കോപ അമേരിക്ക ഒന്നാം സെമി.
അര്‍ജന്റീന -അമേരിക്ക മത്സരം.
കളിയില്‍ മിനിറ്റ് നമ്പര്‍ 31.
പന്തുമായി അമേരിക്കന്‍ ബോക്‌സിലേക്കു കയറാനൊരുങ്ങുന്ന ലയണല്‍ മെസ്സിലെ അമേരിക്കന്‍ താരം വൊണ്‍ഡലോവ്‌സ്‌കി വീഴ്ത്തുന്നു.
മഞ്ഞക്കാര്‍ഡിന് അര്‍ഹതയുള്ള ഫൗള്‍.
പോസ്റ്റിന് 24 വാര അകലെ ഫ്രീകിക്ക്.
പന്തിനു പിന്നില്‍ ലയണല്‍ മെസ്സി.
ഇടംകാലനടി അമേരിക്കന്‍ മതിലിനു മുകളിലൂടെ കറങ്ങിത്തിരിഞ്ഞ് പോസ്റ്റിന്റെ വലതുമൂലയില്‍.
ഗോള്‍….
മിനിറ്റ് നമ്പര്‍ 32 ഇനി ചരിത്രം.
അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇനി മെസ്സിക്ക് സ്വന്തം -55 ഗോള്‍.
ബാറ്റി ഗോള്‍ എന്ന ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട വഴിമാറി.
അമേരിക്കയ്‌ക്കെതിരായ സെമിയില്‍ പകുതി സമയത്ത് അര്‍ജന്റീന 2-0ന് മുന്നില്‍.
മൂന്നാം മിനിറ്റില്‍ തന്നെ അവര്‍ അക്കൗണ്ട് തുറന്നു.
കോര്‍ണറില്‍ നിന്നു വന്ന പന്ത് തട്ടിക്കളിച്ച് ഒടുവിലെത്തിയത് മെസ്സിയുടെ കാലില്‍.
മെസ്സി കോരിയിട്ട പന്ത് എസക്വല്‍ ലവെസ്സിയുടെ തലയില്‍.
മനോഹരമായൊരു ഹെഡ്ഡര്‍ ഗോള്‍.
കോപ്പയില്‍ ഗോള്‍ അസിസ്റ്റുകളുടെ സ്വന്തം റെക്കോഡ് 1 കൂടി ചേര്‍ത്ത് മെസ്സി 10 ആക്കി.
കളിയുടെ 50, 86 മിനിറ്റുകളില്‍ അമേരിക്കയുടെ വല കുലുങ്ങി.
രണ്ടു തവണയും ഗോണ്‍സാലോ ഹിഗ്വെയ്‌ന്റെ കാലുകള്‍ക്ക് ഉത്തരവാദിത്വം.
അവസാന ഗോള്‍ ഹിഗ്വെയ്‌ന്റെ പേരിലാണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അതൊരു മെസ്സി ഗോള്‍.
പന്തുമായി ഒറ്റയ്ക്കു മുന്നേറി സ്വയം ഗോളടിക്കാനവസരമുണ്ടായിട്ടും അവസാന നിമിഷം അത് വലത്തുഭാഗത്തുള്ള ഹിഗ്വെയ്‌ന് മിശിഹ തളികയിലെന്ന വണ്ണം നീക്കിക്കൊടുത്തു.
ഗോള്‍ അസിസ്റ്റുകളുടെ എണ്ണം 11.
അന്തിമഫലം 4-0.
അമേരിക്കക്കാര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
അര്‍ജന്റീന കോപ അമേരിക്ക ഫൈനലിലെത്തുന്നത് അഞ്ചാം തവണ.
അവര്‍ അവസാനം ജേതാക്കളായത് 1993ല്‍.