Reading Time: 4 minutes

വി.കെ.ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാവും എന്ന വാര്‍ത്ത കേട്ടപ്പോള്‍ എത്ര കാലത്തേക്ക് എന്ന ചോദ്യമാണ് ആദ്യം മനസ്സിലേക്കോടിയെത്തിയത്. ഫേസ്ബുക്കില്‍ അത് എഴുതിയിടുകയും ചെയ്തു. പല വിധത്തിലുള്ള പ്രതികരണങ്ങളുണ്ടായി. പക്ഷേ, ഇരുമ്പഴിക്കു പിന്നിലേക്കുള്ള ശശികലയുടെ വഴി സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്ന മദ്രാസ് സര്‍വ്വകലാശാലാ ശതാബ്ദി ഹാളില്‍ നിന്നു തുടങ്ങുകയാണോ എന്ന എന്റെ സംശയം വെറുതെയല്ല. കോടതി നടപടികള്‍ അതിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് 1990കളുടെ തുടക്കത്തിലുണ്ടായ കേസില്‍ ജയലളിതയ്‌ക്കൊപ്പം ശശികലയും പ്രതിയാണ്. ഇതു സംബന്ധിച്ച തീരുമാനം നീട്ടിവെച്ചിരുന്നത് അടുത്തയാഴ്ച വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് ഈ 61കാരി എത്രകാലമുണ്ടാവുമെന്നത് അടുത്തയാഴ്ച തന്നെ തീരുമാനിക്കപ്പെടും. ഒരു പക്ഷേ, സത്യപ്രതിജ്ഞ തന്നെ നടക്കാതിരിക്കാനും മതി.

sasikala_650
വി.കെ.ശശികല

കഴിഞ്ഞ ഡിസംബറില്‍ ജയലളിതയുടെ മൃതദേഹം അപ്പോളോ ആസ്പത്രിയില്‍ നിന്നു നീക്കും മുമ്പു തന്നെ ശശികല മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. പനീര്‍ശെല്‍വത്തെ ചെവിയില്‍ തൂക്കിയെടുത്തു ദൂരെക്കളയാന്‍ ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും ഒരാള്‍ അത് അട്ടിമറിച്ചു -പ്രധാനമന്ത്രി നരേന്ദ്ര മോദി. പനീര്‍ശെല്‍വം തുടരുന്നതായിരുന്നു മോദിക്കു താല്പര്യം. അത് ഉറപ്പാക്കാന്‍ അദ്ദേഹം കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ നിയോഗിച്ചു. നിര്‍മ്മല നേരെ പോയി ശശികലയോടു പറഞ്ഞു -മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കരുത്. അങ്ങനെ സംഭവിച്ചാല്‍ സ്വത്തുകേസില്‍ തട്ടി അകത്താക്കും. അതോടെ കാവല്‍ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം മണിക്കൂറുകള്‍ക്കകം യഥാര്‍ത്ഥ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

sasikala-panneerselvam_650
ശശികലയും പനീര്‍ശെല്‍വവും

ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ വലിയ മോഹങ്ങളുണ്ട്. പക്ഷേ, തല്‍ക്കാലം വലിയ സ്വാധീനമില്ല. പനീര്‍ശെല്‍വത്തെ മോദി പിന്തുണയ്ക്കാന്‍ ഇതാണ് കാരണം. പനീര്‍ശെല്‍വം മുന്നില്‍ നില്‍ക്കുന്ന, ദുര്‍ബലമായ നേതൃത്വമുള്ള എ.ഐ.ഡി.എം.കെയുമായി ബി.ജെ.പിക്ക് മേല്‍ക്കൈയുള്ള ഒരു സഖ്യം -അതാണ് മോദിയുടെ സ്വപ്‌നം. അതൊരു ദീര്‍ഘകാല പദ്ധതിയാണ്. ശശികല ആ പദ്ധതിയില്‍ സെറ്റാവില്ല. വര്‍ഷങ്ങളോളം ജയലളിതയുടെ കാറ്റടിച്ചതിന്റെ ഫലമായി അതിന്റെ ചില ഗുണങ്ങളൊക്കെ ശശികലയ്ക്ക് ഉണ്ടാവാതിരിക്കുമോ? മാത്രമല്ല, തമിഴ്‌നാട്ടിലെ ഏറ്റവും കുടിലബുദ്ധിയായ പൊളിറ്റിക്കല്‍ മാനിപ്പുലേറ്ററാണ് ശശികലയുടെ ഭര്‍ത്താവ് നടരാജന്‍.

Sasikala_grave1
ജയലളിതയുടെ കുടീരത്തില്‍ ശശികല ആദരാഞ്ജലി അര്‍പ്പിക്കുന്നു

ജയ മരിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മുഖ്യമന്ത്രി സ്ഥാനം രണ്ടാമത്തെ ശ്രമത്തില്‍ ശശികല സ്വന്തമാക്കിയിരിക്കുന്നു. പാര്‍ട്ടിക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നു എന്ന പ്രതീതിയുണ്ടാക്കിയാണ് തന്റെ അടക്കാനാവാത്ത ആഗ്രഹം അവര്‍ സഫലമാക്കിയിരിക്കുന്നത്. പക്ഷേ, മോദി എന്ന കൃശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരനെ ‘ശശി’യാക്കാനുള്ള ശേഷി ശശികലയ്ക്കില്ല എന്നതാണ് സത്യം. ജയയുടെ താല്പര്യപ്രകാരം ബി.ജെ.പിക്കാര്‍ ഇടപെട്ട് ഒതുക്കിക്കൊടുത്ത അനധികൃത സ്വത്തുസമ്പാദന കേസ് അതേപോലെ എപ്പോള്‍ വേണമെങ്കിലും പൊക്കിയെടുക്കാവുന്നതേയുള്ളൂ. അപ്പോള്‍ ശശികലയെ കാത്തിരിക്കുന്നത് ബംഗളൂരു സെന്‍ട്രല്‍ ജയില്‍ ആണെന്ന് ഏകദേശമുറപ്പാണ്. ശശികല കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സികളാണ് വാദി സ്ഥാനത്ത്. അവര്‍ ഏതു രീതിയില്‍ കേസ് കോടതിയില്‍ പ്രസന്റ് ചെയ്യുന്നു എന്നതനുസരിച്ചാണ് വിധിയുണ്ടാവുക. അവര്‍ ഉഴപ്പിയാല്‍ ശശികല പുറത്തിറങ്ങും, ജയ ഇറങ്ങിയ പോലെ. കടുപ്പിച്ചാല്‍ അകത്താവും.

ശശികലയെ പണ്ടു തന്നെ മോദിക്ക് ഇഷ്ടമല്ല. അവരുടെ കുടിലത ജയലളിത മനസ്സിലാക്കുന്നതിനെക്കാള്‍ മുമ്പ് മനസ്സിലാക്കിയത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ്. തമിഴ്‌നാട്ടില്‍ ഒരു പദ്ധതി നടപ്പാക്കാന്‍ വന്ന വ്യവസായ ഗ്രൂപ്പ് ശശികലയും അവരുടെ ഭര്‍ത്താവ് നടരാജനും നേതൃത്വം നല്‍കുന്ന മന്നാര്‍ഗുഡി മാഫിയയുടെ സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ ഓടി ഗുജറാത്തിലെത്തിയിരുന്നു. ആ വ്യവസായ ഗ്രൂപ്പില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കിയ മോദി നല്‍കിയ വിവരങ്ങളനുസരിച്ചാണ് ഇടക്കാലത്ത് ശശികലയെയും സംഘത്തെയും പോയസ് ഗാര്‍ഡനില്‍ നിന്ന് ജയലളിത പുറത്താക്കിയത്.

jayalalitha.jpg
ജയലളിതയുടെ മൃതദേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിക്കുന്നു

ജയയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോള്‍ പനീര്‍ശെല്‍വത്തോടുള്ള തന്റെ താല്പര്യം മോദി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതേസമയം ശശികലയെ തലയില്‍ കൈവെച്ച് ആശ്വസിപ്പിക്കാനും മോദിയിലെ കൃശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍ മറന്നില്ല. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും ജയയുടെ മൃതദേഹത്തിനടുത്തു നിന്ന് താനാണ് എല്ലാമെല്ലാം എന്നു തെളിയിക്കാന്‍ ശശികല നടത്തിയ ശ്രമം തടയാന്‍ മോദിക്കു സാധിക്കുമായിരുന്നില്ല. ക്രമേണ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത ശശികല ജല്ലിക്കെട്ട് പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന പ്രതീതി പാര്‍ട്ടി അണികളിലൂടെ തന്നെ സൃഷ്ടിച്ചു. ശക്തമായൊരു ഭരണം കാഴ്ചവെയ്ക്കാന്‍ താന്‍ വേണമെന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു ശശികല അവിടെ.

jaya-pm3
ജയലളിതയുടെ മൃതദേഹത്തിനിരകില്‍ നിന്ന ശശികലയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിക്കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയില്ലാതെ തമിഴ്‌നാട്ടില്‍ ഒരു സര്‍ക്കാരിനും ഭരിക്കാനാവില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അന്തസ്സംസ്ഥാന നദീജല തര്‍ക്കങ്ങളിലടക്കം കേന്ദ്ര നിലപാട് നിര്‍ണ്ണായകമാണ്. ഇവിടെയാണ് ശശികല പ്രതിസന്ധിയിലാവാന്‍ പോകുന്നത്. മുഖ്യമന്ത്രിയായാലും സ്വന്തം താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശശികലയ്ക്ക് പരിമിതികളേറെ എന്നു സാരം. അതേസമയം ഒരു ഭാഗത്ത് ശശികലയോടുള്ള എതിര്‍പ്പ് ശക്തിപ്രാപിക്കുന്നുണ്ട്. അതിന് തല്‍ക്കാലം ഒരു ഏകോപിത രൂപം ഇല്ല എന്നേയുള്ളൂ. ശശികലയെ എതിര്‍ക്കുന്നവര്‍ രക്ഷ കാണുന്നത് മറ്റാരിലുമല്ല -സാക്ഷാല്‍ രജനീകാന്തിലാണ്.

തനിക്ക് ‘ശക്തി’യോട് താല്പര്യമാണെന്ന് രജനി അടുത്തിടെ നടത്തിയ പ്രസ്താവന തമിഴ്‌നാട്ടില്‍ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ബി.ജെ.പിയുടെ പിന്തുണയോടെ സ്‌റ്റൈല്‍ മന്നന്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നു എന്നു വരെ പ്രചാരണമുണ്ടായി. രാഷ്ട്രീയത്തില്‍ നിന്നു മാറി നില്‍ക്കുന്ന അദ്ദേഹത്തിന് തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍, ശക്തിയെക്കുറിച്ച് താന്‍ പറഞ്ഞത് ആത്മീയാര്‍ത്ഥത്തിലാണെന്ന വിശദീകരണം രജനി നല്‍കിയതോടെ ആരവം ഒന്നടങ്ങി. ‘പണവും പ്രശസ്തിയും ഒരു തട്ടിലും ആത്മീയത മറു തട്ടിലും വെച്ച് ഏതെങ്കിലും ഒന്നെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ആത്മീയത സ്വീകരിക്കും. കാരണം ആത്മീയതയ്ക്ക് അത്രയും ശക്തിയുണ്ട്. ആ ശക്തിയെ ഞാനിഷ്ടപ്പെടുന്നു. അല്ലാതെ അധികാരത്തിന്റെ ശക്തിയല്ല ഞാന്‍ ഉദ്ദേശിച്ചത്’ -അദ്ദേഹം വ്യക്തമാക്കി.

പക്ഷേ, ശശികലയെ ചെറുക്കാന്‍ തലൈവന്‍ വരണമെന്ന ആവശ്യം ആരാധക മണ്‍റങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മുമ്പൊരിക്കല്‍ രജനി മുന്‍കൈയെടുത്ത് സാക്ഷാല്‍ ജയലളിതയെത്തന്നെ തോല്പിച്ചിട്ടുള്ള കാര്യം ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നാവും. ജയയുടെ ഭരണത്തിന്റെ തുടക്കകാലത്ത് അവരെ അനുകൂലിച്ചുവെങ്കിലും 1996ല്‍ ഇരുവരും തമ്മില്‍ തെറ്റി. ‘ജയലളിത ഇനി അധികാരത്തിലേറിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ല’ എന്ന ഒറ്റ ഡയലോഗ് ആ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയെ കടപുഴക്കി. ഒരു ദശകത്തിനു ശേഷം രജനിയുടെ നിലപാട് പൂര്‍ണ്ണമായും മാറി. അപ്പോള്‍ ജയലളിത രജനിക്ക് അഷ്ടലക്ഷ്മിയുടെ അവതാരമായി. ശരിക്കും പറഞ്ഞാല്‍ ജനപ്രിയ നടപടികളിലൂടെ ജയലളിത അപ്പോഴേക്കും ജനമനസ്സുകളില്‍ സ്ഥാനം നേടിയിരുന്നു.

rajinikanth-650
രജനീകാന്ത്

ചെന്നൈയില്‍ ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡന്റെ അയല്‍പക്കത്താണ് രജനീകാന്തിന്റെ താമസം. പക്ഷേ, രാഷ്ട്രീയത്തില്‍ നിന്ന് കൃത്യമായ അകലം പാലിക്കാന്‍ എല്ലാക്കാലത്തും സ്റ്റൈല്‍ മന്നന്‍ ശ്രദ്ധിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നേരിട്ടെത്തി അഭ്യര്‍ത്ഥിച്ചിട്ടും താരത്തിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം രജനീകാന്താണെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു. അതിനവര്‍ക്ക് പനീര്‍ശെല്‍വത്തെ കൂടി വേണം. ജയയുടെ മരണശേഷം 66കാരനായ രജനിയുടെ രാഷ്ട്രീയപ്രവേശനത്തിന് സാദ്ധ്യത കൂടിയിരിക്കുകയാണെന്ന് അവര്‍ വിലയിരുത്തുന്നു, മോഹിക്കുന്നു. രജനിക്കു വഴിയൊരുക്കാന്‍ ശശികല വീഴേണ്ടതുണ്ട്.

PS.jpeg

പനീര്‍ശെല്‍വം വീണ്ടും അണിയറയിലേക്കു മാറുകയാണ്. ബസ്സില്‍ സ്ത്രീകളുടെ സീറ്റിലെ യാത്രക്കാരനെപ്പോലെയാണ് അദ്ദേഹം. സ്ത്രീകള്‍ കയറിയാല്‍ എഴുന്നേറ്റു നില്‍ക്കും. ഇറങ്ങുമ്പോള്‍ ഇരിക്കും. ശെല്‍വത്തിന് ഇനിയും സീറ്റ് കിട്ടും. ഉറപ്പ്, എഴുതിവെച്ചോളൂ.

Previous articleപ്രിന്‍സിപ്പലും ഡയറക്ടറും
Next articleബാല്യത്തിന്റെ ആഘോഷം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here