Reading Time: 5 minutes

ജീവിതത്തില്‍ എന്തു പ്രതിസന്ധിയുണ്ടായാലും അതു നേരിടാനുള്ള കരുത്തു നേടിയത് യൂണിവേഴ്‌സിറ്റി കോളേജിലെ കളരിയില്‍ ലഭിച്ച 5 വര്‍ഷത്തെ പരിശീലനമാണ്. എനിക്കു മാത്രമല്ല, അവിടെ പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിയുടെയും അനുഭവം ഇതു തന്നെ. അതിനാല്‍ത്തന്നെ പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ കോളേജിനു വേണ്ടി എന്തെങ്കിലും തിരിച്ചുനല്‍കണം എന്ന ചിന്തയുണ്ടാവുക സ്വാഭാവികം.

യൂണിവേഴ്‌സിറ്റി കോളേജിന് 150 വര്‍ഷം തികയുന്നു. കേരളത്തിലെ ആദ്യ കലാലയം. പക്ഷേ, അവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടിന് ഇപ്പോഴും ഒരു ഏകോപിത രൂപമില്ല. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി വെവ്വേറെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. 60 വയസ്സ് കഴിഞ്ഞവരുടേതായി ഒരു സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഉണ്ടെന്നും കേള്‍ക്കുന്നു. രാജകലാലയത്തിന് ഇതു മതിയോ?

ഒട്ടേറെ പ്രഗത്ഭര്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. ഇതിന്റെ പകുതി പോലും പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്തിട്ടില്ലാത്ത ചില സ്വകാര്യ കോളേജുകള്‍ ഇമ്മിണി ബല്യ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകളുമായി മേനി നടിക്കുന്നുണ്ട്. സര്‍ക്കാര്‍ കോളേജിന്റേതായ ഒരു പരാധീനത കലാലയ മുത്തശ്ശിയെ ഇക്കാലമത്രയും ബാധിച്ചിരുന്നു. ഇനിയത് പറ്റില്ല.

കോളേജിന്റെ ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികളുടെ ആലോചനാ വേളയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ പരിഗണന ലഭിച്ചില്ലെന്ന് പരാതിയുണ്ടായി. പരാതി ഉന്നയിച്ചവരില്‍ ഈയുള്ളവനും ഉള്‍പ്പെടുന്നു. പി.ടി.എ. അടക്കം സമാനപരാതിയുള്ള മറ്റു ധാരാളം പേര്‍ ഉണ്ടെന്ന് പിന്നീട് പലരും വിളിച്ചുപറഞ്ഞു. പക്ഷേ, എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ നമുക്ക് സാധിക്കില്ലല്ലോ. അതിനു താല്പര്യവുമില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്യട്ടെ.

പൂര്‍വ്വവിദ്യാര്‍ത്ഥികളെ വിവരങ്ങളറിയിക്കാന്‍ ഒരു സംവിധാനം ആയാലോ എന്നാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ ആലോചിച്ചത്. പരാതികള്‍ ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായി നടന്ന തുടര്‍ചര്‍ച്ചകള്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടിന് വിപുലമായ ഒരു ഏകോപിത രൂപം എന്ന നിര്‍ദ്ദേശത്തിലേക്കെത്തി. ഇപ്പോള്‍ നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് പിന്തുണയേകാനും അടുത്ത വര്‍ഷം മുതല്‍ സ്ഥിരം സംവിധാനമാകാനുമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സ്‌നേഹക്കൂട്ട്.

പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഈ കൂട്ടിനെക്കുറിച്ച് ആലോചന നടന്നപ്പോള്‍ തന്നെ വിശാലമായ ലക്ഷ്യങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഒരു മികച്ച പഠനകേന്ദ്രമാക്കി കോളേജിനെ മാറ്റുന്നതിനും ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മുന്‍കൈയെടുക്കണം. വന്‍കിട സ്ഥാപനങ്ങളില്‍ ഇപ്പോള്‍ മേധാവികളായിരിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയായിരിക്കും ക്യാമ്പസ് പ്ലേസ്‌മെന്റിനുള്ള നടപടികള്‍ മുന്നോട്ടുനീക്കുക. കോളേജില്‍ സ്ഥിരം ആലംനി ചെയര്‍ ഏര്‍പ്പെടുത്തുക, മികച്ച ഗവേഷണത്തിന് എന്‍ഡോവ്‌മെന്റ് നല്‍കുക എന്നിവയെല്ലാം പരിഗണിക്കാന്‍ തീരുമാനിച്ചു. ഒപ്പം വര്‍ഷത്തിലൊരിക്കല്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഒത്തുചേരലും.

ഇതിന്റെ ഭാഗമായി ഒരു യോഗം ഫെബ്രുവരി 28 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കോളേജ് സെന്റിനറി ഹാളില്‍ ചേരാന്‍ നടപടികളുണ്ടായി. എന്നാല്‍, ഇത് 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള സംഘാടക സമിതിയുടെ സമാന്തര സംഘടനയ്ക്ക് രൂപം നല്‍കാനാണെന്ന് ചിലരൊക്കെ ബോധപൂര്‍വ്വം പ്രചരിപ്പിച്ചു, വിശ്വസിപ്പിച്ചു. ഹാള്‍ അനുവദിക്കാന്‍ പറ്റില്ലെന്നായിരുന്നു പ്രിന്‍സിപ്പല്‍ തലേദിവസം വരെ പറഞ്ഞത്. എങ്കില്‍ പുറത്തെ മരച്ചോട്ടില്‍ ഒത്തുചേരാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പക്ഷേ, ഞങ്ങള്‍ കോളേജിലെത്തിയപ്പോള്‍ സെക്യൂരിറ്റി പറഞ്ഞു, ‘സെന്റിനറി ഹാള്‍ 3 മുതല്‍ 6 വരെ തുറന്നുതരാന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടുണ്ട്. മുന്നിലെ പ്രധാന ഗേറ്റ് തുറക്കില്ല.’ വാഹനങ്ങള്‍ കടന്നുവരുന്നതിന് ഗേറ്റ് തുറക്കാത്തത് തടസ്സമാകും. പക്ഷേ, യോഗം നടത്താന്‍ ഹാള്‍ കിട്ടിയതില്‍ ഞങ്ങള്‍ തൃപ്തിപ്പെട്ടു.

1980നു ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയവരെ ക്ഷണിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. ചില ‘സമാന്തര’ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നതിനാല്‍ പ്രത്യേകിച്ച് പ്രമുഖരെ ആരെയും നേരിട്ടു ക്ഷണിക്കാന്‍ മുന്‍കൈയെടുത്തില്ല. പക്ഷേ, പത്രങ്ങളില്‍ ഈ കൂട്ട് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നു. വരുന്നവര്‍ വരട്ടെ എന്നായിരുന്നു നിലപാട്.

യോഗം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഞെട്ടി. പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രതികരണം. 1980 മുതലുള്ളവരെയാണ് വിളിച്ചതെങ്കിലും 1971-73 കാലഘട്ടത്തില്‍ പഠിച്ചിരുന്നവര്‍ പോലും എത്തിച്ചേര്‍ന്നു. കൃത്യം എണ്ണം ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ട പ്രകാരം 111 പേര്‍. ഇത്തരമൊരു വിളിക്കുവേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് പലരും വികാരനിര്‍ഭരരായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തിനാണ് തുടക്കമിട്ടതെന്ന് ശരിക്കും ബോദ്ധ്യമായി.

സംഘടനയ്ക്ക് ഔദ്യോഗിക രൂപം നല്‍കുന്നതു വരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വന്നവരില്‍ നിന്ന് കാലഘട്ട പ്രാതിനിധ്യമനുസരിച്ച് ഒരു സമിതിയുണ്ടാക്കി. 150-ാം വാര്‍ഷികാഘോഷ സംഘാടക സമിതിയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഏകോപസമിതി ചെയര്‍മാനായ വേണുഗോപാലിനെ ഈ സമിതിയുടെയും കണ്‍വീനറാക്കി. 150-ാം വാര്‍ഷികത്തിന്റെ പരിപാടികള്‍ കോളേജില്‍ നടക്കുമ്പോള്‍ അതു സംബന്ധിച്ച അറിയിപ്പ് ഈ സമിതി മുഖേന പരമാവധി പൂര്‍വ്വവിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കണമെന്നു തീരുമാനപ്പിക്കപ്പെട്ടു. ആഘോഷപരിപാടികള്‍ വിജയിപ്പിക്കാന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണസഹകരണമുണ്ടാവണമെന്നും ഉറപ്പുവരുത്തി. എല്ലാം ശുഭം, പക്ഷേ…

സുഗമമായി പൂര്‍ത്തിയായാല്‍ അത് യൂണിവേഴ്‌സിറ്റി കോളേജിലെ യോഗമാവില്ലല്ലോ! അവിടെ രൂപമെടുത്തത് ‘സമാന്തര’ സംഘടനയാണെന്നും ആര്‍ക്കുവേണ്ടിയാണ് ഇത് ചെയ്തതെന്നും ആക്ഷേപിച്ചുകൊണ്ട് കോളേജിലെ അദ്ധ്യാപിക എന്നു പറയുന്ന ഒരു വനിത രംഗത്തുവന്നു. പൂര്‍വ്വവിദ്യാര്‍ത്ഥിനി കൂടിയാണെന്നും അവകാശപ്പെട്ട അവരുടെ പെരുമാറ്റത്തിലെ ‘മാന്യത’ ഒരു അദ്ധ്യാപികയ്ക്ക് ഒട്ടും യോജിക്കുന്നതായിരുന്നില്ല. യോഗം പകുതി ആയപ്പോള്‍ കടന്നുവന്ന അവര്‍ ഞങ്ങള്‍ ലക്ഷ്യത്തെപ്പറ്റി തുടക്കത്തില്‍ നല്‍കിയ വിശദീകരണം കേട്ടിട്ടുണ്ടായിരുന്നില്ല. ഇതൊരു ‘സമാന്തര’ രൂപമല്ലെന്നും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സ്ഥിരം സംവിധാനമാണെന്നും അവിടെ കൂടിയിരുന്നവര്‍ ഒറ്റയ്ക്കും കൂട്ടായും പറഞ്ഞിട്ടും ആ വനിതയ്ക്ക് മനസ്സിലായില്ല. മറ്റാരുടെയോ വാക്കുകള്‍ വായില്‍ കുത്തിനിറച്ചുവന്നതു പോലെ അവര്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അവിടെയുണ്ടായിരുന്നവര്‍ അവഗണിച്ചു മുന്നോട്ടു നീങ്ങും വരെ.

അദ്ധ്യാപിക എന്നവകാശപ്പെട്ട ആ വനിത പറഞ്ഞ കാര്യങ്ങള്‍ -‘മാര്‍ച്ച് 2ന് ഇവിടെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി യോഗം വിളിച്ചിട്ടുണ്ട്. അതിനു മുമ്പ് എന്തിനുവേണ്ടിയാണ് ഇങ്ങനെയൊരു യോഗം? ഇതൊരു സമാന്തരയോഗമാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ള ശ്രമം.’ എന്റെ പേരു പറഞ്ഞായിരുന്നു ആക്രമണം. അവരുടെ പേരു പോലും പറഞ്ഞില്ല, ഞാന്‍ ചോദിച്ചുമില്ല. അല്പം അകലെ പഴയ സഹപാഠികള്‍ക്കൊപ്പം വെടിപറഞ്ഞു നില്‍ക്കുകയായിരുന്ന വേണുവിനടുത്തേക്ക് ഞാനോടി. ‘മാര്‍ച്ച് 2ന് പൂര്‍വ്വവിദ്യാര്‍ത്ഥി യോഗം വിളിച്ചിട്ടുണ്ടോ? എന്തുകൊണ്ട് നിങ്ങള്‍ അത് ഞങ്ങളോട് പറഞ്ഞില്ല? നിങ്ങളല്ലേ സംഘാടകസമിതിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കമ്മിറ്റി ചെയര്‍മാന്‍?’ വേണു ഒന്നമ്പരന്നു -‘ടേയ് അത് പൂര്‍വ്വവിദ്യാര്‍ത്ഥി യോഗമൊന്നുമല്ല. സംഘാടകസമിതിയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കമ്മിറ്റിയുണ്ട്. പൂര്‍വ്വവിദ്യാര്‍ത്ഥികളെ ഈ പരിപാടികളുമായി ബന്ധിപ്പിക്കാനും അവരെ കാര്യങ്ങള്‍ അറിയിക്കാനുമുള്ള കമ്മിറ്റി. ആ കമ്മിറ്റിയുടെ യോഗമാണ്.’

വേണുവിന്റെ മറുപടി കേട്ട് ഞാന്‍ ആ വനിതയുടെ അടുത്തേക്കു ചെന്നു. ‘നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കരുത്. അത് വെറും കമ്മിറ്റിയാണ്. ഇതുപോലെ വിപുലമായ യോഗമല്ല.’ അപ്പോള്‍ അവര്‍ പതുക്കെ സി.ഡി. മാറ്റിയിട്ടു. ‘പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ യോഗം വിളിക്കുന്നതിനെക്കുറിച്ചാലോചിക്കാനാണ് ആ കമ്മിറ്റി ചേരുന്നത്. അതിനുമുമ്പ് നിങ്ങളോട് യോഗം വിളിക്കാന്‍ ആരു പറഞ്ഞു?’ ഇത്രയും പറഞ്ഞിട്ട് വീണ്ടും പഴയ പല്ലവി റീവൈന്‍ഡ് ചെയ്ത് പ്ലേ തുടങ്ങി. അദ്ധ്യാപികയ്ക്ക് ഈ നിലവാരമെങ്കില്‍ അവര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥി എങ്ങനെയായിരിക്കും! യൂണിവേഴ്‌സിറ്റി കോളേജ് ഇങ്ങനെ ആയോ!! ഒരു സംശയം മാത്രം ബാക്കിനിന്നു -അവര്‍ നടത്തിയ വ്യക്തിവൈരാഗ്യം എന്ന പരാമര്‍ശം. ആര്‍ക്ക്? ആരോട്? എന്തിന്?

പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ യോഗം വിളിക്കുമെങ്കില്‍ അതു സ്വാഗതാര്‍ഹം തന്നെ. വിളിക്കൂ. ഞങ്ങള്‍ വരാം. പക്ഷേ, നിങ്ങളുടെ അനുമതിയോടെ, നിങ്ങളുടെ സൗകര്യത്തിനു മാത്രമേ ഞങ്ങള്‍ യോഗം ചേരാവൂ എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. നിങ്ങള്‍ അദ്ധ്യാപകര്‍ -വിമര്‍ശനവുമായി വന്ന വനിത അദ്ധ്യാപിക തന്നെ എന്നു ഞാന്‍ അംഗീകരിക്കുന്നു -പറഞ്ഞാല്‍ അനുസരിക്കാന്‍ ബാദ്ധ്യതയുള്ളത് ഇപ്പോള്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍. 2 ദശകം മുമ്പ് പഠിച്ചിറങ്ങിയ ഞാന്‍ അടക്കമുള്ളവരെ ഇനി നിങ്ങള്‍ പഠിപ്പിക്കണ്ട.

എന്താണ് ‘സമാന്തരം’? യൂണിവേഴ്‌സിറ്റി കോളേജിന്റെ 150-ാം വാര്‍ഷികാഘോഷങ്ങള്‍ പൊളിക്കാനുള്ള നീക്കമോ? യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ച, ഈ കോളേജിനെ സ്‌നേഹിക്കുന്ന ആര്‍ക്കെങ്കിലും അതിനു കഴിയുമോ? അങ്ങനെ ആഘോഷങ്ങള്‍ പൊളിക്കണമെങ്കില്‍ തന്നെ ഇത്രയും മെനക്കെട്ട് ഒരു സംഘടന ഉണ്ടാക്കണോ? അതിന് എത്രയോ എളുപ്പ മാര്‍ഗ്ഗങ്ങള്‍ വേറെയുണ്ട്!

‘സമാന്തരം’ എന്ന് ഞങ്ങളുടെ കൂട്ടിനെ അധിക്ഷേപിക്കുന്നവര്‍ ശരിക്കും ഞങ്ങളെ ഭയക്കുന്നവരാണ്. ഞങ്ങള്‍ വിളിച്ച യോഗത്തിന് എത്തിയ ഓരോരുത്തര്‍ക്കും ഒരു സ്ഥലത്തു നിന്ന് വെറുമൊരു ഫോണ്‍ കോളിലൂടെ 500 പേരെയെങ്കിലും വിളിച്ചുകൂട്ടാന്‍ ശേഷിയുള്ളവരാണ്. പൂര്‍വ്വവിദ്യാര്‍ത്ഥികളായ ചിലരെ മാറ്റി നിര്‍ത്തിയാല്‍, ഇപ്പോഴത്തെ സംഘാടകസമിതിയിലെ ബാക്കി ആര്‍ക്കെങ്കിലും ഈ കഴിവുണ്ടോ? ഞങ്ങളെ ഭയക്കുന്നതിന് കാരണവും അതുതന്നെ.

ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ്, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന കൂട്ട് ആര്‍ക്കും ഒന്നിനും സമാന്തരമല്ല. ഇത് കോളേജിലെ ഒരു സ്ഥിരം സംവിധാനമാകും. തലമുറകളോളം നിലനില്‍ക്കേണ്ട ഒരു സംവിധാനം. അതില്‍ പ്രവേശനം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും. യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു ദിവസമെങ്കിലും പഠിച്ചിട്ടുണ്ടോ, ആ വ്യക്തിക്ക് ഇതില്‍ അംഗമാകാം. ഇപ്പോള്‍ നടക്കുന്ന ശതോത്തര സുവര്‍ണ്ണ ജൂബിലി വിജയിപ്പിക്കാന്‍ എല്ലാ പിന്തുണയും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നല്‍കും.

പക്ഷേ, ജൂബിലി എന്ന പരിമിതമായ ലക്ഷ്യം മാത്രമല്ല ഈ കൂട്ടിനുള്ളത് എന്നും വ്യക്തമാക്കാം. ഞങ്ങളുടെ ലക്ഷ്യം വളരെ വിശാലമാണ്. ഈ കോളേജില്‍ പഠിക്കുന്ന, പഠിക്കാനിരിക്കുന്ന കുട്ടികള്‍ക്ക് ഗുണകരമാവുന്ന ലക്ഷ്യം. കോളേജില്‍ ഇപ്പോഴുള്ളവര്‍ മാത്രം മിടുക്കരും പുറത്തിറങ്ങിയവര്‍ മണ്ടരും എന്ന നിലപാട് അംഗീകരിക്കാനാവില്ല.

‘സമാന്തരം’ എന്ന മുദ്രകുത്തി ഞങ്ങളെ യഥാര്‍ത്ഥത്തില്‍ ‘സമാന്തരം’ ആക്കി മാറ്റാനാണ് ലക്ഷ്യമെങ്കില്‍ പിന്നൊന്നും പറയാനില്ല. ഞങ്ങളെ മാറ്റിനിര്‍ത്തിയാലും നിങ്ങള്‍ക്ക് ആഘോഷങ്ങള്‍ വിജയിപ്പിക്കാനായേക്കും, പൂര്‍ണ്ണതയില്ലാതെ. അകത്തുള്ളതിന്റെ എത്രയോ ഇരട്ടി ബന്ധുക്കളാണ് മുത്തശ്ശിക്ക് പുറത്തുള്ളത്. ഇപ്പോള്‍ അകത്തുള്ള വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം രണ്ടു മാസം കൂടി കഴിയുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം പുറത്താകും എന്നുകൂടി ഓര്‍ക്കുക. അപ്പോള്‍ അവര്‍ക്കും ഞങ്ങളുടെ സ്വരമായിരിക്കും. ഇപ്പോള്‍ത്തന്നെ അവര്‍ ഞങ്ങളോടു ചേര്‍ന്നുകഴിഞ്ഞു. ആട്ടിന്‍കുട്ടിയെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനുള്ള ശ്രമമാണ്. പക്ഷേ, അതു വിജയിക്കില്ല.

യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രൗഢിക്കുതകുന്ന രീതിയിലുള്ള പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ട് അധികം വൈകാതെ രൂപമെടുക്കുക തന്നെ ചെയ്യും. ഇതു വാശിയല്ല, എല്ലാവരുടെയും ആഗ്രഹമാണ്. സഫലമാക്കാന്‍ കഴിയുന്ന ആഗ്രഹം. 151, 152, 153… എന്നിങ്ങനെ എല്ലാ വാര്‍ഷികങ്ങളും ആഘോഷിക്കാം. 150 കഴിഞ്ഞാല്‍പ്പിന്നെ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഇനി ആഘോഷം നടക്കുക 2041ല്‍ 175-ാം വാര്‍ഷികമായിരിക്കും. അപ്പോള്‍ ഞാന്‍ ജീവനോടെ ഉണ്ടാവുമോ എന്നെനിക്കുറപ്പില്ല. ഈ കൂട്ടിനെ ‘എതിര്‍ക്കുന്നവരുടെ’ സ്ഥിതിയും വ്യത്യസ്തമല്ല. സദുദ്ദേശം സദുദ്ദേശമായി കണ്ട് അംഗീകരിക്കുക, സഹകരിക്കുക. എല്ലാവരും ആഗ്രഹിക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജിന്റെ നന്മയാണ്.

സംഘാടകസമിതി നേരിട്ട് പൂര്‍വ്വവിദ്യാര്‍ത്ഥി യോഗം വിളിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിറഞ്ഞ സന്തോഷത്തോടെ പങ്കെടുക്കും. പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും ശ്രമിക്കും. അവര്‍ വിളിക്കുന്നത് 150-ാം വാര്‍ഷികം വിജയിപ്പിക്കുന്നതിനെക്കുറിച്ച് മാത്രം ആലോചിക്കാനാണ്. പക്ഷേ, ഞങ്ങള്‍ മുന്നോട്ടു നീങ്ങുന്നത് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സ്ഥിരം സംവിധാനം എന്ന നിലയിലാണ്. ഇപ്പോഴത്തെ സംഘാടകസമിതിയുടെ നേതൃത്വം വഹിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുണ്ട്. അവര്‍ക്കും ഈ സ്ഥിരം സംവിധാനത്തിന്റെ ഭാഗമാകാം. ഈ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹിയാകാം. എനിക്ക് ഒരു വിരോധവുമില്ല. ഈ സംഘടനയ്ക്ക് ഒരു നിയതരൂപമുണ്ടാവുമ്പോള്‍ അതില്‍ ഭാരവാഹിയായി ഞാനുണ്ടാവില്ലെന്ന് ഇപ്പോള്‍ത്തന്നെ ഉറപ്പിച്ചുപറയുന്നു. എന്തിന്, ഒരു കമ്മിറ്റിയംഗമാവാന്‍ പോലും ഞാന്‍ വരില്ല. കാര്യങ്ങള്‍ നന്നായി നടക്കണം എന്നു മാത്രമാണ് ആഗ്രഹം. അതു നടന്നില്ലെങ്കില്‍ വീണ്ടും ഇതുപോലെ രംഗത്തിറങ്ങിയേക്കാം.

ഒരു കാര്യം കൂടി. ഇപ്പോഴത്തെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ട് ആരും മുന്‍കൈയെടുത്ത് സംഘടിപ്പിച്ചതല്ല. 150-ാം വാര്‍ഷികത്തിന്റെ പരിപാടികള്‍ അറിഞ്ഞില്ല എന്നു ഞാന്‍ കരഞ്ഞപ്പോള്‍ കൂടെക്കരയാന്‍ ധാരാളം പേരുണ്ടായി. എഴുത്ത് എന്റെ ജോലിയാണ്. അതിനാല്‍ എന്റെ സങ്കടം ഞാന്‍ എഴുതിയിട്ടു. അതുവായിച്ച് ധാരാളം പേര്‍ സമാനവികാരം പങ്കുവെച്ചു. ആ കൂട്ടക്കരച്ചിലിന്റെ തുടര്‍ച്ചയായാണ് ഒത്തുചേരലും സംഘടന എന്ന ആശയവുമൊക്കെ ഉണ്ടായത്.

ഒരു മുല്ലപ്പൂവിപ്ലവത്തിന്റെ മണം..
ഇത് സുഗന്ധമാണ്…
അത് ആസ്വദിക്കാനുള്ള മനസ്സുണ്ടാവണമെന്നു മാത്രം…

Previous articleഓര്‍മ്മപ്പെടുത്തല്‍
Next articleമടക്കയാത്ര
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here