HomeGOVERNANCEവിവാദത്തിനപ്പ...

വിവാദത്തിനപ്പുറത്തെ വികസനവഴികള്‍

-

Reading Time: 4 minutes

വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ? നാടിലുണ്ടാവുന്ന വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യണ്ടേ? ദൗര്‍ഭാഗ്യവശാല്‍ അത്തരം വികസനോന്മുഖ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. വിവാദങ്ങള്‍ക്കിടയിലും വികസനം നടക്കുന്നുണ്ട് എന്നു നമ്മള്‍ തിരിച്ചറിയണം. ഇത് അങ്ങേയറ്റം ആശാവഹമായ കാര്യം തന്നെയാണ്.

മികച്ചൊരു ഭരണാധികാരിയാണ് എന്ന് പല തവണ തെളിയിച്ചിട്ടുള്ളയാളാണ് ജി.സുധാകരന്‍. അഴിമതിയുടെ കൂത്തരങ്ങെന്ന് ചീത്തപ്പേരുള്ള പൊതുമരാമത്ത് വകുപ്പിന്റെ ചുമതല അദ്ദേഹത്തെ ഏല്പിക്കുമ്പോള്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പരിഗണിച്ചത് ഈ പ്രവര്‍ത്തനമികവ് തന്നെയാണ്. ഏതായാലും സുധാകരന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പൊതുമരാമത്ത് വകുപ്പിലെ അഴിമതികള്‍ അവസാനിക്കുന്നതാണ് ആദ്യം കണ്ടത്. അതിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ വികസനപദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയായി തുടങ്ങിയിരിക്കുന്നു.

പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ

ജനനിബിഡമായ കേരളത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഗതാഗതം തന്നെയാണ്. നിരത്തുകളിലെ അഴിയാകുരുക്കുകളില്‍ നഷ്ടമാകുന്ന സമയത്തിന്റെ വില വളരെ വലുതാണ്. ഇത്തരമൊരു കുരുക്കെങ്കിലും അഴിക്കാനാവുമെങ്കില്‍ അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന വലിയൊരു നടപടി തന്നെയാണ്. അത്തരം 3 വലിയ കുരുക്കുകളാണ് ഇപ്പോള്‍ സുധാകരന്റെ നേതൃത്വത്തില്‍ അഴിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ തൊണ്ടയാട്ടും രാമനാട്ടുകരയിലും മേല്‍പ്പാലങ്ങളാണെങ്കില്‍ കൊല്ലത്തെ കുരുക്കഴിക്കല്‍ ബൈപാസിന്റെ രൂപത്തിലാണ്.

വടക്കന്‍ കേരളത്തിനാകെ പ്രയോജനപ്രദമാവുന്ന വികസനപദ്ധതികളാണ് തൊണ്ടയാട്ടും രാമനാട്ടുകരയിലുമുള്ള മേല്‍പ്പാലങ്ങള്‍. 45,000 വാഹനങ്ങള്‍ ദിവസേന ഇവിടങ്ങളിലൂടെ കടന്നു പോകുന്നു. അത് നിമിത്തമുണ്ടാവുന്ന കുരുക്കൊഴിയുന്നത് ചെറിയ കാര്യമല്ല. കോഴിക്കോട് ദേശീയപാത 66ലെ കോഴിക്കോട് ബൈപ്പാസിലുള്ള ഗതാഗതത്തിരക്ക് ഈ മേല്‍പ്പാലങ്ങള്‍ വഴി ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദേശീയപാതയുടെ നിര്‍ദ്ദിഷ്ട 6 വരികളില്‍ നേര്‍പകുതി തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങളോടെ സംസ്ഥാന സര്‍ക്കാരിന്റെ പണം മുടക്കി സാക്ഷാത്കരിച്ചിരിക്കുന്നു.

തൊണ്ടയാട് മേൽപ്പാലം

തൊണ്ടയാട് മേല്‍പ്പാലത്തിന്റെ ചെലവായ 51 കോടി രൂപ പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ തന്നെയാണ് വഹിച്ചത്. പാലത്തിന്റെ നീളം 475 മീറ്ററും വീതി 11 മീറ്ററുമാണ്. അപ്രോച്ച് റോഡ് 550 മീറ്റര്‍. ഇരുഭാഗത്തും സര്‍വ്വീസ് റോഡുകള്‍. 84 പൈലുകള്‍ 17 തൂണുകള്‍ 18 സ്പാനുകള്‍. ആകെ 15,578 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചു. ഈ പാലത്തിന് ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 ലെ മികച്ച കോണ്‍ക്രീറ്റ് നിര്‍മ്മതിക്കുള്ള അവാര്‍ഡും ലഭിച്ചു. രാവും പകലും അശ്രാന്തപരിശ്രമം നടത്തിയാണ് തൊണ്ടയാട് മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് സാത്ക്ഷാത്കരിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ണ്ണമായും ഈ സര്‍ക്കാരിന്റെ കാലത്താണ് നടന്നതെങ്കിലും 2016 മാര്‍ച്ച് 4ന് പ്രവര്‍ത്തിക്ക് തുടക്കമിട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വന്നതിനാല്‍ പുരോഗമിച്ചില്ല. മെയ് മാസത്തില്‍ പുതിയ സര്‍ക്കാര്‍ വന്ന ശേഷമാണ് യഥാര്‍ത്ഥ നിര്‍മ്മാണം ആരംഭിച്ചത്.

രാമനാട്ടുകര മേല്‍പ്പാലത്തിന് 75 കോടി രൂപയാണ് ചെലവ്. പാലത്തിന് 6 സ്പാനുകളാണ് ഉള്ളത്. ഈ മേല്‍പ്പാലത്തിന്റെ നീളം 440 മീറ്ററും വീതി 11 മീറ്ററുമാണ്. അപ്രോച്ച് റോഡുകളും സര്‍വ്വീസ് റോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്. യൂട്ടിലിറ്റി ഡക്ട് അടക്കമുള്ള ആധുനീക രീതികള്‍ അവലംബിച്ചിട്ടുണ്ട്. ആകെ ഉപയോഗിച്ച കോണ്‍ക്രീറ്റ് 20,266 ക്യൂബിക് മീറ്ററാണ്. 70 പൈലുകള്‍, 13 തൂണുകള്‍, 14 സ്പാനുകള്‍ എന്നിവയുമുണ്ട്. 2016 ഫെബ്രുവരിയില്‍ ഭരണാനുമതി കിട്ടിയെങ്കിലും രാമനാട്ടുകര മേല്‍പ്പാലത്തിന്റെ പണിയും തുടങ്ങിയത് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തന്നെ.

രാമനാട്ടുകര മേൽപ്പാലം

തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ക്കു സമാന്തരമായി ദേശീയപാത അതോറിറ്റി 3 വരികളുള്ള മറ്റൊരു മേല്‍പ്പാലം രണ്ടിടത്തും ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. 2 പാലങ്ങളുടെയും ഡിസൈനും നിര്‍വ്വഹണവും എല്ലാം സംസ്ഥാന പൊതുമരാമത്ത് തന്നെയാണ് നിര്‍വ്വഹിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി രണ്ടിന്റെയും നിര്‍മ്മാണം നടത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോഴിക്കോട് പൂര്‍ത്തിയാകുന്ന രണ്ടാമത്തെയും മൂന്നാമത്തെയും മേല്‍പ്പാലങ്ങളാണിവ. കൂടാതെ നഗര റോഡ് വികസന പദ്ധതിയില്‍പ്പെടുത്തി കോഴിക്കോട് 6 റോഡുകള്‍ നേരത്തേ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. അവ ചെയ്തതും ഊരാളുങ്കലാണ്.

വടക്കന്‍ കേരളത്തിലെ മേല്‍പ്പാലങ്ങള്‍ക്കു സമാനമായ പ്രയോജനമാണ് തെക്കന്‍ കേരളത്തിലെ കൊല്ലം ബൈപ്പാസ് കൊണ്ടുണ്ടാവുക. വികസനക്കാര്യത്തില്‍ ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുന്നതാണ് ഈ ബൈപ്പാസ്. 2015ല്‍ കരാറൊപ്പിട്ട കൊല്ലം ബൈപ്പാസ് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുന്നതു വരെ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ടു നീങ്ങിയത്. ഒരൊറ്റ സ്പാന്‍ പോലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ചിരുന്നില്ല.

കൊല്ലം ബൈപ്പാസ്

278 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍. 50 ശതമാനം സംസ്ഥാന വിഹിതമായി 139 കോടി രൂപ നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 34 കോടി രൂപ മാത്രമാണ് നല്‍കിയിരുന്നത്. 105 കോടി രൂപ ഈ സര്‍ക്കാര്‍ നല്‍കി. 190 പൈലുകളുണ്ട്. 46 പിയറുകളില്‍ 9 എണ്ണം മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മച്ചത്. ബാക്കി 37 പിയറുകള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് നിര്‍മ്മിച്ചത്. 7 കള്‍വര്‍ട്ടുകളും നിര്‍മ്മിച്ചിട്ടുണ്ട്. 3 മേല്‍പ്പാലങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ബൈപ്പാസ് നിര്‍മ്മിച്ചിട്ടുള്ളത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബൈപ്പാസിന് സ്ഥലമെടുത്തിരുന്നെങ്കിലും 2013 ല്‍ മാത്രമാണ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം ഉണ്ടായത്. 2016 ആദ്യമാണ് നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ 75 ശതമാനത്തിലേറെ നിര്‍മ്മാണവും നടന്നത് പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ്. ആര്‍.ഡി.എസ്.സി.ബി.സി.സി. എന്ന കമ്പനിയാണ് ഇതിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ കീഴിലാണ് നടക്കുന്നത് എന്നത് പ്രത്യേകതയാണ്.

കൊല്ലം ബൈപ്പാസ് രൂപരേഖ

ആലപ്പുഴ ബൈപ്പാസ് ഇതോടൊപ്പം തീരേണ്ടതായിരുന്നെങ്കിലും റെയില്‍വേ പാതയുടെ മുകളിലൂടെ ബൈപ്പാസ് പോകുന്നതിനാല്‍ റെയില്‍വേ നിയമപ്രകാരമുള്ള ചില ഗര്‍ഡറുകളും ഇന്‍സ്റ്റലേഷനുകളും റെയില്‍വേയാണ് നടത്തേണ്ടത്. ഒന്നര വര്‍ഷക്കാലം റെയില്‍വേ വരുത്തിയ കാലതാമസം ആലപ്പുഴ ബൈപ്പാസ് വൈകാന്‍ കാരണമായിരിക്കുന്നു. ഇപ്പോഴും റെയില്‍വെ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടില്ല. കുറച്ചു കാലം എടുക്കുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. എങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളുടെ ഫലമായി മെയ് മാസത്തിനുള്ളില്‍ നിര്‍മ്മാണം ആലപ്പുഴ ബൈപ്പാസിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

തൊണ്ടയാട്ടും രാമനാട്ടുകരയിലുമുള്ള മേല്‍പ്പാലങ്ങള്‍ ഡിസംബര്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം ബൈപ്പാസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത് ഫെബ്രുവരി 2നാണ്.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights