2003ലെ ലോക കപ്പ് ക്രിക്കറ്റ്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ വലിയ പ്രതീക്ഷകളുമായാണ് ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയത്. മാതൃഭൂമിയുടെ ലോകകപ്പ് ഡെസ്കില്‍ ഞങ്ങള്‍ വന്‍ തയ്യാറെടുപ്പുകള്‍ തന്നെ നടത്തിയിരുന്നു. വി.എന്‍.ജയഗോപാലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മാതൃഭൂമിക്കു വേണ്ടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതീക്ഷകള്‍ക്കു വിരുദ്ധമായിരിക്കുമല്ലോ എപ്പോഴും കാര്യങ്ങള്‍! ഹോളണ്ടിനെതിരായ മത്സരത്തില്‍ ഒട്ടും ആധികാരികമല്ലാത്ത 68 റണ്‍സ് ജയവുമായാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയോട് 9 വിക്കറ്റിന് തകര്‍ന്നടിഞ്ഞു. മൂന്നാമത്തെ മത്സരത്തില്‍ സിംബാബ് വെയെ 83 റണ്‍സിന് തോല്‍പ്പിച്ചതോടെ വീണ്ടും പ്രതീക്ഷയായി. അടുത്ത മത്സരം ദുര്‍ബലരായ നമീബിയയ്ക്കെതിരെ ആയിരുന്നു. സച്ചിന് തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും സെഞ്ച്വറിയടിച്ച മത്സരത്തില്‍ 181 റണ്‍സ് ജയവുമായി ഇന്ത്യ മസില് പെരുക്കി. പക്ഷേ, കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല.
സൂപ്പര്‍ സിക്സിലെത്തണമെങ്കില് അഞ്ചാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കണമായിരുന്നു. ഒരു തരത്തിലും അത് എളുപ്പമായിരുന്നില്ല. സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരം സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിച്ച ഇംഗ്ലീഷുകാര്‍ അടുത്ത മൂന്നു മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഇന്ത്യയുമായുള്ള മത്സരത്തിന് തൊട്ടുമുമ്പ് പാകിസ്താനെതിരെ നേടിയ 112 റണ്‍സ് വിജയം ഇംഗ്ലീഷുകാരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിരുന്നു.
2003 ഫെബ്രുവരി 26ന് ഡര്‍ബനിലായിരുന്നു ആ നിര്‍ണ്ണായക മത്സരം. ടോസ് നേടിയ ഗാംഗുലി ബാറ്റിങ് തിരഞ്ഞെടുത്തു. സച്ചിനും (50) സെവാഗും (23) ചേര്‍ന്ന് മോശമല്ലാത്ത തുടക്കം സമ്മാനിച്ചു. ദ്രാവിഡും (62) യുവരാജും (42) പൊരുതി നിന്നു. ഗാംഗുലി (19), ദിനേശ് മോംഗിയ (32) എന്നിവരും ചെറിയ സംഭാവനകള്‍ നല്കിയപ്പോള് ഇന്ത്യയുടെ സ്കോര്‍ 50 ഓവറില്‍ 9 വിക്കറ്റിന് 250 റണ്‍സ്. ആശിഷ് നെഹ്റ മാത്രം ആ കളിയില്‍ ബാറ്റ് ചെയ്തില്ല! നെഹ്റയുടെ കര്‍ത്തവ്യം ബാറ്റേന്തല്‍ ആയിരുന്നില്ലല്ലോ!!
251 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍, അനാവശ്യമായി ഇല്ലാത്ത റണ്ണിനോടിയ നിക്ക് നൈറ്റിനെ (1) നേരിട്ട് വിക്കറ്റെറിഞ്ഞിട്ട് പുറത്താക്കിയ മുഹമ്മദ് കൈഫ് ആദ്യ ആഘാതമേല്പിച്ചു. അപകടകാരിയായ മാര്‍ക്കസ് ട്രെസ്കോത്തിക്കിനെ (8) സച്ചിന്റെ കൈയിലെത്തിച്ച സഹീര്‍ ഖാന് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും (15) മൈക്കല്‍ വോനും (20) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. മൂന്നാം വിക്കറ്റില്‍ 34 റണ്‍സ് ഇരുവരും ചേര്‍ത്ത് കഴിഞ്ഞപ്പോഴാണ് ഗാംഗുലി പന്ത് നെഹ്റയെ ഏല്പിച്ചത്. ആ ലോകകപ്പില്‍ അതിനു മുമ്പ് കളിച്ച 2 മത്സരങ്ങളിലും വിക്കറ്റൊന്നും കിട്ടാതിരുന്ന നെഹ്റയുടെ കൈയില്‍ പന്തെത്തിയതു കണ്ടപ്പോള്‍ ടെലിവിഷനില്‍ തന്നെ നോക്കിയിരുന്ന ഞങ്ങള്‍ നിരാശരായി. നെഹ്റയെ അടിച്ചുപരത്തി ഹുസൈനും വോനും ചുവടുറപ്പിച്ചാല്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാവും എന്നതായിരുന്നു കാരണം.
എന്നാല്‍, നെഹ്റ ഞങ്ങളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. നാസര്‍ ഹുസൈനെ വിക്കറ്റ് കിപ്പര്‍ ദ്രാവിഡിന്റെ കൈകളില്‍ എത്തിച്ചു. തൊട്ടടുത്ത പന്തില്‍ തന്നെ പരിചയസമ്പന്നനായ അലക് സ്റ്റ്യൂവര്ട്ടിനെ (0) വിക്കറ്റിനു മുന്നില്‍ കുടുക്കി. തന്റെ അടുത്ത ഓവറില്‍ മൈക്കല്‍ വോനെയും ദ്രാവിഡിന്റെ കൈകളില്‍ നെഹ്റ എത്തിച്ചു. ഞാനടക്കമുള്ള വിമര്‍ശകര്‍ക്ക് മുഖമടച്ചുള്ള അടിയായിരുന്നു വോന്റെ വിക്കറ്റ്. കാരണം, വോന്‍ വീണാല്‍ ഇംഗ്ലണ്ട് വീണു എന്നര്‍ത്ഥം. അതുവരെ ഏകദിനത്തില്‍ നെഹ്റയുടെ മികച്ച പ്രകടനം ന്യൂസീലന്‍ഡിനെതിരെ നേടിയ 30 റണ്‍സിന് 3 വിക്കറ്റ് ആയിരുന്നു. ഇംഗ്ലണ്ടിനെതിരെ 9 റണ്‍സിന് 3 വിക്കറ്റെടുത്ത് അത് മെച്ചപ്പെടുത്തി.
പോള്‍ കോളിങ്വുഡും (18) ആന്‍ഡ്രൂ ഫ്ളിന്റോഫും (64) ആറാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് തിരിച്ചുവരികയാണെന്നു തോന്നി. എന്നാല്‍ നെഹ്റ തന്നെ ആ കൂട്ടുകെട്ടും പൊളിച്ചു. കോളിങ്വുഡിനെ സെവാഗിന്റെ കൈകളിലെത്തിച്ചു. ക്രെയ്ഗ് വൈറ്റിന്റെ (13) ബാറ്റിലുരസിയ പന്ത് കീപ്പര്‍ ദ്രാവിഡ് കൈയിലൊതുക്കിയതോടെ നെഹ്റ കരിയറില്‍ ആദ്യമായി 5 വിക്കറ്റ് നേട്ടം കൈവരിച്ചു. റോണി ഇറാനിയെയും സംപൂജ്യനായി സെവാഗിന്റെ കൈയില്‍ എത്തിച്ച നെഹ്റ ആറാം ഇരയെ കണ്ടെത്തിയതോടെ ഇംഗ്ലണ്ട് 8ന് 107 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞു.
ആന്‍ഡ്രു ഫ്ളിന്റോഫ് അവസാനം ഒന്ന് ആളിക്കത്താന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇംഗ്ലണ്ടിനെ 168 റണ്‍സിന് ചുരുട്ടുക്കൂട്ടിയ ഇന്ത്യ സൂപ്പര്‍ സിക്സിലേക്ക് പ്രയാണം ചെയ്തു. അന്ന് 23 റണ്‍സ് വഴങ്ങി നേടിയ 6 വിക്കറ്റ് നെഹ്റയുടെ കരിയറിലെ മികച്ച പ്രകടനമാണ്. 10-2-23-6 എന്നത് ഐ.സി.സി. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനമായി ഇന്നും നിലനില്ക്കുന്നു. സ്വാഭാവികമായും അന്ന് കളിയിലെ കേമനും നെഹ്റ തന്നെയായി, കരിയറില്‍ ആദ്യമായി. ആ കളിയോടെ ഞാന്‍ നെഹ്റയുടെ ആരാധകനായി മാറി എന്നു പറഞ്ഞാല്‍ മതിയല്ലോ.
നെഹ്റയെ കൂടുതല്‍ ശ്രദ്ധിച്ചതോടെ ആ മനുഷ്യനോടുള്ള ബഹുമാനം വര്‍ദ്ധിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ ഒരു പാവത്താന്‍. അന്നും ഇന്നും എന്നും അങ്ങനെ തന്നെ. സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന ഇപ്പോഴത്തെ കാലത്ത് ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇന്‍സ്റ്റാഗ്രാമിലോ അക്കൗണ്ടില്ലാതെ നെഹ്റ ജീവിക്കുന്നു. കുറച്ചു മാസങ്ങള്‍ക്കു മുമ്പു വരെ അദ്ദേഹം ഉപയോഗിച്ചിരുന്നത് നോക്കിയ ഇ-51 എന്ന പഴയ ഫോണ്‍. അടുത്തിടെ ഭാര്യ സമ്മാനിച്ച ഐ-ഫോണ്‍ നെഹ്റ പ്രധാനമായും കൈയിലെടുക്കുന്നത് വാട്ട്സാപ്പ് ഉപയോഗിക്കാന്‍. അതു തന്നെ പഠിച്ചത് അടുത്തിടെ. പിന്നെ ഐ-ഫോണിലെ ചുവപ്പും പച്ചയും ബട്ടണുകള്‍ ഉപയോഗിച്ച് കോള്‍ എടുക്കാനും കട്ട് ചെയ്യാനും അറിയാം.
20 വര്‍ഷമാകുന്നു നെഹ്റ യഥാര്‍ത്ഥത്തില്‍ കളി തുടങ്ങിയിട്ട്. 1997-98 സീസണില്‍ ഹരിയാണയ്ക്കെതിരെ ഡല്‍ഹിക്കു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ചുകൊണ്ട് ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. അന്ന് നെഹ്റയുടെ ഇന്‍സ്വിങ്ങറില്‍ രണ്ടിന്നിങ്സിലും പുറത്തായ ഹരിയാണ ക്യാപ്റ്റന്‍ അജയ് ജഡേജയാണ് നെഹ്റയിലെ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത്. താമസിയാതെ മറ്റുള്ളവരും ശ്രദ്ധിച്ചു തുടങ്ങി. പരിക്കേറ്റ ജവഗല്‍ ശ്രീനാഥിന് പകരക്കാരനായിട്ടായിരുന്നു 1999ല്‍ നെഹ്റയുടെ ടെസ്റ്റ് അരങ്ങേറ്റം. ഏകദിനത്തില്‍ കളിക്കാന്‍ അദ്ദേഹത്തിനു വീണ്ടും 2 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2001ല്‍ സിംബാബ്വെയ്ക്കെതിരെ ഏകദിന അരങ്ങേറ്റം. ബാക്കിയെല്ലാം ചരിത്രം.
നെഹ്റയുടെ അന്താരാഷ്ട്ര കരിയര്‍ 18 വര്‍ഷം നീണ്ടുവെന്നത് ഒരു മഹാത്ഭുതം തന്നെയാണ്. ഈ കാലയളവില്‍ 235 അന്താരാഷ്ട്ര വിക്കറ്റുകള്‍ നെഹ്റ നേടിയപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം 12 ശസ്ത്രക്രിയകളെ നേരിട്ടു. 17 ടെസ്റ്റുകളില്‍ നിന്ന് 44 വിക്കറ്റും 120 ഏകദിനങ്ങളില്‍ നിന്ന് 157 വിക്കറ്റും 27 ട്വന്റി 20കൡ നിന്ന് 34 വിക്കറ്റും സമ്പാദ്യം. 2004ല്‍ അവസാന ടെസ്റ്റും 2011ല്‍ അവസാന ഏകദിനവും കളിച്ചത് പാകിസ്താനെതിരെ. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരെ അവസാന ട്വന്റി 20 മത്സരവും കളിച്ചു നിര്‍ത്തിയിരിക്കുന്നു.
How's that for footy skills from our very own Nehraji? What do you make of that @YUVSTRONG12 😉 #INDvNZ pic.twitter.com/YaTeJk5d0t
— BCCI (@BCCI) November 1, 2017
ടീം ഇന്ത്യയില്‍ 6 ക്യാപ്റ്റന്മാര്ക്കു കീഴില്‍ നെഹ്റ കളിച്ചു!! സൗരവ് ഗാംഗുലിക്കു കീഴില്‍ 2003 ലോകകപ്പിന്റെ ഫൈനലില്‍ എത്തി. മഹേന്ദ്ര സിങ് ധോണിക്കു കീഴില്‍ 2011ലെ ലോകകപ്പ് വിജയിച്ചു. വിടവാങ്ങല്‍ മത്സരത്തില്‍ തന്റെ നായകനായിരുന്ന വിരാട് കോഹ്ലിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് സൂപ്പര്‍ താരമായ നെഹ്റ സമ്മാനം കൊടുക്കുന്ന ചിത്രമുണ്ട്. അതു കാണുമ്പോള്‍ നെഹ്റ പുഞ്ചിരിക്കും. വിരാടിന് അതിനെക്കുറിച്ച് പറയാനുണ്ട് -‘2003ലെ ലോകകപ്പ് കളിച്ചു വന്ന നെഹ്റാ ജി അന്ന് സൂപ്പര്‍ താരമാണ്. 13 വയസ്സുള്ള ഞാനാകട്ടെ സ്കൂള്‍ ടീമില്‍ സ്ഥാനം കണ്ടെത്താനുള്ള ബദ്ധപ്പാടിലും!!’
വിരമിക്കുന്ന നെഹ്റയോടുള്ള ആദരസൂചകമായി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ ഒരു എന്ഡിന് നെഹ്റയുടെ പേരു നല്കി. അങ്ങനെ ആശിഷ് നെഹ്റ എന്‍ഡില്‍ നിന്ന് നെഹ്റ തന്നെ പന്തെറിഞ്ഞു. ചരിത്രത്തില്‍ ഈ ഭാഗ്യം സിദ്ധിക്കുന്ന രണ്ടാമത്തെ ബൗളര്‍. ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ജെയിംസ് ആന്ഡേഴ്സന് എന്‍ഡുണ്ട്. ആ എന്‍ഡില്‍ നിന്ന് ജെയിംസ് ആന്ഡേഴ്സന് പന്തെറിഞ്ഞിട്ടുമുണ്ട്.
Farewell to the man of the moment – Ashish Nehra #ThankYouAshishNehra pic.twitter.com/onuPCxU4r6
— BCCI (@BCCI) November 1, 2017
സച്ചിന് തെണ്ടുല്‍ക്കര്‍ക്കു ശേഷം കണ്ട ഏറ്റവും വേദനാജനകമായ വിടവാങ്ങല്‍ എന്നാണ് ഏറെക്കാലം നെഹ്റയ്ക്കൊപ്പം കളിച്ച ജവഗല്‍ ശ്രീനാഥ് പറഞ്ഞത്. ഒരു പച്ച മനുഷ്യനെന്ന നിലയിലുള്ള വിനയം നിറഞ്ഞ പെരുമാറ്റമാണ് നെഹ്റയെ എല്ലാവരുടെയും സ്നേഹത്തിനു പാത്രമാക്കിയത് -നെഹ്റാ ജി ആക്കിയത്. നെഹ്റ തീര്‍ച്ചയായും വലിയ കളിക്കാരനല്ല. പക്ഷേ, അങ്ങേയറ്റം മാന്യനായ കളിക്കാരനാണ്, മനുഷ്യനാണ്. വിരമിക്കലിനെക്കുറിച്ച് നെഹ്റ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം വ്യക്തമാക്കുന്നു.
It’s always good to retire when people are asking WHY rather than WHY NOT!!
Excellent narration
അണ്ണാ.. ഉഗ്രൻ..