ഇന്ന് 2018 ജൂലൈ 23. വി.എസ്.ശ്യാംലാല്‍ എന്ന എന്റെ പിറന്നാള്‍. 1974 ജൂലൈ 23 വൈകുന്നേരം 6.42ന് ജനിച്ച ഞാന്‍ ഭൂമിയില്‍ 44 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. വിജയകരമായി പൂര്‍ത്തിയാക്കി എന്നു ഞാന്‍ പറയില്ല. കാര്യമായ വിജയമൊന്നും ഇതുവരെ കൈവരിച്ചതായി ഞാന്‍ വിശ്വസിക്കുന്നില്ല, അതു തന്നെ. പക്ഷേ, ഞാന്‍ നിരാശനല്ല.
ഇനി 45-ാം വയസ്സാണ്. എനിക്ക് പ്രതീക്ഷയുണ്ട്. 44-ാം വയസ്സുവരെ അമ്പേ പരാജിതനായി ജീവിച്ച, 45-ാം വയസ്സില്‍ വിജയം വരിച്ച ഒരു മനുഷ്യനാണ് എനിക്ക് പ്രചോദനം. ആ മനുഷ്യന് ഇന്ന് 64 വയസ്സായി. ലോകത്തെ ആരെയും അസൂയപ്പെടുത്തുന്ന വിജയത്തിനുടമയാണ് അദ്ദേഹം ഇന്ന്. ആ മനുഷ്യന്‍ മറ്റാരുമല്ല -സാക്ഷാല്‍ ജാക്കി ചാന്‍.
ജാക്കിയുടെ അച്ഛന്‍ ഒരു ചാരനായിരുന്നു, അമ്മ ഒരു മയക്കുമരുന്ന് കടത്തുകാരിയും. 6 വയസ്സായപ്പോള്‍ ജാക്കിയെ അവര്‍ തങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി. അവനെ ഒരു ബോര്‍ഡിങ് സ്‌കൂളിലാക്കി. അവിടെ അയോധന കലകളും നാടകവും പാട്ടുമെല്ലാം പഠിച്ചു. ജാക്കി എല്ലായിടവും പാറി നടന്നു. പക്ഷേ, പഠനം തഥൈവ. അതിനാല്‍ത്തന്നെ ഒന്നാം ക്ലാസ്സില്‍ തോറ്റു. മാര്‍ക്കു കുറയുന്നതിന് തല്ലു കിട്ടുക പതിവായി.
ക്രമേണ അവന്‍ തന്നിലേക്കൊതുങ്ങി. സ്വന്തം കാര്യം പോലും നടത്താന്‍ കഴിവില്ലാതെ എല്ലാവരും കൊട്ടിയിട്ടു പോകുന്ന തകരച്ചെണ്ടയായി. ഒരിക്കല്‍ ഒരു പുതിയ വിദ്യാര്‍ത്ഥിയെ മറ്റുള്ളവര്‍ കളിയാക്കുന്നത് ജാക്കി ചോദ്യം ചെയ്തു. അവനു വേണ്ടി ഉറച്ചു നില്‍ക്കാനായതോടെ ജാക്കി തിരിച്ചറിഞ്ഞു, സ്വന്തം കാര്യത്തിനായി വേണമെങ്കിലും വാദിച്ചു ജയിക്കാമെന്ന്. അത് വലിയൊരു വഴിത്തിരിവായിരുന്നു.
ബിരുദം നേടിയ ശേഷം ബ്രൂസ് ലീ സിനിമകളിലെ സ്റ്റണ്ട് താരമായി ജാക്കി ജോലി തുടങ്ങി. വളരെ അപകടകരമായ സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യാന്‍ തയ്യാറുള്ള നടന്‍ എന്ന പേരില്‍ അദ്ദേഹം വേഗം തന്നെ ശ്രദ്ധിക്കപ്പെട്ടു. ബ്രൂസ് ലീ മരിച്ചതോടെ ജാക്കി പലയിടത്തും പകരക്കാരനായി. ചില കുങ് ഫു ചിത്രങ്ങളില്‍ നായകനായി. പക്ഷേ, എല്ലാം പരാജയപ്പെട്ടു. ബ്രൂസ് ലീയുടെ ജനപ്രിയ അയോധനമുറകള്‍ പുനരാവിഷ്‌കരിക്കാന്‍ ജാക്കിക്കു കഴിയുമായിരുന്നില്ല.
പരാജയത്തില്‍ നിരാശനായി ജാക്കി ഹോങ്കോങ് വിട്ടു. ഓസ്‌ട്രേലിയയില്‍ നിര്‍മ്മാണത്തൊഴിലാളിയായി. പക്ഷേ, അപ്പോഴും സ്വപ്‌നം കൈവിട്ടില്ല. നിങ്ങളെ നിയന്ത്രിക്കാന്‍ സാഹചര്യങ്ങളെ അനുവദിക്കരുത്, മറിച്ച് നിങ്ങളുടെ സാഹചര്യങ്ങളെ നിങ്ങള്‍ മാറ്റിമറിക്കുക എന്നതായിരുന്നു ജാക്കിയുടെ ആപ്തവാക്യം. കുറച്ചുകാലം കഴിഞ്ഞ് അദ്ദേഹം സിനിമയിലേക്കു തന്നെ തിരിച്ചെത്തി. ഇത്തവണ പുതിയൊരു ശൈലിയുമായിട്ടായിരുന്നു വരവ്. തമാശയുടെ വന്‍ സാദ്ധ്യതകളുള്ള വകഭേദമായ സ്ലാപ്സ്റ്റിക്ക് കോമഡിയും അയോധന കലകളും കൂട്ടിക്കലര്‍ത്തിയുള്ള അവതരണം.
പുതിയ പരീക്ഷണം വന്‍ വിജയമായി. രണ്ടു വര്‍ഷത്തിനുള്ളില്‍ ഏഷ്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടനായി ജാക്കി ചാന്‍ മാറി. ആ വിജയം പോലും അദ്ദേഹത്തിനു തലവേദനയായി എന്നത് വേറെ കാര്യം. അടുപ്പക്കാരായി ഒപ്പം കൂടിയവര്‍ ലക്ഷക്കണക്കിനു ഡോളര്‍ പറ്റിച്ചു കൊണ്ടുപോയി. ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ക്രിമിനല്‍ സംഘങ്ങളില്‍ നിന്നു രക്ഷപ്പെട്ടാന്‍ തോക്കും ഗ്രനേഡും കൊണ്ടു നടക്കേണ്ട സ്ഥിതി വന്നു ജാക്കിക്ക്.
ഒടുവില്‍ തന്റെ ആദ്യ സിനിമ കഴിഞ്ഞ് 37 വര്‍ഷങ്ങള്‍ക്കു ശേഷം ജാക്കി ചാന്റെ റംബ്ള്‍ ഇന്‍ ദ ബ്രോങ്ക്‌സ് ഹോളിവുഡില്‍ ഹിറ്റായി. അപ്പോള്‍ അദ്ദേഹത്തിനു പ്രായം 45 വയസ്സ്. 5 ദശകങ്ങള്‍ക്കിടെ 100ലേറെ ചിത്രങ്ങള്‍ ജാക്കി ചെയ്തു. ആ മനുഷ്യന്റെ ശരീരത്തിലെ എല്ലാ എല്ലുകളും ഒരു തവണയെങ്കിലും ഒടിഞ്ഞിട്ടുണ്ട്. ജാക്കി ചാന്‍ 7 ഭാഷകള്‍ സംസാരിക്കും. പക്ഷേ, നേരാംവണ്ണം എഴുതാനും വായിക്കാനും അറിയില്ല, ഒരു ഭാഷയും. ഇംഗ്ലീഷ് സംസാരിക്കുന്നത് അപകടകരമായ സ്റ്റണ്ട് ചെയ്യുന്നതിനെക്കാളും ദുഷ്‌കരമാണെന്ന് അദ്ദേഹം പറയാറുണ്ട്. സംഗീതം ശാസ്ത്രീയമായി പഠിച്ച ഗായകനാണ് ജാക്കി, പാടാറുമുണ്ട്. പരിമിതികളില്‍ തളരാതെ തന്നില്‍ വിശ്വസിച്ച് വിജയം നേടിയ മഹാപ്രതിഭ.
ജാക്കി ചാന്റെ സിനിമ ആദ്യമായി കണ്ട അന്നു മുതല്‍ ഞാന്‍ ഈ നടന്റെ ആരാധകനാണ്. എല്ലായ്‌പ്പോഴും ആ മുഖത്ത് തത്തിക്കളിക്കുന്ന പുഞ്ചിരിയാണ് എന്നെ ഈ മനുഷ്യനോട് അടുപ്പിച്ചത്. പക്ഷേ, ജാക്കിയുടെ ജീവിതപോരാട്ടത്തിന്റെ കഥ എനിക്കറിയുമായിരുന്നില്ല. അടുത്തിടെ ആരോ വാട്ട്‌സാപ്പില്‍ അയച്ചുതന്ന വീഡിയോയിലാണ് 45-ാം വയസ്സില്‍ ആരംഭിച്ച ആ വിജയചരിത്രം ഞാനറിഞ്ഞത്. ഞാന്‍ 45-ാം വയസ്സിലേക്കു കടക്കുകയാണല്ലോ എന്ന ബോധോദയമുണ്ടായത്. വിജയത്തെ തിരഞ്ഞുപോകാന്‍ ഞാന്‍ വൈകിയിട്ടില്ലെന്ന തിരിച്ചറിവുണ്ടായത്.
ശരിയാണ്, ഞാന്‍ മാറിത്തുടങ്ങിയിരിക്കുന്നു. അച്ഛനമ്മമാരെയും അനിയനെയും ഭാര്യയെയും മകനെയും കൂട്ടുകാരെയുമെല്ലാം സ്‌നേഹിച്ച ശേഷം ഞാന്‍ ഇപ്പോള്‍ എന്നെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. ആരോഗ്യസ്ഥിതി അതിന് എന്നെ നിര്‍ബന്ധിക്കുന്നു. ലോകത്തെ എല്ലാ കാര്യങ്ങളും എന്റെ തലയില്‍ക്കൂടിയല്ല ഓടുന്നതെന്നും മറ്റുള്ളവര്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവസരം കൊടുക്കേണ്ടതുണ്ടെന്നും തിരിച്ചറിയുന്നു. അങ്ങനെ അവര്‍ നല്ലതു ചെയ്യുമ്പോള്‍ പ്രശംസിക്കാനും പ്രോത്സാഹിപ്പിക്കാനും ഞാന്‍ ലുബ്ധിക്കാറില്ല. മറ്റുള്ളവരോടു നല്ലതു പറയുമ്പോള്‍ കേള്‍ക്കുന്നയാളിനു മാത്രമല്ല, എനിക്കും സന്തോഷം ലഭിക്കുന്നു.
മറ്റുള്ളവര്‍ തെറ്റു പ്രവര്‍ത്തിക്കുമ്പോള്‍ തിരുത്താന്‍ ഇപ്പോള്‍ ഞാന്‍ തുനിയാറില്ല. തിരുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം ഞാന്‍ തെറ്റുകാരനായ മുന്‍ അനുഭവത്താലാകാം. എല്ലാവരെയും എല്ലാം തികഞ്ഞവരാക്കുക എന്റെ ജോലിയല്ലല്ലോ. മികവിനെക്കാള്‍ വിലയേറിയത് മനഃശാന്തിയാണ്. എന്നെ മതിക്കാത്തവരെ ഒഴിവാക്കാന്‍ ഞാന്‍ പഠിച്ചു. മുമ്പ് അംഗമായിരുന്ന ചില കൂട്ടുകളില്‍ നിന്ന് അതിനാല്‍ത്തന്നെ ഇറങ്ങിപ്പോന്നു. ഇപ്പോള്‍ എല്ലാം മാറിനിന്ന് നോക്കാം. അവര്‍ക്ക് എന്റെ വിലയറിയില്ലെങ്കിലും എനിക്ക് എന്റെ വില നന്നായറിയാം. ആരെങ്കിലും എന്നെ മത്സരിച്ചു തോല്‍പ്പിക്കാന്‍ കുതന്ത്രം പ്രയോഗിച്ചാല്‍ ഞാന്‍ കാര്യമാക്കാറില്ല. കാരണം ഞാന്‍ ഒരു മത്സരത്തിന്റെയും ഭാഗമല്ല. അതിനാല്‍ തോല്‍വിയില്ല, ജയവുമില്ല.
എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ഞാന്‍ ഇപ്പോള്‍ നാണിക്കാറില്ല. കരയാന്‍ തോന്നിയാല്‍ കരയും, ചിരിക്കാന്‍ തോന്നിയാല്‍ ചിരിക്കും. അതിനാല്‍ സിനിമ കാണല്‍ ഇപ്പോള്‍ രസമാണ്. കരയുന്നത് ആരെങ്കിലും കാണുമെന്ന പേടിയില്ല. ഇത്തരം വികാരങ്ങളാണ് എന്നെ മനുഷ്യനാക്കുന്നത്. വസ്ത്രധാരണത്തില്‍ പണ്ടേ ഞാന്‍ ശ്രദ്ധിക്കാറില്ല. ഇപ്പോള്‍ ഒട്ടുമില്ല. അതിനാല്‍ത്തന്നെ സൗകര്യപ്രദമായ ചുവന്ന മുണ്ടാണ് ഇപ്പോള്‍ മിക്കവാറുമൊക്കെ വേഷം. ചിലരൊക്കെ അത്ഭുതം കൂറാറുണ്ട്, പുച്ഛിക്കാറുണ്ട്, കളിയാക്കാറുണ്ട്. വേഷത്തിലൊന്നും വലിയ കഥയില്ലെന്ന് ആ പാവങ്ങള്‍ക്കറിയില്ല. വ്യക്തിത്വത്തിലാണല്ലോ കാര്യം. ഒരു ബന്ധം മുറിക്കുന്നതിനെക്കാള്‍ ദുരഭിമാനം കളയുന്നതാണ് നല്ലതെന്ന് തിരിച്ചറിയുന്നു. അതിനാല്‍ എനിക്ക് ആരോടും പിണക്കമില്ല. എനിക്ക് ശത്രുക്കളുമില്ല.
എന്റെ അച്ഛന്‍ ഒരു പട്ടാളക്കാരനായിരുന്നു. അദ്ദേഹം പഴയ പട്ടാളക്കഥകള്‍ പറയും. ചിലപ്പോള്‍ മുമ്പ് പറഞ്ഞതു തന്നെയായിരിക്കും. പക്ഷേ, മുമ്പ് കേട്ട കഥയാണു പറയുന്നതെങ്കിലും ഞാന്‍ അച്ഛനെ ഇപ്പോള്‍ തടസ്സപ്പെടുത്താറില്ല. നാലു വയസ്സുകാരനായ മകന്‍ കഥകള്‍ ആവര്‍ത്തിച്ചു പറയുന്നത് ഞാന്‍ ക്ഷമയോടെ, സന്തോഷത്തോടെ കേട്ടിരിക്കാറുണ്ട്. എങ്കില്‍ പിന്നെ അച്ഛനെ എന്തുകൊണ്ട് കേട്ടുകൂടാ? ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛനും ഇതുപോലെ എന്നെ കേട്ടിട്ടുണ്ടാവുമല്ലോ? അച്ഛനെ കേള്‍ക്കുന്നത് അദ്ദേഹത്തെ നല്ല ഓര്‍മ്മകളിലേക്കു തിരികെ നടത്തുന്നുവെങ്കില്‍, അത് അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നുവെങ്കില്‍ ഞാനെന്തിന് തടയണം? അച്ഛനോടു മാത്രമല്ല, എല്ലാ മുതിര്‍ന്നവരോടും ഞാന്‍ ഇപ്പോള്‍ ഇങ്ങനെയാണ്.
പാതയോരത്തെ കച്ചവടക്കാരോട് ഞാനിപ്പോള്‍ വിലപേശാറില്ല. ഓട്ടോയിലോ ടാക്‌സിയിലോ കയറിയാല്‍ ബാക്കിയുള്ള ചില്ലറത്തുട്ടുകള്‍ക്കു വേണ്ടി കാത്തുനില്‍ക്കാറില്ല. എന്റെ കൈയില്‍ ഒരുപാട് പണമുണ്ടായിട്ടൊന്നുമല്ല. ആ ചെറിയ തുക കൊണ്ട് എനിക്കു വലിയ പ്രയോജനമൊന്നും ഉണ്ടാവില്ലായിരിക്കാം. പക്ഷേ, ആ പാവത്തിന് അത് വളരെ വലുതാണ്. ജീവിതം തള്ളിനീക്കാന്‍ അവന്‍ എന്നെക്കാള്‍ കഷ്ടപ്പെടുന്നുണ്ട്. അവന്റെ മുഖത്തെ പുഞ്ചിരിയാണ് എന്റെ സമ്പാദ്യം.
ജീവിതത്തിലെ ഓരോ ദിവസവും അത് അവസാന ദിവസമായിരിക്കും എന്നു കരുതി ഞാന്‍ ജീവിച്ചുതുടങ്ങിയിരിക്കുന്നു. നാളത്തേക്കു ചെയ്യാന്‍ എന്നു പറഞ്ഞ് എന്തെങ്കിലും ബാക്കിവെയ്ക്കാന്‍ എനിക്കിപ്പോള്‍ മടിയാണ്. അതെ, ഇനി എപ്പോള്‍ വേണമെങ്കിലും ആ അവസാന ദിവസം കടന്നുവരാം, വരാതിരിക്കാം. എനിക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങള്‍ മാത്രം ഞാന്‍ ചെയ്യുന്നു. അതെ, എന്റെ സന്തോഷത്തിന് ഉത്തരവാദി ഞാന്‍ മാത്രമാണ്.
മഹാന്മാരുടേതായി പല മഹദ്വചനങ്ങളും ഉണ്ടാവും. പക്ഷേ, എനിക്കിഷ്ടം ജാക്കി ചാന്‍ പറഞ്ഞ രണ്ടു കാര്യങ്ങളാണ്.
-Do not let circumstances control you. You change your circumstances.
-The best fights are the ones we avoid.
പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നുമില്ല. എന്നെ സ്‌നേഹിക്കുന്നവരുടെ പിറന്നാളുകള്‍ ആഘോഷിക്കാറുണ്ടെങ്കിലും സ്വയം ആഘോഷിക്കല്‍ പതിവില്ല. പക്ഷേ, ഈ പിറന്നാളിന് പ്രത്യേകതയുണ്ട്. ഞാന്‍ ജീവിച്ചുതുടങ്ങുകയാണ്. ഇനി അധികം സമയം ബാക്കിയില്ല, പാഴാക്കാനില്ല എന്ന ബോധത്തോടെ.