2015 സെപ്റ്റംബർ 19ന് തുടങ്ങിയ യാത്ര – ‘എന്നു നിന്റെ മൊയ്തീൻ’ തിയേറ്ററുകളിലെത്തിയത് അന്നാണ്. ഇന്ന്, 2016 ജനുവരി 21ന്, യാത്ര 125 ദിവസം പിന്നിടുന്നു. സ്വപ്നതുല്യമായ ജൈത്രയാത്ര.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥായാത്ര സുവർണ യാത്രയായി വളരുമെന്നോ ഇത്രയും നീളുമെന്നോ പ്രതീക്ഷിച്ചിരുന്നവർ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സിനിമ റിലീസ് ചെയ്യാൻ ആദ്യം തിയേറ്റർ നൽകാൻ തയ്യാറാവാതിരുന്ന പല ഉടമകളും രണ്ടാം ദിവസം ഇങ്ങോട്ടു വന്നു, സഹകരണ വാഗ്ദാനവുമായി. മറുഭാഗത്ത്, ഈ സിനിമ ഓടില്ലെന്നു വിശ്വസിച്ച് രണ്ടാഴ്ചയ്ക്കു ശേഷം മറ്റു സിനിമകൾ ചാർട്ട് ചെയ്തിരുന്നവർ എല്ലാം മാറ്റിമറിച്ച് മൊയ്തീനെ പ്രതിഷ്ഠിച്ചു. ഇതിനെല്ലാത്തിനും കാരണക്കാർ നല്ല സിനിമയെ സ്നേഹിച്ച, പ്രോത്സാഹിപ്പിച്ച പ്രേക്ഷകർ.
സിനിമാരംഗത്തെ തലതൊട്ടപ്പന്മാർ വർഷങ്ങളായി കൊതിക്കുന്ന വിജയമാണ് ആർ.എസ്.വിമൽ എന്ന പുത്തൻകൂറ്റുകാരൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു പിന്നിൽ ജാലവിദ്യയൊന്നുമില്ല -നല്ല സിനിമ യാഥാർത്ഥ്യമാക്കാൻ നടത്തിയ കഠിനാദ്ധ്വാനം മാത്രം. ആ അദ്ധ്വാനം പ്രേക്ഷകർ കണ്ടു, മനസ്സിലാക്കി, വിലയിരുത്തി, അംഗീകരിച്ചു…
സിനിമകൾ പൊട്ടുന്നത് പതിവായപ്പോൾ പ്രേക്ഷകനിസ്സംഗതയെ കുറിച്ച് സിനിമാക്കാർ സൗകര്യപൂർവ്വം ചമച്ച വ്യാഖ്യാനങ്ങൾ പൊളിച്ചെഴുതുന്നതിന് ‘എന്നു നിന്റെ മൊയ്തീൻ’ കാരണമായിട്ടുണ്ട്. സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ തിയേറ്ററിലെത്തും എന്നതിന് തെളിവാണ് ഈ വിജയം. നല്ല സിനിമ വീണ്ടും വീണ്ടും കാണാൻ ആളുണ്ടാവും. ഒന്നിലേറെ തവണ കണ്ടവർ തന്നെയാണ് മൊയ്തീനെ ഇതുവരെ എത്തിച്ചത്. ഇനിയും മുന്നോട്ടു നയിക്കാൻ പോകുന്നതും അവർ തന്നെ…
150..
175…
200….
……… 365
ആഗ്രഹങ്ങൾക്ക് ചിറകു മുളയ്ക്കുകയായി. ആഗ്രഹിക്കാൻ പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ!!