Reading Time: 3 minutes

ബിഗ് ബജറ്റ് സിനിമയെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, ബിഗ് ബജറ്റ് നാടകമെന്നു കേള്‍ക്കുന്നത് ആദ്യമായാണ്. അത്തരമൊരെണ്ണം കാണുന്നതും ആദ്യമായി തന്നെ -കുറത്തി. 15 ലക്ഷമാണ് ചെലവ്. വലിയ നാടകങ്ങള്‍ ഇതുവരെ കാണാത്തത് ചിലപ്പോള്‍ എന്റെ പരിമിതി ആയിരിക്കാം. ചില വലിയ നാടകപരീക്ഷണങ്ങള്‍ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം സ്റ്റേജില്‍ കയറിയ സിനിമകളായാണ് തോന്നിയിട്ടുള്ളത്. എന്തായാലും ഈ നാടകം കണ്ട് ഞാന്‍ അന്തംവിട്ടിരുന്നു. വലിയ സ്‌ക്രീനില്‍ ഹോളിവുഡ് പാനരമിക് ആക്ഷന്‍ ത്രില്ലര്‍ കാണുന്ന അനുഭവം. എന്നാല്‍ 101 ശതമാനവും നാടകം!!

പഞ്ചേന്ദ്രിയങ്ങളിലൂടെ കാഴ്ച, കേള്‍വി, രുചി, ഗന്ധം, സ്പര്‍ശം എന്നിവയെല്ലാം അനുഭവിപ്പിക്കുന്നുണ്ട് കുറത്തി. നാടകത്തിലെ ഓരോ മുഹൂര്‍ത്തവും കലാത്മകമാണ്, ഭാവനാത്മകമാണ്. മാന്‍, പാമ്പ് മുതലായ വന്യജീവികള്‍ കഥാപാത്രങ്ങളാണിതില്‍. വെള്ളവും തീയും അസാധാരണ വഴക്കത്തോടെ അരങ്ങില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. മികച്ചൊരു നാടകകാരന് അരങ്ങിന്റെ പരിമിതികള്‍ തടസ്സമല്ല എന്നതിന്റെ പ്രഖ്യാപനം. കളരിയും അമ്പെയ്ത്തുമെല്ലാം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഒടുവില്‍ പ്രളയവും വരുന്നു. ഇതെല്ലാം ഈ നാടകത്തെ സവിശേഷമായ അരങ്ങനുഭവമാക്കില്ലെങ്കിലേ അത്ഭുതമുള്ളൂ. ശക്തം! മനോഹരം!! ശില്പഭദ്രം!!!

ഭൂമിക്കും ജീവജാലങ്ങള്‍ക്കുമായി ഒരു നാടകം. അതിനാല്‍ത്തന്നെ മണ്ണില്‍ ചവിട്ടി നിന്നാണ് നാടകാവതരണം. കഥാപാത്രങ്ങളെല്ലാവരും ശരിക്കും ‘മണ്ണില്‍ ചവിട്ടി’ നില്‍ക്കുന്നവര്‍. അവരിലൂടെ കരുത്തിന്റെയും സൗന്ദര്യത്തിന്റെയും കാവല്‍നില്പിന്റെയും കുറത്തിവഴികള്‍ നമുക്കു മുന്നില്‍ തുറക്കപ്പെടുന്നു. നുണ പറഞ്ഞും ക്രൂരത കാട്ടിയും ജീവജാലങ്ങളെ ആട്ടിയോടിച്ചും ഭരണവര്‍ഗ്ഗം കാടിന്റെയും ഭൂമിയുടെ ആകെയും താളം തെറ്റിക്കുന്നതെങ്ങനെയെന്നു കുറത്തി പറയുന്നു. ആദിവാസികള്‍ സ്വന്തം തോല്‍വി അറിഞ്ഞു കൊണ്ടു തന്നെ നടത്തുന്ന പോരാട്ടത്തിന്റെ കഥ -അതാണ് കുറത്തി. ‘ഞങ്ങള്‍ തോല്‍ക്കുമ്പോള്‍ ഭൂമിയും കാടും മരങ്ങളുമെല്ലാം തോല്‍ക്കും’ എന്നവര്‍ നാടകത്തില്‍ വിളിച്ചുപറയുന്നുണ്ട്.

മഹാഭാരത കഥയെ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ സര്‍ഗ്ഗാത്മകമായി പുനരാവിഷ്‌ക്കരിക്കുകയാണ് കുറത്തി. പ്രാചീന കഥാസന്ദര്‍ഭങ്ങളെ സമകാലിക സമൂഹജീവിതവുമായി ഇണക്കുമ്പോള്‍ സവിശേഷമായ ചിന്ത ഉണരുന്ന രീതിയിലാണ് അവതരണം. ആദിമനിവാസികളും വനത്തിലെ ജീവജാലങ്ങളും അധികാരമുള്ളവരുടെ കൊടുംക്രൂരതകള്‍ക്കു വിധേയമാകുന്നതും പ്രകൃതിയുടെ താളം തെറ്റുന്നതുമാണ് കൈകാര്യം ചെയ്യുന്ന വിഷയം. അകാരണമായ ആക്രമണങ്ങള്‍ക്ക് പ്രകൃതിയും കാടിന്റെ മക്കളും വിധേയമാകേണ്ടി വരുമ്പോള്‍ നുണകളാല്‍ എല്ലാം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗ്ഗം പ്രതിസ്ഥാനത്താണ്. അതിനാല്‍ത്തന്നെ നമുക്ക് പരിചിതമായ ചില നായകവേഷങ്ങള്‍ക്ക് ഇവിടെ വില്ലന്‍ പ്രഭാവമാണ്. അതു സ്വാഭാവികം.

അരക്കില്ലം കത്തിയപ്പോള്‍ കുന്തിയും 5 മക്കളും രക്ഷപ്പെട്ടതിനെക്കുറിച്ച് എല്ലാവരും ആശ്വസിച്ചു, ചര്‍ച്ച ചെയ്തു. എന്നാല്‍, അവര്‍ തന്ത്രപൂര്‍വ്വം അരക്കില്ലത്തിനു തീയിട്ടപ്പോള്‍ നിരപരാധികളായ വേടത്തിയും അവര്‍ക്കൊപ്പമെത്തിയ 5 യുവാക്കളും വെന്തുമരിച്ചതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. അവരെക്കുറിച്ച് ആരും ചര്‍ച്ച ചെയ്തില്ല. ചതിക്കുഴികള്‍ മുകളിലേക്കുള്ള ചവിട്ടുപടികളാണ് എന്നാണ് നാടകം പറഞ്ഞുവെയ്ക്കുന്നത്. നുണ പറയാന്‍ വേണ്ടി കൊല്ലുക, കൊല്ലാന്‍ വേണ്ടി നുണ പറയുക എന്ന ഭരണവര്‍ഗ്ഗ ആപ്തവാക്യം നമുക്കു നേരെ പിടിച്ച കണ്ണാടിയില്‍ തെളിയുമ്പോള്‍ വല്ലാത്തൊരു വികാരത്തള്ളിച്ച ഓരോ പ്രേക്ഷകനും അനുഭവിക്കുന്നുണ്ട്. നാടകം അനുഭവിപ്പിക്കുന്നുണ്ട്. കാടിന്റെ നിര്‍ദോഷമായ വന്യതയും നാഗരികതയുടെ സംഹാരോന്മുഖമായ കുടിലതയും അരങ്ങില്‍ ഒരേ സമയം നമുക്ക് കാണാം.

കുറത്തിയിലെ ഹിഡുംബി ഭീമനെ പ്രണയിച്ചവളല്ല, ഭീമനാല്‍ കീഴ്‌പ്പെടുത്തപ്പെട്ടവളാണ്. പിച്ചിച്ചീന്തപ്പെട്ടവളാണ്. മനുഷ്യമനസ്സിലെ സര്‍വ്വരൗദ്രതയും പ്രകടമാക്കുന്ന ഈ രംഗത്തിന് നാടകത്തില്‍ വല്ലാത്തൊരു മനോഹാരിതയുണ്ട്. അതോ ദൈന്യതയോ? കൊല്ലും കൊല്ലാക്കൊലയും മുഖമുദ്രയാക്കിയ ഭരണവര്‍ഗ്ഗം കാടുകയറി കീഴ്‌പ്പെടുത്തി നശിപ്പിക്കുന്ന കഥ മഹാഭാരതത്തില്‍ നിന്നല്ല, ആധുനിക ഭാരതത്തില്‍ നിന്നു തന്നെയാണ്. കൊട്ടാരം പണിയാന്‍ പാണ്ഡവര്‍ ആദിമനിവാസികളെ ഒഴിപ്പിക്കുന്നതു തന്നെ ഉദാഹരണം. അതു തടയാന്‍ ശ്രമിക്കുന്ന ഹിഡുംബി പറയുന്നത് ‘ഭൂമി ഞങ്ങളുടേതോ നിങ്ങളുടേതോ മാത്രമല്ല, ദശലക്ഷക്കണക്കായ ജീവജാലങ്ങളുടേതുമാണ്’ എന്നാണ്. ഇപ്പോഴും നമ്മുടെ നാട്ടില്‍ പലയിടത്തും മുഴങ്ങിക്കേള്‍ക്കുന്ന വാക്കുകള്‍.

അച്ഛന്‍ എഴുതിയ നാടകം മകന്‍ അരങ്ങിലെത്തിച്ചിരിക്കുന്നു. മറിമാന്‍കണ്ണി എന്ന നാടകത്തിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ, പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ ഡോ.എം.എന്‍.വിനയകുമാറാണ് നാടകകൃത്ത്. നാടകത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ മകന്‍ അഭിമന്യുവാണ് സംവിധായകന്‍. അഭിമന്യു സംവിധാനം ചെയ്ത മറിമാന്‍കണ്ണി, യമദൂത് എന്നീ നാടകങ്ങള്‍ ഡല്‍ഹി അന്താരാഷ്ട്ര നാടകോത്സവം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന മേളകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. യമദൂത്, മെറൂണ്‍ എന്നീ നാടകങ്ങള്‍ ഇന്ത്യയ്ക്കു പുറത്തും അവതരിപ്പിച്ചു.

നവീന നാടകാവതരണ സാങ്കേതികരീതികള്‍ ഉപയോഗിക്കുകയും വിട്ടുവീഴ്ചയില്ലാത്ത അവതരണസമ്പ്രദായം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് കുറത്തി. 25 പേരടങ്ങുന്ന സംഘമാണ് കുറത്തിയുടെ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിക്കുന്നത്. ആദിവാസി കലാരൂപങ്ങളും പാട്ടുകളും മനോഹരമായി ഇഴചേര്‍ത്തിരിക്കുന്നു. നാടകസങ്കേതത്തിന്റെ അനന്തസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ശബ്ദവിനിമയവും പുതിയ ദീപവിതാന വിദ്യയും പ്രൊജക്ടറിന്റെ സവിശേഷമായ ഉപയോഗവും എടുത്തു പറയേണ്ടതാണ്. തോല്‍പ്പാവക്കൂത്തിനെയും നാടകത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

പഴയകാലങ്ങളിലേതു പോലെ 3 ഭാഗങ്ങളില്‍ വിന്യസിക്കുന്ന ഗ്യാലറി ഇരിപ്പിടത്തോടെ സാന്‍ഡ്വിച്ച് തിയേറ്റര്‍ സമ്പ്രദായമാണ് അവതരണത്തിന് സ്വീകരിച്ചിട്ടുള്ളത്. തൃശൂര്‍ ജനഭേരിയുടേതാണ് നാടകം. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ഇമാജിനേഷന്‍ ക്യൂറേറ്റീവ് ആണ് തിരുവനന്തപുരത്ത് എത്തിച്ചത്.

മണ്ണും മരവും വെള്ളവും വായുവും തീയുമെല്ലാം മനുഷ്യര്‍ക്കൊപ്പം നാടകമാകുന്ന അനുഭവം -കുറത്തി വലിയൊരു പരീക്ഷണമാണ്. അത് വിജയിക്കണം. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ മാത്രമേ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ കലാകാരന്മാര്‍ക്ക് ധൈര്യമുണ്ടാവുകയുള്ളൂ. അത്തരമൊരു അംഗീകാരം ഈ നാടകം അര്‍ഹിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ട നാടകങ്ങളില്‍ ഏറ്റവും മികച്ചതാണ് കുറത്തി എന്ന് പറയാന്‍ ഒരു സാദാ നാടകാസ്വാദകന്‍ എന്ന നിലയില്‍ എനിക്കൊരു മടിയുമില്ല. പല നാടകങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രമേയപരമായും അവതരണപരമായും ഒരേസമയം കുറത്തി മികച്ചുനില്‍ക്കുന്നു.

നാടകാവതരണത്തിനു ശേഷം അഭിമന്യു സംസാരിക്കുന്നു. ഡോ.എം.എൻ.വിനയകുമാർ സമീപം

അരങ്ങില്‍: സമുദ്ര രജിത്, അജിത് കണ്ണന്‍, രാഗ്, രാംകുമാര്‍, മാസ്റ്റര്‍ വസിഷ്ഠ്, സുമേഷ് മണിത്തറ, പ്രിയ ശ്രീജിത്ത്, ശ്രീകാന്ത് ശങ്കര്‍, ദേവനാരായണന്‍, രാകേഷ് പല്ലിശ്ശേരി, രോഷിന്‍ പോള്‍, സുജാത ജനനേത്രി, കെ.ടി.ചന്ദ്രന്‍, മഹേഷ്, ബെന്നി, അജയ്, സുനില്‍, ശ്രീക്കുട്ടന്‍, ജിതിന്‍

സ്‌റ്റേജ് മാനേജര്‍: മഹി അഘോര
നിര്‍മ്മാണ നിയന്ത്രണം: രാജേഷ്
സാങ്കേതിക സംവിധാനം: അലിയാര്‍ അലി
കലാസംവിധാനം: രാജീവ് മുളക്കുഴ
കല നിര്‍വ്വഹണം: രഞ്ജിത്
വസ്ത്രാലങ്കാരം: സ്റ്റാനു സ്റ്റാലിന്‍
ദീപവിതാനം: ജോസ് കോശി
ദീപ നിയന്ത്രണം: സുനീഷ്
സംഗിതസംവിധാനം: സുദീപ് പലനാട്
സംഗീത നിര്‍വ്വഹണം: സാജന്‍

രചന: ഡോ.എം.എന്‍.വിനയകുമാര്‍
രൂപകല്പന, സംവിധാനം: അഭിമന്യു വിനയകുമാര്‍

Previous articleസ്‌നേഹത്തിന്റെ താജ്മഹല്‍ പൊളിക്കാതെ കാക്കണേ..
Next articleഇങ്ങനെയും നികുതി പിരിക്കാം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here