കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ സ്‌നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കുകയാണ്. പ്രളയം ദുരന്തം നേരിടാന്‍ ചോദിച്ചതിന്റെ ഒരു ചെറിയ ഭാഗം മാത്രം തന്നപ്പോള്‍ ആ സ്‌നേഹം നമ്മളറിഞ്ഞു. രാജ്‌നാഥ് സിങ്ങിനോട് 1,200 കോടി ചോദിച്ചപ്പോള്‍ 100 കോടി കിട്ടി. സാക്ഷാല്‍ നരേന്ദ്ര മോദിയോട് 2,000 കോടി ചോദിച്ചപ്പോള്‍ 500 കോടി കിട്ടി. പാവങ്ങളെ കുറ്റം പറയണ്ട. പ്രതിമകൾ വെയ്ക്കാന്‍ 3,000 കോടി വീതം ചെലവിട്ടു കഴിഞ്ഞാല്‍ പിന്നെ ബാക്കി വല്ലതുമുണ്ടെങ്കിലല്ലേ തരാനാവൂ.
ഈ കേരള മുഖ്യമന്ത്രി എന്തൊരു മനുഷ്യനാണ്! വെറുതെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഇങ്ങനുണ്ടോ ഒരു ശല്യം! നാട്ടില്‍ വേറൊരിടത്തും പ്രളയം ഉണ്ടായിട്ടില്ലേ? ഇങ്ങനാണോ പ്രളയം നേരിടുന്നത്? ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ അധികം അരി വേണമെന്നാണ് അങ്ങോര്‍ ഒടുവില്‍ ആവശ്യപ്പെട്ടത്. അരി ചുമ്മ കൊടുക്കാന്‍ പറ്റുമോ? ദോഷം പറയരുതല്ലോ 89,540 മെട്രിക് ടണ്‍ അരി കേരളത്തിന് ഇപ്പോള്‍ അനുവദിച്ചു. ഇതിന്റെ ഉത്തരവും കിട്ടി. 30 ദിവസത്തിനകം എടുത്തോളണം എന്നും ഇണ്ടാസിലുണ്ട്.
ഓഗസ്റ്റ് 19ന് ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ദുരന്ത നിവാരണ കമ്മിറ്റി കേരളത്തിനുള്ള അടിയന്തര അധിക അരി വിഹിതത്തിന്റെ കാര്യം ചര്‍ച്ച ചെയ്തിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ക്കു വേണ്ടി അരി അനുവദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതിനു വേണ്ടി പണം ഇപ്പോള്‍ ചോദിക്കേണ്ടെന്നും തീരുമാനിച്ചു. വളരെ നല്ല കാര്യം. നമ്മുടെ മനം നിറയ്ക്കുന്ന തീരുമാനം.
ഇനിയാണ് ട്വിസ്റ്റ്. ഇത് അധിക വിഹിതമല്ല. സൗജന്യവുമല്ല. പിന്നീട് കിട്ടാനുള്ളത് ഇപ്പോള്‍ മുന്‍കൂറായി തരുന്നു എന്നേയുള്ളൂ. തരുന്നതിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബില്ലും കേന്ദ്ര സർക്കാരിനു സമര്‍പ്പിക്കും. എന്നാല്‍, അരിക്കു വേണ്ടി ഇപ്പോള്‍ പണം ചോദിക്കില്ല എന്നു മാത്രം. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള പദ്ധതികളിലൂടെ കേരളത്തിനു ലഭിക്കാനുള്ള വിഹിതത്തില്‍ നിന്ന് ഈ 89,540 മെട്രിക് ടണ്‍ പിന്നീട് വെട്ടിക്കുറയ്ക്കും. അല്ലെങ്കില്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു വിലയെടുക്കും.
ഇപ്പോഴത്തെ നിലയില്‍ കേരളത്തിന് അനുവദിക്കപ്പെട്ട സഹായത്തില്‍ നിന്ന് അരിയുടെ വിലയെടുക്കുക തന്നെ ചെയ്യും. അല്ലാതെ അടുത്ത തവണ കിട്ടാനുള്ള അരി കുറച്ചാല്‍ ജനം പട്ടിണിയിലാവും. വിവാദവുമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തില്‍ അത്തരമൊരു പഴി കേള്‍ക്കാന്‍ നരേന്ദ്ര മോദിയും ടീമും തയ്യാറാവില്ല തന്നെ. അപ്പോള്‍പ്പിന്നെ പ്രളയസഹായം ഇങ്ങോട്ടുവരില്ല തന്നെ. അതങ്ങെടുക്കും.
89,540 മെട്രിക് ടണ്‍ അരിയുടെ വില 233 കോടി രൂപയാണ്. കേരളത്തിനു പ്രഖ്യാപിച്ചിരിക്കുന്ന സഹായമായ 600 കോടിയില്‍ നിന്ന് ഈ 233 കോടി പോയാല്‍ പിന്നെ ബാക്കിയുള്ളത് 367 കോടി രൂപ. അപ്പോള്‍ കേരളത്തിന് ഭാരത് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പ്രളയ ദുരിതാശ്വാസം വെറും 367 കോടി രൂപ. ഇതു തന്നെ കിട്ടിയിട്ട് പറയാം. യു.എ.ഇയില്‍ നിന്നു പോലും 700 കോടി രൂപ കിട്ടുമ്പോഴാണിത്. കേരളം ഇന്ത്യയില്‍ തന്നെയല്ലേ?
ദേശീയ ദുരന്തം എന്താണെന്നു മനസ്സിലായില്ലേ! അടിപൊളി!!!