HomeENTERTAINMENTഅരങ്ങിലൊരു കാ...

അരങ്ങിലൊരു കാര്‍ണിവല്‍

-

Reading Time: 3 minutes

പ്രേംജിത്ത് സുരേഷ് ബാബുവും ആതിര ഗോപിനാഥും എന്റെ സുഹൃത്തുക്കളാണ്. പ്രേംജിത്ത് തഴക്കംചെന്ന നാടകപ്രവര്‍ത്തകന്‍. ആതിര അഭിനയമോഹവുമായി നടക്കുന്ന തുടക്കക്കാരി. കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വി, ദ പീപ്പിള്‍ വേദിയില്‍ പെറ്റ്‌സ് ഓഫ് അനാര്‍ക്കി നാടകം കളിക്കാന്‍ പ്രേംജിത്ത് എത്തി. അവിടെ ആതിരയെ പ്രേംജിത്തിന് പരിചയപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, ശശിയായി. കാരണം, ഇരുവരും പഴയ കൂട്ടുകാര്‍.

എനിക്കു കാര്യമെളുപ്പമായി. ഞാന്‍ ആതിരയെ ചൂണ്ടി പ്രേംജിത്തിനോടു പറഞ്ഞു -‘എടാ, ഇവള്‍ അഭിനയമോഹവുമായി നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചുദിവസമായി. നിന്റെ പുതിയ പ്രൊജക്ട് വല്ലതുമുണ്ടെങ്കില്‍ സഹകരിപ്പിക്കാന്‍ ശ്രമിക്കൂ.’ അവന്‍ തത്സമയം പറഞ്ഞു -‘ഓ കെ.’ ഞാന്‍ കുടുങ്ങരുതല്ലോ എന്നു കരുതി പ്രേംജിത്തിനോട് ഇത്ര കൂടി പറഞ്ഞു -‘ഞാന്‍ പറഞ്ഞതുകൊണ്ട് എടുക്കണമെന്നില്ല. ഓഡിഷന്‍ നടത്തിയ ശേഷം മതി’. അതു കേട്ട് പ്രേംജിത്ത് ചിരിച്ചു. ആതിര വെളുക്കെ ചിരിച്ചു.

ഞാനത് അവിടെ വിട്ടു. പക്ഷേ, പ്രേംജിത്ത് വിട്ടില്ല. കൃത്യം ഒരു മാസം കഴിഞ്ഞ് ഡിസംബര്‍ പകുതിയോടെ അവന്‍ വിളിച്ചു -‘ചേട്ടാ, ഒരു ചെറിയ നാടകം എഴുതിയുണ്ടാക്കിയിട്ടുണ്ട്. ചെക്കോവിന്റെ ഒരു വര്‍ക്ക് ആധാരമാക്കിയുള്ളതാണ്. നമ്മുടെ ആതിരക്കൊച്ചിന് ഒരു വേഷമുണ്ട്.’ കൊള്ളാം നല്ലതു തന്നെ എന്നു പറഞ്ഞ് ആശംസിച്ചു. പിന്നീട് ആതിരയെ കണ്ടപ്പോള്‍ അവളും വലിയ ആവേശത്തോടെ സംസാരിച്ചു. വയനാട്ടില്‍ നിന്ന് ഒരു പ്രൊജക്ടിൽ ജോലിക്കെത്തിയ ആതിര അത് പൂർത്തിയായതോടെ നാട്ടിലേക്കു മടങ്ങി. തിരഞ്ഞെടുപ്പ് അടക്കമുള്ള തിരക്കുകളില്‍ നാടകക്കേസ് ഞാന്‍ വീണ്ടും വിട്ടു.

കഴിഞ്ഞ ദിവസം ആതിര വിളിച്ചു. ‘ചേട്ടാ, ഞായറാഴ്ച ഞങ്ങളുടെ നാടകം തട്ടില്‍ക്കയറുകയാണ്. സൂര്യ ഗണേശത്തിലാണ് പരിപാടി. ദേവിച്ചേച്ചിയെയും കണ്ണനെയും കൊണ്ടു വരണം.’ അപ്പോള്‍ അതു നടന്നോ, എന്ന് അമ്പരന്നു നില്‍ക്കുമ്പോള്‍ ആതിരയുടെ കൈയില്‍ നിന്ന് മറ്റൊരാള്‍ മൈക്ക് ഏറ്റെടുത്തു –സാം ജോര്‍ജ്ജ്. സംവിധായകനാണ്. അവന്റെ വക ക്ഷണം വേറെ. ഒടുവില്‍ സാക്ഷാല്‍ പ്രേംജിത്തും വിളിച്ചു. എഴുത്തിനൊപ്പം അഭിനയവുമുണ്ട് അവന്. അതിനാല്‍ ക്ഷണം കടുപ്പിച്ചു തന്നെ കിട്ടി.

‘ചെറിയ നാടകം’ കാണാന്‍ കൃത്യസമയത്തു തന്നെ കുടുംബസമേതം എത്തി. കാര്‍ണിവൽ @ മണവാളന്‍പാറ -അതാണ് നാടകത്തിന്റെ പേര്. അരങ്ങിലും അണിയറിലും ധാരാളം പരിചയക്കാര്‍. പ്രൗഢമായ സദസ്സില്‍ മധു അടക്കം ഒരുപാട് പ്രമുഖര്‍. സ്റ്റേജിലെ സജ്ജീകരണം കണ്ടിട്ട് നാടകം അത്ര ചെറുതാണെന്നു തോന്നിയില്ല. ആ തോന്നല്‍ തെറ്റല്ലെന്നു താമസിയാതെ ബോദ്ധ്യപ്പെട്ടു. മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലുള്ള അവസ്ഥ. ആദ്യം ചില ശൂ വെടികള്‍. പിന്നാലെ കത്തിക്കയറി. അവസാനിച്ചത് ‘ഗര്‍ഭം കലക്കി’ എന്ന് പൂരക്കമ്പക്കാര്‍ വിശേഷിപ്പിക്കുന്നത്ര കാതടപ്പിക്കുന്ന ഒച്ചയോടെ. ശരിക്കുമൊരു കാര്‍ണിവല്‍. അകമ്പടിയായി നിര്‍ത്താത്ത കരഘോഷം.

19-ാം നൂറ്റാണ്ടില്‍ റഷ്യയിലെ ധനികര്‍ക്കിടയില്‍ വിവാഹമെന്ന സ്ഥാപനത്തോടു നിലനിന്നിരുന്ന തണുപ്പന്‍ മനോഭാവമാണ് ആന്റണ്‍ പാവ്‌ലോവിച്ച് ചെക്കോവിന്റെ എ മാര്യേജ് പ്രൊപ്പോസല്‍ വരച്ചിട്ടത്. ഇതിന്റെ സ്വതന്ത്രാവിഷ്‌കാരം എന്നാണ് പറയുന്നതെങ്കിലും വിവാഹാലോചന എന്ന ആശയമൊഴികെ മറ്റൊന്നിലും എഴുത്തുകാരനായ പ്രേംജിത്തും സംവിധായകനായ സാം ജോര്‍ജ്ജും ചെക്കോവിനെ കാര്‍ണിവലിലേക്കു സ്വാംശീകരിച്ചിട്ടില്ല. അതിനാല്‍ത്തന്നെ എഴുത്തിലെ മികവ് തീര്‍ച്ചയായും പ്രേംജിത്തിന് ചാര്‍ത്തിക്കൊടുക്കാം. രചനയിലെ കൈയടക്കത്തിനൊപ്പം സംവിധായകന്റെ ദൃശ്യഭാവനാ മികവ് കൂടിയാവുമ്പോള്‍ നാടകം നന്നായതില്‍ അത്ഭുതമില്ല.

ഒരു നക്ഷത്രമാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം. ആ നക്ഷത്രം രൂപമെടുക്കുന്നതിനു ചുറ്റുമാണ് കഥാപാത്രങ്ങള്‍ വന്നു പോകുന്നത്. നക്ഷത്രത്തിന് പൂര്‍ണ്ണത വരുമ്പോള്‍ നാടകം പൂര്‍ണ്ണമാവുന്നു. ആദ്യം ആസൂത്രണം ചെയ്ത രൂപത്തിലല്ല നക്ഷത്രം യാഥാര്‍ത്ഥ്യമാവുന്നത് എന്നപോലെ തുടക്കത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായാണ് നാടകത്തിന്റെ ഒടുക്കവും. ക്രിസ്മസ് ആഘോഷത്തിന്റെ പശ്ചാത്തലമൊരുക്കുന്നതാണ് ആദ്യ രംഗങ്ങള്‍. വേദിയിലുള്ള ബഹുഭൂരിപക്ഷവും തുടക്കക്കാരായതിനാല്‍ ആ രംഗങ്ങള്‍ അത്രയ്ക്കങ്ങോട്ട് ഫലപ്രദമായി എന്നു പറയില്ല. ശബ്ദവിന്യാസം പോലുള്ള കാര്യങ്ങൾ ചെറുതായി പാളി. പക്ഷേ, ക്രമേണ സഭാകമ്പം മാറുകയും അഭിനേതാക്കളെല്ലാം കത്തിക്കയറുകയും ചെയ്തു.

പണവും കുടുംബമഹിമയും പൊക്കിപ്പിടിച്ച് പൊങ്ങച്ചം പറയുന്നവരെ കണക്കിന് കളിയാക്കുന്നുണ്ട് ഈ നാടകം. ക്രിസ്മസിന് ഇടവകയുടെ പേരില്‍ നക്ഷത്രം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്ന പള്ളിക്കമ്മിറ്റിയില്‍ തുടങ്ങുന്നു പൊങ്ങച്ചപ്രകടനങ്ങള്‍. ഒടുവില്‍ തറവാട്ടു മഹിമയില്‍ മുമ്പനെന്ന അവകാശവാദവുമായി കുന്നുമ്മല്‍ തോമ നക്ഷത്രത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കുകയാണ്. ഭാര്യ അന്നമ്മ നേരത്തേ മരിച്ച തോമയ്ക്ക് ആകെയുള്ളത് മകള്‍ സിസിലിയാണ്. സിസിലിയാകട്ടെ കല്യാണം കഴിച്ചിട്ടുമില്ല.

കൂറ്റന്‍ നക്ഷത്രത്തിന്റെ പണി നടക്കുകയാണ്. അവിടേക്ക് നാടകീയമായി വരത്തന്‍ ബാലകൃഷ്ണന്‍ കടന്നുവരുന്നു. തന്ത്രപരമായി പണിക്കാരനെ പുറത്താക്കുന്നു. പകരക്കാരനായി തറവാടിയും സത്സ്വഭാവിയും മിടുക്കനുമായ ജോസ് മോനെയാണ് ബാലകൃഷ്ണന്‍ നിര്‍ദ്ദേശിക്കുന്നത്. നക്ഷത്രം നിര്‍മ്മിക്കാനെന്ന പേരിലുള്ള ജോസ് മോന്റെ വരവിനൊരു ലക്ഷ്യമുണ്ട്. സിസിലിയെ വിവാഹം കഴിക്കുക. സിസിലിയെ ‘ഇംപ്രസ്’ ചെയ്യിക്കാന്‍ ജോസ് മോന്‍ നടത്തുന്ന ശ്രമങ്ങളില്‍ മാത്രം ചെക്കോവ് പ്രത്യക്ഷപ്പെടുന്നു. അത് അവസാനിക്കുന്നത് ജോസ് മോനും സിസിലിയും ‘അടിച്ച് പിരിഞ്ച്’ എന്ന നിലയില്‍.

പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ തോമ എല്ലാം ചര്‍ച്ച ചെയ്യുന്നത് ഇടയ്ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് തൂവെള്ള ചിറകുകള്‍ വീശി പറന്നെത്തുന്ന അന്നമ്മയുടെ ആത്മാവിനോടാണ്. ജോസ് മോന്‍ എത്തിയത് സിസിലിയെ മോഹിച്ചാണെന്ന് അന്നമ്മ പറയുമ്പോഴാണ് തോമയ്ക്കു മനസ്സിലാവുന്നത്. തോമ മുന്‍കൈയെടുത്തു തന്നെ വിവാഹം നടത്തുന്നു. ആ വിവാഹത്തോടെ തോമയുടെ ജീവിതമാകെ മാറി മറിയുകയാണ്. ഒടുവില്‍ ആദ്യം തീരുമാനിച്ച വെള്ളയും ചുവപ്പും നിറങ്ങള്‍ ഉപേക്ഷിച്ച് ബഹുവര്‍ണ്ണ നക്ഷത്രം ഉയരുമ്പോള്‍ തോമ അതു കാണുന്നത് അങ്ങ് മുകളില്‍ അന്നമ്മയോടൊപ്പമിരുന്ന് ചിറകുകള്‍ വീശിയാണ്.

സെറ്റിന്റെ സാദ്ധ്യതകള്‍ നാടകത്തില്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അന്നമ്മയെ ഉയര്‍ന്ന പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുക വഴി അതൊരു സ്വപ്‌നകഥാപാത്രമാണെന്ന പ്രതീതി പ്രേക്ഷകനിലേക്ക് അനായാസം സന്നിവേശിപ്പിക്കുന്നു. ഒടുവില്‍ തോമയും ആ ഉയര്‍ന്ന പ്ലാറ്റ്‌ഫോമിലേക്ക് എത്തുമ്പോള്‍ അത് സ്വര്‍ഗ്ഗമാണെന്ന് പ്രേക്ഷകന് പറഞ്ഞുകൊടുക്കേണ്ടി വരുന്നില്ല. ഭീമന്‍ നക്ഷത്രത്തിന് വലിയ റോളാണ് നാടകത്തിലുള്ളത്. നായകനായ ജോസ് മോന്‍ അവതരിക്കുന്നതു തന്നെ നക്ഷത്രത്തിനു മുകളില്‍ നിന്ന് പറന്നിറങ്ങിക്കൊണ്ടാണ്.

പക്ഷേ, ഈ നക്ഷത്രത്തിന്റെ വലിപ്പം അവസാനഘട്ടത്തില്‍ ചെറിയ തോതില്‍ പ്രശ്‌നവും സൃഷ്ടിക്കുന്നുണ്ട്. തിരശ്ശീലയ്ക്കു പിന്നില്‍ നക്ഷത്രം അണിയിച്ചൊരുക്കാന്‍ എടുക്കുന്ന അധികസമയം തന്നെ കാര്യം. ഇത് പരിഹരിക്കാന്‍ തിരശ്ശീലയ്ക്കു മുന്നില്‍ ഒരു രംഗം കൂട്ടിച്ചേര്‍ക്കുകയോ നക്ഷത്ര സജ്ജീകരണം വേഗത്തിലാക്കാന്‍ സാങ്കേതികവിദ്യ പ്രയോഗിക്കുകയോ ചെയ്യുന്നത് കൂടുതല്‍ പൂര്‍ണ്ണത നല്‍കുമെന്നു തോന്നുന്നു.

രംഗബോധിയാണ് കാര്‍ണിവല്‍ @ മണവാളന്‍പാറ അവതരിപ്പിച്ചത്. ആദ്യമായി അരങ്ങിലെത്തിയവരെന്നു പറയിക്കാത്ത രീതിയില്‍ അഭിനേതാക്കള്‍ അത്ഭുതപ്പെടുത്തി. ഇവർക്കൊപ്പം പരിചയസമ്പന്നാരായ പ്രേംജിത്ത് കുന്നുമ്മല്‍ തോമയുടെ വേഷത്തിലും അനീഷ് ബാബുരാജ് വരത്തന്‍ ബാലകൃഷ്ണനായും പതിവ് മികവ് നിലനിര്‍ത്തി. എന്നാല്‍, ശരിക്കും തകർത്തത് സിസിലിയായി വന്ന ശാരിക മേനോനാണ്. പ്രശസ്ത സൈക്കോളജിസ്റ്റായ ഇവരുടെ ആദ്യ അരങ്ങാണ്. ശരിക്കും ഒരു അച്ചായത്തിയായി ശാരിക അരങ്ങില്‍ ജീവിച്ചു. അവര്‍ക്ക് ജോഡിയായി ജോസ് മോന്റെ വേഷത്തില്‍ ഹരികൃഷ്ണനും മോശമാക്കിയില്ല. ചിറകടിച്ച് ആത്മാവായി വന്ന ആതിര നാടകം കണ്ട ചില കുട്ടികള്‍ക്ക് മാലാഖയായിരുന്നു. മാലാഖയ്ക്കൊപ്പം ഫോട്ടോയെടുക്കാൻ അവർ മത്സരിച്ചു. അവളെ നിര്‍ദ്ദേശിച്ചതിന്റെ പേരില്‍ പ്രേംജിത്ത് എന്നെ കുറ്റം പറയില്ല എന്നുറപ്പ്.

മോഹനന്‍ വൈശാലി, ജീവ ജ്യോതി, മിഥുന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധാനത്തില്‍ സാം ജോര്‍ജ്ജിനൊപ്പം സഹസംവിധായകരായി എം.രേഷ്മയും കെ.എം.അശ്വതിയുമെത്തി. സംഗീതം ജയേഷ് സ്റ്റീഫനും രംഗവിധാനം മനുവും നിര്‍വ്വഹിച്ചു. സാങ്കേതിക പിന്തുണയുമായി ഷാജഹാന്‍ സുകുമാരന്‍ പൂവ്വച്ചലിന്റെ നേതൃത്വത്തില്‍ ആപ്ട് പെര്‍ഫോര്‍മന്‍സ് ആന്‍ഡ് റിസര്‍ച്ചിലെ ചങ്ങാതിമാര്‍ ഓടി നടന്നു.

ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലാണ് നാടകം പരീക്ഷണാര്‍ത്ഥം അവതരിപ്പിക്കപ്പെട്ടത്. ഒരു മാസത്തിനകം ആസ്വാദകര്‍ക്കു മുന്നില്‍ പൂര്‍ണ്ണ അവതരണം നടക്കും. ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് ആശയക്കുഴപ്പം. രണ്ടു മണിക്കൂറോളമുള്ള ഈ കാഴ്ചയുടെ ഉത്സവം പ്രേംജിത്തിന് ‘ചെറിയ നാടകം’ ആണെങ്കിൽ അവന്റെ വലിയ നാടകം എന്തായിരിക്കും ശിവനേ!!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights