HomePOLITYജലീല്‍ സാക്ഷി...

ജലീല്‍ സാക്ഷി പോലുമല്ല!

-

Reading Time: 6 minutes

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരള ഉന്നതവിദ്യാഭാസ മന്ത്രി കെ.ടി.ജലീലിന്റെ സ്ഥാനം എവിടെയാണ്? ‘ജലീലിനെ വിളിച്ചത് സാക്ഷിയായി’ -സി.പി.എമ്മിന്റെ ചാനലായ കൈരളി ന്യൂസില്‍ ഇന്ന്, സെപ്റ്റംബര്‍ 17ന് വൈകുന്നേരം വന്ന വാര്‍ത്ത ഇങ്ങനെയാണ്. അതിനു തെളിവായി ജലീലിന് എന്‍.ഐ.എ. നല്‍കിയ നോട്ടീസും സ്ക്രീനില്‍ കാണിക്കുന്നുണ്ട്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പകല്‍ മുഴുവന്‍ റോഡില്‍ കല്ലെറിഞ്ഞ് അടിയും കൊണ്ട് പുളിയും കുടിച്ച പ്രതിപക്ഷ പ്രക്ഷോഭകര്‍ ഇളഭ്യരാകുന്ന വാര്‍ത്ത എന്ന നിലയില്‍ അതിനു പ്രാധാന്യമുണ്ട്. അപ്പോള്‍ കൈരളി പറയുന്നതുപോലെ ജലീല്‍ സാക്ഷിയാണെന്ന് ഉറപ്പിക്കാമോ?

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് എന്‍.ഐ.എ. നല്കിയ നോട്ടീസ്

ജലീലിനെ എന്‍.ഐ.എ. വിളിപ്പിച്ചത് ക്രിമിനല്‍ നടപടി ചട്ടം -സി.ആര്‍.പി.സി. വകുപ്പ് 160 പ്രകാരമാണ്. രാജ്യത്തെ ഏത് ഏജന്‍സി കേസ് അന്വേഷിച്ചാലും ഈ വകുപ്പ് പ്രകാരം തന്നെയാകും Notice to Witness നല്‍കുക. ഇതാണ് ആ വകുപ്പ്.

160. Police officer’ s power to require attendance of witnesses.

(1) Any police officer, making an investigation under this Chapter may, by order in writing, require the attendance before himself of any person being within the limits of his own or any adjoining station who, from the information given or otherwise, appears to be acquainted with the facts and circumstances of the case; and such person shall attend as so required:

Provided that no male person under the age of fifteen years or woman shall be required to attend at any place other than the place in which such male person or woman resides.

(2) The State Government may, by rules made in this behalf, provide for the payment by the police officer of the reasonable expenses of every person, attending under sub- section (1) at any place other than his residence.

ഈ നോട്ടീസ് ലഭിച്ചാല്‍ സാക്ഷിയാകും എന്നല്ല അര്‍ത്ഥം. വിവരങ്ങള്‍ ശേഖരിക്കാനാണ് വിളിക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കേസിന് ഗുണകരമാവുമെന്നു ബോദ്ധ്യപ്പെട്ടാല്‍ അത് കേസ് ഡയറിയുടെ ഭാഗമാവും. മൊഴിയായി രേഖപ്പെടുത്തപ്പെടും. വിവരങ്ങള്‍ നല്‍കുന്നയാള്‍ സാക്ഷിയാകും.

നിയമവിരുദ്ധ പ്രവര്‍ത്തന (നിരോധന) നിയമം -യു.എ.പി.എ. വകുപ്പുകള്‍ 16, 17, 18 പ്രകാരമാണ് ജലീലിനെ വിളിപ്പിച്ചതെന്നൊക്കെ പ്രതിപക്ഷത്തെ ചില നേതാക്കള്‍ പറഞ്ഞുകണ്ടു. ശുദ്ധ വിവരക്കേടാണത്. ആ വകുപ്പുകള്‍ എന്താണെന്നു പോലും പറഞ്ഞവര്‍ക്ക് അറിയുന്നുണ്ടാവില്ല.

Section 16. Punishment for terrorist act.

16. Punishment for terrorist act–(1) Whoever commits a terrorist act shall,–
(a) if such act has resulted in the death of any person, be punishable with death or imprisonment for life, and shall also be liable to fine;
(b) in any other case, be punishable with imprisonment for a term which shall not be less than five years but which may extend to imprisonment for life, and shall also be liable to fine.

Section 17. Punishment for raising funds for terrorist act.

17. Punishment for raising funds for terrorist act.–
Whoever, in India or in a foreign country, directly or indirectly, raises or provides funds or collects funds, whether from a legitimate or illegitimate source, from any person or persons or attempts to provide to, or raises or collects funds for any person or persons, knowing that such funds are likely to be used, in full or in part by such person or persons or by a terrorist organisation or by a terrorist gang or by an individual terrorist to commit a terrorist act, notwithstanding whether such funds were actually used or not for commission of such act, shall be punishable with imprisonment for a term which shall not be less than five years but which may extend to imprisonment for life, and shall also be liable to fine.
Explanation.–
For the purpose of this section,
(a) participating, organising or directing in any of the acts stated therein shall constitute an offence;
(b) raising funds shall include raising or collecting or providing funds through production or smuggling or circulation of high quality counterfeit Indian currency; and
(c) raising or collecting or providing funds, in any manner for the benefit of, or, to an individual terrorist, terrorist gang or terrorist organisation for the purpose not specifically covered under section 15 shall also be construed as an offence.

Section 18. Punishment for conspiracy, etc.

18. Punishment for conspiracy, etc.–
Whoever conspires or attempts to commit, or advocates, abets, advises or [incites, directly or knowingly facilitates] the commission of, a terrorist act or any act preparatory to the commission of a terrorist act, shall be punishable with imprisonment for a term which shall not be less than five years but which may extend to imprisonment for life, and shall also be liable to fine.

യു.എ.പി.എ. വകുപ്പുകള്‍ 16, 17, 18 പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രൈം നമ്പര്‍ RC.02/2020/NIA/KOC എന്ന കേസുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണമാണ് നടക്കുന്നത് എന്നേയുള്ളൂ. ഈ വകുപ്പുകളും ജലീലുമായി നേരിട്ട് ഇപ്പോള്‍ ബന്ധമൊന്നുമില്ല. ജലീലിന് എന്‍.ഐ.എ. നല്‍കിയ കത്തില്‍ ഇക്കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട്. .കാര്യം ഇത്രേയുള്ളൂ എന്ന് പ്രതിപക്ഷത്തുള്ളവര്‍ക്കൊക്കെ അറിയാമെങ്കിലും ജലീലിന് രാജ്യവിരുദ്ധ വകുപ്പുകളുമായി ബന്ധമുണ്ടെന്നു വരുന്നതാണല്ലോ രാഷ്ട്രീയമായി അവര്‍ക്കു നേട്ടമാവുക! അതിനാല്‍ പച്ചക്കള്ളം പറയുന്നു എന്നേയുള്ളൂ.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് എന്‍.ഐ.എ. നല്കിയ നോട്ടീസ്

കുറച്ചു നാളുകള്‍ക്കു മുമ്പ് -കൃത്യമായി പറഞ്ഞാല്‍ 2020 ജൂലൈ 27ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ. വിളിപ്പിച്ചതും ഇപ്രകാരം സി.ആര്‍.പി.സി. വകുപ്പ് 160 പ്രകാരം തന്നെയാണ്. അന്ന് അദ്ദേഹം ഉടനെ പ്രതിയാകും, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാകും എന്നൊക്കെ എല്ലാവരും പറഞ്ഞു. വാര്‍ത്തകളില്‍ ലേഖകന്മാരുടെ കഥകള്‍ നടമാടി. പക്ഷേ, കേസില്‍ ശിവശങ്കര്‍ സാക്ഷി പോലുമായില്ല. ഇപ്പോള്‍ അദ്ദേഹം ജയിലിലല്ല, സ്വന്തം വീട്ടില്‍ തന്നെയാണ് കിടന്നുറങ്ങുന്നത്.

എന്‍.ഐ.എയ്ക്കു മുന്നില്‍ ശിവശങ്കറിന് എന്താണ് സംഭവിച്ചത്? ശിവശങ്കറില്‍ നിന്ന് ആദ്യ ദിനം -ജൂലൈ 27ന് ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനറിയാവുന്ന വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ച എന്‍.ഐ.എ. അത് മൊഴിയാക്കി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. മൊഴിപ്പകര്‍പ്പ് എഴുതി തയ്യാറാക്കാന്‍ സമയമെടുക്കും എന്നതിനാല്‍ അതില്‍ ഒപ്പിടുന്നതിനായി അടുത്ത ദിവസം -ജൂലൈ 28ന് കൂടി കൊച്ചിയില്‍ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്ന് രാത്രി ശിവശങ്കറിന്റെ മൊഴി അവലോകനം ചെയ്ത അന്വേഷണ സംഘം അടുത്ത ദിവസം വേറെ ചില നടപടികളിലേക്കാണ് കടന്നത്. ശിവശങ്കറില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ അന്വേഷണത്തിനായി ഉപയോഗിക്കുമെങ്കിലും അതു മൊഴിയായി രേഖപ്പെടുത്തണ്ട എന്നവര്‍ നിശ്ചയിച്ചു.

ഈ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വെറുതെ വിട്ടുകളഞ്ഞു എന്ന് ആക്ഷേപം കേള്‍ക്കാതിരിക്കാനായി നുണപരിശോധനയ്ക്കു തുല്യമായ പ്രത്യേക രീതിയിലുള്ള ചോദ്യം ചെയ്യലിനു വിധേയനാക്കാനായിരുന്നു തീരുമാനം. അത്തരമൊരു ചോദ്യം ചെയ്യലിനു തയ്യാറാണോ എന്നു ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ തത്സമയം ശിവശങ്കര്‍ സമ്മതിച്ചു എന്നാണ് അറിഞ്ഞത്. ആദ്യ ദിവസം ശേഖരിച്ച വിവരങ്ങള്‍ ചോദ്യങ്ങളാക്കി തിരിച്ചും മറിച്ചും രൂപഭാവം മാറ്റം വരുത്തിയുമൊക്കെ ചോദിച്ചപ്പോള്‍ ഒരിടത്തു പോലും പിഴവില്ലാതെ, അല്പം പോലും ആലോചിക്കാതെ, വൈകിപ്പിക്കാതെ, ഇമ ചിമ്മാതെ, ശ്വാസം പിടിക്കാതെ, നെഞ്ചിടിപ്പില്‍ മാറ്റമില്ലാതെ ശിവശങ്കര്‍ മറുപടി നല്‍കി.

കള്ളമല്ല പറയുന്നത് എന്ന് തീര്‍ത്തും ബോദ്ധ്യപ്പെട്ടതോടെ ഈ ഉദ്യോഗസ്ഥനെ മോചിപ്പിക്കാന്‍ എന്‍.ഐ.എ. തീരുമാനിച്ചു. “മൊഴിപ്പകര്‍പ്പ് ഒപ്പിടണ്ടേ” എന്നു ശിവശങ്കര്‍ ചോദിച്ചപ്പോഴാണ് സാക്ഷിമൊഴി പോലും രേഖപ്പെടുത്തുന്നില്ല എന്ന് അന്വേഷണ സംഘം അദ്ദേഹത്തെ അറിയിച്ചത്. ഇത്തരത്തില്‍ മൊഴിപ്പകര്‍പ്പ് ഒപ്പിടാതെ സാക്ഷിയാവില്ല. വളരെ ബഹുമാനപൂര്‍വ്വം എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ പുറത്തുകൊണ്ടുവന്ന് കാറില്‍ കയറ്റി യാത്രയാക്കുന്നത് ചാനല്‍ ക്യാമറകളിലൂടെ മലയാളികളെല്ലാവരും കണ്ടു. അതിനുശേഷം ശിവശങ്കറിന്റെ വാര്‍ത്താപ്രാധാന്യം ലോപിച്ച് ലോപിച്ച് ഇപ്പോഴേതാണ്ട് ഇല്ലാതായ സ്ഥിതിയിലാണ്.

ജലീലിന്റെ കാര്യത്തില്‍ 2020 സെപ്റ്റംബര്‍ 17ന് സംഭവിച്ചതും ഇതേ കാര്യങ്ങള്‍ തന്നെയാണ്. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി രാവിലെ 6 മണിക്കു തന്നെ ജലീല്‍ എന്‍.ഐ.എ. ഓഫീസിലെത്തിയിരുന്നു. രാവിലെ 9 മണിയോടെ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ എത്തുകയും മന്ത്രിയില്‍ നിന്നു വിവരശേഖരണം ആരംഭിക്കുകയും ചെയ്തു. വൈകുന്നേരം 5 മണിയോടെയാണ് അദ്ദേഹം പുറത്തുവന്നത്. ചിരിച്ചുകൊണ്ടു തന്നെ കാറില്‍ കയറി പുറത്തേക്കുപോയി.

പുറത്ത് ഇതിനകം വിവാദമായ കാര്യങ്ങള്‍ തന്നെയാണ് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ജലീലിനോടു ചോദിച്ചത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിച്ചതിനു പുറമെ തന്റെ ഫോണിലുള്ള വാട്ട്സാപ്പ് ചാറ്റ് അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ മന്ത്രി കാണിച്ചുകൊടുക്കുകയും ചെയ്തു. എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ഇതു വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്തായാലും ജലീലിന്റെ മൊഴി രേഖപ്പെടുത്താനോ അദ്ദേഹത്തിന്റെ ഒപ്പ് അതില്‍ വാങ്ങാനോ എന്‍.ഐ.എ. തയ്യാറായിട്ടില്ല.

ആരോപണത്തിന്റെ പുകമറ മാത്രമുള്ള അനാവശ്യ വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ യഥാര്‍ത്ഥ ദേശവിരുദ്ധ കേസിന് ബലം നഷ്ടപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെയാണ് ശിവശങ്കറിന്റെയും ജലീലിന്റെയും മൊഴികള്‍ ഔദ്യോഗികമായി രേഖപ്പെടുത്താനോ കേസ് ഡയറിയുടെ ഭാഗമാക്കാനോ അവരെ പ്രത്യക്ഷത്തില്‍ ഈ കേസുമായി ബന്ധപ്പെടുത്താനോ തയ്യാറാവാത്തത്.

സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് കണ്ടെത്തും വരെ ശിവശങ്കറിനും ജലീലിനും അതുസംബന്ധിച്ച് ധാരണയുണ്ടായിരുന്നില്ല എന്ന് എന്‍.ഐ.എയ്ക്ക് ബോദ്ധ്യമായിട്ടുണ്ട്. ഈ ബോദ്ധ്യം മാറണമെങ്കില്‍ ഇതുവരെ കണ്ടെത്താത്ത പുതിയ തെളിവുകള്‍ എന്തെങ്കിലും വരണം. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും സംശയിക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടെങ്കില്‍ കസ്റ്റഡിയിലെടുക്കാന്‍ ഒരു തടസ്സവും അന്വേഷണ സംഘത്തിനില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ വിവരങ്ങള്‍ ചോദിക്കാന്‍ വിളിച്ചുവരുത്തിയ ദിലീപ് കസ്റ്റഡിയിലായതും പ്രതിയായി ജയിലിലായതും ഉദാഹരണമായി നമുക്കു മുന്നിലുണ്ടല്ലോ.

അപ്പോള്‍ ജലീലിനെ പ്രതിയാക്കാന്‍ നോക്കിയിട്ട് സാക്ഷി പോലുമായില്ല. ഇതിന്റെ പേരില്‍ തെരുവില്‍ പേക്കൂത്ത് നടത്തുന്നവര്‍ മനസ്സിലാക്കുന്നില്ല -‘പൊതുജനം കഴുതകളാണ്’ എന്നത് വെറുമൊരു പ്രയോഗം മാത്രമാണെന്ന്.

ഏയ് ഓട്ടോയിലെ സുധിയുടെ ഡയലോഗ് അന്തരീക്ഷത്തില്‍ മുഴങ്ങുന്നു:
“ഹ.. എന്താ നോക്കിനില്‍ക്കുന്നത്.. ഗോ ടു യുവര്‍ ക്ലാസസ്.. ഗോ.. ഗോ..”

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights