കള്ളനെപ്പോലെ തന്നെയാണ് കള്ളന് കഞ്ഞി വെയ്ക്കുന്നവനും. കള്ളനെയും കഞ്ഞി വെയ്ക്കുന്നവനെയും തിരിച്ചറിയുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് -എം നേതാവ് ജോസഫ് എം.പുതുശ്ശേരി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പരാതി നല്‍കി. തുറമുഖ ഡയറക്ടറായിരുന്നപ്പോള്‍ ജേക്കബ് തോമസ് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. പുതുശ്ശേരിയുടെ ഈ പരാതി കള്ളനെയും കഞ്ഞിവെച്ചവനെയുമൊക്കെ വീണ്ടും ചിന്താധാരയിലെത്തിച്ചു. ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണെങ്കില്‍ അഴിമതിക്കെതിരെ ജോസഫ് എം.പുതുശ്ശേരി സ്വീകരിക്കുന്ന ശക്തമായ നിലപാട് ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ, അത്തരത്തില്‍ ആത്മാര്‍ത്ഥതയോടെയാണോ അദ്ദേഹം ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്? അല്ല തന്നെ.
പുതുശ്ശേരിയുടെ പരാതിക്ക് ആധാരമായ ധനകാര്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരുന്ന വേളയില്‍ വകുപ്പിനു കീഴിലുള്ള വിവിധ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗം പറയുന്നു. ഇതില്‍ത്തന്നെ വലിയതുറ മുതല്‍ ബേപ്പൂര്‍ വരെയുള്ള 14 ഓഫീസുകളില്‍ പ്രവര്‍ത്തനക്ഷമമല്ലാതെ സോളാര്‍ പാനലുകളാണ് സ്ഥാപിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ വകുപ്പുതല നടപടി വേണമെന്നാണ് ശുപാര്‍ശ.
എപ്പോഴാണ് ജേക്കബ് തോമസിനെതിരെ ധനകാര്യ പരിശോധന നടന്നത് എന്നതാണ് പ്രധാന ചോദ്യം? ആരുടെ ഉത്തരവിന്‍പ്രകാരമെന്നുള്ളത് രണ്ടാമത്തെ ചോദ്യം. വിജിലന്‍സ് ഉപമേധാവിയായിരിക്കുന്ന വേളയില്‍ ബാര്‍ കോഴ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് ജേക്കബ് തോമസ് സ്വീകരിച്ചപ്പോഴാണ് അദ്ദേഹത്തിനെതിരെയുള്ള പ്രതിരോധമായി ധനകാര്യ പരിശോധനാ വിഭാഗത്തെ അവതരിപ്പിച്ചത്. ഉത്തരവിട്ടത് മറ്റാരുമല്ല -ബാര്‍ കോഴക്കേസിലെ മുഖ്യപ്രതിയായ അന്നത്തെ ധനകാര്യ മന്ത്രി കെ.എം.മാണി തന്നെ. കാര്യങ്ങളുടെ ഗുട്ടന്‍സ് പിടികിട്ടിയല്ലോ, അല്ലേ.
ഇക്കഴിഞ്ഞ മാര്‍ച്ച് 9ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. പിന്നെ എന്തുകൊണ്ട് ജേക്കബ്ബ് തോമസിനെതിരെ നടപടിയെടുത്തില്ല? നടപടിയെടുക്കാന്‍ പറ്റില്ല, അത്ര തന്നെ. കരാര്‍ അനുവദിക്കാനുള്ള സാമ്പത്തിക അധികാരങ്ങള്‍ തുറമുഖ ഡയറക്ടര്‍ക്കില്ല. അതിനുള്ള അധികാരം തുറമുഖ സെക്രട്ടറിയും മന്ത്രിയുമടക്കമുള്ളവര്‍ക്കാണ്. 2009-2013 കാലയളവിലാണ് ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരുന്നത്. പരിശോധനയ്ക്കു കാരണമായ വികസന പ്രവര്‍ത്തനങ്ങള്‍ അഥവാ ഇടപാടുകള്‍ നടക്കുന്നത് 2011നു ശേഷം. അപ്പോള്‍ തുറമുഖ മന്ത്രി ആരെന്നു നോക്കൂ -കെ.ബാബു. ആരുടെ തീരുമാനപ്രകാരമാണോ പദ്ധതി നടപ്പാക്കിയത്, അയാളാണ് മുഖ്യപ്രതി. വാളെടുത്ത് വീശിയാല്‍ അതു കൊള്ളുന്നത് ‘ചങ്ക് ബ്രോ’ ആയ ബാബുവിനായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി മനസ്സിലാക്കി. ഫയല്‍ ചവിട്ടിപ്പിടിച്ചു.
തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരെ പരാതി ഉണ്ടാവുന്നത് 2015ല്‍ ബാര്‍ കോഴ ആരോപണം വന്നതിനു ശേഷമല്ല. 2014ല്‍ തന്നെ കൂത്തുപറമ്പ് സ്വദേശിയായ സത്യന്‍ നരവൂര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. വഴങ്ങാത്ത ഉദ്യോഗസ്ഥരെ പരാതി കൊടുത്ത് മാറ്റിക്കുക എന്ന രീതി കേരളം രൂപംകൊണ്ട നാള്‍ മുതല്‍ ഇവിടെ നിലവിലുള്ളതാണല്ലോ! ഇതും അങ്ങനെ തന്നെ. തുറമുഖ വകുപ്പിലെ ഡ്രഡ്ജര്‍ വാങ്ങുന്നതിനുള്ള കരാര്‍ ഐ.എച്ച്.എല്‍. ബീവര്‍ എന്ന കമ്പനിക്ക് 19.86 കോടി രൂപയ്ക്ക് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം ഇതിനായി നല്‍കിയ 16 കോടി രൂപയുടെ വാഗ്ദാനം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അവഗണിച്ചത് അഴിമതിയാണെന്നും പരാതിയില്‍ ആരോപിച്ചു. ഈ പരാതി സംബന്ധിച്ച പ്രാഥമിക പരിശോധന തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ ഡി.വൈ.എസ്.പി. ബി.കൃഷ്ണകുമാര്‍ നടത്തുകയും ചെയ്തു. കാര്യങ്ങള്‍ക്കു വ്യക്തത വരുത്താന്‍ വേണമെങ്കില്‍ ത്വരിതപരിശോധനയിലേക്കു പോകാമെന്നായിരുന്നു വിജിലന്‍സിന്റെ അഭിപ്രായം. പക്ഷേ, പരിശോധന ഇടപാടിനെക്കുറിച്ചാവണം, പരാതിയില്‍ പറയുന്നതു പോലെ വ്യക്തികേന്ദ്രീകൃതമാവാന്‍ പറ്റില്ലെന്ന് പിന്നീടുള്ള പരിശോധനയില്‍ വ്യക്തമായി. കാരണം, ആരോപണവിധേയനായ ജേക്കബ് തോമസിന് ഈ ഇടപാട് പ്രാബല്യത്തില്‍ വരുത്താനുള്ള അധികാരമുണ്ടായിരുന്നില്ല എന്നതു തന്നെ.
സര്‍ക്കാര്‍ തലത്തിലെ ഏത് ഇടപാട് സംബന്ധിച്ച എന്തു പരിശോധനയും എപ്പോള്‍ വേണമെങ്കിലും നടത്താന്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന് അധികാരമുണ്ട്. ബാര്‍ കോഴ കേസില്‍ കടുത്ത നിലപാടുമായി മുന്നോട്ടു പോയ ജേക്കബ് തോമസിന് മൂക്കുകയറിടാന്‍ ഒരു തുമ്പിനുവേണ്ടി കൈമെയ് മറന്ന് പരതിയ മാണിക്കൂട്ടത്തിന് കിട്ടിയ കച്ചിത്തുരുമ്പായി സത്യന്‍ നരവൂരിന്റെ പരാതി. അതുവെച്ച് ധനകാര്യ പരിശോധന തീരുമാനിക്കപ്പെട്ടു. ജേക്കബ് തോമസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ട് തയ്യാറായി. പക്ഷേ, ചെറിയൊരബദ്ധം പറ്റി. കഴിഞ്ഞ മാര്‍ച്ച് 9ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ജേക്കബ് തോമസ് വഴിവിട്ട സഹായത്തിലൂടെ ലാഭമുണ്ടാക്കി കൊടുത്ത സ്ഥാപനങ്ങള്‍ രണ്ടും സര്‍ക്കാരിന്റേത് തന്നെയായിപ്പോയി -സിഡ്‌കോയും കെല്‍ട്രോണും!! അതോടൊപ്പം ജേക്കബ് തോമസിനെതിരെ ഉയര്‍ന്ന് ഏറ്റവും പ്രധാന ആരോപണം -ഡ്രഡ്ജര്‍ ഇടപാട് -പരിശോധന നടത്തിയ സാറന്മാര്‍ അറിഞ്ഞിട്ടേയില്ല. എന്തരോ എന്തോ!!!
ധനകാര്യ പരിശോധനാ വിഭാഗം പലപ്പോഴും വഴിവിട്ട നടപടിക്രമങ്ങള്‍ പുറത്തുകൊണ്ടുവരാറുണ്ട്. പക്ഷേ, ആ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ എന്തു നടപടിയുണ്ടാവുന്നു എന്നത് വലിയൊരു ചോദ്യമാണ്. ഇപ്പോഴത്തെ പി.എസ്.സി. ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണനും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വ്യാപക ക്രമക്കേടുകള്‍ സംബന്ധിച്ചൊരു റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തന്നെ പുറത്തുവന്നിരുന്നു. അതിനുമേല്‍ എന്തു നടപടിയുണ്ടായി? ഇതു പോലെ കൊച്ചി ബിനാലെയുടെ നടത്തിപ്പിലെ പാളിച്ചകള്‍ ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത് മറ്റൊരുദാഹരണം. കലാകാരന്മാര്‍ക്ക് ഇതു സംബന്ധിച്ച ധാരണയില്ലാത്തതിനാല്‍ സംഭവിച്ചതാണെന്നും അവ ക്ഷമിക്കാവുന്നതേ ഉള്ളൂവെന്നും മന്ത്രിസഭ തന്നെ തീരുമാനിച്ചു. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ മാനദണ്ഡങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളിലെ സാഹചര്യവുമായി യോജിച്ചുപോകാറില്ല എന്നത് പലപ്പോഴും പ്രശ്‌നമാവുന്നു. ഉദാഹരണത്തിന്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് വെടിയുണ്ടയെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടോ എന്ന് പോലീസ് നോക്കുമ്പോള്‍ വില ഏറ്റവും കുറഞ്ഞതാണോ എന്നതാണ് ധനകാര്യ പരിശോധനാ വിഭാഗം നോക്കുക. ഇതുപോലുള്ള പൊരുത്തക്കേടുകള്‍ക്കൊപ്പം രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കായി പരിശോധനയും റിപ്പോര്‍ട്ടുമെല്ലാം വളച്ചൊടിക്കുന്നതും വിശ്വാസ്യത തകര്‍ക്കുന്നുണ്ട്.
പിണറായി സര്‍ക്കാര്‍ വന്നശേഷം തുറമുഖ വകുപ്പിലെ പരിശോധനാ റിപ്പോര്‍ട്ടിനു മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സാധാരണനിലയില്‍ ബന്ധപ്പെട്ട വകുപ്പിലേക്ക് മേല്‍നടപടിക്കു കൈമാറുകയാണ് പതിവ്. ക്രമക്കേട് ഗുരുതരമാണെങ്കില്‍ വിജിലന്‍സ് പരിശോധന അടക്കമുള്ള നടപടികളുണ്ടാവും. എന്നാല്‍, ജേക്കബ് തോമസിനെതിരായത് എന്നു പറയപ്പെടുന്ന റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി തുറമുഖ വകുപ്പിലെത്തിയിട്ടുണ്ട്. അതിന്റെ പ്രാധാന്യം അത്രയ്‌ക്കേ സര്‍ക്കാര്‍ കല്പിച്ചിട്ടുള്ളൂ എന്നര്‍ത്ഥം. ഇത് ജോസഫ് എം.പുതുശ്ശേരിക്കുമറിയാം. എന്നിട്ടാണ് മുഖ്യമന്ത്രിക്ക് പരാതിയെന്ന ഉണ്ടയില്ലാ വെടി.
പുതുശ്ശേരി കള്ളന് കഞ്ഞി വെയ്ക്കുകയാണ് എന്നു പറഞ്ഞാല്‍ തെറ്റല്ല. അപ്പോള്‍ കള്ളനാര്? സംശയമെന്ത് കെ.എം.മാണി തന്നെ. ബാര്‍ കോഴ കേസിന്റെ അന്വേഷണം അതിവേഗത്തില്‍ മുന്നോട്ടു നിങ്ങുകയാണ്. ആസനത്തില്‍ പിടിച്ച തീ കാരണം കെ.ബാബുവിന് ഇപ്പോള്‍ ഇരിക്കാനോ നില്‍ക്കാനോ കിടക്കാനോ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. കെ.എം.മാണിക്കും താമസിയാതെ ആ അവസ്ഥ വരുമെന്ന് ഉറപ്പായിട്ടുമുണ്ട്. അപ്പോള്‍പ്പിന്നെ രക്ഷപ്പെടാന്‍ എന്താണൊരു മാര്‍ഗ്ഗം? അന്വേഷണത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുക. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ഇല്ലാതാക്കുക. എങ്ങനുണ്ട് ബുദ്ധി. പക്ഷേ, ജനങ്ങളുടെ ബുദ്ധി അവരുടെ കണക്കുകൂട്ടലിനും അപ്പുറത്താണെന്ന് പാവങ്ങള്‍ അറിഞ്ഞില്ല.
‘തത്ത’ ആരോപണത്തിന്റെ നിഴലിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇപ്പോള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. പറയാതെ പറ്റില്ല. മാണിയോടുള്ള സ്‌നേഹം കൊണ്ടല്ല. സ്വന്തം കാര്യമാണ്. ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട അഴിമതിയിലേക്ക് വിജിലന്‍സിന്റെ നോട്ടം എത്തിയിട്ടുണ്ട്. ആകെ പ്രശ്‌നമാണ്. എല്ലാവരുടെയും പൊതുശത്രുവാണല്ലോ ജേക്കബ് തോമസ്. എന്നാല്‍പ്പിന്നെ അങ്ങോരെയങ്ങ് തീര്‍ത്തുകളയാം എന്നാണ്. നടന്നതു തന്നെ!! പണ്ടത്തേതുപോലെ പൊതുജനം കഴുതകളല്ല സാറന്മാരെ…