സമകാലിക മലയാളം വാരികയില്‍ പി.എസ്.റംഷാദിന്റേതായി ഒരു വാര്‍ത്ത വന്നിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ -‘പ്രസിദ്ധീകരണ യോഗ്യമല്ല, ഈ അഴിമതി’. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. വാര്‍ത്തയ്ക്കു കാരണമായ അന്വേഷണ റിപ്പോര്‍ട്ടിലേക്കു നയിച്ച ആരോപണങ്ങള്‍ ആദ്യം ഉയര്‍ത്തിയവരില്‍ ഒരാള്‍ എന്ന നിലയില്‍ ഇതെഴുതാന്‍ എനിക്ക് യോഗ്യതയുണ്ടെന്നു വിശ്വസിക്കുന്നു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭരണസമിതിയില്‍പ്പെട്ട ചിലര്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ചാണ് റിപ്പോര്‍ട്ട്. പക്ഷേ, ഈ റിപ്പോര്‍ട്ട് അന്തിമമായി ക്ലബ്ബിന്റെ പൊതുയോഗം അംഗീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടി യോഗം ചേരാനിരിക്കുന്നതേയുള്ളൂ. അവിടെ ആരോപണവിധേയര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവകാശമുണ്ട്. പൊതുയോഗം അത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. അച്ചടക്ക നടപടി ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അതൊക്കെ നടക്കാനിരിക്കുന്ന കാര്യം. ആ നിലയ്ക്ക് പൂര്‍ണ്ണമായ ഒരു റിപ്പോര്‍ട്ടല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നര്‍ത്ഥം.
അന്വേഷണ സമിതി റിപ്പോര്‍ട്ട് പ്രസ് ക്ലബ്ബിന്റെ പൊതുയോഗത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടതാണ്. ഒരു അംഗമെന്ന നിലയില്‍ പി.എസ്.റംഷാദിനും അതിന്റെ പകര്‍പ്പ് ലഭിച്ചു. അതു പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം റംഷാദിനുണ്ട്. പക്ഷേ, ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച രീതിയോട് എനിക്ക് അശേഷം യോജിപ്പില്ല.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ 434 അംഗങ്ങളുണ്ടെന്നാണ് എന്റെ അറിവ്. ഇവരില്‍ നിന്നാണ് ഓരോ വര്‍ഷവും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. അംഗങ്ങള്‍ക്കുള്ളതിനെക്കാള്‍ കൂടുതലായി ഒരവകാശവും ഭാരവാഹികള്‍ക്കില്ല. എന്നാല്‍, ക്ലബ്ബിന്റെ നടത്തിപ്പ്ചുമതല നിര്‍വ്വഹിക്കാന്‍ ആളുണ്ടാവുക തന്നെ വേണം. അതിനാണ് ഭാരവാഹി. നടത്തിപ്പുചുമതല പ്രത്യേക അവകാശമല്ല. ഇതു മനസ്സിലാകാതെ തങ്ങള്‍ക്കു പ്രത്യേക അവകാശമുള്ളതായി ചില ഭാരവാഹികള്‍ ധരിച്ചതാണ് ധൂര്‍ത്തിലേക്കും ആരോപണങ്ങളിലേക്കും നയിച്ചത്.
എല്ലാ ഭാരവാഹികളും ധൂര്‍ത്തന്മാരല്ല. നടത്തിപ്പ് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടവരുടെ കൂട്ടത്തില്‍ ഭാരവാഹികളായിരുന്നവരുമുണ്ട്. 2015 വരെയുള്ള അഞ്ചു വര്‍ഷക്കാലത്തെ കണക്കുകളാണ് പൊതുയോഗം നിശ്ചയിച്ച പ്രത്യേക സമിതി പരിശോധിച്ചത്. ഇതുപ്രകാരം ഭാരവാഹികളുടെ കൂട്ടത്തിലുണ്ടായിരുന്ന ആറ് അംഗങ്ങളും രണ്ടു ജീവനക്കാരുമടക്കം എട്ടു വ്യക്തികള്‍ക്കും ഒരു സ്ഥാപനത്തിനുമെതിരെ നടപടിയെടുക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, മലയാളത്തില്‍ റംഷാദിന്റെ വാര്‍ത്ത വായിച്ചാല്‍ തോന്നുക അന്വേഷണ സമിതിയിലെ നാലംഗങ്ങള്‍ ഒഴികെ ബാക്കി പ്രസ് ക്ലബ്ബിലെ 430 അംഗങ്ങളും തീവെട്ടിക്കൊള്ളക്കാരാണെന്നും പ്രസ് ക്ലബ്ബ് എന്ന സ്ഥാപനം അഴിമതിയുടെ കൂത്തരങ്ങാണെന്നുമാണ്.
അന്വേഷണ സമിതി റിപ്പോര്‍ട്ട് വാര്‍ത്തയാക്കുമ്പോള്‍ ആരോപണവിധേയരുടെ പേരുകൂടി പ്രസിദ്ധീകരിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. കഴിയുമെങ്കില്‍ അവര്‍ക്കു പറയാനുള്ളത് ഉള്‍പ്പെടുത്തുകയും വേണം. അല്ലാതെ മുഴുവന്‍ പത്രപ്രവര്‍ത്തകരും കള്ളന്മാരാണെന്ന ധ്വനി വരുത്തുകയല്ല വേണ്ടത്. ആരോപണവിധേയരുടെ പേര് പ്രസിദ്ധീകരിക്കാനായില്ലെങ്കില്‍ റിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കേണ്ടതില്ല എന്നു വെയ്ക്കണമായിരുന്നു.
തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഒരു മഹത്തായ സ്ഥാപനമാണ്. ഏതൊരു വലിയ സ്ഥാപനത്തിന്റെയും നടത്തിപ്പില്‍ ചില പാളിച്ചകള്‍ ഉണ്ടാകാം. അഴിമതി ഇവിടെ സ്ഥാപനവത്കരിച്ചിട്ടില്ല, മറിച്ച് അത് വ്യക്തിനിഷ്ഠമായി നില്‍ക്കുന്നു. കാരണം ഈ ആരോപണങ്ങള്‍ ഉയര്‍ത്തിയത് പുറത്തുള്ളവരല്ല, അകത്തുള്ള ഞാനടക്കമുള്ള അംഗങ്ങള്‍ തന്നെയാണ്. ആരോപണം അന്വേഷിച്ചത് അംഗങ്ങളുടെ സമിതിയാണ്. ഇനി തീരുമാനമെടുക്കുന്നതും അംഗങ്ങള്‍ തന്നെയായിരിക്കും. അതെല്ലാം മറച്ചുവെച്ച് തിരിവുനന്തപുരത്തെ പത്രക്കാര്‍ മുഴുവന്‍ മോശക്കാരാണെന്നു റംഷാദ് പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കും?
അഴിമതിക്കാര്‍ക്കെതിരെ പ്രസ് ക്ലബ്ബ് നടപടിയെടുത്തില്ലെങ്കില്‍ ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ചതായി റംഷാദിന്റെ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന വ്യക്തി ഞാന്‍ തന്നെയാണ്. 18 വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്തുണ്ട്. ഇന്നുവരെ ഇതിന്റെ പേരില്‍ കൈക്കൂലി വാങ്ങാനോ, പെണ്ണു പിടിക്കാനോ, വെട്ടിപ്പ് നടത്താനോ, എന്തിന് ആരുടെയെങ്കിലും പക്കല്‍ നിന്ന് ഒരു ഗ്ലാസ് ബ്രാണ്ടി വാങ്ങിക്കുടിക്കാനോ പോയിട്ടില്ല. മറിച്ച് ആരെങ്കിലും തെളിയിച്ചാല്‍ അവര്‍ പറയുന്ന പണി ഞാന്‍ ചെയ്യാം. എന്നെപ്പോലുള്ളവര്‍ തന്നെയാണ് പത്രപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പത്രക്കാരെ തെറിപറയുന്നവര്‍ക്കെല്ലാം ഇപ്പോള്‍ വീരപരിവേഷമാണ്. അതു പത്രക്കാരില്‍ നിന്നൊരാള്‍ തന്നെയാണെങ്കില്‍ പറയുകയും വേണ്ട. കാടടച്ചു വെടിവെയ്ക്കുമ്പോള്‍ ആദ്യം അതു കൊള്ളുന്നത് നിരപരാധികള്‍ക്കായിരിക്കും. അവര്‍ക്ക് നന്നായി വേദനിക്കും. കള്ളന്മാര്‍ക്ക് അതു ബാധകമല്ല. കാരണം അവര്‍ക്ക് തൊലിക്കട്ടി അല്പം കൂടുതലാണല്ലോ..