Reading Time: 2 minutes

India’s country statement delivered by MoS at 19th IORA COM at Abu Dhabi on 7th November, 2019

വിദേശകാര്യ മന്ത്രാലയം 2019 നവംബര്‍ 8ന് യു ട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോയുടെ തലക്കെട്ടാണിത്. ഇതുവരെ ഈ വീഡിയോ കണ്ടത് 2712 പേര്‍ മാത്രം. 2019 നവംബര്‍ 7ന് അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷന്‍ റിം അസോസിയേഷന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് യോഗത്തില്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സംസാരിക്കുന്നതിന്റെ ദൃശ്യമാണിത്. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദവുമായി ഈ വീഡിയോക്ക് ബന്ധമുള്ളതിനാല്‍ ആദ്യം മുതല്‍ അവസാനം വരെ ശ്രദ്ധയോടെ കാണണം.

ഇപ്പോഴത്തെ വിവാദത്തിന് അഗ്നി പകരുന്ന രീതിയിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്ന കാര്യം തികച്ചും യാദൃച്ഛികമായി സംഭവിച്ചതാണോ? വി.മുരളീധരന്‍ സംസാരിക്കുന്നതിനിടെ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ എടുത്തു കാണിച്ചിരിക്കുന്ന ദൃശ്യം സ്മിത മേനോന്റേതാണ്. ആ വീഡിയോ പങ്കിടാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന കവര്‍ ചിത്രം അഥവാ indicator thumbnail സ്മിതയുടെ മുഖം തന്നെ. മുരളീധരന്‍ സംസാരിക്കുന്നിടത്ത് സ്മിതയ്ക്കെന്താണ് പ്രസക്തി? വിഷയവുമായി ബന്ധമില്ലാത്ത ഒരാളുടെ ചിത്രമുള്ള വേറൊരു വീഡിയോ പോലും വിദേശകാര്യ മന്ത്രാലയം യു ട്യൂബില്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

വിദേശകാര്യ മന്ത്രാലയത്തിന്റെ യു ട്യൂബ് അക്കൗണ്ടില്‍ കയറി നോക്കുന്ന ആര്‍ക്കും ഒറ്റനോട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട വീഡിയോ കണ്ടെത്താനാവും എന്നു സാരം. അങ്ങനെ കണ്ടെത്തണം എന്ന് ആരോ ആഗ്രഹിക്കുന്നു. സമ്മേളനത്തില്‍ സ്മിതയുടെ സാന്നിദ്ധ്യം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് അലോസരം സൃഷ്ടിച്ചിരുന്നു എന്ന വിവരം ശരിവെയ്ക്കുന്നതാണ് ഈ വീഡിയോയുടെ ഘടന. ഭാവിയില്‍ വിവാദമാവുകയാണെങ്കില്‍ അതിന് തീ പകരട്ടെ എന്ന നിലയില്‍ തന്നെയാണ് അന്ന് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നതും പ്രസിദ്ധീകരിച്ചിരിക്കുന്നതും. ശരിക്കും ‘പണി കൊടുക്കുക’ എന്നു പറയുന്നതു പോലെ.

ഈ വീഡിയോ എത്രകാലം ഇവിടെയുണ്ടാവും എന്നറിയില്ല. വിവാദം കനക്കുമ്പോള്‍ ചിലപ്പോള്‍ ഇത് വിദേശകാര്യ മന്ത്രാലയം നീക്കാന്‍ സാദ്ധ്യതയുണ്ട്. എങ്കിലും ഇവിടെ പങ്കിടുകയാണ്. ഒരുറപ്പിനായി യു ട്യൂബില്‍ നിന്ന് പകര്‍പ്പെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ ഡിപ്ലോമാറ്റിക് ബാഗേജ് പരാമര്‍ശവും camouflage വിശദീകരണവും വിവാദമായ സാഹചര്യത്തില്‍ ഈ വീഡിയോയ്ക്ക് പ്രാധാന്യമുണ്ട്.

പക്ഷേ, എല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു. ഇതു വെറുമൊരു പ്രോട്ടോക്കോള്‍ വിഷയം മാത്രമാണോ? പി.ആറുമല്ല മാധ്യമപ്രവര്‍ത്തനവുമല്ല യാത്രയുടെ ലക്ഷ്യം എന്ന് ഇതിനകം വ്യക്തമായ സാഹചര്യത്തില്‍ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് കൂടുതല്‍ വിശദമായ അന്വേഷണം വേണ്ടതല്ലേ? വിശേഷിച്ചും സ്വര്‍ണ്ണക്കടത്ത് പുറത്തുവന്നത് പരിവാറിലെ ഗ്രൂപ്പിസം നിമിത്തം ഒരു ഭാഗത്തെ മറ്റൊരു ഭാഗം ഒറ്റിയതാണെന്ന വിവരമുള്ളപ്പോള്‍.

ലഭിക്കുന്ന പരാതികള്‍ വെച്ചാണ് കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിക്കുന്നത് എന്നാണ് ഇതുവരെയുള്ള വിവരം. മന്ത്രി കെ.ടി.ജലീലിനെതിരെയും ബിനീഷ് കോടിയേരിക്കെതിരെയുമൊക്കെ അന്വേഷണം നടന്നതും നടക്കുന്നതും ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചതനുസരിച്ചാണ്. ലൈഫ് പദ്ധതിയെപ്പറ്റി അനില്‍ അക്കര എം.എല്‍.എ. നല്‍കിയ പരാതിയിന്മേലുണ്ടായ നടപടിയാണ് എളുപ്പത്തില്‍ ചൂണ്ടിക്കാട്ടാവുന്ന മറ്റൊരുദാഹരണം. അങ്ങനെ വരുമ്പോള്‍ മുരളീധരനെതിരെ അന്വേഷണം നടത്താന്‍ ആവശ്യത്തിനു പരാതികളുണ്ട്.

മന്ത്രി മുരളീധരന്‍ നടത്തിയ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ പരാതിയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. അത് സലിം മടവൂര്‍ തന്നെ എല്ലാവരോടും പറഞ്ഞതാണ്. അതിനെക്കുറിച്ച് പരിശോധന നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍, നരേന്ദ്ര മോദിയും അമിത് ഷായും പരിഗണിക്കുന്ന യഥാര്‍ത്ഥ പരാതി സലിം മടവൂരിന്റേതല്ല. ആ പരാതിയില്‍ പറയുന്നത് പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ചുമല്ല.

ആ പരാതി നല്‍കിയിരിക്കുന്നത് മുരളീധരന്‍ കൂടി അംഗമായ സംഘപരിവാറില്‍ ഉള്ളവര്‍ തന്നെയാണ്. ഈ പരാതി സ്മിതയുടെ യാത്രയില്‍ മാത്രമൊതുങ്ങുന്നതുമല്ല. യു.എ.ഇയില്‍ ഇപ്പോള്‍ നടക്കുന്ന ഐ.പി.എല്ലുമായി ബന്ധപ്പെടുത്തി വരെ സ്വര്‍ണ്ണക്കടത്ത് ചര്‍ച്ച ചെയ്യപ്പെടുന്നു. അതൊക്കെ താമസിയാതെ തന്നെ പുറത്തുവരുമെന്നു തന്നെയാണ് തോന്നുന്നത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ തന്നെയാണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതും.

മുരളീധരന്റെ ശ്രദ്ധയ്ക്ക്. പണി തരാന്‍ കാത്തിരിക്കുന്നവര്‍ സ്വന്തം മന്ത്രാലയത്തില്‍ തന്നെയുണ്ട്. ജാഗ്രതൈ!!

Previous article144 കാത്തിരിക്കുന്ന മലയാളി
Next articleവികസനം എന്നാല്‍…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here