നാടെങ്ങും മീശ കത്തിക്കല്‍ അരങ്ങേറുകയാണ്. മീശ എന്നു പറഞ്ഞാല്‍ എസ്.ഹരീഷിന്റെ നോവല്‍ മീശ. പുസ്തക പ്രസാധകരായ ഡി.സി. ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത് കഴിഞ്ഞ ദിവസമാണ്. അമ്പലത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മീശയുടെ നേര്‍ക്ക് സംഘപരിവാര്‍ വാളെടുത്തത്. മീശ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേസ് വന്നത് സുപ്രീം കോടതിയില്‍! അപ്പോള്‍ ചെറുതല്ല ഈ മീശക്കാര്യം.
അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. മാതൃഭൂമി ആഴ്ചപതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചിരുന്നത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വിവാദമായി കത്തിപ്പടരുകയും ചെയ്തു. ഇതില്‍, ഹിന്ദു സത്രീകള്‍ ലൈംഗിതയ്ക്കു വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തില്‍ പോകുന്നതെന്ന പ്രസ്താവന പ്രതിഷേധത്തിന് കാരണമായി.
നാലഞ്ച് ദിവസം, അതായത് ആര്‍ത്തവ കാലത്ത് ഇവര്‍ അമ്പലത്തില്‍ പോകാതിരിക്കുന്നത് ഇക്കാലത്ത് തങ്ങള്‍ അതിന് തയ്യാറല്ല എന്നതുകൊണ്ടുമാണെന്നും കഥാപാത്രം പറയുന്നുണ്ട്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി., ഹിന്ദു ഐക്യവേദി, എന്‍.എസ്.എസ്. തുടങ്ങിയ സംഘടനകള്‍ രംഗത്ത് വന്നു.
ഒടുവില്‍ മൂന്നു ലക്കം കഴിഞ്ഞപ്പോള്‍ ഹരീഷ് നോവല്‍ പിന്‍വലിച്ചു. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്നാണ് അദ്ദേഹം നോവല്‍ പിന്‍വലിച്ചത്. അതിനു ശേഷമായിരുന്നു ഡി.സി. ബുക്‌സിന്റെ രംഗപ്രവേശം. പരിവാറുകാര്‍ കത്തിക്കാന്‍ വാങ്ങുമ്പോള്‍ തന്നെ പുസ്തകത്തിന്റെ ആദ്യ എഡിഷന്‍ മുഴുവന്‍ വിറ്റുപോകുന്ന സ്ഥിതിയാണ്. ഹരീഷ് രായ്ക്കുരാമാനം പ്രശസ്തനായി. ഡി.സിക്ക് നല്ല കച്ചവടവുമായി.
പക്ഷേ, സംഘപരിവാറിന്‍റെ ഈ ആക്രമണം വെറും രാഷ്ട്രീയമല്ലേ എന്ന സംശയം സ്വാഭാവികമാണ്. അതെ, പ്രതിഷേധം രാഷ്ട്രീയം മാത്രമാണ്. കാരണം പരിവാറുകാര്‍ പുണ്യഗ്രന്ഥമായി കാണുന്ന രാമായണത്തിന്റെ ലൈംഗിക പാരഡിവത്കരണം അച്ചടിച്ചു വന്നപ്പോള്‍ അവര്‍ക്ക് പ്രതിഷേധം പോയിട്ട് ‘പ്ര’ പോലുമുണ്ടായിരുന്നില്ല. കാരണം അത് അച്ചടിച്ചുവന്നത് ജന്മഭൂമിയിലാണ്!!!
ജന്മഭൂമി ബി.ജെ.പിയുടെ മുഖപത്രമാണ്. പരിവാരങ്ങളെല്ലാം അതാണ് വായിക്കുന്നത് എന്നാണ് സങ്കല്പം. ഇനി അത് സങ്കല്പം മാത്രമാണോ എന്നറിയില്ല. അഥവാ പത്രം വരുത്തിയാലും വായിക്കണമെന്നില്ല. ജന്മഭൂമിയില്‍ 2014 ഏപ്രില്‍ 26നാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. അത്രമേല്‍ അകന്നവര്‍ -കഥാകൃത്ത് ടി.എസ്. നീലാംബരന്‍. കഴിഞ്ഞ ദിവസം വരെ ഇത് ഓണ്‍ലൈനില്‍ ലഭ്യമായിരുന്നു. പക്ഷേ, ഇപ്പോള്‍ കാണാനില്ല.
മീശയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി കിട്ടണ്ട എന്നു കരുതിയാവും ഈ പിന്‍വലിക്കല്‍. പക്ഷേ, ലിങ്ക് പകര്‍ത്തി ഏതെങ്കിലും സമൂഹ മാധ്യമത്തിലിട്ടാല്‍ leading thumbnail വരും, കള്ളി പുറത്താക്കിക്കൊണ്ട്. എന്തായാലും കഥ പിന്‍വലിച്ചതോടെ എല്ലാവരും കഥയറിഞ്ഞു. ഇതുവരെ വായിക്കാത്തവരെല്ലാം തപ്പിയെടുത്തു വായിച്ചു. ജന്മഭൂമി ബഹിഷ്‌കരിക്കാന്‍ ചേട്ടന്മാരുടെ ആഹ്വാനത്തിനായി കാത്തിരിക്കുന്നു. നാലു വര്‍ഷം മുമ്പത്തെ കഥയാണെങ്കിലും ഇപ്പോഴാണല്ലോ എല്ലാവരും വായിച്ചതും അറിഞ്ഞതും.
കഥയുടെ പൂര്‍ണ്ണരൂപം ഇവിടെ നല്‍കുകയാണ്. താല്പര്യമുള്ളവര്‍ക്ക് വായിക്കാം. ഹരീഷിന്റെ മാത്രമല്ല നീലാംബരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. ഹിന്ദുത്വത്തെ അപമാനിച്ചുവെന്നു പറഞ്ഞ് നാടുനീളെ പുസ്തകം കത്തിക്കാന്‍ നടക്കുന്നവരുടെ യഥാര്‍ത്ഥ മുഖം പ്രകടമാക്കാന്‍ നീലാംബരന്‍റെ ഈ കഥയ്ക്കു സാധിക്കും.
അത്രമേല്‍ അകന്നവര്‍
Saturday 26 April 2014 6:13 pm IST
-ടി.എസ്. നീലാംബരന്‍
നരച്ചു നീണ്ട താടിരോമങ്ങള്‍ അവള്‍ക്ക് അറപ്പുളവാക്കി. വൃദ്ധ താപസന്റെ തടിച്ചുതുങ്ങിയ ശരീരഭാരത്തെക്കാള്‍ അവള്‍ക്ക് അസഹ്യമായിത്തോന്നിയത് ആ ജടയും താടിയും അതില്‍നിന്ന് പുറപ്പെട്ട വൃത്തികെട്ട ഒരുതരം നാറ്റവുമായിരുന്നു. അവള്‍ കണ്ണുകള്‍ ഇറുകെപ്പൂട്ടി, മനസ്സും.
മരവിച്ച മനസ്സുമായി കിടക്കുന്ന നഗ്നകന്യകയുടെ ശരീരത്തിനുമേല്‍ ഗൗതമന്‍ ഒരു പാമ്പിനെപ്പോലെ ചുറ്റിപ്പിണഞ്ഞു കയറി. ആയിരമായിരം ആദിത്യഹൃദയമന്ത്രങ്ങള്‍ കൊണ്ട് സിദ്ധി വരുത്തിയ താപസമേനി കാമത്തിന്റെ കനല്‍ക്കുത്തുകളേറ്റ് പുളഞ്ഞു. തന്റെ സങ്കല്‍പ്പത്തിനും എത്രയോ മേലെയാണ് അവളുടെ സൗന്ദര്യമെന്നയാളോര്‍ത്തു.
അവളുടെ പന്തൊക്കും മുലകളും ചന്തമേറും തുടക്കാമ്പും ഭംഗിയായി വര്‍ണ്ണിച്ച തുഞ്ചത്താചാര്യന് അയാള്‍ മനസാ പ്രണാമമര്‍പ്പിച്ചു. കവികള്‍ക്ക് മൂന്നാംകണ്ണുണ്ടെന്ന് പറയുന്നതെത്ര ശരിയാണ്. അല്ലെങ്കിലവളുടെ സൗന്ദര്യം ആചാര്യന്‍ ഉള്‍ക്കണ്ണുകൊണ്ട് കണ്ടതെങ്ങനെ? അടങ്ങാത്ത ആര്‍ത്തിയോടെ ആ സൗന്ദര്യം നുകരാന്‍ തത്രപ്പെട്ട് അയാള്‍ അവളിലേക്കാഴ്ന്നു.
അഹല്യ -അതാണവളുടെ പേര് -ഒന്നുമറിയുന്നുണ്ടായിരുന്നില്ല. ശരീരത്തില്‍നിന്നും മനസ്സ് വേര്‍പെട്ട നിലയിലായിരുന്നു അവള്‍. മോഹിച്ചതൊന്നുമല്ല തനിക്ക് ലഭിച്ചത്. രാമായണം മെഗാസീരിയലിലെ കൃഷ്ണനായഭിനയിച്ച നിതീഷ് ഭരദ്വാജിനെപ്പോലൊരു ഭര്‍ത്താവിനെയാണവള്‍ മോഹിച്ചത്. ഇന്ദ്രനെപ്പോല്‍ കാമകലയില്‍ നിപുണനായ സുന്ദരനായ ഒരു ഗന്ധര്‍വനെ. കേരളത്തില്‍ പണ്ട് ഒരു കവി പാടിയപോലെ പ്രാണനാഥന്‍ തനിക്ക് നല്‍കാന്‍ പോകുന്ന പരമാനന്ദരസത്തെ അവളും കിനാവു കണ്ടിരുന്നു. അംഗത്തടത്തില്‍ ഇരുത്തുന്നതും കോംഗ്കത്തടത്തില്‍ തലോടുന്നുതുമുള്‍പ്പെടെ.
മുനിയുടെ ശാപം ഭയന്നാവണം പിതാവ് എതിര്‍പ്പൊന്നും പറയാതെ അവളെ ഗൗതമന് നല്‍കിയത്. ഇന്നാണ് അവളയാളെ ശരിക്കുമൊന്ന് കാണുന്നതുതന്നെ. സിദ്ധനായ മുനിശ്രേഷ്ഠന് നല്‍കാനൊരുങ്ങുന്ന കാര്യം പിതാവ് സൂചിപ്പിച്ചപ്പോള്‍ തന്നെ എതിര്‍ത്തിരുന്നതാണ്. ആവുംമട്ട് കരഞ്ഞും ബഹളം വച്ചും എതിര്‍ത്തുനോക്കി. ഒടുവില്‍ തോഴിമാരാണ് ഒരുവിധത്തില്‍ സമാധാനിപ്പിച്ചത്. അവരാണ് പറഞ്ഞത് മുനിമാരാണ് ഇക്കാര്യത്തില്‍ സമര്‍ത്ഥന്മാരെന്ന്. എന്തിന് വാത്സ്യായനന്‍ പോലും മുനിയായിരുന്നില്ലേയെന്ന് ചോദിക്കുകയും ചെയ്തു ഒരുത്തി.
വലതുകാല്‍ വച്ച് മണിയറയില്‍ കയറിയപ്പോള്‍ തന്നെ ആ പ്രതീക്ഷകളെല്ലാം തെറ്റി. ദിവസങ്ങളോളം പട്ടിണികിടന്നവന്റെ ആര്‍ത്തിയായിരുന്നു മുനിശ്രേഷ്ഠന്. ആയിരം വര്‍ഷമേഘങ്ങളായി ഗൗതമകാമം പെയ്തൊഴിയുമ്പോഴും അവള്‍ നിശ്ചേഷ്ടയായി കിടന്നു. കല്ലായിപ്പിറന്ന ഒരഹല്യയെപ്പോലെ. പിന്നെപ്പിന്നെ അതൊരു അനുഷ്ഠാനമായി.
ഏഴര വെളുപ്പിനെണീറ്റ് മഞ്ഞുപോലെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതുപോലെ… പൂക്കളും ദര്‍ഭയും ചമതയുമെല്ലാം ഒരുക്കുന്നതുപോലെ… പാല്‍ക്കഞ്ഞിയും പഴങ്ങളും വിളമ്പുന്നതു പോലെ… അവള്‍ ഗൗതമനു മുന്നില്‍ സ്വയം വിളമ്പി. കല്ലായിക്കിടന്നു. ഒരുനാള്‍ എന്നെങ്കിലുമൊരുനാള്‍ അവളുടെ ഗന്ധര്‍വന്‍ തന്നെത്തേടി വരുമെന്നവള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അതിനായുള്ള കാത്തിരിപ്പായിരുന്നു പിന്നെയവള്‍ക്കെല്ലാം.
ഒടുവില്‍ അവന്‍ വന്നു. ഒരു മിസ്ഡ് കോളായി, ചാറ്റായി… ചാറ്റലായി… ഇടിയായി… മഴയായി… പേമാരിയായി അവന്‍ വന്നു. പ്രഭാതവന്ദനത്തിനായി മഹാമുനി നദിക്കരയിലേക്ക് പുറപ്പെട്ട ഉടനെ അവളുടെ മൊബെയില്‍ ഫോണ്‍ ചിലച്ചു. അങ്ങേത്തലക്കല്‍ ഇന്ദ്രനായിരുന്നു. ‘ഐരാവതത്തിന്റെ പുറത്ത് വരരുത്. പര്‍ണശാലയ്ക്കു മുന്നില്‍ പാര്‍ക്കിങ്ങിന് ഇടമില്ല. തന്നെയുമല്ല ആളുകള്‍ ശ്രദ്ധിക്കും. വല്ല ഓട്ടോയും പിടിച്ച് വന്നാല്‍ മതി. പാല്‍ക്കാരന്റെയോ പത്രവിതരണക്കാരന്റെയോ വേഷമാണുത്തമം. മഹാമുനിയുടെ വേഷം തന്നെ കെട്ടിയാലും തരക്കേടില്ല.’
അവള്‍ മുന്നറിയിപ്പു നല്‍കി. പതിനഞ്ചു മിനുട്ടിനുള്ളില്‍ ഓട്ടോറിക്ഷ പര്‍ണശാലക്കു മുന്നിലെത്തി. പട്ടണം റഷീദിനെ കിട്ടാത്തതുകൊണ്ട് മേക്കപ്പ് ശരിയായിരുന്നില്ല. കാവിയില്‍ പൊതിഞ്ഞ ഒരു രൂപം. ഒരു മിന്നല്‍പോലെ പര്‍ണശാലയുടെ വാതില്‍ തുറന്നടഞ്ഞു. അധ്യാത്മരാമായണം വായിച്ചതു മുതല്‍ നിന്റെ സൗന്ദര്യം എന്നെ മത്തുപിടിപ്പിച്ചിരുന്നു. ചെന്തൊണ്ടി വായ്മലരും പന്തൊക്കും മുലകളും ചന്തമേറീടുന്ന തുടക്കാമ്പും എന്റെ ഉറക്കം കെടുത്തുന്നു. അവന്‍ പറഞ്ഞു.
അവള്‍ ലജ്ജയാല്‍ കുനിഞ്ഞ മുഖത്തോടെ അവന് അനുമതി നല്‍കി. കന്യകാത്വത്തിന്റെ നേര്‍ത്ത വാതിലുകള്‍ തുറക്കുന്നതിന്റെ സുഖം അവളാദ്യമായി മനസ്സുകൊണ്ടറിഞ്ഞു. (വിവരണം ഇവിടെ നിര്‍ത്തുന്നു. എഴുത്തുകാരന്‍ വിട്ടുപോയഭാഗങ്ങള്‍ വായനക്കാരന് സൗകര്യംപോലെ മനസ്സില്‍ കാണാവുന്നതാണ്. കോപ്പി റൈറ്റ് ബാധകമല്ല).
‘ഛെ….നിര്‍ത്ത്.’ ഗൗതമന്‍ കാറ്റിലാടുന്ന ആലിലപോലെ വിറച്ചു. ‘താന്‍ പറഞ്ഞില്ലെങ്കിലും അവിടെ നടന്നതെല്ലാം എനിക്കറിയാം.’ മുനി കഥാകൃത്തിന്റെ കഴുത്തിന് കയറിപ്പിടിച്ചു. ‘ഇനി ഞാന്‍ പറയാം.ഞാന്‍ ചെല്ലുമ്പോള്‍ പര്‍ണശാലയുടെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. വിളിച്ചിട്ട് വാതില്‍ തുറക്കാതായതോടെയാണ് കിളിവാതിലിലൂടെ അകത്തേക്കെത്തി നോക്കിയത്’ ഗൗതമന്‍ കൂടിയിരുന്നവരോടായിപ്പറഞ്ഞു. അവര്‍ കഥ കേള്‍ക്കാന്‍ കഥാകൃത്തിനു ചുറ്റും കൂടിയവരായിരുന്നു. ഗൗതമന്റെ വാക്കുകള്‍ക്ക് ഒരു ക്ഷമാപണത്തിന്റെ ശൈലിയുണ്ടായിരുന്നു. ‘അവന്‍ പോയിക്കഴിഞ്ഞിരുന്നു. അവള്‍ സുഖാലസ്യത്തില്‍ മയങ്ങുന്നു. ദിവ്യചക്ഷുസ്സുകൊണ്ട് നാം എല്ലാം അറിഞ്ഞു. പക്ഷേ ലഹരിയില്‍ മയങ്ങുന്ന അവളുടെ നഗ്നമേനി കണ്ടപ്പോള്‍ ക്രോധമല്ല… കാമമാണ് നമുക്ക് തോന്നിയത്. വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി’
മഹാമുനി ഒരു നിമിഷം മൗനമായി. കണ്ണുകളടച്ചു. താടിയുഴിഞ്ഞു. പിന്നെത്തുടര്‍ന്നു. ‘എന്റെ ബുദ്ധിമോശം. ഞാനവളെ പ്രാപിക്കാന്‍ ഒരുങ്ങി. കണ്ണുകള്‍ തുറക്കാതെ തന്നെ അവളെന്നെ ചുറ്റിവരിഞ്ഞു. അവളുടെ ചുണ്ടുകള്‍ അവനെ തേടിക്കൊണ്ടിരുന്നു അപ്പോഴും.’ ഗൗതമന്‍ കിതച്ചു… വിയര്‍ത്തു. പിന്നെ താന്‍ തെറ്റുകാരനല്ലെന്ന ഭാവത്തില്‍ ചുറ്റുമൊന്നു നോക്കി ‘നിങ്ങള്‍ക്കറിയ്യ്യോ… അവളവന്റെ പേര് എന്റെ ചെവിയില്‍ വിളിച്ചപ്പോ… കല്ലായിപ്പോയത് ഞാനാ….’ കേള്‍വിക്കാര്‍ നിശബ്ദരായി. ഗൗതമന്‍ തേങ്ങലടക്കി. ‘ഞാനവളെ ശപിച്ചിട്ടില്ല… പക്ഷേ അതിനുശേഷം ഞങ്ങള്‍ ഇതുവരെ പരസ്പരം മിണ്ടിയിട്ടില്ല…കണ്ടിട്ടില്ല…..തൊട്ടിട്ടില്ല…. ഒരേ കൂരക്കു കീഴില്‍ പരസ്പ്പരം അറിയാതെ.’ അയാള്‍ പറഞ്ഞുനിര്‍ത്തി.
കമണ്ഡലുവും യോഗദണ്ഡും കയ്യിലെടുത്ത് ഗൗതമന്‍ പോകാനിറങ്ങി. ഗൗതമന്റെ ആക്രമണത്തില്‍ വേദനിച്ച കഴുത്തു തടവിക്കൊണ്ട് കഥാകൃത്ത് ബാക്കിഭാഗം പൂരിപ്പിക്കാനൊരുങ്ങി. ഗൗതമനും അഹല്യയും തമ്മില്‍ ഒരു വാക്കു മിണ്ടിയിട്ട് ഇപ്പോള്‍ നൂറ്റാണ്ടുകളായിക്കാണും. ഋതുക്കള്‍ ഏറെ മാറിവന്നു. വെയിലും മഴയും കാറ്റും മഞ്ഞും ഏറെ വന്നുപോയെങ്കിലും അവരുടെ മഹാമൗനത്തിനും ശിലാദാര്‍ഢ്യത്തിനും മാറ്റമൊന്നുമുണ്ടായില്ല. പരസ്പരം പൊറുക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു.
കുടുംബക്കോടതിയിലും കൗണ്‍സിലിങ്ങിലും ആ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ന്യായം ആരുടെ പക്ഷത്തെന്ന് എങ്ങനെ പറയും ഇതായിരുന്നു ബഹുമാനപ്പെട്ട നീതിപീഠം നേരിട്ട പ്രശ്നം. അങ്ങനെ നാളാഴ്ച പക്കങ്ങള്‍ മാസങ്ങളായും വര്‍ഷങ്ങളായും നൂറ്റാണ്ടുകളായും പെരുകിക്കൊണ്ടിരുന്നു. ആയിടക്കൊരിക്കലാണ് അവര്‍ ഗൗതമനേയും അഹല്യയേയും തേടിയെത്തിയത്. രാമനെന്നും ലക്ഷ്മണനെന്നുമായിരുന്നു അവര്‍ക്ക് പേര്. വഴിതെറ്റിയാണോ അവര്‍ വന്നതെന്ന് ആരും സംശയിച്ചുപോകും. ഒരുപാടലഞ്ഞ് ക്ഷീണിതരായിരുന്നു ഇരുവരും. മുഷിഞ്ഞ വസ്ത്രങ്ങള്‍. ഷേവു ചെയ്യാത്തതുമൂലം ചെറിയ കുറ്റിത്താടി. വല്ലതും കഴിച്ചിട്ട് ദിവസങ്ങളായെന്ന് തോന്നും.
പക്ഷേ അവര്‍ വഴിതെറ്റിവന്നതായിരുന്നില്ല. അഹല്യയുടേയും ഗൗതമന്റേയും വീടന്വേഷിച്ചു വരികയായിരുന്നു. ‘അതിഥികള്‍ക്ക് കുടിക്കാനെന്തെങ്കിലും.’ അഹല്യ ആതിഥേയ മര്യാദ കാണിച്ചു. ‘സംഭാരമാവാം.’ ലക്ഷ്മണന്‍ പറഞ്ഞു. രാമന്‍ തലയാട്ടി. ‘അയ്യോ സംഭാരമില്ല. കാപ്പിയോ ചായയോ മതിയെങ്കില്‍.’ ‘മതി. കാപ്പി മതി. മധുരം കുറയ്ക്കണ്ട.’ ഏറെക്കാലം കൂടിയാണ് ആ കാനനഗൃഹത്തില്‍ രണ്ടതിഥികള്‍ വരുന്നത്. അവരെ സ്വീകരിക്കേണ്ടതെങ്ങനെയെന്നറിയാതെ ഗൗതമനും വിഷമിച്ചു. തങ്ങള്‍ തമ്മിലുള്ള പിണക്കമെങ്ങാന്‍ ഇവരറിയുമോ… എങ്കില്‍പ്പിന്നെ അതുനാട്ടില്‍ പാട്ടാവും.
ഇനി വല്ല ഒളിക്യാമറയുമായാണോ വരവ്. ഗൗതമന്റെ പരിഭ്രമം രാമലക്ഷ്മണന്മാര്‍ക്ക് കൗതുകമായി. അവര്‍ പരസ്പ്പരം നോക്കി ചിരിച്ചു. ‘പരിഭ്രമിക്കേണ്ട. ഞങ്ങള്‍ ഇതിവിടെ തരാന്‍ വന്നതാണ്. ഒരു പുസ്തകമാണ്. അദ്ധ്യാത്മരാമായണം. തുഞ്ചത്താചാര്യന്‍ എഴുതിയത്. ഒരു ഭാര്യയുടേയും ഭര്‍ത്താവിന്റേയും കഥയാണ്. സൗകര്യപ്പെടുമ്പോള്‍ വായിക്കണം രണ്ടാളും’ -അവര്‍ പോകാനിറങ്ങി. ഗൗതമനും അഹല്യയും പുസ്തകം വായിച്ചെന്നും അവര്‍ക്കിടയിലെ പിണക്കം തീര്‍ന്നെന്നുമാണ് പിന്നെക്കേട്ടത്. ഞാന്‍ പിന്നെ അതേക്കുറിച്ചന്വേഷിക്കാന്‍ പോയില്ല. മറ്റുള്ളവരുടെ ജീവിതത്തില്‍ നമ്മളെന്തിന് എത്തിനോക്കണം. കഥാകൃത്ത് പറഞ്ഞുനിര്‍ത്തി.
ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച മീശയുടെ ഉള്ളടക്കം സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നോവലിലെ പേജ് നമ്പര്‍ 294 ആണ് ചര്‍ച്ചാവിഷയം. ചര്‍ച്ചയും വിമര്‍ശനവും അതിന്റെ വഴിക്കു നടന്നോട്ടെ. ഗുണനിലവാരമില്ലെങ്കില്‍ വാങ്ങാതിരിക്കട്ടെ, വായിക്കാതിരിക്കട്ടെ. പക്ഷേ, പുസ്തകം കത്തിക്കുന്നത് ഫാസിസമാണ്. എഴുത്തുകാരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതും ഫാസിസമാണ്. അതു ചെയ്യുന്നവരുടെ യോഗ്യതയാണ് ജന്മഭൂമിയില്‍ അച്ചടിച്ചു വന്ന കഥ ചൂണ്ടിക്കാട്ടുന്നതിലൂടെ പറയാന്‍ ശ്രമിച്ചത്. കാലില്ലാത്തവന്‍ വിരലില്ലാത്തവനെ കുറ്റപ്പെടുത്തുന്ന അവസ്ഥ!