Reading Time: 6 minutes

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് ‘ചിരവൈരികള്‍’ എന്നതാണ്. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം സ്വാഭാവികമായും തീപാറണം. വിശേഷിച്ചും അതൊരു ലോകകപ്പ് പോരാട്ടമാവുമ്പോള്‍. സെമി ഫൈനലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

പാകിസ്താനെതിരായ സെമി ഫൈനല്‍ വിജയത്തിനു ശേഷം ടീം ഇന്ത്യ

ചിരവൈരികളുടെ പോരാട്ടം എന്നതിലുപരി എല്ലാ കളിക്കാരും എല്ലാ അടവുകളും പുറത്തെടുക്കുന്ന നല്ല മത്സരം -അതാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് മുഖാമുഖം വരുമ്പോള്‍ സംഭവിക്കുന്നത്. ഏതു തലത്തിലായാലും അത് അങ്ങനെ തന്നെയാണ്. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനല്‍ മത്സരം കാണാനിരുന്നതും ആ പ്രതീക്ഷയുടെ പേരിലാണ്. എന്നാല്‍, പ്രതീക്ഷകളെല്ലാം തകര്‍ന്നടിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ.

പാകിസ്താന്‍ തോറ്റ് തുന്നംപാടി. പപ്പടം പൊടിക്കുന്ന പോലെയാണ് ഇന്ത്യക്കാര്‍ അവരെ തകര്‍ത്തുകളഞ്ഞത്. ദയനീയം എന്നു പറഞ്ഞാല്‍ പോരാ അതിദയനീയം. മത്സരം ഒരു ഘട്ടത്തിലും ആവേശമുണര്‍ത്തിയില്ല. പാകിസ്താനെ തോല്‍പ്പിച്ചു എന്നത് ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അതിയായ ആഹ്ലാദം പകരുന്നു. പക്ഷേ, ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയിലുള്ള അഭിപ്രായം ഇതാണ് -പാകിസ്താന്‍ ഇങ്ങനെ തോല്‍ക്കേണ്ടിയിരുന്നില്ല.

പാകിസ്താനെതിരായ സെമിയില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്

ഈ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും ആധികാരികമായ പ്രകടനം കാഴ്ചവെച്ച ടീമാണ് ഇന്ത്യ. കളിച്ച 4 മത്സരങ്ങളും ജയിച്ചു. ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം അവര്‍ 100ലേറെ റണ്‍സിന്റെ മാര്‍ജിനില്‍ ജയിച്ചു. പിന്തുടരേണ്ടി വന്നപ്പോഴെല്ലാം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. പാകിസ്താനെതിരായ സെമി ടൂര്‍ണ്ണമെന്റില്‍ അവരുടെ അഞ്ചാം മത്സരം. അതിലും ഇന്ത്യ പതിവു തെറ്റിച്ചില്ല.

മറുഭാഗത്ത്, പാകിസ്താനാവട്ടെ ക്രിക്കറ്റിലെ ശിശുക്കളായ അഫ്ഗാനിസ്ഥാനോട് തോറ്റുകൊണ്ടാണ് തുടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയും ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും പാകിസ്താന്‍ നേടിയ ജയങ്ങള്‍ ആധികാരികമെന്നു പറയാനാവില്ല. അയര്‍ലന്‍ഡിനെ മാത്രമാണ് അവര്‍ മര്യാദയ്ക്കു തോല്‍പ്പിച്ചത്.

പാകിസ്താനെ തോല്‍പ്പിച്ചു തുടങ്ങിയ അഫ്ഗാന്‍ പോരാളികള്‍ സെമി വരെയെത്തി ശൈശവം പിന്നിട്ടുവെന്നു തെളിയിച്ചത് ഈ ടൂര്‍ണ്ണമെന്റിന്റെ ബാക്കിപത്രം. തീര്‍ത്തും അപ്രതീക്ഷിതമായി, പാകിസ്താനും അഫ്ഗാനിസ്ഥാനും വീണ്ടുമൊരിക്കല്‍ കൂടി മുഖാമുഖം വരുന്ന സാഹചര്യം ഇപ്പോഴുളവായിരിക്കുന്നു. 3-4 സ്ഥാനക്കാരെ നിശ്ചയിക്കാന്‍ ഫെബ്രുവരി 1ന് നടക്കുന്ന ലൂസേഴ്‌സ് ഫൈനല്‍ ഇവര്‍ തമ്മിലാണ്. സെമിയില്‍ തോറ്റതിന്റെ വേദന മാറാന്‍ ഇരു ടീമുകള്‍ക്കും ജയം വേണം. മത്സരം തീപാറാന്‍ സാദ്ധ്യതയേറെ.

പാകിസ്താനെക്കുറിച്ച് എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. സെമിക്കു മുമ്പ് ഒറ്റ മത്സരത്തില്‍ പോലും എതിര്‍ടീമിന്റെ സ്‌കോര്‍ 200 കടക്കാന്‍ അവരുടെ ബൗളിങ് നിര സമ്മതിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്‍ ജയിച്ച മത്സരത്തില്‍ പോലും അവര്‍ക്ക് 47.3 ഓവറില്‍ 5ന് 195 റണ്‍സ് മാത്രമേ എടുക്കേണ്ടി വന്നുള്ളൂ. അയര്‍ലന്‍ഡ് 28.5 ഓവറില്‍ 98ന് പുറത്ത്, ശ്രീലങ്ക 48.2 ഓവറില്‍ 188ന് പുറത്ത്, ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9ന് 189 എന്നിങ്ങനെയാണ് പാകിസ്താനെതിരെ എതിരാളികളുടെ സ്‌കോര്‍. സെമിയില്‍ ആ കടമ്പ ഇന്ത്യ അനായാസം കടന്നപ്പോള്‍ തന്നെ പാകിസ്താന്‍ മാനസികമായി തകര്‍ന്നിട്ടുണ്ടാവണം.

പാകിസ്താനെതിരെ ഇഷാന്‍ പോറല്‍ പന്തെറിയുന്നു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റിന് 272 റണ്‍സ് വാരി. ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ നേടാനായത് ശുഭ്മാന്‍ ഗില്ലിന്റെ അപരാജിത സെഞ്ച്വറിയുടെ (102*) പിന്‍ബലത്തിലാണ്. അണ്ടര്‍ 19 തലത്തിലെ തുടര്‍ച്ചയായ ആറാം ഇന്നിങ്‌സിലും ഗില്‍ 50ലേറെ റണ്‍സ് സ്‌കോര്‍ ചെയ്തു. ഗില്‍ പകര്‍ന്ന ആത്മവിശ്വാസത്തിന്റെ ചിറകിലേറി വന്ന് 17 റണ്‍സ് വഴങ്ങി 4 കുറ്റികള്‍ പിഴുത ഇഷാന്‍ പോറലിന്റെ മാസ്മരിക ബൗളിങ്ങിനു മുന്നില്‍ പാകിസ്താന്‍ 69 റണ്‍സിന് ചുരുണ്ടുകൂടി. അണ്ടര്‍ 19 ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഇന്ത്യന്‍ വിജയം 203 റണ്‍സെന്ന കൂറ്റന്‍ മാര്‍ജിന്!!

പാക് നിരയില്‍ 67 റണ്‍സിന് 4 വിക്കറ്റെടുത്ത മുഹമ്മദ് മൂസയും 51 റണ്‍സിന് 3 വിക്കറ്റെടുത്ത അര്‍ഷദ് ഇഖ്ബാലും ഇന്ത്യന്‍ മധ്യനിരയെ ചുരുട്ടിക്കെട്ടുന്നതില്‍ വിജയിച്ചുവെങ്കിലും ഗില്‍ ഒരു ഭാഗത്ത് പാറ പോലെ ഉറച്ചുനിന്നു. ക്യാപ്റ്റന്‍ പൃഥ്വി ഷായും (41) മന്‍ജോത് കാല്‍റയും (47) ചേര്‍ന്ന് ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍ പിന്നീടു വന്നവരില്‍ വിക്കറ്റ് കീപ്പര്‍ ഹാര്‍വിക് ദേശായി (20), അനുകൂല്‍ റോയ് (33) എന്നിവര്‍ക്കു മാത്രമാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ചെറിയൊരു സംഭാവനയെങ്കിലും നല്‍കാനായത്. ശിവം മാവിയാണ് (10) ഇരട്ട അക്കം സ്‌കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തിയ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. പക്ഷേ, ക്യാച്ചുകള്‍ വിട്ടുകളഞ്ഞും റണ്ണൗട്ട് അവസരങ്ങള്‍ നഷ്ടമാക്കിയും പാകിസ്താന്‍ ഫീല്‍ഡര്‍മാര്‍ സ്വയം ശവക്കുഴി തോണ്ടി. ഫീല്‍ഡില്‍ പാകിസ്താന്‍ മികവു പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ ഫലം തീര്‍ച്ചയായും മറ്റൊന്നായേനേ.

ഇന്ത്യയുടെ വലിയ സ്‌കോര്‍ മറികടന്ന് തോല്‍പ്പിക്കണമെങ്കില്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് അസാമാന്യ പ്രകടനം വേണമായിരുന്നു. എന്നാല്‍, അവര്‍ ശരിക്കും ‘അണ്ടര്‍ 19’ ടീമായി!! ഒരാള്‍ പോലും 19 റണ്‍സ് കടന്നു പോയില്ല!!! 18 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റൊഹെയ്ല്‍ നസീറാണ് ടോപ് സ്‌കോറര്‍. സാദ് ഖാന്‍ (15), മുഹമ്മദ് മൂസ (11*) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം തൊട്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. തുടക്കത്തില്‍ തന്നെ തുടര്‍ച്ചയായി 3 ഓവര്‍ മെയ്ഡന്‍ എറിഞ്ഞ ശിവം മാവി ഒരു ഭാഗത്ത് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെ മറു ഭാഗത്ത് ഇഷാന്‍ പോറല്‍ മുതലാക്കി. സെയ്ദ് ആലം (7), ഇമ്രാന്‍ ഷാ (2), അലി സാറ്യബ് (1) എന്നീ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പോറലിന്റെ ഇരകളായി നിരനിരയായി പവലിയനിലേക്കു മടങ്ങി.

മൂന്നിന് 20 എന്ന ആ നിലയില്‍ നിന്ന് പാകിസ്താന്‍ ഒരിക്കലും കരകയറിയില്ല. അമ്മദ് ആലം (4) താമസിയാതെ പോറലിന്റെ നാലാം ഇരയായി. പിന്നീട് സ്പിന്നര്‍മാരുടെ ഊഴമായിരുന്നു. ശിവ സിങ്ങും റിയാന്‍ പരാഗും 2 വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ഒമ്പതാം വിക്കറ്റില്‍ സാദ് ഖാനും മുഹമ്മദ് മൂസയും കൂട്ടിച്ചേര്‍ത്ത 20 റണ്‍സാണ് പാക് ഇന്നിങ്ങ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്!! മികച്ച ബൗളിങ്ങിനൊപ്പം മികച്ച ഫീല്‍ഡിങ്ങും കൂടി ചേര്‍ന്നത് ഇന്ത്യന്‍ വിജയം അനായാസമാക്കി.

ഫെബ്രുവരി 3ന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണ്ണമെന്റില്‍ ഈ ടീമുകള്‍ മുഖാമുഖം വരുന്നത് ആദ്യമായല്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ 100 റണ്‍സിനാണ് പൃഥ്വി ഷായും സംഘവും തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റിന് 328 റണ്‍സ് അടിച്ചുകൂട്ടി. കളിയിലെ താരമായ പൃഥ്വി ഷാ 94 റണ്‍സെടുത്തു. മന്‍ജോത് കാല്‍റ (86), ശുഭ്മാന്‍ ഗില്‍ (63) എന്നിവരും കാര്യമായ സംഭാവന നല്‍കി. മറുപടിയായി ഓസ്‌ട്രേലിയ 42.5 ഓവറില്‍ 228ന് പുറത്തായി. ഓപ്പണര്‍ ജാക്ക് എഡ്വേര്‍ഡ്‌സിനു (76) മാത്രമാണ് കങ്കാരുക്കളുടെ കൂട്ടത്തില്‍ അര്‍ദ്ധസെഞ്ച്വറി തികയ്ക്കാനായത്. ഇന്ത്യന്‍ നിരയില്‍ കമലേഷ് നഗര്‍കോട്ടി 29 റണ്‍സിന് 3 വിക്കറ്റും ശിവം മാവി 45 റണ്‍സിന് 3 വിക്കറ്റും അന്ന് വീഴ്ത്തി.

ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ നിലയില്‍ നിന്ന് ഓസ്‌ട്രേലിയ ഏറെ മുന്നേറിയിട്ടുണ്ട്. ഗ്രൂപ്പില്‍ സിംബാബ്‌വെ, പപ്വ ന്യൂ ഗ്വിനി എന്നിവര്‍ക്കെതിരെയും ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെയും സെമിയില്‍ അഫ്ഗാനിസ്ഥാനെതിരെയും മികച്ച പ്രകടനം തന്നെ കങ്കാരുക്കള്‍ കാഴ്ചവെച്ചു. എന്നാല്‍ ഇന്ത്യ പൂര്‍ണ്ണതയുള്ള ടീമാണ്. മണിക്കൂറില്‍ 140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്ന കമലേഷ് നഗര്‍കോട്ടിയും ശിവം മാവിയും അവര്‍ക്കു കൂട്ടായെത്തുന്ന ഇഷാന്‍ പോറലുമെല്ലാം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നു. ശിവ സിങ്, അഭിഷേക് ശര്‍മ്മ, അനുകൂല്‍ റോയ്, റിയാന്‍ പരാഗ് തുടങ്ങിയ സ്പിന്നര്‍മാരും അപകടകാരികള്‍ തന്നെ. ക്യാപ്റ്റന്‍ പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, മന്‍ജോത് കാല്‍റ തുടങ്ങിയവരുടെ ബാറ്റിങ് സ്ഥിരതയും ഇന്ത്യയുടെ കരുത്താണ്.

ലോക ചാമ്പ്യന്മാര്‍ ഇതുവരെ
1988 -പാകിസ്താനെ തോല്പിച്ച ഓസ്‌ട്രേലിയ ജേതാക്കള്‍
1998 -ന്യൂസീലന്‍ഡിനെ തോല്പിച്ച ഇംഗ്ലണ്ട് ജേതാക്കള്‍
2000 -ശ്രീലങ്കയെ തോല്പിച്ച ഇന്ത്യ ജേതാക്കള്‍
2002 -ദക്ഷിണാഫ്രിക്കയെ തോല്പിച്ച ഓസ്‌ട്രേലിയ ജേതാക്കള്‍
2004 -ഇന്ത്യയെ തോല്പിച്ച പാകിസ്താന്‍ ജേതാക്കള്‍
2006 -ഇന്ത്യയെ തോല്പിച്ച പാകിസ്താന്‍ ജേതാക്കള്‍
2008 -ദക്ഷിണാഫ്രിക്കയെ തോല്പിച്ച ഇന്ത്യ ജേതാക്കള്‍
2010 -പാകിസ്താനെ തോല്പിച്ച ഓസ്‌ട്രേലിയ ജേതാക്കള്‍
2012 -ഓസ്‌ട്രേലിയയെ തോല്പിച്ച ഇന്ത്യ ജേതാക്കള്‍
2014 -പാകിസ്താനെ തോല്പിച്ച ദക്ഷിണാഫ്രിക്ക ജേതാക്കള്‍
2016 -ഇന്ത്യയെ തോല്പിച്ച വിന്‍ഡീസ് ജേതാക്കള്‍

1988ലാണ് ഐ.സി.സി. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. എന്നാല്‍, അവിടെ അത് നിലച്ചു. പിന്നീട് 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1998ലാണ് പുനരാരംഭിച്ചത്. അന്നു മുതല്‍ 2 വര്‍ഷത്തിലൊരിക്കല്‍ ഈ യുവ ക്രിക്കറ്റ് മാമാങ്കം നടക്കുന്നു. ഇന്ത്യയ്ക്ക് ആദ്യ കിരീടം ലഭിക്കാന്‍ 2000 വരെ കാത്തിരിക്കേണ്ടി വന്നു. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് അന്ന് ജേതാക്കളായപ്പോള്‍ യുവരാജ് സിങ്ങായിരുന്നു ടൂര്‍ണ്ണമെന്റിലെ താരം. പിന്നീട് 2011ല്‍ ഇന്ത്യ സീനിയര്‍ ലോകകപ്പ് നേടിയപ്പോഴും യുവരാജ് ടൂര്‍ണ്ണമെന്റിലെ താരമായി! 2004ലും ടൂര്‍ണ്ണമെന്റിലെ താരം ഇന്ത്യയില്‍ നിന്നു തന്നെയായിരുന്നു -ശിഖര്‍ ധവാന്‍. പക്ഷേ, ഫൈനലില്‍ ഇന്ത്യ അത്തവണ പാകിസ്താനോട് തോറ്റു.

2008ല്‍ ഇപ്പോഴത്തെ സീനിയര്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ച ഇന്ത്യ ചാമ്പ്യന്മാരായി. 2012ല്‍ ഇന്ത്യ മൂന്നാം തവണ കിരീടം ചൂടി. ഫൈനലില്‍ തോല്‍പ്പിച്ചത് ഓസ്‌ട്രേലിയയെ. 2016ല്‍ നാലാം കിരീടം നേടി റെക്കോര്‍ഡിടാനുള്ള ഇന്ത്യന്‍ ശ്രമം അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ പരാജയപ്പെട്ടു. വിന്‍ഡീസ് ജേതാക്കളായി. നിലവിലുള്ള ജേതാക്കളെന്ന നിലയില്‍ ഇക്കുറി കളിക്കാനിറങ്ങിയ വിന്‍ഡീസിന് ഒന്നാം റൗണ്ട് കടക്കാനായില്ല എന്നത് വിധിവൈപരീത്യം!

1988ലെ ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിച്ച ടീമാണ് പാകിസ്താന്‍. പില്‍ക്കാലത്ത് പാക് ടീമിന്റെ നെടുംതൂണുകളായി മാറിയ ഇന്‍സമാം-ഉള്‍-ഹഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെല്ലാം ആ ടീമിലൂടെ വന്നവര്‍. ഇന്ത്യയെപ്പോലെ 5 തവണ അവരും ഫൈനല്‍ കളിച്ചു. 2004ലെപ്പോലെ 2006ലും ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് തന്നെയാണ് അവര്‍ തുടര്‍ച്ചയായി ജേതാക്കളായത്. 2014ലെ ഫൈനലില്‍ അവര്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.

1988ലെ ആദ്യ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളാണ് ഓസ്‌ട്രേലിയ. 2002ല്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് അവര്‍ വീണ്ടും ചാമ്പ്യന്മാരായി. 2010ല്‍ ഓസ്‌ട്രേലിയ മൂന്നാം തവണ കിരീടം ചൂടിയപ്പോള്‍ ഫൈനലില്‍ തോറ്റത് പാകിസ്താന്‍. ഓസ്‌ട്രേലിയയ്ക്കിത് അഞ്ചാം ഫൈനലാണ്, ഇന്ത്യയ്ക്ക് ഏഴാമത്തേതും. ഇരു ടീമുകളും 3 തവണ വീതം കിരീടം ചൂടിയിട്ടുണ്ട്. ഇത്തവണ ഫൈനലില്‍ ഇന്ത്യ ജയിച്ചാലും ഓസ്‌ട്രേലിയ ജയിച്ചാലും അത് റെക്കോര്‍ഡാണ്. നാലാം തവണ കിരീടം നേടുന്ന ആദ്യ ടീം. ഈ ടീമുകള്‍ ഇതിനു മുമ്പ് 2012ല്‍ ഫൈനലില്‍ മുഖാമുഖം വന്നപ്പോള്‍ ജയിച്ചത് ഇന്ത്യ. ചരിത്രം നമുക്കനുകൂലമാണ്. ഫലം കൂടി ഇന്ത്യയ്ക്കനുകൂലമാകുമോ? കാത്തിരുന്ന് കാണാം.

രാഹുല്‍ ദ്രാവിഡ്

-ഇന്ത്യ 6 ഫൈനല്‍ കളിച്ചു, 3 തവണ ജേതാക്കള്‍
-പാകിസ്താന്‍ 5 ഫൈനല്‍ കളിച്ചു, 2 തവണ ജേതാക്കള്‍
-ഓസ്‌ട്രേലിയ 4 ഫൈനല്‍ കളിച്ചു, 3 തവണ ജേതാക്കള്‍
-ദക്ഷിണാഫ്രിക്ക 3 ഫൈനല്‍ കളിച്ചു, 1 തവണ ജേതാക്കള്‍
-ഇന്ത്യയ്ക്ക് ഇക്കുറി ഏഴാം ഫൈനല്‍, ഓസ്‌ട്രേലിയയ്ക്ക് അഞ്ചാം ഫൈനല്‍

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസങ്ങളില്‍ ഒരാളായ ‘വന്മതില്‍’ രാഹുല്‍ ദ്രാവിഡിന് കളിക്കാരന്‍ എന്ന നിലയില്‍ ലോകകപ്പ് ഉയര്‍ത്താന്‍ യോഗമുണ്ടായിട്ടില്ല. ഇക്കുറി പരിശീലകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ആ യോഗമുണ്ടാവുമോ?

Previous articleനമിച്ചണ്ണാ… നമിച്ച്!!
Next articleലോകത്തിന്റെ നെറുകയില്‍…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here