‘ബി.പി.മൊയ്തീന്‍ സേവാ മന്ദിറിന് നടന്‍ ദിലീപ് കെട്ടിടം നിര്‍മ്മിച്ചുനല്‍കുന്നു’
‘ചേച്ചി എന്നു വേണ്ട, അമ്മേ എന്നു വിളിച്ചോളൂ എന്ന് ദിലീപിനോട് കാഞ്ചനമാല’
രണ്ടു ദിവസമായി മലയാള ചലച്ചിത്ര ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന തലക്കെട്ടുകള്‍. ഇതില്‍ കഥാപാത്രങ്ങളായ വ്യക്തികള്‍ ആര്? ഇപ്പോള്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയുടെ നായികാകഥാപാത്രത്തിന്റെ യഥാര്‍ത്ഥ ജീവിത രൂപമായ കാഞ്ചനമാലയാണ് നായിക. ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയിറങ്ങി ഒരാഴ്ച ശേഷം തിയേറ്ററുകളിലെത്തിയ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയുടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപാണ് നായകന്‍. ഇവര്‍ തമ്മില്‍ എന്താണ് ബന്ധം?
മൊയ്തീന്റെ മരണശേഷമുള്ള കാഞ്ചനമാലയുടെ ജീവിതസമരത്തെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഒരു കവര്‍ സ്റ്റോറി വരുന്നു. അതു വായിച്ച് കണ്ണുനിറഞ്ഞ ദിലീപ് ഉടനെ കാഞ്ചനമാലയെ വിളിക്കുന്നു. മൊയ്തീന് ഉചിതമായ സ്മാരകമൊരുക്കാന്‍ സഹായം വാഗ്ദാനം ചെയ്യുന്നു. ‘ചേച്ചി’ വിളി ‘അമ്മ’ ആയി രൂപാന്തരം പ്രാപിക്കുന്നു. അടുത്ത ദിവസം ദിലീപ് നേരിട്ട് മുക്കത്തെത്തുന്നു. മൊയ്തീന്‍ സേവാ മന്ദിറിന് നവംബര്‍ 15ന് തറക്കല്ലിടാന്‍ തീരുമാനമാകുന്നു. സര്‍വ്വം ശുഭം!
ദിലീപ് ശരിക്കും ജീവകാരുണ്യപ്രവര്‍ത്തനമാണോ അവിടെ നടത്തിയത്? കാര്യങ്ങള്‍ പുറമെ നിന്നു കാണുന്ന സാധാരണക്കാര്‍ക്ക് അങ്ങനെ തോന്നാം. പക്ഷേ, സിനിമയുടെ മായികലോകത്തിനകത്തു നില്‍ക്കുന്നവര്‍ക്ക് ഈ നടപടിക്കു പിന്നിലെ ശരിക്കുള്ള ലക്ഷ്യം മനസ്സിലാവും. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് യാദൃച്ഛികമായി ലഭിച്ച ഇടവേളയില്‍ സിനിമാലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിനാലാണ് എനിക്കും ഇവിടത്തെ കളികള്‍ മനസ്സിലായത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു സിനിമ പോലും ഹിറ്റാക്കാനാവാതെ തൊഴില്‍പരമായും അതോടൊപ്പം വ്യക്തിപരമായും പൊളിഞ്ഞു പാളീസായി നില്‍ക്കുന്ന ഒരു നായകനടന്‍. അദ്ദേഹം വളരെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് സൂപ്പര്‍ സംവിധായകന്‍ എന്നു പേരെടുത്ത ജിത്തു ജോസഫിന്റെ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമ. സിനിമയുടെ ഉള്ളടക്കം കാണികള്‍ക്ക് പിടിച്ചില്ല. ഒപ്പം ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമ മികച്ച അഭിപ്രായം സൃഷ്ടിക്കുകയും ജനങ്ങളെ തിയേറ്ററിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്തു. കളക്ഷന്‍ റെക്കോഡുകളെല്ലാം ഭേദിച്ച ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയുമായി മറ്റെന്തും താരതമ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ ‘ലൈഫ് ഓഫ് ജോസൂട്ടി’ നിലയില്ലാക്കയത്തില്‍ മുങ്ങി ഹോള്‍ഡ് ഓവറായി തിയേറ്റര്‍ വിട്ടു.
തിരിച്ചുവരവിനുള്ള അവസരം കാത്തിരുന്ന ദിലീപിന് ഇത് കനത്ത തിരിച്ചടിയാണ് നല്‍കിയത്. വിജയമില്ലാത്തവര്‍ക്ക് സിനിമാ രംഗത്ത് സ്ഥാനമില്ല, വാര്‍ത്തയിലും. എങ്ങനെയും വാര്‍ത്തയില്‍ നില്‍ക്കുക. അതിനൊരവസരം കാത്തിരിക്കുമ്പോഴാണ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കവര്‍ സ്റ്റോറി ‘എന്ന് മൊയ്തീന്റെ കാഞ്ചന’ വരുന്നത്. കൃശാഗ്രബുദ്ധിയായ ഈ നടന്‍ ആ അവസരം ചാടിപ്പിടിച്ചു. യഥാര്‍ത്ഥ കാഞ്ചനമാലയും സിനിമയിലെ കാഞ്ചനമാലയുടെ സൃഷ്ടാക്കളും തമ്മില്‍ കേസുണ്ടെന്ന് സിനിമാ രംഗത്തെ മറ്റുള്ളവര്‍ക്കെന്ന പോലെ ദിലീപിനും നന്നായറിയാം. ഗോളിയില്ലാത്ത പോസ്റ്റ്.. അടിച്ചു… ഗോള്‍!!!
തന്റെ ചിത്രം മുങ്ങുന്നതിന് പരോക്ഷമായെങ്കിലും കാരണമായ ‘എന്നു നിന്റെ മൊയ്തീന്‍’ ടീമിനോട് മധുരപ്രതികാരം. വാര്‍ത്തയില്‍ നിന്നു പുറത്തായിരുന്നയാള്‍ വാര്‍ത്തയില്‍ നിറഞ്ഞു. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ദിലീപിനെ പ്രശംസ കൊണ്ടു മൂടുകയാണ്. ‘എന്നു നിന്റെ മൊയ്തീന്‍’ ടീമിന്റെ നെഞ്ചില്‍ പൊങ്കാലയും തകൃതി. ആനന്ദലബ്ധിക്കിനിയെന്തു വേണം?
പക്ഷേ, ദിലീപ് മറന്നു. എടുത്തുവീശിയത് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. മറ്റുള്ളവരെ മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വയം മുറിവേല്‍ക്കാതിരിക്കാന്‍ കൂടി ശ്രദ്ധിക്കുക.