HomeSCITECHഇതാ ജനമിത്രം!...

ഇതാ ജനമിത്രം!!

-

Reading Time: 3 minutes

ഓണ്‍ലൈന്‍ ജീവിതം ഒരു യാഥാര്‍ത്ഥ്യമാണ്, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എല്ലാ ഇടപാടുകളും ഇപ്പോള്‍ ഓണ്‍ലൈനായി മാറിയിരിക്കുന്നു. നോട്ട് നിരോധനം ഈ പരിണാമത്തിന് ആക്കം കൂട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സേവനങ്ങള്‍ ഏതാണ്ട് 80 ശതമാനവും ഓണ്‍ലൈനിലൂടെ ആയിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഐ.ടി. നയം വ്യക്തമാക്കുന്നത് ഏകദേശം നൂറോളം സേവനങ്ങള്‍ കൂടി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ തുറന്നുകൊടുക്കപ്പെടും എന്നാണ്. ഇതിനു പുറമെ ബഹുഭൂരിപക്ഷം സ്വകാര്യ സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനം പ്രോത്സാഹിപ്പിക്കുന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നു.

സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തന്നെ വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യ സേവനങ്ങളുടെ കാര്യം അങ്ങനെയല്ല. സേവനമേഖലയിലടക്കം സ്വകാര്യ പങ്കാളിത്തം കാര്യമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതൊരു വലിയ പ്രതിസന്ധിയാണ്. നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് നെറ്റ് കണക്ടിവിറ്റിയും അതുവഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും പ്രശ്‌നമല്ല. പക്ഷേ, മൊബൈലില്‍ 3ജിയും 4ജിയും ഒന്നുമില്ലാത്ത ഗ്രാമാന്തരങ്ങളിലെ സ്ഥിതി അതാണോ? ഓണ്‍ലൈന്‍ ജീവിതത്തില്‍ ഗ്രാമങ്ങളിലെ സ്ഥിതി വലിയൊരു പ്രശ്‌നം തന്നെ.

ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ അതിനൊരു പരിഹാരവും ഉരുത്തിരിഞ്ഞു വരുമല്ലോ. ഗ്രാമങ്ങളിലെ ഓണ്‍ലൈന്‍ ജീവിതം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാണ് ജനമിത്രം. കൊച്ചിയിലെ ബൈറ്റ്കാറ്റ് ടെക്‌നോളജീസ് എന്ന ഐ.ടി. സ്ഥാപനത്തിലെ 4 ചെറുപ്പക്കാരാണ് ഇതിന്റെ ബുദ്ധികേന്ദ്രം -രവി മോഹന്‍, മോജു മോഹന്‍, സി.കെ.മുബഷീര്‍, യാസര്‍ സലിം എന്നിവര്‍. ഒരു ഐ.ടി. സംരംഭം എന്ന നിലയില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനാണ് ഈ 4 സംരംഭകരും എന്നും ശ്രമിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുമ്പോഴും സാങ്കേതികവിദ്യ സമൂഹത്തിന് ഗുണകരമായ വിധത്തില്‍ പ്രയോജനപ്പെടുത്തുന്നതിന് ഏറ്റെടുത്ത പദ്ധതികള്‍ കമ്പനിയുടെ 4 വര്‍ഷത്തെ ചരിത്രത്തില്‍ ഒട്ടേറെ.

ഡിജിറ്റല്‍ രംഗത്ത് നാട് വിപ്ലവകരമായ മുന്നേറ്റം നടത്തുമ്പോഴും വിവര സാങ്കേതിക വിദ്യയുടെ യഥാര്‍ത്ഥ ഗുണഫലം പൂര്‍ണ്ണരൂപത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അപ്രാപ്യമായി തുടരുന്നു. വിവര സാങ്കേതികവിദ്യയുടെ അനന്തസാദ്ധ്യതകള്‍ പരമാവധി ജനങ്ങളിലെത്തിക്കാനും, അതുവഴി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ കുറേയേറെ ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് നടത്താനും ജനമിത്രം വഴിയൊരുക്കുന്നു. അതോടൊപ്പം സമൂഹത്തിലെ കുറച്ചുപേര്‍ക്ക് വരുമാന മാര്‍ഗ്ഗം കണ്ടെത്താനുള്ള ഒരു സഹായമായും ഇത് രൂപപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഒരേസമയം സേവനദാതാവും തൊഴില്‍ദാതാവുമാണ് ജനമിത്രം എന്ന സവിശേഷതയുണ്ട്. ജനമിത്രം ജനസേവന കേന്ദ്രം അവകാശപ്പെടുന്നതും ഉറപ്പുനല്‍കുന്നതും സേവനത്തിലൂടെയുള്ള ഭാവിയാണ്. അടിസ്ഥാന കമ്പ്യൂട്ടര്‍ വിജ്ഞാനമുള്ള ഏതൊരാള്‍ക്കും ചുരുങ്ങിയ ചെലവില്‍ ജനസേവന കേന്ദ്രം ആരംഭിക്കാം. ഒരു കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നിവ മാത്രമാണ് ഒരു ജനമിത്രം സേവനകേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായുള്ളത്.

വളരെ ലളിതമായി ബൈറ്റ്കാറ്റ് തയ്യാറാക്കിയ ഏകജാലക സംവിധാനം ഉപയോഗിച്ച് വിവിധ സേവനങ്ങള്‍ എളുപ്പത്തില്‍ ചെയ്തു നല്‍കാവുന്ന വിധത്തിലാണ് ജനമിത്രത്തിന്റെ ഘടന. പലവിധ റീചാര്‍ജ്ജുകള്‍, ഓണ്‍ലൈന്‍ പണമൊടുക്കല്‍, ഓണ്‍ലൈന്‍ പണകൈമാറ്റം, വെബ്‌സൈറ്റ്, ഐ.ടി. സൊല്യൂഷന്‍, കോളേജ് പ്രൊജക്ടുകള്‍, ടൂര്‍ പാക്കേജുകള്‍, ബസ് -തീവണ്ടി -വിമാന ടിക്കറ്റ് ബുക്കിങ്, ട്രാവല്‍ ഏജന്‍സി, ഓണ്‍ലൈന്‍ വൈവാഹികം, വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി, യു.എ.ഇ. എക്‌സ്‌ചേഞ്ച്, എക്‌സ്പ്രസ് മണി, ഓണ്‍ലൈന്‍ ഷോപ്പിങ്, വിസ സേവനങ്ങള്‍, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങി വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഏകജാലത്തിലൂടെ ലഭിക്കും. ഇതിനു പുറമെ എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കാം. ഒപ്പം അപേക്ഷാ ഫോറങ്ങളുടെ വന്‍ ശേഖരവും.

ജനമിത്രം സേവനകേന്ദ്രം അനുവദിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജായി 15,000 രൂപ ബൈറ്റ്കാറ്റ് ഈടാക്കും. ഉദ്ഘാടന ആനുകൂല്യമായി 40 ശതമാനം കിഴിവ് നല്‍കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ വെറും 9,000 രൂപ നല്‍കിയാല്‍ ജനമിത്രത്തിന്റെ ഭാഗമാകാം. ഇത് ഒറ്റത്തവണ നല്‍കിയാല്‍ മതി. ജനമിത്രം സേവനകേന്ദ്രത്തിന്റെ ഉടമ യഥാര്‍ത്ഥത്തില്‍ 4 പ്രമുഖ സ്വകാര്യ സേവനദാതാക്കളുടെ ഏജന്റുകളായി മാറുന്നുണ്ട്. യു.എ.ഇ. എക്‌സ്‌ചേഞ്ച്, അക്ബര്‍ ട്രാവല്‍സ്, ജല്‍ദി ക്യാഷ്, എക്‌സ്പ്രസ് മണി എന്നിവയുടെ ഏജന്‍സിയാണ് ലഭിക്കുക. ഈ ഏജന്‍സികള്‍ ലഭിക്കണമെങ്കില്‍ വളരെയേറെ സമയവും പണവും ചെലവഴിക്കേണ്ട സാഹചര്യമുണ്ട്. ചിലതിനൊക്കെ വലിയ ഫീസ് മാത്രമല്ല നല്ലൊരു തുക നിക്ഷേപമായും നല്‍കണം. എന്നാല്‍, ജനമിത്രത്തില്‍ അംഗമാവുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ ഏജന്‍സികളുമായി ബൈറ്റ്കാറ്റ് ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ പ്രകാരം ചുരുങ്ങിയ രേഖകള്‍ പൂരിപ്പിച്ചു നല്‍കുകയും മാനദണ്ഡങ്ങള്‍ പാലിക്കുകയും വഴി പങ്കാളിയാകാം. ഇതുവഴി ഓരോ സേവനത്തിനും ബന്ധപ്പെട്ട ഏജന്‍സികള്‍ നിശ്ചയിച്ചിട്ടുള്ള കമ്മീഷന്‍ ജനമിത്രം സേവനകേന്ദ്രത്തിന്റെ ഉടമയ്ക്കു ലഭിക്കും. ഇതിനു പുറമെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി. ടിക്കറ്റ് ബുക്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പണം എന്നിവ പോലെയുള്ള സംവിധാനങ്ങള്‍ ഒരു നിശ്ചിത തുക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി ലഭ്യമാക്കാം.

ഒരു പോസ്റ്റ് ഓഫീസ് പിന്‍കോഡ് പരിധിയില്‍ ഒരു ജനമിത്രം സേവനകേന്ദ്രം മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. വിശദവിവരങ്ങള്‍ക്ക് 7356357776, 0484-6060656. ഐ.ടി. സേവന വ്യാപനത്തില്‍ ജനമിത്രം നിര്‍ണ്ണായക ചുവടുവെയ്പ്പാകുമെന്നുറപ്പ്.

LATEST insights

TRENDING insights

3 COMMENTS

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights