HomeENTERTAINMENTജോസ് പാട്ടെഴു...

ജോസ് പാട്ടെഴുതുകയാണ്

-

Reading Time: 4 minutes

35 വര്‍ഷത്തിലേറെയാകുന്നു ജോസ് കവിത എന്ന പേരില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചു തുടങ്ങിയിട്ട്. അവയില്‍ പലതും ജോസ് മാത്രം വായിച്ചവ. എങ്കിലും ചിലതിനൊക്കെ ഈണം വരും. പാട്ടായി രൂപമെടുക്കും. ജോസിലെ കവി അന്തര്‍മുഖനാണ്.

ഇനി എങ്ങനെ ഞാനെഴുതും
പ്രണയാർദ്ര മനോഹര ഗാനങ്ങൾ
ഇനി എങ്ങനെ ഞാൻ പാടും
അനുരാഗ സ്വരാമൃതരാഗങ്ങൾ..

പണ്ഡിറ്റ് രമേഷ് നാരായണന്റെ ശബ്ദത്തിലുള്ള ഈ പാട്ട് ഇപ്പോള്‍ ഹിറ്റാണ്. പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ഈ പ്രണയഗാനം പലരുടെയും ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു. ഈ പാട്ട് ജോസിന്റെ പുതിയ വരവിന്റെ തെളിവാണ്. അതു കണ്ട് അദ്ദേഹത്തെ അറിയുന്നവരും അറിയാത്തവരും ഒരുപോലെ കൈയടിക്കുന്നു.

ഒരു ദീർഘദിവാസ്വപ്നമായ് നീ
മായുമ്പോൾ
ഇനി എങ്ങനെ ഞാൻ എൻ മനസ്സിനെ
പറഞ്ഞു പഠിപ്പിക്കും
നീ നിത്യമായ് മറഞ്ഞെന്ന്..

നീ പോയതിൽ പിന്നെ,
ഈ കൂട്ടിലെ മൈന
പാടിയിട്ടില്ല, ഇതുവരെയും..
നീ പോയതിൽ പിന്നെ,
നിലാവല പോലും
വിണ്ണിൽ നിന്നൊരു തുള്ളി തൂകിയില്ല..

നീലവാനവും നോക്കിയാ രാവുകൾ
വിലോലമായ്
നേരമേറെയായതോർത്തിടാതിരുന്നതും
നീണ്ടു നീണ്ടു പോം അളക ചുരുളി നിഴകളിൽ
ഞാനെന്നെ തിരഞ്ഞു മയങ്ങിയതും

നീ പോയതിൽ പിന്നെ,
ഈ കൂട്ടിലെ മൈന
പാടിയിട്ടില്ല, ഇതുവരെയും..
നീ പോയതിൽ പിന്നെ,
നിലാവല പോലും
വിണ്ണിൽ നിന്നൊരു തുള്ളി തൂകിയില്ല

രാവിതത്രയ്ക്ക് ക്ഷണികമോ
തീരാതെ പുലരാതിരുന്നെങ്കിൽ
ഓർമ്മ പൂവിടും അത്രമേൽ ദീർഘമായ്
പുഴയിലൊഴുകുമീ അരളിയിതളിന്നഴകുപോൽ
ഞാൻ നിന്നിൽ ഒഴുകുകയാണിപ്പൊഴും.

വരികളും ഈണവും വളരെയധികം ഇഷ്ടപ്പെട്ടതിനാലാണ് താനിതു പാടിയതെന്ന് രമേഷ് നാരായണന്‍ പറഞ്ഞിട്ടുണ്ട്. ജോസിന് ഇതിലും വലിയ ഒരു അംഗീകാരം വേറെന്തു വേണം. ജോസിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് കെ.എസ്.മധുകുമാറാണ്. പ്രണയദിനത്തില്‍ ചലച്ചിത്രതാരം ടൊവിനോ തോമസ് ഈ പാട്ട് പുറത്തിറക്കി. ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തില്‍ രമേഷ് നാരായണന്‍ പാടി അഭിനയിച്ചിട്ടുണ്ട്. സുന്ദരസംഗീത പശ്ചാത്തലത്തില്‍ മികച്ച ദൃശ്യങ്ങളും ചേര്‍ന്നതോടെ പാട്ട് ഹിറ്റ്. കേരളത്തിലും അമേരിക്കയിലുമായാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. അനില്‍ സാമിയും രചിത രാംദാസുമാണ് സ്ക്രീനില്‍. പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ നൊമ്പരവും പാട്ടിൽ തെളിയുന്നു.

‘നീ പോയതില്‍ പിന്നെ’ ചിത്രീകരണത്തിനിടെ

ഏതാണ്ട് കാല്‍ നൂറ്റാണ്ടോളമായി എനിക്ക് ജോസ് മാനുവല്‍ മോത്തയെ അറിയാം. ജോസിന്റെ എഴുത്തുകളും അറിയാം. 1997ല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ജേര്‍ണലിസം പഠിക്കാനെത്തുമ്പോഴാണ് ജോസിനെ പരിചയപ്പെടുന്നത്. ഞാന്‍ രാവിലെയുള്ള ബാച്ചിലും അവന്‍ വൈകുന്നേരത്തെ ബാച്ചിലും. ഒരു ക്ലാസിലായിരുന്നില്ലെങ്കിലും സൗഹൃദം തളിരിടാന്‍ ബുദ്ധിമുട്ടേതുമുണ്ടായില്ല. ചിലരുണ്ടല്ലോ, ആദ്യ സമാഗമത്തില്‍ തന്നെ എന്തൊക്കെയോ ആയി മാറുന്നവര്‍, ഇവനും അതുപോലൊരുവന്‍. ജോസിന്റെ സൗഹൃദമാകുന്ന നീരാളിപ്പിടിത്തത്തില്‍ ഞാന്‍ അകപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു. വര്‍ഷങ്ങളായി പരിചയമുള്ളയാള്‍ എന്ന പോലുള്ള അവന്റെ പെരുമാറ്റം എന്നെ വലിച്ചടുപ്പിച്ചു എന്നു പറയുന്നതാണ് ശരി. അന്ന് ശൈശവദശയിലായിരുന്ന കേരളത്തിന്റെ സ്വന്തം ചലച്ചിത്രമേളയിലും അത്തവണ തിരുവനന്തപുരത്ത് എത്തിയ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലുമെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിലുമെല്ലാം ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ആ പത്രപ്രവര്‍ത്തനാനുഭവങ്ങളിലൂടെ സൗഹൃദം ഉറച്ചു.

പഠിക്കുമ്പോള്‍ തന്നെ കലാകൗമുദി വാരികയില്‍ എനിക്കൊരു കസേര കിട്ടി. ജേര്‍ണലിസം പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പത്രപ്രവര്‍ത്തനത്തിനായി ജോസ് ചെന്നു കയറിയത് തിരുവല്ലം ഭാസിയേട്ടന്റെ ഫ്രീലാന്‍സ് എന്ന സായാഹ്ന പത്രത്തിലായിരുന്നു. പില്‍ക്കാലത്ത് എന്നു നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമ അണിയിച്ചൊരുക്കി പ്രശസ്തനായ ആര്‍.എസ്.വിമലായിരുന്നു അവിടെ ജോസിനു കൂട്ട്. വിമലും ഞങ്ങളുടെ സഹപാഠിയാണ്. ഫ്രീലാന്‍സില്‍ ജോലി ചെയ്യുന്ന കാലത്തായിരുന്നു ശ്രീദേവിയുമായുള്ള ജോസിന്റെ സംഭവബഹുലമായ പ്രണയവിവാഹം. അതിനു കാര്‍മ്മികത്വം വഹിച്ചതും വിമല്‍ തന്നെ. ഫ്രീലാന്‍സില്‍ ഒന്നര വര്‍ഷം ചെലവിട്ട ശേഷം അല്പം കൂടി ‘വലിയ’ പത്രമായ മംഗളത്തിലേക്ക് ജോസ് ചേക്കേറി. ട്രെയ്നി പത്രപ്രവര്‍ത്തകനായുള്ള അവന്റെ ജീവിതം മംഗളത്തില്‍ കഷ്ടിച്ച് നാലു മാസമേ നീണ്ടുള്ളൂ. പ്രതിഫലം തീരെ തുച്ഛമായിരുന്നു എന്നതു തന്നെ കാരണം. അതിനുശേഷം അല്പംകൂടി ഭേദപ്പെട്ട പ്രതിഫലം നല്‍കുന്ന എറണാകുളത്തെ ചില പരസ്യക്കമ്പനികളില്‍ പരസ്യത്തിനുള്ള കോപ്പി എഴുത്തുകാരനായി. പക്ഷേ, ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നന്നേ ബുദ്ധിമുട്ടി. ഭേദപ്പെട്ട ഒരു സ്ഥിര വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 2006ല്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്കു ചുവടുമാറ്റുന്നത്. അത്യദ്ധ്വാനത്തിലൂടെ 2008ല്‍ ബ്രാഞ്ച് മാനേജരായി. കഴിഞ്ഞ 13 വര്‍ഷമായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുകയാണ് ജോസ്. കേരളത്തില്‍ പലയിടത്തും ജോലി ചെയ്തു. ഇപ്പോള്‍ കൊല്ലത്താണ്.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ മാസികയിലൂടെയാണ് ജോസ് എന്ന കവിയുടെ പിറവി. അദ്ധ്യാപകരുടെയും സഹപാഠികളുടെയും പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും പിന്‍ബലത്തില്‍ കവി വളര്‍ന്നു. ആകാശവാണിയിലെ യുവവാണി പരിപാടിയിലേക്ക് ജോസിന്റെ കവിത സ്വീകരിക്കപ്പെടുന്നതാണ് കാവ്യജീവിതത്തിന്റെ അടുത്ത ഘട്ടം. അതിനു കിട്ടിയ പ്രതിഫലം അങ്ങേയറ്റം ആഹ്ളാദവാനാക്കി. ആകാശവാണിയില്‍ നിന്നു കിട്ടിയ ആ ചെക്ക് മാറുന്നതിനാണ് ആദ്യമായി ജോസ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതു തന്നെ. അതോടെ യുവവാണിയില്‍ സ്ഥിരം കവിയായി. ക്രമേണ കവി പതിയെ ആകാശവാണിയിലെ ലളിതഗാന വിഭാഗത്തിലേക്കു കടന്നുകയറി. ജോസിന്റെ പാട്ടുകള്‍ക്ക് എം.ജി.രാധാകൃഷ്ണന്‍, മുരളി സിത്താര, കലവൂര്‍ ബാലന്‍ തുടങ്ങിയവര്‍ ഈണമിട്ടു. പക്ഷേ, പലപ്പോഴും ആകാശവാണിയില്‍ നിന്ന് ചെക്ക് വരുമ്പോഴാണ് തന്റെ പാട്ട് സ്വീകരിക്കപ്പെട്ടുവെന്ന് ജോസ് അറിയുന്നതു തന്നെ. അധികമില്ല, 14 പാട്ടുകള്‍ ജോസിന്റേതായി ആകാശവാണി ലളിതഗാനമായി വന്നിട്ടുണ്ട്. ഇതിലേറ്റവും രസകരം കലവൂര്‍ ബാലന്‍ ഈണം നല്‍കിയ പാട്ടു മാത്രമേ ജോസ് കേട്ടിട്ടുള്ളൂ. ബാക്കിയെല്ലാം സ്വീകരിക്കപ്പെട്ടു എന്നതിനു തെളിവ് ആകാശവാണിയില്‍ നിന്നു കിട്ടിയ അറിയിപ്പും പ്രതിഫലചെക്കും മാത്രം!!

ജോസ് മാനുവല്‍ മോത്ത, പണ്ഡിറ്റ് രമേഷ് നാരായണന്‍, കെ.എസ്.മധുകുമാര്‍

പിന്നെ ചെറിയൊരു ഇടവേളയായിരുന്നു. 1994ല്‍ അമ്മ എന്ന പേരിലൊരു ക്രൈസ്തവ ഭക്തിഗാന കാസറ്റുമായാണ് ജോസിന്റെ തിരിച്ചുവരവ്. അതിലെ ‘പ്രഭാപൂര്‍ണ്ണന്‍ ഈശോ’ എന്ന പാട്ട് വന്‍ ഹിറ്റായിരുന്നു. അങ്ങനെ എഴുത്തിനോടാഭിമുഖ്യം കയറിയിട്ടാണ് ബിരുദപഠനത്തിനു ശേഷം ജേര്‍ണലിസം ക്ലാസ്സിലെത്തിയത്. പക്ഷേ, പാട്ടുകള്‍ക്ക് വീണ്ടും ഇടവേളയായി. പത്രപ്രവര്‍ത്തകനും പരസ്യം എഴുത്തുകാരനുമെല്ലാമായിരുന്ന കാലത്ത് അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകള്‍ നടത്തിയിരുന്നുവെങ്കിലും പാട്ട് മാത്രം അകന്നു നിന്നു. ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിങ് രംഗത്ത് എത്തിയതോടെ എഴുത്ത് തീരെ ഇല്ലാതായി എന്നു തന്നെ പറയാം. ജോസിന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘ഇന്‍ഷുറന്‍സ് കച്ചവടവും എഴുത്തും മോരും മുതിരയും പോലെയാണ്, പരസ്പരം ചേരില്ല!’ എങ്കിലും ഇടയ്ക്ക് ചില ക്രൈസ്തവ ഭക്തിഗാനങ്ങള്‍ എഴുതിയിരുന്നു. ചില ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും ജോസിന്റെ വരികള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രത്യക്ഷപ്പെട്ടു.

എന്തായാലും കഴിഞ്ഞ അഞ്ചു വര്‍ഷമായി ടിയാന്‍ വീണ്ടും എഴുത്തില്‍ സജീവമായിട്ടുണ്ട്. ഇതിനിടെ 2019ല്‍ ഹോമോസാപിയന്‍സ് എന്നൊരു ചെറിയ ചിത്രം എഴുതി സംവിധാനം ചെയ്തു. രാജേഷ് ശര്‍മ്മ മുഖ്യവേഷമണിഞ്ഞ ആ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ജോസ് പാട്ടുകള്‍ എഴുതുന്നുണ്ട്. ആ പാട്ടുകള്‍ക്ക് മനോഹരങ്ങളായ ഈണങ്ങള്‍ വരുന്നു. എല്ലാവരും കേള്‍ക്കുന്നു. പാട്ടുകള്‍ ഹിറ്റാകുന്നു. അതില്‍ ഏറ്റവും പുതിയതാണ് രമേഷ് നാരായണന്‍ പാടിയത്..

ഇനി എങ്ങനെ ഞാനെഴുതും
പ്രണയാർദ്ര മനോഹര ഗാനങ്ങൾ
ഇനി എങ്ങനെ ഞാൻ പാടും
അനുരാഗ സ്വരാമൃതരാഗങ്ങൾ..

ജോസ് നീ എഴുതുക. എഴുതിക്കൊണ്ടേയിരിക്കുക..

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights