HomeACADEMICSരാഷ്ട്രീയാതിപ...

രാഷ്ട്രീയാതിപ്രസരം

-

Reading Time: 2 minutes

കേരളത്തിലെ രാഷ്ട്രീയാതിപ്രസരവും ട്രേഡ് യൂണിയനിസവും ഇവിടത്തെ വികസനത്തെ തുരങ്കം വെയ്ക്കുന്നുവെന്ന ആക്ഷേപം ഇന്നാട്ടുകാര്‍ തന്നെ ഉയര്‍ത്തുന്നതാണ്. പക്ഷേ, മലയാളികളുടെ ഉയര്‍ന്ന രാഷ്ട്രീയബോധം കേരളം കൈവരിച്ചിട്ടുള്ള സാമൂഹികനേട്ടങ്ങളില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യം പറയാതെ വയ്യ.

ഒരു ക്രിയാത്മക സമൂഹത്തിന് രാഷ്ട്രീയം അനിവാര്യമാണ്. അരാഷ്ട്രീയവാദിയാണ് സമൂഹത്തിലെ ഏറ്റവും വലിയ പിന്തിരിപ്പന്‍. എന്നാല്‍, രാഷ്ട്രീയം എത്രമാത്രം ആകാം എന്ന കാര്യം വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നു തോന്നുന്നു.

അധികമായാല്‍ അമൃതും വിഷം. രാഷ്ട്രീയത്തെക്കുറിച്ച് പറയാനുള്ളത് ഇതാണ്. നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന വിഷമായി രാഷ്ട്രീയം മാറുന്നുണ്ടോ? ഉണ്ടെന്നു വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഒരനുഭവം ഉണ്ടായതാണ് ഈ കുറിപ്പിന് പ്രകോപനം.

രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ, സൗഹൃദത്തിന് രാഷ്ട്രീയം മാനദണ്ഡമാകുമെന്ന തിരിച്ചറിവ് ഇന്ന് എന്നെ ഞെട്ടിച്ചു. ഏതു സൗഹൃദക്കൂട്ടുകളിലും ഭിന്നിപ്പ് സൃഷ്ടിക്കാന്‍ രാഷ്ട്രീയത്തിന് സാധിക്കും എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.

പഠിച്ചിരുന്ന കലാലയത്തിന്റെ ശതോത്തര സുവര്‍ണ്ണ ജൂബിലി വേളയിലെ സൗഹൃദക്കൂട്ട് ഒരു ആഗ്രഹമായിരുന്നു. അതിന് കലാലയത്തിന് നിന്ന് പ്രതീക്ഷിച്ചിരുന്ന ക്ഷണം വരാതായപ്പോള്‍ സങ്കടം പ്രകടിപ്പിച്ചുവെങ്കിലും ആഘോഷപരിപാടികളില്‍ പങ്കാളികളാവാന്‍ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം.

ഞങ്ങള്‍ക്ക് ക്ഷണം ലഭിക്കാത്തതിനെക്കുറിച്ചുള്ള സങ്കടത്തിനു മറുപടിയായി ‘അധികാരസ്ഥാനത്തുള്ളവര്‍’ പറഞ്ഞത് പൂര്‍വ്വവിദ്യാര്‍ത്ഥികളെ എല്ലാവരെയും ബന്ധപ്പെടാനുള്ള സംവിധാനമുണ്ടായിരുന്നില്ല എന്നാണ്. ആ ഒഴിവുകഴിവിന് ഇനി അവസരമുണ്ടാവരുത് എന്ന ലക്ഷ്യവുമായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഒരു കൂട്ട് രൂപപ്പെടുത്താന്‍ നിശ്ചയിച്ചു. സ്ഥിരം ആലംനി ചെയര്‍, മികച്ച ഗവേഷണത്തിന് ഫെല്ലോഷിപ്പ് തുടങ്ങിയ വിശാലമായ ലക്ഷ്യങ്ങളും നിശ്ചയിച്ചു.

എന്നാല്‍, പോരാട്ടവീഥികളില്‍ തീപാറിച്ച പാരമ്പര്യമുള്ള ഈ പൂര്‍വ്വസൂരികള്‍ ഒത്തുചേരുന്നത് തങ്ങള്‍ക്ക് അപകടമാണെന്ന് ആഘോഷത്തിന്റെ ചുക്കാന്‍ പിടിച്ച് മേനി നടിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ക്ക് ബോദ്ധ്യപ്പെട്ടു. അവര്‍ ചരടുവലിച്ചു. ഈ കൂട്ട് ഒരു പ്രത്യേക രാഷ്ട്രീയകക്ഷിക്കു വിരുദ്ധമാണെന്ന് പ്രചരിപ്പിച്ചു, ചിലരെയൊക്കെ വിശ്വസിപ്പിച്ചു. അതോടെ ആ രാഷ്ട്രീയകക്ഷിയില്‍ അംഗമായവര്‍ക്ക് മുകളില്‍ നിന്നു നിര്‍ദ്ദേശമുണ്ടായി -കൂട്ടില്‍ സഹകരിക്കരുത്. മറ്റെന്തിനെക്കാളും വലുത് തങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയമാണെന്നു കരുതുന്ന എന്റെ സുഹൃത്തുക്കള്‍ നിസ്സഹായര്‍.

ഞാന്‍ രാഷ്ട്രീയക്കാരനല്ല. എനിക്കു രാഷ്ട്രീയത്തിലുള്ള താത്പര്യം അതുമായി ബന്ധപ്പെട്ട വാര്‍ത്തയിലൊതുങ്ങുന്നു. വ്യക്തിതാല്പര്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയം വളച്ചൊടിക്കുന്നതിനെയാണ് നാറിയ രാഷ്ട്രീയം എന്നു പറയുന്നത്. കാര്യങ്ങള്‍ പഠിക്കുകയോ വിലയിരുത്തുകയോ ചെയ്യാതെ ആരെങ്കിലുമൊക്കെ ചെവികടിക്കുന്നതു കേട്ടു മാത്രം തീരുമാനങ്ങളിലേക്ക് എടുത്തുചാടുന്ന രാഷ്ട്രീയനേതാക്കളാണ് നാടിന്റെ ശാപം.

ജൂബിലിയുടെ പേരില്‍ വരുന്ന പണക്കിഴി അപ്പാടെ വിഴുങ്ങുക എന്നതാണ് ഈ കുത്സിതപ്രവര്‍ത്തനം നടത്തിയവരുടെ ലക്ഷ്യമെന്ന് എനിക്ക് നന്നായറിയാം. പക്ഷേ, ഒരു കാര്യമോര്‍ക്കുക -നിങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന പരിമിതിയുണ്ട്. നിങ്ങള്‍ ചെലവഴിക്കുന്ന ഓരോ പൈസയുടെയും കണക്ക് വിവരാവകാശം എന്ന നിയമത്തിലൂടെ പരതിയെടുക്കാനാവും. അതുകൊണ്ട് വെട്ടിത്തിന്നാല്‍ അജീര്‍ണ്ണം ബാധിക്കുമെന്നുറപ്പ്.

നിങ്ങള്‍ക്കു പിന്നില്‍ സദാനിരീക്ഷണ കണ്ണുകളുണ്ടാവും. ചെറിയൊരു പാളിച്ച വന്നാല്‍ പോലും കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. അന്നു നിങ്ങളെ രക്ഷിക്കാന്‍ രാഷ്ട്രീയ മേലാളന്മാരുണ്ടാവില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഉദ്യോഗസ്ഥ എന്നത് വളരെ വലിയ പരിമിതിയാണ്. കാരണം നഷ്ടപ്പെടാന്‍ ഏറെയുണ്ട്. നഷ്ടപ്പെടാനൊന്നുമില്ലാത്തവര്‍ക്ക് ആരെയും പേടിക്കേണ്ട.

ഇനി യൂണിവേഴ്‌സിറ്റി കോളേജില്‍ ഓരോ രാഷ്ട്രീയ കക്ഷിയും അവരുടെ അനുയായികളായ പൂര്‍വ്വവിദ്യാര്‍ത്ഥികളെ വെവ്വേറെ സംഘടിപ്പിക്കട്ടെ. എല്ലാത്തിലും അംഗമാവാന്‍ ഞാനുണ്ടാവും.

ജാതി-മത-രാഷ്ട്രീയ-നിറ വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദത്തെ കണ്ട ഞാന്‍ വിഡ്ഡിയാണ്. ലോകത്തെ ഏറ്റവും വലിയ വിഡ്ഡി!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights