ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ.ആംഗല മെര്‍ക്കലിനോട് ഈ പാവം പയ്യന്‍സ് ആശയവിനിമയം നടത്തും, അതും ജര്‍മ്മന്‍ ഭാഷയില്‍. ബെര്‍ലിനിലെ ചാന്‍സലര്‍ ഓഫീസില്‍ തന്നെയായിരിക്കും കൂടിക്കാഴ്ച. യാത്ര ജര്‍മ്മന്‍ സര്‍ക്കാരിന്റെ ചെലവില്‍. നമ്മള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാര്യമല്ല ഇത്.
അവന്റെ പേര് ചൈതന്യന്‍ ബി.പ്രകാശ്. പ്രായം 14 വയസ്സ്. കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. അടുത്തിടെ മാത്രം മീശ മുളച്ചു തുടങ്ങിയ (!!) അവന്‍ ഞങ്ങള്‍ക്ക് അപ്പൂസാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ സീനിയറായിരുന്ന, ഏറെക്കാലം മാതൃഭൂമിയില്‍ സഹപ്രവര്‍ത്തകനായിരുന്ന സുഹൃത്ത് എസ്.എന്‍.ജയപ്രകാശിന്റെ മകന്‍. ഇന്ത്യയില്‍ നിന്ന് 30 കുട്ടികളെയാണ് ജര്‍മ്മനി സന്ദര്‍ശിക്കുന്നതിനും മെര്‍ക്കലുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിനും തിരഞ്ഞെടുത്തത്. ഒരു മത്സരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജര്‍മ്മനിയിലേക്കുള്ള സംഘത്തിന്റെ തിരഞ്ഞെടുപ്പ്. ‘യുവാക്കളുടെ ഇന്റര്‍നെറ്റ് പങ്കാളിത്തം’ എന്ന വിഷയത്തിലെ അപ്പൂസിന്റെ അവതരണം വിധികര്‍ത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി. സംഘത്തിലെ ഏക മലയാളിയാണിവന്‍.
തിരുവനന്തപുരത്തെ ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രം ഗെയ്‌ഥെ സെന്‍ട്രത്തിനു കീഴിലുള്ള കുട്ടികളുടെ പാഠശാലം കിന്‍ഡര്‍കഴ്‌സില്‍ 6 വയസ്സുള്ളപ്പോള്‍ ചെന്നു കയറിയതാണ് അപ്പൂസ്. 8 വര്‍ഷം കൊണ്ട് ജര്‍മ്മന്റെ അലകുംപിടിയും അവന്‍ സ്വായത്തമാക്കിക്കഴിഞ്ഞു. ഈ പഠനത്തിന്റെ പേരില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ അപ്പൂസിന് അവസരമുണ്ടായി -ഗെയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിവിധ വേനല്‍ക്കാല ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനായി. ഒടുവില്‍ ഇപ്പോള്‍ ജര്‍മ്മനിയിലേക്ക്. ജര്‍മ്മനിയിലേക്കുള്ള ഈ സ്‌കോളര്‍ഷിപ്പ് അവിടേക്കുള്ള യാത്രയുടെയും താമസത്തിന്റെയും ചെലവുകള്‍ മാത്രമല്ല, ബെര്‍ലിനിലെ ഗെയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നാഴ്ചത്തെ ഭാഷാപഠനവുമുണ്ട്.
അപ്പൂസിനോട് എനിക്കു പണ്ടേ ബഹുമാനമാണ്. ഇപ്പോള്‍ അത് ഇരട്ടിച്ചിരിക്കുന്നു. കാരണം ഏതൊരാളും തകര്‍ന്നു പോകാവുന്നത്ര പ്രതിസന്ധികള്‍ അവന്റെ ചെറുജീവിതത്തില്‍ അഭിമുഖീകരിച്ചു കഴിഞ്ഞു. അമ്മയെ നഷ്ടപ്പെടുക എന്നതിനെക്കാള്‍ വലിയൊരു പ്രതിസന്ധി ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം എന്താണുള്ളത്? അപ്പൂസ് ഭൂമിയില്‍ കാലുറപ്പിച്ചപ്പോഴേക്കും അമ്മ ഭാവന അര്‍ബുദത്തിന്റെ പിടിയിലായിക്കഴിഞ്ഞിരുന്നു. മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള പോരാട്ടത്തില്‍ ആ അമ്മയ്ക്ക് തുണയായത് കൊച്ച് അപ്പൂസ് പ്രകടിപ്പിച്ച ആത്മവിശ്വാസവും സ്‌നേഹവും തന്നെയായിരുന്നു. ഒടുവില്‍ അര്‍ബുദം അമ്മയെ എന്നെന്നേക്കുമായി പറിച്ചെടുക്കുമ്പോള്‍ അവന് വെറും 7 വയസ്സ് പ്രായം. ‘ഉറങ്ങിക്കിടന്ന’ ഭാവനയുടെ മുഖത്തേക്ക് നിര്‍നിമേഷനായി നോക്കിയിരിക്കുകയും ഒടുവില്‍ അമ്മാവന്റെ നിര്‍ദ്ദേശപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത കുഞ്ഞുബാലന്റെ മുഖം ഇന്നും ഓര്‍മ്മയിലുണ്ട്.
ഞങ്ങളാരും ഒരിക്കലും അവനോടു സഹതപിച്ചിട്ടില്ല. സഹതപിക്കാന്‍ അവന്‍ അവസരം തന്നിട്ടില്ല എന്നു പറയുന്നതാവും ശരി. തികഞ്ഞ ഒരു പോരാളിയായ അവന്‍ സഹതാപം അര്‍ഹിക്കുന്നില്ല. അവനോട് സഹതപിക്കുന്നത് അവനെ അപമാനിക്കലാവും. പ്രതിസന്ധികള്‍ക്കിടയിലും ജീവിതത്തെ പ്രതീക്ഷയോടെ മാത്രം നോക്കുന്ന അവന്റെ രീതികള്‍ എന്റെ ജീവിതത്തിലും പകര്‍ത്തണമെന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്, സാധിക്കാറില്ല. ഞാനും അപ്പൂസും തമ്മില്‍ കമ്പ്യൂട്ടര്‍ ബന്ധമാണ് -അവന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ മെക്കാനിക്ക്!! രാവിലെ പോകുകയും രാത്രി വൈകി മാത്രം വീട്ടിലെത്താന്‍ സാധിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനം തൊഴിലാക്കിയ അച്ഛന്‍ ജയപ്രകാശിന്റെ പരിമിതികള്‍ അവനു നന്നായറിയാം. ലഭിച്ച സമയം പാഴാക്കാതെ ക്രിയാത്മകമായി അപ്പൂസ് വിനിയോഗിച്ചു എന്നതിനു തെളിവാണല്ലോ ഇപ്പോഴത്തെ വിജയം.
മകനുവേണ്ടി ജീവിക്കുന്ന അച്ഛനും ആര്‍ക്കും മാതൃകയാക്കാവുന്ന മകനും. അവര്‍ക്ക് തോല്‍ക്കാനാവില്ല. അവര്‍ തോല്‍ക്കരുത്. വിജയത്തിന്റെ വലിയ പടവുകള്‍ അപ്പൂസിനെ കാത്തിരിക്കുന്നു.