ഒപ്പം നടന്നിരുന്ന ഒരു കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോവുക. ആ പോക്കു കണ്ട് ബാക്കിയുള്ളവര്‍ അന്തംവിട്ടു നില്‍ക്കുക. അസൂയയോടെ നോക്കുക, തങ്ങള്‍ക്കു വളരാനാവാത്തതില്‍ നിരാശരാവുക. അവന്റെ വീഴ്ചയ്ക്കായി കാത്തിരിക്കുക. വീഴുമ്പോള്‍ സന്തോഷിക്കുക. ഇത് സ്ഥിരം തിരക്കഥ.
എന്നാല്‍, ഞങ്ങളുടെ കഥയില്‍ ഇതിന്റെ ആദ്യ ഭാഗം മാത്രം ശരിയാണ്. ഒപ്പം നടന്നിരുന്ന കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോയി. ആ പോക്കുകണ്ട് ബാക്കിയുള്ള ഞങ്ങള്‍ അന്തംവിട്ടു നിന്നു. ഇതു വരെ തിരക്കഥ സാധാരണ സംഭവിക്കാറുള്ളതു തന്നെ. ഇന്റര്‍വെല്ലിനു ശേഷമുള്ള ഭാഗം വ്യത്യസ്തമാണ്.
കൂട്ടുകാരന്റെ വളര്‍ച്ചയില്‍ ഞങ്ങള്‍ക്ക് അസൂയയുണ്ടായില്ല. മറിച്ച് അതില്‍ അഭിമാനിച്ചു. വളര്‍ച്ച നേടിയവന്‍ ഞങ്ങളുടെ കൂട്ടുകാരനാണെന്ന് തലയുയര്‍ത്തി, നെഞ്ചുവിരിച്ചു പറഞ്ഞു. ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു.
മറുഭാഗത്ത് ഉയരങ്ങളിലേക്കു പോയ കൂട്ടുകാരനോ? അവന്‍ താഴെയുള്ള ഞങ്ങളെ മറന്നില്ല. ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും ഞങ്ങളുടെ നേര്‍ക്കുള്ള നോട്ടം മാറ്റിയില്ല. ഇടയ്ക്ക് അവനൊപ്പം അങ്ങോട്ടു വിളിച്ചു കൊണ്ടുപോയി. ഭൂരിഭാഗം സമയങ്ങളിലും അവന്‍ ഞങ്ങള്‍ക്കിടയിലേക്കിറങ്ങി വന്നു. ഇന്നവന്‍ സൂപ്പര്‍ താരമാണ്, ധാരാളം ആരാധകരുള്ള പ്രശസ്തന്‍. നിമിഷങ്ങള്‍ക്കു പോലും വന്‍വിലയാണ്. പക്ഷേ, ഞങ്ങള്‍ക്കിടയില്‍ അവന്‍ ഞങ്ങളിലൊരാള്‍ മാത്രമാണ്. ആ പഴയ കൂട്ടുകാരന്‍.
ആ കൂട്ടുകാരന്റെ വിജയം ആഘോഷിക്കാന്‍ കൂട്ടുകാരും കുടുംബാംഗങ്ങളും ഒത്തുകൂടി. എല്ലാ തിരക്കുകളും മാറ്റിവെച്ച് ആ താരം മണ്ണിലേക്കിറങ്ങി വന്നപ്പോള്‍ പിറന്നത് അവിസ്മരണീയമായ സായാഹ്നം. താരം തന്നെയായിരുന്നു ആതിഥേയന്‍.
ഉയരങ്ങളിലേക്കു കയറിപ്പോയ കൂട്ടുകാരന്റെ പേര് ആര്‍.എസ്.വിമല്‍. അവന്റെ വിജയത്തില്‍ ആഹ്ലാദിക്കുന്നവരില്‍ മുന്നിലുള്ളത് എനിക്കൊപ്പം മോഹന്‍ നായര്‍, ബി.എസ്.ഉണ്ണികൃഷ്ണന്‍, സുധ ഗോപിനാഥ്, മാനുവല്‍ ജോര്‍ജ്ജ്, ബി.എസ്.രാജേഷ്, ജോസ് മോത്ത, ലക്ഷ്മി സി.പിള്ള, നെവിന്‍ ജോണ്‍ തുടങ്ങിയവര്‍. ഇതില്‍ തിരുവനന്തപുരത്തിനു പുറത്തുള്ള ഉണ്ണി, മനു, ലക്ഷ്മി, നെവിന്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈ കൂട്ടില്‍ പങ്കുചേരാനായില്ല. അതില്‍ വിഷമമുണ്ടെങ്കിലും അടുത്തതവണ നിങ്ങളെയും കൂടി പ്രതീക്ഷിക്കുന്നു.
ഹാജര്‍ പട്ടിക:
വിമല്‍, ഭാര്യ നിജു, മകള്‍ അദ്വൈത, നിജുവിന്റെ സഹോദരി ഷിനു.
മോഹന്‍, ഭാര്യ ആര്യ, മകന്‍ ആദിത്യ.
സുധ, മക്കളായ ഗിരി, ആദി, സുധയുടെ സഹോദരി സുമയുടെ മകന്‍ മുകുന്ദ്.
കുടുംബമില്ലാതെ ഏകരായി ജോസും രാജേഷും.
പിന്നെ ഞാന്‍, ദേവു, കണ്ണന്‍.
ശരിക്കും ഞങ്ങള്‍ മതിമറന്നാഹ്ലാദിച്ചു. പരസ്പരം കാലുവാരി. കളിയാക്കി. പിണക്കം അഭിനയിച്ചു. അക്ഷരാര്‍ത്ഥത്തില്‍ 19 വര്‍ഷം മുമ്പുള്ള ജേര്‍ണലിസം ക്ലാസ്മുറി. ഞങ്ങളുടെ ബഹളം കണ്ട് കുടുംബാംഗങ്ങള്‍ ആദ്യം അന്തംവിട്ടിരുന്നു. പിന്നീട് അവരും പങ്കുചേര്‍ന്നു.
ഈ മനോഹര സായാഹ്നം ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും. ഇതുപോലെ ഞങ്ങളെ ഇനിയും വിളിച്ചുചേര്‍ക്കാന്‍ വിമലിന് അവസരങ്ങളുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
നീ പൊളിക്ക് ബ്രോ!! പൊളിച്ചടുക്ക്!!!