HomeGOVERNANCEഇന്ത്യ തളരുമ്...

ഇന്ത്യ തളരുമ്പോഴും കേരളം വളരുന്നു

-

Reading Time: 3 minutes

രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. എന്നാൽ, ഇതിനെ മറികടന്ന് ഒരു സംസ്ഥാനം വളർച്ച കൈവരിച്ചാലോ? അതൊരു നേട്ടം തന്നെയല്ലേ? അത്തരമൊരു നേട്ടത്തെ സംബന്ധിച്ചാണ് പറയാനുള്ളത്.

സംസ്ഥാന ബജറ്റ് അവതരണത്തിന്റെ ഭാഗമായി സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാറുണ്ട്. കൃത്യമായ കണക്കുകൾ ആധാരമാക്കി സംസ്ഥാന ആസൂത്രണ ബോർഡാണ് ഇതു തയ്യാറാക്കുന്നത്. കാരണം ഈ രേഖ എല്ലാവർക്കും ലഭ്യമാണ്. എന്തെങ്കിലും പിശകു സംഭവിച്ചതായി തെളിഞ്ഞാൽ നാറി നാശകോടാലിയാകും. അതിനാൽത്തന്നെ കള്ളക്കണക്കുകൾ എഴുതിവെയ്ക്കാൻ ഒരു സാദ്ധ്യതയുമില്ല.

സാമ്പത്തിക അവലോകന റിപ്പോർട്ടിന്‍റെ വലിപ്പം കാരണം അതു പൂർണ്ണമായി വായിച്ചു മനസ്സിലാക്കാൻ മിക്കവരും മെനക്കെടാറില്ല എന്നതാണ് വസ്തുത. എന്നാൽ, ഇത്തവണ കേരള നിയമസഭയിൽ സമർപ്പിക്കപ്പെട്ട അവലോകന റിപ്പോർട്ട് വായിച്ചുനോക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു സാമ്പത്തികവിദഗ്ദ്ധന്‍ കൂടിയായ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് എന്തെങ്കിലും ജാലവിദ്യ കാണിച്ചിട്ടുണ്ടോ, അതു ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടോ എന്നറിയുക തന്നെയായിരുന്നു ലക്ഷ്യം.

വായിച്ചറിഞ്ഞത് അത്ഭുതപ്പെടുത്തി എന്നു തന്നെ പറയേണ്ടി വരും. രാജ്യം മുഴുവൻ മാന്ദ്യത്തിൽ ഞെരിഞ്ഞമരുമ്പോൾ കേരളത്തിന്റെ വളർച്ചനിരക്ക് വർദ്ധിച്ചു! 2017-18ൽ 7.3 ശതമാനമായിരുന്ന വളർച്ചനിരക്കാണ് 2018-19ൽ 7.5 ശതമാനമായി ഉയർന്നത്. രാജ്യത്തിന്റെ വളർച്ചനിരക്കായ 6.8 ശതമാനത്തെക്കാൾ അധികമാണ് കേരളത്തിന്റെ നിരക്ക്. 1924ലെ പ്രളയത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിട്ട ശേഷമാണ് ഈ വളർച്ച കൈവരിച്ചത് എന്ന വസ്തുത നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.

സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 2017-18ലെ 2.41 ശതമാനത്തിൽ നിന്ന് 2.23 ശതമാനമായി കുറഞ്ഞു. ധനക്കമ്മിയും കുറവ് തന്നെയാണ് രേഖപ്പെടുത്തിയത്. 3.83 ശതമാനത്തിൽ നിന്ന് 2018-19ൽ 3.45 ശതമാനമായി കുറഞ്ഞു. ഇത് ചെറിയ കാര്യമല്ല. സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം 2018-19ൽ 1,48,078 രൂപയാണ്. ദേശീയ ശരാശരിയായ 93,655 രൂപയെക്കാൾ അര ലക്ഷത്തിലേറെ രൂപയുടെ വ്യത്യാസം. നിർമ്മാണമേഖലയിലുണ്ടായ വളർച്ചയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. 2017-18ലെ 3.7 ശതമാനത്തിൽ നിന്ന് 2018-19ൽ 11.2 ശതമാനത്തിലേക്ക്. സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ച 13,826 സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾ ഈ വളർച്ചയിൽ കാര്യമായ പങ്കുവഹിച്ചു. ഈ വകയിൽ വന്ന നിക്ഷേപം 1,321.94 കോടി രൂപയുടേതാണ്. ഇതിലൂടെ 49,068 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

റവന്യൂ വരുമാനത്തിലെ ഏറ്റവും വലിയ ഘടകം പതിവുപോലെ നികുതി വരുമാനം തന്നെയാണ് -54.54 ശതമാനം. കേന്ദ്ര നികുതി വരുമാനം 20.54 ശതമാനവും സംസ്ഥാനത്തെ നികുതിയേതര വരുമാനം 12.69 ശതമാനവും റവന്യൂ വരുമാനത്തിൽ സംഭാവന ചെയ്തപ്പോൾ വിവിധയിനങ്ങളിലുള്ള കേന്ദ്ര സഹായമായി വന്നത് 12.27 ശതമാനമാണ്. എന്നാൽ, വളർച്ച കുറവ് രേഖപ്പെടുത്തിയ മേഖലയുണ്ട് -കൃഷി. മുൻ വർഷത്തെ അപേക്ഷിച്ച് 0.5 ശതമാനത്തിന്റെ കുറവാണ് കാർഷിക വളർച്ചയിലുണ്ടായത്. 1.7 ശതമാനത്തിൽ നിന്ന് കാർഷിക വളർച്ച 2018-19ൽ 1.2ലേക്കു താണതിന് പ്രളയം ഒരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. 2017-18നെ അപേക്ഷിച്ച് 1,63,558 വിദ്യാർത്ഥികൾ സ്വകാര്യ സ്കൂളുകളെ ഉപേക്ഷിച്ച് 2018-19ൽ സർക്കാർ -എയ്ഡഡ് സ്കൂളുകളിൽ എത്തിയെന്നത് ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെട്ടതിന്റെ ലക്ഷണമായി വിലയിരുത്താം.

സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപത്തിൽ 38.5 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. പ്രവാസി നിക്ഷേപത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2018-19ൽ 11.83 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. മൊത്തം നിക്ഷേപത്തിന്റെ 61.5 ശതമാനം വരുന്ന ആഭ്യന്തര നിക്ഷേപവും 2018-19ൽ 9.45 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. 2015-16 മുതൽ ക്രമമായി കുറഞ്ഞുകൊണ്ടിരുന്ന മത്സ്യ ഉത്പാദനം 8.01 ലക്ഷം ടണ്ണായി 2018-19ൽ വളർച്ച രേഖപ്പെടുത്തി എന്നത് ആഹ്ളാദകരമായ വസ്തുതയാണ്. 2017-18ൽ 6.73 ലക്ഷം ടണ്ണായിരുന്നു മത്സ്യ ഉത്പദാനം. 2019 മാർച്ചിലെ കണക്കനുസരിച്ച് കേരളത്തിൽ 133.34 ലക്ഷം മോട്ടോർ വാഹനങ്ങളുണ്ട്. 2018ലെ കണക്കിൽ നിന്ന് 10.7 ശതമാനത്തിന്റെ വർദ്ധന.

കേരളത്തിന്റെ പച്ചപ്പ് 2018-19ൽ 823 ചതുരശ്ര കിലോമീറ്റർ വർദ്ധിച്ചു. തോട്ടങ്ങളടക്കം കേരളത്തിന്റെ വനഭൂമി 21,114 ചതുരശ്ര കിലോമീറ്ററാണ്. യഥാർത്ഥ വനഭൂമിക്കു പുറത്ത് തോട്ടങ്ങളുടെ അളവിലുണ്ടായ വർദ്ധനയാണ് പച്ചപ്പിലെ വർദ്ധനയ്ക്കു കാരണം. ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയിൽ 54.42 ശതമാനം വനമേഖലയാണ്. വ്യവസായ വകുപ്പിനു കീഴിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന 42 പൊതുമേഖലാ സ്ഥാപനങ്ങൾ 2018-19ൽ 3,442.74 കോടി രൂപയുടെ വരുമാനമുണ്ടാക്കി. 2017-18ലെ 2,909.8 കോടിയെ അപേക്ഷിച്ച് 17.9 ശതമാനത്തിന്റെ വർദ്ധന.

2018-19ൽ കേരളത്തിലെ ഇന്റർനെറ്റ് സാന്ദ്രത 54 ശതമാനമാണ്. രാജ്യത്തു തന്നെ രണ്ടാം സ്ഥാനത്താണിത്. ഇന്റർനെറ്റ് മൗലികാവകാശമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. മറ്റിടങ്ങളിൽ ഇന്റർനെറ്റ് നിരോധം പതിവായ കാലത്ത് ഇക്കാര്യത്തിലും കേരളം വേറിട്ടുനിൽക്കുന്നു.

2018-19ൽ കേരളത്തിലെത്തിയ സഞ്ചാരികളുടെ എണ്ണം 1.67 കോടിയാണ്. 2017-18നെ അപേക്ഷിച്ച് 5.93 ശതമാനം കൂടുതൽ. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 0.42 ശതമാനത്തിന്റെയും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 6.35 ശതമാനത്തിന്റെയും വർദ്ധന മുൻ വർഷത്തെ അപേക്ഷിച്ചുണ്ടായി. മൊത്തം വരുമാനത്തിലും 8.60 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. 2018ലെ പ്രളയത്തിനു ശേഷം കേരളം വളരെ വേഗത്തിൽ തിരിച്ചുവന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.

കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ വരവിൽ കാര്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. ഇവിടത്തെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും വരുമാനസാദ്ധ്യതയുമാണ് ഇതിനു കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. 2017-18ൽ ഇവിടെ 2,85,849 അതിഥി തൊഴിലാളികളുണ്ടായിരുന്നുവെങ്കിൽ 2018-19ൽ അത് 3,93,281 ആയി വർദ്ധിച്ചു. കേരളത്തിന്റെ മികവ് മറ്റു സംസ്ഥാനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇതിലും വലിയ തെളിവ് വേറെ വേണ്ടല്ലോ.

ഇത് ഐസക്കിന്റെ ജാലവിദ്യയല്ല. കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. ജനപക്ഷത്തു നിന്നു പ്രവർത്തിക്കണമെന്ന ഇച്ഛാശക്തിയുള്ള സർക്കാരിന്റെ നിലപാടിന്റെയും നടപടികളുടെയും ഫലമാണ്. ഏതു പ്രതിസന്ധിയെയും നേരിടാൻ “നമ്മളൊരുമിച്ചങ്ങിറുകയല്ലേ” എന്ന പ്രതീക്ഷയുടെ ഫലമാണ്. ഇതിൽ സർക്കാരിനു മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്കാകെ അഭിമാനിക്കാൻ വകയുണ്ട്.

 


സാമ്പത്തിക അവലോകനം 2019 വാല്യം 1
സാമ്പത്തിക അവലോകനം 2019 വാല്യം 2

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks