ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ
പ്രാകൃതയുഗ മുഖച്ഛായകളേ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളും ഒരുപോലെ..
ഞാന്‍ ഒരു സജീവ ഓൺലൈൻ എഴുത്താളനായി പരിണാമം പ്രാപിച്ചിട്ട് അധികകാലമായിട്ടില്ല. ഔദ്യോഗിക തിരക്കുകള്‍ ഏതാണ്ടില്ല എന്നു തന്നെ പറയാവുന്ന കാലത്ത് ക്രിയാത്മകമായി ചെയ്യാവുന്ന പല കാര്യങ്ങളിലൊന്നാണ് ഈ ‘ഡയറി’എഴുത്ത് എന്നതിനാല്‍ അതിലേക്കു തിരിഞ്ഞുവെന്നേയുള്ളൂ. വെബ്സൈറ്റിൽ എഴുതുന്നത് പിന്നീട് ഫേസ്ബുക്കിലും ഗൂഗിൾ പ്ലസ്സിലും ട്വിറ്ററിലും ലിങ്ക്ഡിന്നിലും വാട്ട്സാപ്പിലുമെല്ലാം പങ്കിടാറുണ്ട്.
എന്റെ കുറിപ്പുകളില്‍ എന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കൂടുന്നതായി ഒരു സുഹൃത്ത് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടി. അതു കണ്ടപ്പോഴാണ് മുകളില്‍ കുറിച്ച പഴയ സിനിമാപ്പാട്ട് ഓര്‍മ്മവന്നത്. ‘ഞാന്‍’ എന്ന ഭാവം എന്നെ കീഴടക്കിയോ? എന്റെ കുറിപ്പുകള്‍ ആത്മപ്രശംസ എന്ന തലത്തിലേക്ക് വളരുന്നുവോ അഥവാ തരംതാഴുന്നുവോ എന്ന സംശയം ഉയരുന്നു. തന്നെപ്പുകഴ്ത്തുന്ന പൊണ്ണപ്പോഴന്‍!! സ്വയം ഒരു വിലയിരുത്തലിന് സമയമായെന്നു തോന്നുന്നു.
ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാര്‍ത്തകളുടെ ലോകത്ത് വിഹരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് ഞാന്‍. ഇപ്പോള്‍ സജീവ മാധ്യമപ്രവര്‍ത്തനത്തില്‍ നിര്‍ബന്ധിത ഇടവേള ആയതിനാല്‍ വാര്‍ത്താസമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നില്ല എന്നേയുള്ളൂ. പ്രത്യേകിച്ച് ശ്രമമൊന്നും കൂടാതെ എനിക്കു ലഭിക്കുന്ന ചെറിയ വിവരങ്ങള്‍ ഞാന്‍ എന്റേതായൊരു ചുമരുണ്ടാക്കി എഴുതിയിടുന്നു. ഒരു ആവേശത്തിന്റെയോ ആഗ്രഹത്തിന്റെയോ പുറത്ത് ചില വിവരങ്ങള്‍ തേടിപ്പിടിക്കാറുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. ഇത്തരം കുറിപ്പുകളെ ചില സുഹൃത്തുക്കള്‍ വാര്‍ത്തയായി തന്നെ കാണുന്നു. അങ്ങനെ കാണുന്നവര്‍ക്ക് എന്റെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കേണ്ടതുണ്ട് എന്ന ചിന്ത വരുന്നു. ആ ചിന്ത തെറ്റാണെന്നു പറയുന്നില്ല. പക്ഷേ, എനിക്ക് എന്റേതായ ന്യായീകരണമുണ്ട്.
In literature there is a device called MONOLOGUE. Monologue comes from Greek. Monos means alone and logos means speech. It is the speech or verbal presentation that a single character presents in order to express his or her collection of thoughts and ideas aloud. Often this character addresses directly to audience or another character. Monologues are found in the dramatic media like films, plays and also in non-dramatic medium such as poetry. Here I am using monologue in the written form addressing my friends. In a monologue, I am the central character. I can’t help it.
ഈ വിശദീകരണത്തിനു തുടര്‍ച്ചയായി ഒരു അഭ്യര്‍ത്ഥനയുണ്ട് -ദയവായി വാര്‍ത്തയെയും വെബ്‌സൈറ്റിലെ പോസ്റ്റിനെയും വേര്‍തിരിച്ചു കാണണം. വാര്‍ത്ത വസ്തുനിഷ്ഠമാണ്. അത് ഏതെങ്കിലും വാര്‍ത്താമാധ്യമത്തിലാണ് വരുന്നത്. അല്ലാതെയുള്ള കുറിപ്പുകള്‍ വ്യക്തിനിഷ്ഠമാണ്. അത് വെബ്‌സൈറ്റിലായാലും ഫേസ്ബുക്കിലായാലും.
Post is subjective.
News is always objective.
വാര്‍ത്തയില്‍ ഒരിക്കലും വ്യക്തിനിഷ്ഠമായ അഭിപ്രായങ്ങള്‍ കടന്നുവരില്ല. കടന്നുവരാന്‍ പാടില്ല. വസ്തുതകള്‍ അവയുടെ പ്രാധാന്യമനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ അടുക്കിവെയ്ക്കുന്നതാണ് വാര്‍ത്ത. വാര്‍ത്തയ്ക്കാധാരമായ വസ്തുതയെപ്പറ്റി ഒരു വ്യക്തിക്കുള്ള അഭിപ്രായം രേഖപ്പെടുത്തുന്നതാണ് പോസ്റ്റ്. പോസ്റ്റ് തീര്‍ത്തും വ്യക്തിപരമായ നിലപാടാണ്. വാര്‍ത്തയെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുടെ നിലപാട് പ്രശ്‌നമല്ല. അയാള്‍ ഒരു സംഘടനയുടെ മുഖപത്രത്തിന്റെ ഭാഗമാകാത്തിടത്തോളം വാര്‍ത്തയ്ക്കു നിറമില്ല. ദേശാഭിമാനിയോ വീക്ഷണമോ ജന്മഭൂമിയോ ജനയുഗമോ പോലുള്ള മുഖപത്രത്തിലാണെങ്കില്‍പ്പോലും ലേഖകന്റെ വ്യക്തിപരമായ നിലപാടിനല്ല മറിച്ച് സംഘടനയുടെ അഭിപ്രായത്തിനാണ് സ്ഥാനം.
ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാര്‍ത്ത കൈകാര്യം ചെയ്യുമ്പോള്‍ അവിടെ ശ്യാംലാല്‍ എന്ന വ്യക്തിക്കു സ്ഥാനമില്ല. മാതൃഭൂമിയാകട്ടെ, ഇന്ത്യാവിഷനാകട്ടെ, കലാകൗമുദിയാകട്ടെ ഏതു മാധ്യമത്തിനു വേണ്ടിയാണോ എഴുതുന്നത് അല്ലെങ്കില്‍ വാര്‍ത്ത തയ്യാറാക്കുന്നത്, ആ മാധ്യമത്തിന്റെ മുഖമായിരിക്കും ശ്യാംലാലിന്. വി.എസ്.ശ്യാംലാല്‍ എന്ന ബൈലൈന്‍ ചിലപ്പോള്‍ ഉണ്ടാവുമെന്നു മാത്രം. പക്ഷേ, സമൂഹമാധ്യമത്തിലോ വെബ്സൈറ്റിലോ എഴുതുമ്പോള്‍ എനിക്ക് അത്തരം നിയന്ത്രണങ്ങളില്ല. അവിടെ ശ്യാംലാലിന് എന്റെ മുഖമാണ്. അതായത്, സൈറ്റിലെയും സമൂഹമാധ്യമങ്ങളിലെയും പോസ്റ്റുകള്‍ തീര്‍ത്തും വ്യക്തിപരമാണെന്നര്‍ത്ഥം. വ്യക്തികള്‍, വസ്തുതകള്‍, വാര്‍ത്തകള്‍ എന്നിവയുമായെല്ലാം സൈറ്റിലെ കുറിപ്പിന് ബന്ധമുണ്ടാകാമെങ്കിലും അതില്‍ വ്യക്തിപരമായ അന്തര്‍ധാരയുണ്ട്. ഇവിടെ പ്രതിഫലിക്കുന്നത് ശ്യാംലാല്‍ എന്ന വ്യക്തിയുടെ സ്വന്തം നിലപാടുകളാണ്. ചിലപ്പോള്‍ അതിനു പക്ഷമുണ്ടാവാം. ചിലപ്പോള്‍ ഒരു പക്ഷവുമില്ലാതെയുമിരിക്കാം.
ഫേസ്ബുക്ക് പൊലുള്ള സമൂഹമാധ്യമങ്ങളിലും എന്റേതു പോലുള്ള വെബ്‌സൈറ്റിലും ബ്ലോഗിലുമെല്ലാം എഴുതുന്നവര്‍ വ്യക്തിപരമായിത്തന്നെയാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്റെ സുഹൃത്തുക്കളായ പല മാധ്യമപ്രവര്‍ത്തകരും അവരുടെ രാഷ്ട്രീയ നിലപാടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ അവരാരും തന്നെ തങ്ങളുടെ തൊഴിലിടത്തില്‍ ആ രാഷ്ട്രീയനിലപാട് പുലര്‍ത്താറില്ല. അവിടെ വാര്‍ത്തയുടെ ശരിതെറ്റുകള്‍ മാത്രമേ പരിഗണിക്കാറുള്ളൂ. വ്യക്തമായ രാഷ്ട്രീയമുള്ള മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷതയുടെ മുഖംമൂടി അണിയുന്നു എന്ന് ചിലരൊക്കെ വിമര്‍ശിച്ചു കാണാറുണ്ട്. വാര്‍ത്തയ്ക്കാണ് പക്ഷമില്ലാത്തത്, വ്യക്തിക്ക് പക്ഷമുണ്ട് എന്നാണ് ആ വിമര്‍ശത്തിന് എനിക്കു നല്‍കാനുള്ള മറുപടി. എന്റെ കണ്ണിലൂടെ കാണുന്ന വസ്തുതകള്‍ ഞാന്‍ സൈറ്റിലും സമൂഹമാധ്യമങ്ങളിലും കുറിച്ചിടുന്നു. എന്റെ കാഴ്ചകള്‍ നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നു.
ഞാന്‍ ഏതായാലും ഇവിടെ വാര്‍ത്തയെഴുതി നിറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം വാര്‍ത്ത എഴുതേണ്ട സ്ഥലം ഇതാണെന്ന അഭിപ്രായം എനിക്കില്ല. വാര്‍ത്ത എഴുതേണ്ടിടത്ത് വാര്‍ത്താരൂപത്തില്‍ എഴുതുന്നുണ്ട്. അത് വാര്‍ത്താരൂപത്തില്‍ തന്നെ എല്ലാവരുമായും പങ്കിടുന്നുമുണ്ട്.
വ്യക്തിപരമായ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും വാര്‍ത്തയാകില്ല. ഇവിടം എന്റെ വ്യക്തിപരമായ ഇടമാണ്. എന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ വാര്‍ത്തയില്‍ കലര്‍ത്താറില്ല. ഇവിടെ ശ്യാംലാല്‍ എന്ന വ്യക്തി മാത്രമേയുള്ളൂ. ആ വ്യക്തിയുടെ തൊഴില്‍ മാധ്യമപ്രവര്‍ത്തനമാണ് എന്നു മാത്രം.