HomePOLITYഗവർണറുടെ വായന...

ഗവർണറുടെ വായന

-

Reading Time: 5 minutes

നയപ്രഖ്യാപനം ഗവർണർ വായിക്കുമോ ഇല്ലയോ? കുറച്ചു ദിവസമായി കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചയിലെല്ലാം ഈ ചോദ്യമുണ്ടായിരുന്നു. ഇപ്പോഴതിന് ഉത്തരമായി -വായിച്ചു. വായിക്കാത്തെ നിയമസഭയുടെ മേശപ്പുറത്തുവെയ്ക്കുന്ന പരിപാടിയൊന്നുമായിരുന്നില്ല. വള്ളിപുള്ളി തെറ്റാതെ വായിച്ചുതീർത്തു. ഗവർണറുടെ ഭരണഘടനാപരമായ ചുമതല ആരിഫ് മുഹമ്മദ് ഖാൻ നിറവേറ്റി.

“ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പണ്ട് ഇവിടെ തിരഞ്ഞെടുക്കപ്പെട്ട സഭകൾക്ക് മേൽ റസിഡന്റുമാരെ വെക്കുന്നൊരേർപ്പാട് ഉണ്ടായിരുന്നു. ഈ സർക്കാരിന് മേലെ അങ്ങനെ റസിഡന്റുമാരൊന്നും ഇല്ല എന്ന് ഓർക്കേണ്ടവർ ഓർത്താൽ നന്ന്” -ഏതാണ്ട് ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പൊതുയോഗത്തിൽ ഇങ്ങനെ പ്രസംഗിച്ചിരുന്നു. ഈ പ്രസംഗം ഗവർണറോടുള്ള വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസംഗത്തോടുള്ള ഗവർണറുടെ പ്രതികരണങ്ങൾ ഒരു ഏറ്റുമുട്ടലിന്റെ പ്രതീതിയുണ്ടാക്കി. എന്നാൽ, റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ മിതത്വം പുലർത്തി. അപ്പോഴും നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച ആശയക്കുഴപ്പം നിലനിന്നു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയതാണ് ഗവർണറും സർക്കാരുമായുള്ള ഉരസലിനു കാരണം. ഗവർണർ ഈ വിഷയത്തിൽ പരസ്യമായി പ്രകടിപ്പിച്ചുവരുന്ന നിലപാടിനു തീർത്തും വിരുദ്ധമാണ് സർക്കാരിന്റെ നിലപാടെന്നു പറയേണ്ട കാര്യമില്ലല്ലോ. പൗരത്വനിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിനോടും സുപ്രീംകോടതിയെ സമീപിച്ചതിനോടും ഗവർണർക്ക്‌ എതിർപ്പായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പരമര്‍ശങ്ങള്‍ക്കെതിരെയും ഗവര്‍ണര്‍ നിലപാടെടുത്തത്. തർക്കമുള്ള ഭാഗം താൻ വായിക്കില്ലെന്ന നിലപാടു തന്നെയാണ് ഗവർണർ ആദ്യം സ്വീകരിച്ചത്. എന്നാൽ, പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വരി പോലും മാറ്റില്ലെന്ന സര്‍ക്കാര്‍ നിലപാടിനുമുന്നില്‍ അദ്ദേഹത്തിന് ഒടുവില്‍ വഴങ്ങേണ്ടി വന്നു.

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്താനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞപ്പോൾ

നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ അംഗീകരിച്ചാണ് ഗവർണർക്കു കൈമാറുന്നത്. ആ പ്രസംഗത്തിൽ മാറ്റങ്ങൾ ഗവർണർക്ക് ആവശ്യപ്പെടാം. എന്നാൽ, മാറ്റണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കാണ്. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിയാൽ ഗവർണർക്ക് ആ ഭാഗങ്ങൾ വായിക്കാതെ വിട്ടുകളയാൻ സ്വാതന്ത്ര്യമുണ്ട്. മുമ്പും ഗവർണർമാർ ഇഷ്ടമില്ലാത്ത ഭാഗങ്ങൾ സഭയിലെ വായനയിൽ ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ, ഉള്ളടക്കത്തോട് വ്യക്‌തിപരമായ വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം വായിക്കുന്നുവെന്നുമുള്ള ആമുഖത്തോടെ ഖണ്ഡിക 18 വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായി. മന്ത്രിസഭ അംഗീകരിച്ച സർക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം ഗവർണർ അതേപടി അംഗീകരിക്കുമോ, വായിക്കാതെ വിടുമോ എന്നൊക്കെയുള്ള സന്ദേഹങ്ങള്‍ക്ക് അതോടെ അന്ത്യമായി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ ഉയര്‍ത്തിയ ശക്തമായ എതിർപ്പ്‌ ഗവര്‍ണര്‍ വായിച്ചില്ലെങ്കിലും നയപ്രഖ്യാപനപ്രസംഗത്തിൽ ഇടംപിടിക്കുമായിരുന്നു. അതാണ് കീഴ്‌വഴക്കം. ഒരു വരിപോലും വായിക്കാതിരിക്കുകയോ, പ്രസംഗം മേശപ്പുറത്തു വച്ച്‌ ഗവർണർ പിൻവാങ്ങുകയോ ചെയ്‌താലും അതേപടി അംഗീകരിക്കും. ഇതുസംബന്ധിച്ച്‌ ശ്രദ്ധേയമായ റൂളിങ്ങുകൾ പല സ്‌‌പീക്കർമാരും നൽകിയിട്ടുണ്ട്‌. ഇതെല്ലാം മനസ്സിലാക്കിയിട്ടാവണം ഒരു ഏറ്റുമുട്ടലിന് തയ്യാറാവാതെ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് മയപ്പെടുത്തിയത്.

ഗവർണർ മയപ്പെട്ടുവെങ്കിലും നിയമസഭയിൽ കാര്യങ്ങൾ മയത്തിലായിരുന്നില്ല. ഗവർണർ ഗോ ബാക്ക് വിളികളുമായി പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, നിയമ മന്ത്രി എ.കെ.ബാലൻ എന്നിവർക്കൊപ്പം കടന്നുവന്ന ഗവർണറെ പ്രതിപക്ഷാംഗങ്ങൾ തടഞ്ഞു. മുഖ്യമന്ത്രിയും സ്പീക്കറും നിയമമന്ത്രിയും എട്ടു മിനിട്ട് തടഞ്ഞുവെയ്ക്കപ്പെട്ടു. പ്രതിപക്ഷ എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡ് നീക്കും വരെ പ്രതിഷേധം തുടർന്നു. ഇതിനു ശേഷമാണ് സ്പീക്കർക്കൊപ്പം വേദിയിലെത്തി ഗവർണർ നയപ്രഖ്യാപനം നടത്തിയത്.

ഗവർണർ വായിച്ചതനുസരിച്ച് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിലാവരുതെന്നാണ് സർക്കാരിന്റെ നയപ്രഖ്യാപനം. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വിഘടനവാദം സൃഷ്ടിക്കുമെന്ന് സംസ്ഥാന സർക്കാർ ആശങ്കപ്പെടുന്നു. ഈ നിയമസം രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന തുല്യതയും മതേതരത്വവും തകർക്കും. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ നടപടിയുണ്ടാവണം എന്നുകൂടി ആരിഫ് മുഹമ്മദ് ഖാൻ വായിച്ചുതീർത്തപ്പോൾ റസിഡന്റ് ഭരണം ഇപ്പോഴില്ലെന്നു പ്രഖ്യാപിച്ച പിണറായി വിജയന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞിട്ടുണ്ടാവണം.

“നമ്മുടെ പൗരത്വം ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാൻ പാടില്ല. കാരണം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്വത്തിന്റെ എല്ലാ അംശങ്ങൾക്കും എതിരാണത്. ഭരണഘടനയുടെ നിർണ്ണായക തത്ത്വങ്ങൾക്കെതിരാണെന്ന് സർക്കാർ വിശ്വസിക്കുന്ന പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്ന പ്രമേയം മഹനീയമായ ഈ സഭ ഐകകണ്ഠ്യേന പാസാക്കി. ഇതിന് അനുബന്ധമായി ഭരണഘടനയുടെ അനുച്ഛേദം 131ലെ വ്യവസ്ഥകൾ പ്രയോഗിച്ച് സുപ്രീം കോടതിയിൽ ഹർജിയും നൽകി.” -ഇന്നുവരെ പറഞ്ഞതു മുഴുവൻ വിഴുങ്ങി ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു.

നയപ്രഖ്യാപനത്തില്‍ മാറ്റം വരുത്തില്ലെന്ന് രാത്രി വൈകിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും രാവിലെ ഗവര്‍ണറെ കാണാന്‍ രഹസ്യസന്ദേശവുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യേഗസ്ഥന്‍ രാജ്ഭവനിലേക്ക് പോയത് പല വിധത്തിലുള്ള ഊഹാപോഹങ്ങൾക്കു കാരണമായിരുന്നു. പ്രസംഗത്തിനു ശേഷമാണ് കാര്യം എല്ലാവരുമറിഞ്ഞത്. നയപ്രഖ്യാപനം പൂർണ്ണമായി വായിക്കണമെന്ന് ഗവർണറോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തുമായാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തിയത്. 176-ാം അനുച്ഛേദമനുസരിച്ച് ഭരണഘടാപരമായ ഉത്തരവാദിത്വം ഗവർണർക്കുണ്ട്. മന്ത്രിസഭ അംഗീകരിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ പാടില്ലെന്നായിരുന്നു കത്തിൽ.

പൗരത്വ നിയമത്തിനെതിരായ ഖണ്ഡിക 18 ഗവർണർ വായിക്കാൻ തയ്യാറായത് മുഖ്യമന്ത്രിയുമായുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. പക്ഷേ, ഗവർണർ പറഞ്ഞത് വ്യക്തമായി കേട്ട ആരും അതു പറയില്ല. “Chief minister wants me to read it out”. മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരം വായിക്കുന്നു എന്ന്. മുഖ്യമന്ത്രി requested me to read it എന്നോ wishes me to read it എന്നോ അല്ല പറഞ്ഞത്. wants me to read it എന്നു പറഞ്ഞാൽ വ്യക്തമായ നിർദ്ദേശമുണ്ട് എന്നു തന്നെയാണ് സാരം. സർക്കാർ ആവശ്യപ്പെട്ടാൽ ഗവർണർ വഴങ്ങിയേ പറ്റൂ. സർക്കാരിന്റെ തലവനാണെങ്കിലും ഗവർണറുടേത് ആലങ്കാരിക പദവി മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൽ വലിയ അധികാരമുള്ളയാളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നു പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ?

പ്രസംഗത്തിൽ അല്ലാതെ ഗവർണർ പറഞ്ഞ കാര്യങ്ങൾ പ്രശ്നമാണെന്ന് പ്രതിപക്ഷം പറയുന്നു. സഭാ രേഖകളിൽ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് നിയമപ്രശ്നങ്ങൾക്കു കാരണമാവുമെന്നാണ് അവരുടെ വാദം. നിയമസഭയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തി എന്ന പേരിൽ ഗവർണറെ എതിർക്കാൻ പ്രതിപക്ഷം ഈ പരാമർശങ്ങളും ഒരു കാരണമാക്കുന്നു. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിക്കാൻ ഇപ്പോഴത്തെ നിലയിൽ സർക്കാർ തയ്യാറാവില്ലെന്ന് അവർ മനസ്സിലാക്കുന്നുണ്ട്. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ “വ്യക്തിപരമായ എതിർപ്പ്” സംബന്ധിച്ച ഗവർണറുടെ പരാമർശം ആയുധമാക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. പ്രസംഗം സംബന്ധിച്ച പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം ശ്രദ്ധിച്ചാൽ മാത്രം മതി ഇതു മനസ്സിലാകാൻ.

എന്നാൽ, ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന് വിനയാകുന്നത് യു.ഡി.എഫുകാരനായ വക്കം പുരുഷോത്തമൻ സ്പീക്കറെന്ന നിലയിൽ നൽകിയ റൂളിങ് തന്നെയാണ്. 2001 ജൂൺ 29ന് എ.കെ.ആന്റണി സർക്കാരിന്റെ കാലത്ത് ഗവർണർ ജസ്റ്റീസ് സുഖ്ദേവ് സിങ് കാംഗ് നടത്തിയ നയപ്രഖ്യാപന പ്രസംഗമായിരുന്നു വിവാദവിഷയം. യു.ഡി.എഫ്‌. അധികാരത്തിൽ വന്നപ്പോൾ മുൻ എൽ.ഡി.എഫ്‌. സർക്കാരിനെ വിമർശിക്കുന്ന ഭാഗം ജസ്റ്റീസ് കാങ്‌ വായനയിൽ ഒഴിവാക്കി. പ്രസംഗത്തിൽ പറയാത്ത കാര്യങ്ങൾ അംഗങ്ങൾക്കു നൽകിയ പകർപ്പിൽ ഉൾപ്പെടുത്തി എന്നായിരുന്നു അന്നുണ്ടായ ആക്ഷേപം. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച്‌ അച്ചടിച്ചു നൽകിയ പ്രസംഗമാണ്‌ അംഗീകൃതമെന്ന്‌ വക്കം പുരുഷോത്തമൻ റൂളിങ് നൽകി. അതാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്. അച്ചടിച്ചു നൽകുന്ന പ്രസംഗത്തിലില്ലാത്ത കാര്യങ്ങൾ ഗവർണർക്ക് സഭയിൽ പറയാൻ കഴിയില്ല. അങ്ങനെ സംഭവിച്ച ചരിത്രവുമില്ല.

അതിനാൽ പ്രസംഗത്തിലെ ഖണ്ഡിക 18 വായിക്കുന്നതിനു മുമ്പ് ആമുഖമായി ഗവർണർ പറഞ്ഞ കാര്യങ്ങൾ സഭാരേഖയിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. 1996 ജൂലൈ 12ന് ഖുർഷിദ് ആലം ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തെച്ചൊല്ലിയും ഇതേ ആക്ഷേപമുയർന്നിരുന്നു. മുഴുവൻ പ്രസംഗവും വായിക്കണമെന്നു ഭരണഘടനയിൽ ഇല്ലെന്നായിരുന്നു അന്നത്തെ സ്പീക്കർ എം.വിജയകുമാറിന്റെ റൂളിങ്. അതാണ് വക്കം പുരുഷോത്തമൻ കുറച്ചുകൂടി വ്യക്തത വരുത്തി റൂളിങ് നല്കിയത്.

പ്രസംഗത്തിന്റെ ഭാഗങ്ങൾ ഗവർണർ വിട്ടുകളഞ്ഞ അവസരങ്ങൾ നിരവധി തവണ ഉണ്ടായിട്ടുണ്ട്. 2009ൽ വി.എസ്.അച്യുതാനന്ദന്‍ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ ആർ.എൽ.ഭാട്യ ഒഴിവാക്കി. 2013 ഫെബ്രുവരി ഒന്നിനു നടത്തിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ സമരം സംബന്ധിച്ച കാര്യങ്ങൾ ഗവർണർ എച്ച്.ആർ.ഭരദ്വാജ് ഒഴിവാക്കിയതും വിവാദമായി. ആരിഫ് മുഹമ്മദ് ഖാനു മുമ്പ് ഗവർണറായിരുന്ന ജസ്റ്റീസ് പി.സദാശിവവും നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടുകളഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരിനെ നേരിട്ട്‌ വിമർശിക്കുന്ന ഭാഗമാണ് അദ്ദേഹം വിട്ടുകളഞ്ഞത്. ബി.രാച്ചയ്യ ഉൾപ്പെടെ ചില ഗവർണർമാർ അനാരോഗ്യം കാരണം പൂർണമായി വായിക്കാതെ വിട്ടിട്ടുണ്ട്‌. ആമുഖവും അവസാനഭാഗവും വായിച്ചശേഷം ഗവർണർ വിടവാങ്ങിയതിനും സഭ സാക്ഷ്യംവഹിച്ചിട്ടുണ്ട്‌.

ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം ഇതുവരെ കേരള നിയമസഭ പരിഗണിച്ചിട്ടില്ലെങ്കിലും ഗവർണർക്കെതിരെ ശാസനാ പ്രമേയം അംഗീകരിച്ച ചരിത്രം ഇവിടുണ്ട്. 1987ലെ ഇ.കെ.നായനാർ സർക്കാരിന്റെ കാലത്തെ ഗവർണർ രാംദുലാരി സിൻഹയ്‌ക്ക്‌ എതിരെയാണ്‌ ശാസനപ്രമേയം പാസാക്കിയത്‌. സർവ്വകലാശാലകളുടെ ചാൻസലർ എന്ന നിലയിലുള്ള അധികാരമുപയോഗിച്ച് സർക്കാർ തീരുമാനത്തെ മറികടന്നതായിരുന്നു പ്രകോപനം. കാലിക്കറ്റ്‌ സർവ്വകലാശാല സിൻഡിക്കറ്റിലേക്ക്‌ സർക്കാർ ശുപാർശ ചെയ്‌ത പേരുകൾ ഒഴിവാക്കി പ്രതിപക്ഷ നേതാവായിരുന്ന കെ.കരുണാകരൻ നിർദേശിച്ചവരെ ഉൾപ്പെടുത്തിയത് ഏറ്റുമുട്ടലിനു വഴിയൊരുക്കി. ഗവർണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയം പാസാക്കാനും സഭയ്‌ക്ക്‌ അധികാരമുണ്ടെന്ന്‌ അന്ന്‌ സ്‌പീക്കറായിരുന്ന വർക്കല രാധാകൃഷ്‌ണൻ റൂളിങ്‌ പുറപ്പെടുവിച്ചിരുന്നു. ഈ റൂളിങ്ങിൽ പിടിച്ചായിരിക്കും ഇനി രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും കളി. പക്ഷേ, എല്ലാ അധികാരങ്ങളും പ്രയോഗിക്കാനുള്ളതല്ലെന്നും അസ്ഥാനത്തു പ്രയോഗിക്കുന്ന അധികാരം ഉണ്ടയില്ലാ വെടിയാകുമെന്നും ഭരണപക്ഷവും പറയും. ചുരുക്കത്തിൽ വരുംദിനങ്ങളിലെ വാർത്തകൾ ജഗപൊകയാവും എന്നുറപ്പ്.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights