മരത്തണലില്‍ ഇരുന്ന് ഗുരുമുഖത്തു നിന്ന് വിദ്യ അഭ്യസിക്കുക. എന്റെ തലമുറയില്‍പ്പെട്ടവരുടെ വലിയൊരാഗ്രഹമായിരുന്നു അത്. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ മരത്തണലില്‍ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്തിട്ടായിരുന്നു എന്നു മാത്രം. ക്ലാസ് മുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. ഗണിതവും ശാസ്ത്രവും ഭാഷയുമെല്ലാം മടുപ്പുളവാക്കിയിലെങ്കിലേ അത്ഭുതമുള്ളൂ. ക്ലാസ്സിനു പുറത്ത് പഠനം നടന്നിരുന്ന പഴമയിലേക്കൊരു തിരിച്ചുപോക്ക്, അത് സ്വപ്‌നങ്ങളില്‍ മാത്രം. എന്റെ തലമുറയ്ക്കു പോലും ലഭിക്കാത്ത ഇത്തരം സൗകര്യങ്ങള്‍ മത്സരാധിഷ്ഠിത സമൂഹത്തില്‍ ജീവിക്കുന്ന പുതിയ തലമുറയ്ക്കു ലഭിക്കും എന്നു സ്വാഭാവികമായും കരുതിലല്ലോ.
പക്ഷേ, സന്തോഷത്തോടെ പറയാം. എന്റെ വിശ്വാസം തെറ്റി. വിശ്വാസം തെറ്റിച്ചത് ഒരു പൊതുവിദ്യാലയമാണെന്നു പറയുമ്പോള്‍ ആഹ്ലാദമേറെ. വിശാലമായ ആകാശത്തിനു കീഴെ മരങ്ങള്‍ക്കും ചെടികള്‍ക്കുമിടയില്‍ തീര്‍ത്ത ക്ലാസ് മുറി ഞാന്‍ കണ്ടത് തിരുവനന്തപുരത്തെ കരകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. മേല്‍ക്കൂരയ്ക്കു പകരം ഇലകളുടെ സമൃദ്ധിയുമായി മുളങ്കൂട്ടവും പന്തലിച്ചു പടര്‍ന്ന ചെടികളും. വിദ്യാഭ്യാസത്തെ പ്രകൃതിക്കനുകൂലമാക്കുക എന്ന സന്ദേശംകൂടി പകര്‍ന്നു നല്‍കുന്ന തരത്തില്‍ തുറന്ന ക്ലാസ് മുറി വിഭാവനം ചെയ്തിരിക്കുന്നു. കരിമ്പലകയും ചോക്കും കോപ്പിയെഴുത്തുമില്ലാത്ത ക്ലാസിലിരുന്ന് പാഠപുസ്തകത്തിനു പുറത്തുള്ള കാര്യങ്ങളില്‍ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും സംവാദങ്ങളിലേര്‍പ്പെടാം. അദ്ധ്യാപകനിലേക്ക് കേന്ദ്രീകരിക്കുന്ന സാമ്പ്രദായിക ക്ലാസ് മുറിയുടെ ചിട്ടവട്ടങ്ങളെ ഒഴിവാക്കി, കുട്ടികളുടെ കൂട്ടിനും കൂടിയാലോചനകള്‍ക്കും സൗകര്യപ്രദമായ വിധത്തിലാണ് ഘടന.
മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്മരണയ്ക്ക് ഈ തുറന്ന ക്ലാസ് മുറി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. സൂര്യനെ നോക്കി തിളങ്ങാനും മഴയെ അവഗണിച്ച് പരുന്തിനെപോലെ മേഘങ്ങള്‍ക്കുമേലെ പറക്കാനും കുട്ടികളെ ഉപദേശിച്ച അദ്ദേഹത്തെക്കാള്‍ യോഗ്യന്‍ വേറാരുമില്ല തന്നെ. കുട്ടികള്‍ക്ക് പ്രചോദനമാകുന്ന തരത്തില്‍ കലാമിന്റെ പുസ്തകങ്ങളില്‍നിന്നുള്ള വരികളും പ്രസംഗത്തിലും അഭിമുഖത്തിലും നിന്നെടുത്ത ഉദ്ധരണികളും ജീവചരിത്രക്കുറിപ്പുകളും ചിത്രങ്ങളും ചുറ്റും പതിപ്പിച്ചിരിക്കുന്നു.
വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുമ്പോള്‍ ഈ തുറന്ന ക്ലാസ് മുറി അവിടെ ഉണ്ടായിരുന്നില്ല. അതിനു ശേഷമാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഈ സംവിധാനമൊരുക്കിയത്. അതിനാല്‍ത്തന്നെ സ്‌കൂള്‍ തുറക്കുന്ന വേളയില്‍ പുതിയ രീതിയിലുള്ള പഠനം കുട്ടികള്‍ക്ക് അനുഭവമായി. സി.ദിവാകരന്‍ എം.എല്‍.എയാണ് തുറന്ന ക്ലാസ് മുറി കുട്ടികള്‍ക്ക് തുറന്നുകൊടുക്കാനെത്തിയത്, ആദ്യത്തെ ക്ലാസ് കൈകാര്യം ചെയ്തുകൊണ്ടു തന്നെ. നാം കാണുന്ന സ്വപ്നങ്ങള്‍ക്കും ജീവിതലക്ഷ്യത്തിനും തമ്മിലുള്ള ബന്ധത്തെ അബ്ദുള്‍ കലാമിന്റെ ജീവിതത്തിലെ സംഭവങ്ങളുമായി ചേര്‍ത്ത് വിശദീകരിച്ചുകൊണ്ട് അദ്ധ്യാപക വേഷം അദ്ദേഹം എടുത്തണിഞ്ഞു. നല്ലൊരു അദ്ധ്യാപകനാണെന്ന് ദിവാകരന്‍ തെളിയിച്ചുവെന്ന് എടുത്തുപറയണം.
യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ ചെയര്‍മാനും പ്രിയ സുഹൃത്തുമായ ഉദയകുമാറാണ് ഈ സംരംഭത്തിന്റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ഉദയന്റെ ചേട്ടന്‍ എന്‍.രത്‌നകുമാറാണ് കരകുളം സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍. പഠിപ്പിച്ച സ്‌കൂളുകളിലെല്ലാം മികവിന്റെ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ വെട്ടിത്തെളിച്ച മികച്ച അദ്ധ്യാപകന്‍. രത്‌നന്‍ ചേട്ടന് അഭിവാദ്യങ്ങള്‍.