ മാത്രം പങ്കെടുക്കുന്ന പാര്‍ട്ടി നേതൃയോഗങ്ങളിലെ വിവരങ്ങള്‍ ചോര്‍ന്ന് വാര്‍ത്തയാവുന്നു. ഇത്തരം രാഷ്ട്രീയ വാര്‍ത്തകള്‍ക്കു പിന്നില്‍ വലിയ രഹസ്യങ്ങളുണ്ട്. ആ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തത് അടുത്ത സുഹൃത്തുക്കളായ സുജിത് നായരെയും ശ്രീദേവി പിള്ളയെയുമാണ്.

ശ്രീദേവി പിള്ള

മലയാള മനോരമയില്‍ ഇടതുപക്ഷ വാര്‍ത്തകളിലൂടെ ശ്രദ്ധേയനാണ് സുജിത്. മനോരമ ന്യൂസ് ചാനലില്‍ യു.ഡി.എഫ്. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നയാളാണ് ശ്രീദേവി. ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും വാര്‍ത്താവഴികള്‍ ഒന്നല്ല എന്നുറപ്പ്. കേരളത്തിലെ 2 മുതിര്‍ന്ന രാഷ്ട്രീയ ലേഖകരോട് നേരിട്ടു സംവദിക്കാന്‍ ഇതിലും നല്ലൊരവസരം ഇല്ല തന്നെ.

മാധ്യമവഴികളിലൂടെ ഈ പുതിയ സ്ഥാപനം നടത്തുന്ന യാത്രയിലെ ആദ്യ ചുവടാണിത്. പൊതുജനങ്ങള്‍ക്ക് അറിയാത്തതായി മാധ്യമപ്രവര്‍ത്തന രംഗത്തെ ഒട്ടേറെ കാര്യങ്ങളുണ്ട്. അത് അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടെ കൂടുതല്‍ ഗൗരവബോധത്തോടെ സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ തയ്യാറാവുമെന്ന് പ്രതീക്ഷ. മാത്രമല്ല, മാധ്യമപ്രവര്‍ത്തകരോടുള്ള വിദ്വേഷം കുറയുന്നതിനും ഈ തിരിച്ചറിവ് കാരണമാവും എന്നു വിശ്വസിക്കുന്നു.

UNDERTSTANDING MEDIA provides you with a platform to polish and sharpen your capabilities for effective communication, and thereby attain the stature of a JOURNALIST. Stalwarts from the live media will come to guide you in this process.

ഇതൊരു സുവര്‍ണ്ണാവസരമാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ ചട്ടക്കൂടുകളെക്കുറിച്ച് അത്യാവശ്യ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം. മാധ്യമപ്രവര്‍ത്തനം പഠിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തനം എന്തെന്ന് അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കും പ്രായഭേദമന്യേ ഇതില്‍ പങ്കാളികളാവാം.

ലാഭമുണ്ടാക്കാന്‍ നടത്തുന്ന പരിപാടിയല്ല. എങ്കിലും നടത്തിപ്പ് ചെലവിനായി ചെറിയൊരു ഫീസ് ഈടാക്കുന്നുണ്ട്. സൗജന്യമായി കിട്ടുന്ന ഒന്നിനും ഇക്കാലത്ത് വിലയുണ്ടാവില്ലല്ലോ! സൗജന്യമായി ഒന്നും നല്‍കില്ല. സൗജന്യമായി ഒന്നും സ്വീകരിക്കുകയുമില്ല. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം.

 


ശില്പശാലയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Understanding Media by NowNext

Previous articleപെരിങ്ങമലയെ നമുക്കെന്നും വേണം, ഇന്നത്തെപ്പോലെ
Next articleഭഗവാന് മരണമില്ല തന്നെ
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS