2022 ഫുട്ബോൾ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്ക് ജീവന്മരണ പോരാട്ടത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. മത്സരത്തിൽ ജയിച്ചില്ലെങ്കിൽ ഡെന്മാർക്ക് പുറത്താകുമെന്നതായിരുന്നു സ്ഥിതി. എന്നാൽ, അവർ 1-0ന് തോറ്റു.
ആദ്യ 2 കളികളും ജയിച്ച ഫ്രാൻസ് 6 പോയിൻറുമായി പ്രി ക്വാർട്ടർ ഉറപ്പിച്ചിരുന്നു. അവസാന മത്സരത്തിനിറങ്ങുമ്പോൾ 3 പോയിൻറുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തായിരുന്നു. ഡെന്മാർക്കിനെതിരെ നേടിയ 3 പോയിൻറ് കൂടി ചേർന്നപ്പോൾ അവരുടെയും സമ്പാദ്യം 6 പോയിൻറായി. ഡെന്മാർക്കിൻറെ സമ്പാദ്യം ടൂണിഷ്യയുമായുള്ള സമനിലയിലൂടെ നേടിയ 1 പോയിൻറ് മാത്രം. എന്നാൽ, തങ്ങളുടെ അവസാന മത്സരത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസിനെ 1-0ന് അട്ടിമറിച്ച ടുണീഷ്യ ഏവരെയും ഞെട്ടിച്ചു. അവർക്ക് 4 പോയിൻറുകൾ ലഭിച്ചുവെങ്കിലും മുന്നോട്ടു നയിക്കാൻ പര്യാപ്തമായിരുന്നില്ല. ഡെന്മാർക്കിനൊപ്പം അവരും നാട്ടിലേക്കു മടങ്ങും. മികച്ച ഗോൾ ശരാശരിയുടെ പേരിൽ ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഓസ്ട്രേലിയ രണ്ടാം സ്ഥാനക്കാരായി പ്രി -ക്വാർട്ടറിൽ കടന്നു.
ഡെന്മാർക്ക് -ഓസ്ട്രേലിയ മത്സരം കാണുകയായിരുന്നു. വളരെ ശാന്തരായി തന്നെ ഡെന്മാർക്ക് കളിച്ചു. എറിക്സൻ അടക്കമുള്ള താരങ്ങൾ വാശി കൈവിട്ടില്ലെങ്കിലും ഒപ്പം മാന്യതയെ മുറുക്കിപ്പിടിച്ചു. അവർക്ക് അങ്ങനെയാകാനേ കഴിയൂ. 2003 ഫെബ്രുവരി 1ന് ഇറാനെതിരെ നടന്ന ഡെന്മാർക്കിൻറെ മത്സരം ഓർമ്മവരുന്നു. കളിക്കളത്തിലെ മാന്യതയുടെ പേരിൽ ഒരു പെനാൽറ്റി നഷ്ടമാക്കി തോൽവി ഏറ്റുവാങ്ങിയ ഡെന്മാർക്കിൻറെ കഥ.
ഹോങ്കോങ്ങിൽ കാൾസ്ബർഗ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻറെ സെമിഫൈനൽ. മത്സരം പൊടിപാറുമ്പോൾ കളത്തിൽ തലങ്ങും വിലങ്ങും വിസിൽ മുഴങ്ങുകയാണ്. പലതും ഗാലറിയിൽ നിന്ന്. അത്തരമൊരു വിസിൽ കേട്ട് ഇറാൻറെ പ്രതിരോധനിര താരം പെനാൽറ്റി ബോക്സിൽ പന്ത് കൈകൊണ്ടെടുത്തു. റഫറിയുടെ ഹാഫ് ടൈം വിസിലാണ് മുഴങ്ങിയതെന്നു തെറ്റിദ്ധരിച്ചായിരുന്നു അദ്ദേഹത്തിൻറെ നടപടി. എന്നാൽ ഇതു കണ്ട റഫറി ഇറാനെതിരെ പെനാൽറ്റി വിധിച്ചു. ഇറാൻ ടീം വലിയ രീതിയിൽ പ്രതിഷേധിച്ചിട്ടും റഫറി വഴങ്ങിയില്ല.
മോർട്ടൻ വിഗോഴ്സ്റ്റ് ആയിരുന്നു ആ പെനാൽറ്റി എടുക്കേണ്ടിയിരുന്നത്. കിക്കെടുക്കുന്നതിനു മുമ്പ് സൈഡ് ലൈനിൽ തൻറെ കോച്ച് മോർട്ടൻ ഓൾസനരികിലേക്ക് ഓടിയെത്തി അദ്ദേഹത്തിൻറെ ചെറിയൊരു കൂടിയാലോചന. പെനാൽറ്റി സ്പോട്ടിൽ തിരിച്ചെത്തി വിഗോഴ്സ്റ്റ് എടുത്ത കിക്ക് ചരിത്രത്തിലേക്കാണ് പറന്നുയർന്നത്. അനർഹമായി തങ്ങൾക്കു ലഭിച്ച പെനാൽറ്റി അദ്ദേഹം വലത്തേ പോസ്റ്റിനു വെളിയിലേക്ക് ഉരുട്ടിയടിച്ചു കളഞ്ഞു.
കളി കഴിഞ്ഞപ്പോൾ കാണികൾ ഒന്നടങ്കവും ഇറാൻ ടീമും ഡെന്മാർക്കുകാരെ എഴുന്നേറ്റു നിന്ന് കൈയടിച്ച് അഭിനന്ദിച്ചു. സ്പോട്സ്മാൻ സ്പിരിറ്റിന് ഇതിലും ഉദാത്തമായ ഉദാഹരണം അപൂർവ്വം തന്നെയാണ്. ആ കളിയിൽ ഡെന്മാർക്ക് 0-1ന് ഇറാനോട് തോറ്റു എന്നുകൂടി പറയണം. അതും ഒരു പെനാൽറ്റി ഗോളിന്. ജവാദ് നെകൂനം ആയിരുന്നു സ്കോറർ.
പക്ഷേ, ഫൈനലിൽ ഉറുഗ്വായോട് തോല്ക്കാനായിരുന്നു ഇറാൻറെ വിധി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിലായിരുന്നു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടില്‍ തന്നെ ഇറാൻ തോറ്റു, 2-4ന്.
മോർട്ടൻ വിഗോഴ്സ്റ്റിൻറെ ആ ചരിത്ര പെനാൽറ്റി അദ്ദേഹത്തിന് ഒളിമ്പിക് കമ്മിറ്റി ഫെയർ പ്ലേ അവാർഡ് നേടിക്കൊടുത്തു. 2003ലെ ഡാനിഷ് പ്ലെയർ ഓഫ് ദ ഇയറും മറ്റാരുമായിരുന്നില്ല.
വിഗോഴ്സ്റ്റ് ഈ ലോകകപ്പിലും ഡെന്മാർക്ക് ടീമിനൊപ്പമുണ്ടായിരുന്നു, അസിസ്റ്റൻറ് കോച്ച് എന്ന നിലയിൽ!!!