HomeFRIENDSHIPപോരാളി

പോരാളി

-

Reading Time: 2 minutes

ബി.ദിലീപ് കുമാര്‍…

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാട്ടത്തിന്റെ പാതയിലായിരുന്നു അവന്‍.
വിജയത്തിനു വേണ്ടിയുള്ള എല്ലാ പരിശ്രമവും നേരിന്റെ വഴിയിലൂടെയാവണമെന്ന് അവനു നിര്‍ബന്ധമുണ്ടായിരുന്നു.
ആ നേരിന്റെ നന്മ എന്തുകൊണ്ടോ കാണേണ്ടവര്‍ കണ്ടില്ല.
ഒന്നും കാണാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകളില്‍ തിമിരം ബാധിച്ചിരിക്കുന്നു.

Dileep

ദിലീപുമായുള്ള എന്റെ സൗഹൃദത്തിന് ഏതാണ്ട് 18 വര്‍ഷത്തെ പഴക്കമുണ്ട്.
എന്റെ പത്രപ്രവര്‍ത്തന ജീവിതം തിരുവനന്തപുരത്ത് ആരംഭിക്കുന്നത് 1997ലാണ്.
1998ല്‍ ദിലീപ് ജേര്‍ണലിസം പഠിക്കാന്‍ പെരുമണില്‍ നിന്നെത്തി തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.
അധികം വൈകാതെ സുര്യ ടി.വിയില്‍ റിപ്പോര്‍ട്ടറായി അവന് ജോലി കിട്ടി.
അവിടെ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം.
ഞങ്ങളുടെ സൗഹൃദത്തിന്റെ ദൃഢത അടുത്തകാലത്ത് വര്‍ദ്ധിച്ചിരുന്നു.
കഷ്ടപ്പാടിന്റെ കാലത്ത് ഒരുമിച്ചു നില്‍ക്കുന്നവരുടെ ബന്ധത്തിന് ശക്തിയേറും എന്നതിനാലാവാം.
നല്ല കാലത്തു മാത്രം ഒട്ടുന്നവരെ ഓര്‍ക്കാന്‍ ആര്‍ക്കാണു സമയം?

സായാഹ്നങ്ങളിലായിരുന്നു ഞങ്ങളുടെ ഒത്തുചേരല്‍.
മ്യൂസിയം വളപ്പും ശംഖുമുഖം കടപ്പുറവും ഇടയ്ക്ക് പ്രസ് ക്ലബ്ബും സംഗമവേദികളായി.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കലാ, കായിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഒരേ ചിന്താധാരയായിരുന്നതിനാല്‍ ഭിന്നതയ്ക്കു സ്ഥാനമില്ലായിരുന്നു.
പലപ്പോഴും ചര്‍ച്ചകള്‍ അവസാനിച്ചത് ഫേസ്ബുക്ക് പോസ്റ്റുകളിലാണ്.
ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ചിലത് ഞാനെഴുതി, ചിലത് അവനും.
വാര്‍ത്താലോകത്തെ ഇടപെടല്‍ ആ പോസ്റ്റുകളിലൊതുങ്ങി.

ഇനിയുള്ള കാലം തിരുവനന്തപുരത്ത് പിടിച്ചുനിന്ന് ജീവിതം കെട്ടിപ്പെടുക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു.
അതിനുവേണ്ടി പരമാവധി ശ്രമിച്ചു.
പക്ഷേ, പൊള്ളയായ വാഗ്ദാനങ്ങള്‍ കൊണ്ട് വയറുനിറയില്ലെന്ന് ഒടുവിലവന്‍ തിരിച്ചറിഞ്ഞു.
വളരെ വേദനയോടെയായിരുന്നു രാജ്യം വിടാനുള്ള തീരുമാനം.
അവന്റെ വേദന ആരും കണ്ടില്ല; ആരെയും അറിയിച്ചില്ല എന്നു പറയുന്നതാവും ശരി.
ആരോടും യാത്ര പറയാതെ അവന്‍ ദുബായിലേക്കു വിമാനം കയറി.
പോകുന്ന കാര്യം എന്നോടു മാത്രം പറഞ്ഞു; ഞാന്‍ ആരോടും പറഞ്ഞില്ല.
വഴിപിരിയലില്‍ വേദനയുണ്ടായിരുന്നെങ്കിലും ഞാന്‍ പുറത്തുകാണിച്ചില്ല.

പോരാളികള്‍ക്കു മാത്രമേ മികച്ച വിജയം നേടാനാവുകയുള്ളൂ.
ഒത്തുതീര്‍പ്പുകള്‍ കൊണ്ട് താല്‍ക്കാലിക വിജയം നേടിയേക്കാം, പക്ഷേ അതു ശാശ്വതമല്ല.
ദിലീപ് ഒരു മികച്ച പോരാളിയാണ്.
മറ്റാരെക്കാളും ഉറപ്പിച്ച് എനിക്കതു പറയാനാകും.
ഇപ്പോള്‍ വീണ്ടും വാര്‍ത്തകളുടെ ലോകത്ത് അവന്‍ മുങ്ങി നിവരുകയാണ്.
അവനിലെ പോരാളിയെ വിജയം കാത്തിരിക്കുന്നു.

യു.എ.ഇയിലുള്ളവര്‍ക്ക് റെഡ് എഫ്.എം. 94.7ല്‍ അവന്റെ വാര്‍ത്തകള്‍ കേള്‍ക്കാം.
രാവിലെ 6 മുതല്‍… 6.30, 7.30, 8.30, 9.30 … അങ്ങനെ.
യു.എ.ഇക്ക് പുറത്തുള്ളവര്‍ക്ക് www.red947.com എന്ന വെബ്‌സൈറ്റില്‍ ലൈവ് സ്ട്രീം കേള്‍ക്കാം.

വസന്തവും ഹേമന്തവും ശിശിരവും വര്‍ഷവുമെല്ലാം മാറി വരും.
ഒരു പക്ഷേ, നാളെ ഞാനും അവനും വീണ്ടും ഒരുമിച്ചേക്കാം.
ദിലീപെന്ന പോരാളിക്ക് ആത്മാര്‍ത്ഥമായി വിജയാശംസ നേരുന്നു..
എന്റെ പോരാട്ടം ഇവിടെ തുടരുന്നു…
ജീവിതം ഒരു വലിയ സമരമാണെന്ന തിരിച്ചറിവോടെ…

LATEST insights

TRENDING insights

14 COMMENTS

  1. ഇപ്പോൾ ആരോഗ്യനില എങ്ങിനെയുണ്ട് . ഒരു ഫൈറ്ററിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് , എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ .

    • അവന്‍ ഭീരുവല്ല എന്നെനിക്കുറപ്പ്. തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും കച്ചകെട്ടിയിറങ്ങിയവരെ തോല്‍പ്പിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാവാം. എല്ലാം ഒരു നിമിഷത്തെ ചിന്തയും തീരുമാനവുമല്ലേ.

      ഏതായാലും ഭാഗ്യത്തിന് നമ്മള്‍ തോറ്റില്ല, അവനും.

  2. ദിലീപേട്ടൻ പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരിക തന്നെ ചെയ്യും.ശ്യാമേട്ടാ. മലരുകൾ എന്നല്ല പറയേണ്ടത്.

  3. ആ എഴുതിയ നായിന്റെ മക്കൾക്കൊന്നും അറിയില്ല … B Dileep Kumar ആരാണെന്നും ആ മനുഷ്യന്റെ കാലിബർ എന്താണെന്നും …. തിരിച്ച് വരും ശക്തിയോടെ കാത്തിരിക്കുന്നു

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights